

15ാം നിയമസഭയില്‍ ഉത്തരം കിട്ടാതെപോയത് 2992 ചോദ്യങ്ങളാണ്.14ാം സഭയില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ 2581 ഉം. സഭയില്‍ ഉത്തരം നല്‍കാന്‍ പരിമിതി ഉണ്ടെങ്കില്‍ സഭാ സൈറ്റിലെങ്കിലും മറുപടി നല്‍കേണ്ടതാണ് എന്നാണ് ചട്ടം. എന്നാല്‍ പലപ്പോഴും അത് സംഭവിക്കുന്നില്ല എന്ന് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. നിയമപരമായി ഉത്തരം ലഭിക്കുക എന്നത് അവകാശമാണെന്നിരിക്കേ ഈ വസ്തുത ചര്‍ച്ചചെയ്യപ്പെടേണ്ടതുതന്നെ. മുന്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, ഗുലാത്തി ഇന്റസ്റ്റിറ്റിയൂട്ട് അധ്യാപകനായ ഡോ. റെല്‍ഫി പോള്‍ എന്നിവര്‍ ബജറ്റ് ആന്‍ഡ് ലജിസേ്‌ളറ്റീവ് റിസര്‍ച്ച് എന്ന പഠന കൂട്ടായ്മക്ക് വേണ്ടി തയ്യാറാക്കിയ 15ാം സഭയെക്കുറിച്ചുള്ള വിലയിരുത്തല്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുടെ വിശദാംശം പുറത്തുവിട്ടത്. റിപ്പോര്‍ട്ട് മറ്റൊരു പ്രധാന കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. നിയമസഭയുടെ ധര്‍മം നിയമനിര്‍മാണമാണെങ്കിലും അക്കാര്യത്തില്‍ നിയമസഭാംഗങ്ങളുടെ പങ്ക് വളരെ ദുര്‍ബലമാണ് എന്ന വസ്തുതയാണ് അത്.
നിയമനിര്‍മാണത്തില്‍ നിയമസഭക്ക് റോളില്ലേ ?
നിയമസഭകളില്‍ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ലഭിക്കാത്തതോ അല്ലെങ്കില്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല എന്ന് പറഞ്ഞ് ഒഴിവാക്കുന്നതോ ആയ കാര്യങ്ങള്‍ ജനപ്രതിനിധികള്‍ക്കിടയിലും മാധ്യമങ്ങളിലും വലിയ ചര്‍ച്ചയാകാറുണ്ട്. നിയമസഭാ ചട്ടങ്ങള്‍ അനുസരിച്ച് ഇതിന് കൃത്യമായ ചില നടപടിക്രമങ്ങളുണ്ട്. ഈ നടപടിക്രമങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന ചോദ്യം ഉയരുന്നത് ചോദ്യമില്ലാത്ത ഉത്തരങ്ങളുടെ പട്ടിക പുറത്തുവരുമ്പോഴാണ്. 15ാം നിയമസഭയില്‍ ഒരു എംഎല്‍എ ചോദിച്ചത് ശരാശരി 637 ചോദ്യങ്ങളാണ്. 80 ശതമാനം അംഗങ്ങളും 500ലേറെ ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്. 39 ശതമാനം 1000ത്തില്‍ അധികവും 44 ശതമാനം 500 മുതല്‍ 1000 ചോദ്യങ്ങളും ഉയര്‍ത്തി. ഒരു ശതമാനം പേര്‍ 50ല്‍ താഴേ മാത്രം ചോദ്യങ്ങളേ ചോദിച്ചിട്ടുള്ളൂ. നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതിരിക്കുകയോ, ബോധപൂര്‍വ്വം വിവരങ്ങള്‍ മറച്ചുവെക്കുകയോ, തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്യുന്നത് സഭയുടെയും അംഗങ്ങളുടെയും അവകാശത്തിന്മേലുള്ള ലംഘനമായാണ് കണക്കാക്കപ്പെടുന്നത്.
ഒരു മന്ത്രിസഭയെ തെറ്റിദ്ധരിപ്പിക്കുകയോ, ചോദിച്ച ചോദ്യത്തിന് മനഃപൂര്‍വ്വം മറുപടി നല്‍കാതിരിക്കുകയോ ചെയ്താല്‍ നിയമസഭാ ചട്ടം 154 അനുസരിച്ച് സ്പീക്കര്‍ക്ക് അവകാശലംഘന നോട്ടീസ് നല്‍കാം. പ്രഥമദൃഷ്ട്യാ അവകാശലംഘനം നടന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ സ്പീക്കര്‍ അത് സഭയുടെ പ്രിവിലേജ് കമ്മിറ്റിക്ക് വിടും. കമ്മിറ്റി വിഷയം വിശദമായി അന്വേഷിക്കുകയും ബന്ധപ്പെട്ട മന്ത്രിയോടോ ഉദ്യോഗസ്ഥരോടോ വിശദീകരണം തേടുകയും ചെയ്യും. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ സഭയ്ക്ക് നടപടിക്ക് ശുപാര്‍ശ ചെയ്യാം. ചോദ്യോത്തര വേളയിലോ അതിനു ശേഷമോ മറുപടി കൃത്യമല്ലെന്ന് കാണിച്ച് അംഗങ്ങള്‍ക്ക് സഭയില്‍ വച്ച് തന്നെ ക്രമപ്രശ്‌നം ഉന്നയിക്കാന്‍ അവകാശം ഉണ്ടെന്നിരിക്കേ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ഉണ്ടാകുന്നത് എങ്ങനെയാണ് എന്ന അന്വേഷണം ആവശ്യമാണ്. ഇതിന്റെ പേരില്‍ ഏതെങ്കിലും ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടായിട്ടുണ്ടോ എന്ന അന്വേഷണം വേണ്ടത് തന്നെ.
എംഎല്‍എമാരുടെ ഇടപെടല്‍ അര്‍ഥവത്താകുന്നില്ലേ?
നിയമസഭയുടെ ധര്‍മം നിയമനിര്‍മാണമാണെങ്കിലും അക്കാര്യത്തില്‍ നിയമസഭാംഗങ്ങളുടെ പങ്ക് വളരെ ദുര്‍ബലമാകുന്നെന്നാണ് പഠനം വെളിപ്പെടുത്തുന്നത്. നിയമം പാസാക്കാന്‍ വോട്ടുചെയ്യുന്നു എന്നതിനപ്പുറം നിയമനിര്‍മാണത്തില്‍ നിയമസഭക്ക് കാര്യമായി പങ്കില്ല. പ്രായോഗികമായി കരടുബില്ലുകള്‍ തയ്യാറാക്കുന്നത് എക്‌സിക്യൂട്ടീവാണ്. നിയമസഭയുടെ പങ്ക്, ബില്‍ പരിശോധിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിലേക്ക് ചുരുങ്ങുന്നു. നിയമത്തിലെ ഓരോ വ്യവസ്ഥയും പരിശോധിച്ച് ഭേദഗതി നിര്‍ദേശിക്കുക മാത്രമാണ് ഇവിടെ നടക്കുന്നത്. ഈ ഘട്ടത്തിലും എംഎല്‍എമാരുടെ ഇടപെടല്‍ അര്‍ഥവത്താകുന്നില്ല. ചര്‍ച്ചയില്ലാതെ ബില്ലുകള്‍ തിടുക്കത്തില്‍ പാസാക്കുന്നു. 15ാം നിയമസഭയില്‍ 168 നിയമങ്ങള്‍ പരിഗണിച്ചപ്പോള്‍ 20000 ലധികം ഭേദഗതികള്‍ നിര്‍ദേശിച്ചു. എന്നാല്‍ അംഗീകരിച്ചത് 325 എണ്ണം മാത്രം.. വെറും 1.57 ശതമാനം. 12-ാം നിയമസഭയില്‍ 111 ബില്ലുകളാണ് അവതരിപ്പിക്കപ്പെട്ടത്. 13-ാം നിയമസഭയില്‍ 144 ബില്ലുകളും 14-ാം നിയമസഭയില്‍ 141 ബില്ലുകളും അവതരിപ്പിക്കപ്പെട്ടു. സര്‍ക്കാര്‍ തയ്യാറാക്കുന്ന ബില്ലുകളില്‍ മാറ്റം വരുത്തുന്ന വിധം ഇടപെടാന്‍ നിയമസഭക്ക് സാധിക്കാത്ത സ്ഥിതിയാണ്. സൂക്ഷ്മ പരിശോധനക്ക് സമയം കിട്ടാറില്ല. അതിനാല്‍ അംഗങ്ങള്‍ക്ക് ഭേദഗതി ഫലപ്രദമായി അവതരിപ്പിക്കാനും അംഗീകരിപ്പിക്കാനും കഴിയാതെ പോകുന്നു. നിയമം തയ്യാറാക്കുന്നതില്‍ അംഗങ്ങള്‍ക്ക് സാങ്കേതിക വൈദഗ്ധ്യം കുറവായതിനാല്‍ ഭേദഗതി നിര്‍ദേശം ഫലപ്രദമായി അവതരിപ്പിക്കാനും അഗീകരിപ്പിക്കാനും കഴിയാതെ പോകുന്നു.
രാജ്യത്ത് കൂടുതല്‍ ദിവസം നിയമസഭ ചേര്‍ന്നത് കേരളത്തില്‍ ?
2021 മുതല്‍ 2025 വരെ കാലയളവില്‍ പ്രതിവര്‍ഷം രാജ്യത്ത് കൂടുതല്‍ ദിവസം നിയമസഭ ചേര്‍ന്നത് കേരളത്തിലാണ്. ശരാശരി 41 ദിവസം സിറ്റിങ്ങ് നടന്നതായി ഡെല്‍ഹിയിലെ സ്വതന്ത്ര ഗവേഷണ സ്ഥാപനമായ പിആര്‍എസ് ലെജിസ്‌ലേറ്റീവിന്റെ പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഏറ്റവും കുറവ് സഭ സമ്മേളിച്ചത് നാഗാലാന്‍ഡിലാണ്. എട്ട് ദിവസം മാത്രമാണ് അവിടെ സഭ സമ്മേളിച്ചത്. രാജ്യത്താകെ നിയമസഭകളുടെ സിറ്റിങ്ങുകള്‍ വര്‍ധിച്ചിട്ടുണ്ട്. 2024ല്‍ ശരാശരി 21 ദിവസമായിരുന്നത് 2025ല്‍ 24 ദിവസമായി വര്‍ധിച്ചു.
സഭ സമ്മേളന ദിവസങ്ങള്‍ കുറഞ്ഞു
അഞ്ച് വര്‍ഷത്തെ കാലാവധിയില്‍ ഏകദേശം 300 സഭ ദിനങ്ങളാണ് വിഭാവനം ചെയ്തിരുന്നത് എങ്കിലും 15-ാം കേരള നിയമസഭ, 16 സമ്മേളനങ്ങളിലായി ആകെ 204 ദിവസങ്ങള്‍ മാത്രമാണ് സമ്മേളിച്ചത്.. അതായത് 96 ദിവസങ്ങളുടെ കുറവുണ്ടായി. 22 സമ്മേളനങ്ങളിലായി 232 ദിവസങ്ങള്‍ സമ്മേളിച്ച 14-ാം കേരള നിയമസഭയേക്കാള്‍ 28 ദിവസങ്ങള്‍ കുറവാണ് 15-ാം നിയമസഭയില്‍ രേഖപ്പെടുത്തിയത്. 14-ാം നിയമസഭയിലെ ആകെ പ്രവര്‍ത്തന സമയം 1,265 മണിക്കൂറായിരുന്നുവെങ്കില്‍, 2021-26 കാലയളവില്‍ അത് 1,192 മണിക്കൂറായി കുറഞ്ഞു .എന്നാല്‍, ശരാശരി പ്രതിദിന സഭ സമയം 5.3 മണിക്കൂറില്‍ നിന്ന് 5.5 മണിക്കൂറായി വര്‍ധിക്കുകയും ചെയ്തു. സഭ ചേരുന്ന ദിവസങ്ങള്‍ കുറഞ്ഞെങ്കിലും എംഎല്‍എമാരുടെ ഹാജര്‍നില ഉയര്‍ന്ന നിലയിലായിരുന്നു. ഏകദേശം 65% എംഎല്‍എമാര്‍ക്ക് 90%-ത്തിന് മുകളിലും, 87% എംഎല്‍എമാര്‍ക്ക് കുറഞ്ഞത് 80% ഹാജറും ഉണ്ടായിരുന്നു. ആകെ പ്രവര്‍ത്തന സമയമായ 1,192 മണിക്കൂറില്‍ കൂടുതല്‍ സമയം ചെലവിട്ടത് ചോദ്യോത്തര വേളക്കും, അടിയന്തിര പ്രമേയങ്ങള്‍ക്കുമായിരുന്നു.
ഗൗരവപൂര്‍ണമായ സഭാ സംസ്‌കാരം രൂപപ്പെടട്ടേ?
സഭാ സമ്മേളനങ്ങളുടെ കാര്യത്തില്‍ കേരളം ഏറെ മുന്നിലാണെന്നത് അഭിമാനകരമാണെങ്കിലും, സഭയ്ക്കുള്ളിലെ ഗുണപരമായ ഇടപെടലുകളില്‍ ആശങ്കകള്‍ നിഴലിക്കുന്നുണ്ട്. എക്‌സിക്യൂട്ടീവ് തയ്യാറാക്കുന്ന ബില്ലുകളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ ജനപ്രതിനിധികള്‍ക്ക് കഴിയാതെ വരുന്നത് നിയമനിര്‍മ്മാണത്തില്‍ സഭയുടെ പങ്ക് കേവലം ഒരു ഔപചാരികത മാത്രമായി ചുരുങ്ങുന്നു എന്നതിന്റെ തെളിവാണ്. എംഎല്‍എമാര്‍ക്ക് ബില്ലുകള്‍ പഠിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കുക, നിയമനിര്‍മ്മാണ പ്രക്രിയയില്‍ അവര്‍ക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങളും വൈദഗ്ധ്യവും ഉറപ്പാക്കുക എന്നിവയിലൂടെ മാത്രമേ നിയമസഭയെ കൂടുതല്‍ അര്‍ത്ഥവത്താക്കാന്‍ സാധിക്കൂ. കേവലം ഭൂരിപക്ഷത്തിന്റെ ബലത്തില്‍ നിയമങ്ങള്‍ പാസാക്കിയെടുക്കുന്ന രീതിയില്‍ നിന്ന് മാറി, ആഴത്തിലുള്ള ചര്‍ച്ചകള്‍ക്കും സൂക്ഷ്മ പരിശോധനകള്‍ക്കും വഴിമാറുന്ന ഒരു സഭാ സംസ്‌കാരം രൂപപ്പെടേണ്ടത് ശക്തമായ ജനാധിപത്യത്തിന് അനിവാര്യമാണ്. ഇതോടുകൂടി സ്‌പോട്ട്‌ലൈറ്റ് സമാപിക്കുന്നു.