ലോണ്‍ ആപ്പ് മരണക്ലിക്കില്‍ കുരുങ്ങി കേരളം

അനധികൃത ആപ്പുകള്‍ 100 ശതമാനത്തിലധികം വാര്‍ഷിക പലിശയും മറഞ്ഞിരിക്കുന്ന പ്രോസസ്സിംഗ് ചാര്‍ജുകളും ഈടാക്കുന്നു
ലോണ്‍ ആപ്പ് മരണക്ലിക്കില്‍ കുരുങ്ങി കേരളം
Published on
Updated on

ഇന്ത്യയിലെ ഡിജിറ്റല്‍ വായ്പാ വിപണി ഓരോ സാമ്പത്തിക വര്‍ഷവും വലിയ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. സ്മാര്‍ട്ട്‌ഫോണുകളുടെ വ്യാപനവും യു പി ഐ അടിസ്ഥാനമാക്കിയുള്ള അതിവേഗ പേയ്‌മെന്റുകളും ഈ മേഖലയെ വളരെ വേഗം ജനപ്രിയമാക്കി. നിലവില്‍ ആഗോള ഡിജിറ്റല്‍ വായ്പാ വിപണിയില്‍ ഇന്ത്യയുടെ സംഭാവന 4.6 ശതമാനമാണ്. സാമ്പത്തിക വികസനത്തിന്റെ ഈ കണക്കുകള്‍ ഒരുവശത്ത് നില്‍ക്കുമ്പോള്‍ തന്നെ, യാതൊരു നിയമപരമായ അംഗീകാരങ്ങളുമില്ലാതെ പ്രവര്‍ത്തിക്കുന്ന വ്യാജ ലോണ്‍ ആപ്പുകള്‍ കേരളത്തിലടക്കം വലിയ സാമൂഹിക ദുരന്തങ്ങള്‍ സൃഷ്ടിക്കുന്നു. കോവിഡിനു ശേഷമാണ് ലോണ്‍ ആപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ കൂടുതലായി പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്.

പരാതികളില്‍ പൊലീസ് അന്വേഷണം വന്നതോടെ കുറച്ചു കാലത്തേക്ക് ഇതിന്റെ വ്യാപനം കുറഞ്ഞു. എന്നാല്‍ 2025 അവസാനത്തോടെ ലോണ്‍ ആപ്പ് തട്ടിപ്പുകാര്‍ വീണ്ടും ശക്തമായി. ഒടുവില്‍ കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെയുള്ള നടപടിയിലാണ് പൊലീസ്. ലോണ്‍ ആപ്പ് ഭീഷണികളെത്തുടര്‍ന്ന് സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഏഴ് പേര്‍ ആത്മഹത്യ ചെയ്തതായി സൈബര്‍ പൊലീസ് വെളിപ്പെടുത്തുന്നു. ഈ വര്‍ഷം മൂന്ന് ആത്മഹത്യകളുണ്ടായി. സാമ്പത്തിക സാക്ഷരതയുടെ കാര്യത്തില്‍ കേരളത്തിലെ യുവാക്കളും വിദ്യാര്‍ഥികളും എത്രത്തോളം പിന്നിലാണെന്ന് പല സംഭവങ്ങളും തെളിയിക്കുന്നു.

കേരളം പോലെ ഉയര്‍ന്ന ഡിജിറ്റല്‍ സാക്ഷരതയും സ്മാര്‍ട്ട്‌ഫോണ്‍ സ്വാധീനവുമുള്ള ഒരു സംസ്ഥാനത്ത് ഇത്തരം വ്യാജ ലോണ്‍ ആപ്പുകള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വലുതാണ്. ബിഡിഎസ് വിദ്യാര്‍ത്ഥിയായ നിതിന്‍ രാജിന്റെ ആത്മഹത്യയോടെ, സംസ്ഥാനത്ത് അനധികൃത ലോണ്‍ ആപ്പുകളുടെ കൊള്ളയും ഭീഷണിയും വീണ്ടും ചര്‍ച്ചക്ക് വഴിയൊരുക്കിയിരിക്കുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് തിരുവനന്തപുരം ആര്യനാട് സ്വദേശിയായ 21കാരന്‍ ആനന്ദ് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പുറത്തുവിടുമെന്ന ലോണ്‍ ആപ്പ് ഭീഷണിക്കൊടുവില്‍ ആത്മഹത്യ ചെയ്തത്. ജനുവരിയില്‍ പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിയായ അജീഷ് ഒന്നിലധികം ലോണ്‍ ആപ്പുകളില്‍നിന്നുള്ള ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു. നാഷണല്‍ സൈബര്‍ ക്രൈം റിപോര്‍ട്ടിംഗ് പോര്‍ട്ടലില്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നിന്ന് ഏകദേശം 15,000 പരാതികളാണ് നിയമവിരുദ്ധ ലോണ്‍ ആപ്പുകള്‍ക്കെതിരായി ലഭിച്ചത്. എന്നാല്‍ ഇവരില്‍ 284 പേര്‍ മാത്രമാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മുന്നോട്ടുവന്നതെന്ന് പൊലീസ് അറിയിച്ചു. മൂന്ന് വര്‍ഷത്തിനിടെ ഏകദേശം 70 കോടിയുടെ നഷ്ടം ഉപയോക്താക്കള്‍ക്ക് സംഭവിച്ചു. ഇതില്‍ 28 കോടി മാത്രമേ ഇതുവരെ വീണ്ടെടുക്കാനായുള്ളൂ. മൂന്ന് വര്‍ഷത്തിനിടെ 1,836 വ്യാജ ലോണ്‍ ആപ്പുകള്‍ നിരോധിക്കുകയും 5,317 വെബ്സൈറ്റുകള്‍ നീക്കം ചെയ്യുകയും ചെയ്തു. ലോണ്‍ ആപ്പില്‍നിന്ന് വായ്പ എടുത്ത് കുടുങ്ങിപ്പോവുകയും എന്നാല്‍ നാണക്കേട് ഓര്‍ത്ത് പുറത്തു പറയാതിരിക്കുകയും ചെയ്യുന്ന ഒട്ടേറെ ഇരകളുണ്ട്.

മരണത്തിലേക്കുള്ള ക്ലിക്ക്

കാര്യമായ പേപ്പര്‍ വര്‍ക്കുകളോ അന്വേഷണമോ ഇല്ലാതെ വേഗം തുക കയ്യില്‍ കിട്ടുന്നതുകൊണ്ടു തന്നെ അത്യാവശ്യത്തിന് ലോണ്‍ ആപ്പുകളെ ആശ്രയിക്കുന്ന നിരവധിപ്പേരുണ്ട്. കുറഞ്ഞ പലിശ, ഇന്‍സ്റ്റന്റ് അപ്രൂവല്‍ തുടങ്ങിയ പ്രലോഭനങ്ങളും അവര്‍ നല്‍കുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന പ്ലേസ്റ്റോര്‍ പോലുള്ള പ്ലാറ്റ്ഫോമുകളെ ഒഴിവാക്കി, വാട്‌സ് ആപ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ലിങ്കുകള്‍ വഴി നേരിട്ട് ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന എ.പി.കെ ഫയലുകള്‍ വഴിയാണ് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ തട്ടിപ്പ് സംഘം ചോര്‍ത്തുന്നത്. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ ആക്ടിവേഷന്‍ എന്ന വ്യാജേന ഫോണിലെ കോണ്‍ടാക്ടുകള്‍, കോള്‍ലോഗുകള്‍, ഫോട്ടോകള്‍, ജി.പി.എസ് ലൊക്കേഷന്‍ തുടങ്ങി സ്വകാര്യ വിവരങ്ങള്‍ ലഭിക്കാനുള്ള അനുമതി തട്ടിപ്പ് സംഘം നേടിയെടുക്കും. ഒരിക്കല്‍ അനുമതി നല്‍കിയാല്‍ ആപ്പുകള്‍ അതീവ രഹസ്യമായി വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുകയും തട്ടിപ്പ് സംഘത്തിന്റെ സെര്‍വറുകളിലേക്ക് മാറ്റുകയുമാണ് രീതി. ഈ വിവരങ്ങളാണ് നല്‍കുന്ന വായ്പയുടെ ഈടായി തട്ടിപ്പ് സംഘം സൂക്ഷിക്കുന്നത്.

അടച്ചിട്ടും അടച്ചിട്ടും തീരാത്ത കടം

അമിതമായ പലിശനിരക്കുകളും സര്‍വിസ് ചാര്‍ജുകളും ഒളിഞ്ഞിരിക്കുന്ന ഫീസുകളും ചേര്‍ത്താണ് തിരിച്ചടയ്ക്കേണ്ട തുക കണക്കാക്കുന്നത്. സാധാരണ അംഗീകൃത ലോണ്‍ ആപ്പുകളില്‍ പ്രതിമാസം 1.5 ശതമാനം മുതല്‍ 3.8 ശതമാനം വരെ അതായത് വാര്‍ഷിക പലിശ 18 ശതമാനം മുതല്‍ 45 ശതമാനം വരെ ഈടാക്കുമ്പോള്‍, അനധികൃത ആപ്പുകള്‍ 100 ശതമാനത്തിലധികം വാര്‍ഷിക പലിശയും മറഞ്ഞിരിക്കുന്ന പ്രോസസ്സിംഗ് ചാര്‍ജുകളും ഈടാക്കുന്നു. പലപ്പോഴും വായ്പയുടെ ചെറിയൊരു ഭാഗം മാത്രമാണ് അക്കൗണ്ടില്‍ ലഭിക്കുന്നത്. ഉദാഹരണത്തിന് 15,000 രൂപ ലോണ്‍ ആപ്പ് വഴിയെടുത്താല്‍ പ്രോസസിങ് ചാര്‍ജ് ഇനത്തില്‍ 1770 രൂപ വരെ ഈടാക്കി, ബാക്കി തുകയാണ് വായ്പ എടുക്കുന്നവര്‍ക്ക് നല്‍കുന്നത്. മൂന്നു മാസത്തേക്കാണ് എടുക്കുന്നതെങ്കില്‍ 6065 രൂപ ഇഎംഐ ആയി അടയ്ക്കണം. ഇത്തരത്തില്‍ 18,195 രൂപയാണ് അടക്കേണ്ടിവരുക. അതായത് മൂന്നു മാസത്തേക്ക് 5500 രൂപയോളം പലിശക്ക് മാത്രമായി ഈടാക്കും.

തിരിച്ചടവ് മുടങ്ങിയാല്‍ ഭീഷണി

തിരിച്ചടവ് മുടങ്ങിയാല്‍ നേരത്തെ ഉപഭോക്താവിന്റെ ഫോണില്‍ നിന്ന് ചോര്‍ത്തിയ വിവരങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തും. ഫോണില്‍ നിന്ന് ലഭിച്ച ഉപഭോക്താവിന്റെയോ കുടുംബാംഗങ്ങളുടെയോ ഫോട്ടോകള്‍ ഉപയോഗിച്ച് കൃത്രിമമായി നഗ്‌നചിത്രങ്ങള്‍ നിര്‍മിച്ചാണ് ഭീഷണി. ഉപഭോക്താവിന്റെ ഫോണില്‍ നിന്ന് ലഭിച്ച കോണ്‍ടാക്ടുകളിലേക്കാണ് ആദ്യം ഈ ചിത്രങ്ങള്‍ അയച്ചുനല്‍കുന്നത്. തുടര്‍ന്ന് വിദേശ നമ്പറുകള്‍ ഉപയോഗിച്ച് ഭീഷണിമുഴക്കും. കൂടാതെ പണം കൈമാറാനായി വ്യാജമായതോ മറ്റൊരാളുടെ പേരിലുള്ളതോ ആയ 'മ്യൂള്‍ അക്കൗണ്ടു' കള്‍ ഉപയോഗിക്കും. തട്ടിപ്പ് സംഘത്തിന്റെ യഥാര്‍ഥ അക്കൗണ്ടുകളല്ലാതെ വാടകയ്ക്ക് എടുക്കുന്ന താത്കാലിക അക്കൗണ്ടുകള്‍ വഴിയുള്ള ഇടപാടുകളായതിനാല്‍ കുറ്റവാളികളെ കണ്ടെത്തുകയെന്നത് ഏറെ പ്രയാസമാണ്. പലപ്പോഴും തുക അടച്ചുതീര്‍ത്താലും വായ്പ അവസാനിക്കില്ല.. ഭീഷണിപ്പെടുത്തി കഴിയുന്നത്ര പണം വായ്പക്കാരില്‍ നിന്ന് ഈടാക്കാനാവും പിന്നീട് ശ്രമം. ഭീഷണിയും നാണക്കേടും ഓര്‍ത്ത് പലരും പരാതിപ്പെടാതെ പണം നല്‍കും അല്ലെങ്കില്‍ ജീവനൊടുക്കും.

കൂടുതലും വീട്ടമ്മാരും വിദ്യാര്‍ഥികളും

ലോണ്‍ ആപ്പ് ചതിയില്‍ കുടുങ്ങുന്നവരില്‍ കൂടുതലും വീട്ടമ്മമാരും വിദ്യാര്‍ഥികളുമാണെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു . ഇരകളില്‍ 20.18 ശതമാനം വീട്ടമ്മമാരും 4.73 ശതമാനം വിദ്യാര്‍ഥികളുമാണ്. വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും വീട്ടുകാര്‍ അറിയാതെയാണ് വായ്പ എടുത്തതെന്ന് പൊലീസ് പറയുന്നു. പരാതിക്കാരില്‍ 32 ശതമാനം സ്വകാര്യമേഖല ജീവനക്കാരുമുണ്ട്. 9.79 ശതമാനം ബിസിനസ്സുകാര്‍, ഇന്‍ഷ്വറന്‍സ് ഏജന്റുമാര്‍, ടെക് പ്രൊഫഷനലുകള്‍, ബാങ്ക് ജീവനക്കാര്‍ എന്നിവരായിരുന്നു. മലപ്പുറം, എറണാകുളം, പാലക്കാട്, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നാണ് കൂടുതലായി പരാതികള്‍ ലഭിച്ചിരിക്കുന്നത്. പല കേസുകളിലും കുടുംബങ്ങളെ വരെ ഭീഷണിപ്പെടുത്തിയ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അംഗീകൃത വായ്പ സംവിധാനങ്ങള്‍ ഉപയോഗിക്കാം

കടം വാങ്ങിയതുകൊണ്ട് ഒരാള്‍ക്കും ഒരാളെയും ഉപദ്രവിക്കാനോ ഭീഷണിപ്പെടുത്തുവാനോ ഈ നാട്ടിലെ നിയമം അനുവദിക്കുന്നില്ല. അംഗീകൃതമായ സംവിധാനങ്ങളെ മാത്രം സാമ്പത്തിക ഇടപാടുകള്‍ക്കായി ആശ്രയിക്കേണ്ടതുണ്ട്... വ്യാജ ലോണ്‍ ആപ്പുകളുടെ കെണിയില്‍ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കുന്നതിന് അംഗീകൃത ലോണ്‍ ആപ്പുകളുടെ കേന്ദ്രീകൃത ഡേറ്റാബേസിന് ആര്‍ബിഐ രൂപം നല്‍കിയിട്ടുണ്ട്. കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങളും ആര്‍ബിഐ പുറത്തിറക്കിയിരിക്കുന്നു. ലോണ്‍ ആപ്പുകാരുടെ വലയില്‍ കുടുങ്ങുന്നവര്‍ 1930ല്‍ അറിയിക്കുകയോ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെടുകയോ ചെയ്യണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ജീവന്‍ കവരുന്ന ഡിജിറ്റല്‍ കൊള്ള തടയണം

ഡിജിറ്റല്‍ വായ്പാ വിതരണം ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഇത് ഉയര്‍ത്തുന്ന സാമൂഹിക സുരക്ഷാ ഭീഷണികളെ ലഘൂകരിച്ച് കാണാനാകില്ല. ലോണ്‍ ആപ്പിലേക്കുള്ള ഒരു ക്ലിക്കിനപ്പുറം കാത്തിരിക്കുന്നത് വലിയ ചതിക്കുഴിയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. സാമ്പത്തിക അച്ചടക്കവും കൃത്യമായ ബോധവല്‍കരണവുമാണ് ഈ കെണികളില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗം. ആവശ്യത്തിന് പണം വേഗം കിട്ടും എന്ന പരസ്യവാചകങ്ങളില്‍ കുടുങ്ങാത്ത പൗരന്മാരുടെ ജാഗ്രത കൂടിയുണ്ടെങ്കില്‍ മാത്രമേ സാധാരണക്കാരുടെ ജീവന്‍ കവരുന്ന ഈ ഡിജിറ്റല്‍ കൊള്ള അവസാനിപ്പിക്കാനാകൂ. ഇതോടുകൂടി ഇന്നത്തെ സ്‌പോട്ട്‌ലൈറ്റ് സമാപിക്കുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com