തുടരുന്ന പാചകവാതക കലാപം

ഇപ്പോഴത്തെ വര്‍ധനവിന് ശേഷവും, ഓരോ സിലിണ്ടറിലും എണ്ണക്കമ്പനികള്‍ക്ക് 700 രൂപയോളം നഷ്ടം സംഭവിക്കുന്നുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍
 തുടരുന്ന പാചകവാതക കലാപം
Published on
Updated on

കേന്ദ്ര സര്‍ക്കാറിന്റെ പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന സബ്സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം സിലിണ്ടറിന് 29 രൂപ കൂട്ടിയതിന് പിറകെയാണ് ഒരു വര്‍ഷം ലഭിച്ചിരുന്ന സബ്സിഡി സിലിണ്ടറുകളുടെ എണ്ണം ഒന്‍പതില്‍ നിന്ന് നാലായി കുറച്ചത്. തുടര്‍ച്ചയായുള്ള ഗാര്‍ഹിക സിലിണ്ടര്‍ വില വര്‍ധനവില്‍ നട്ടം തിരിയുകയാണ് ജനം. വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ കൊള്ള വര്‍ധന വരുത്തിയതിന് പിറകെയായിരുന്നു ഗാര്‍ഹിക സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇങ്ങനെ പോയാല്‍ എങ്ങനെ ജീവിതം മുന്നോട്ടുകൊണ്ടുപോകും എന്ന് ആരും ചോദിക്കുന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നു കാര്യങ്ങള്‍.

'തുടരുന്ന പാചകവാതക കലാപം '

2016 മേയില്‍ ആരംഭിച്ച കേന്ദ്ര സര്‍ക്കാറിന്റെ പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയില്‍ പ്രതിവര്‍ഷം 12 സിലിണ്ടറുകള്‍ക്കാണ് സബ്സിഡി നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഇത് ഒമ്പതാക്കുകയും ഇപ്പോള്‍ വീണ്ടും നാലായി ചുരുക്കുകയുമായിരുന്നു. സാധാരണക്കാരുടെ ശരാശരി വാര്‍ഷിക ഉപയോഗം കണക്കിലെടുത്താണ് ഒരു വര്‍ഷം ലഭിച്ചിരുന്ന സബ്സിഡി സിലിണ്ടറുകളുടെ എണ്ണം നാലായി കുറച്ചതെന്നാണ് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി പ്രവീണ്‍ മാല്‍ഖനൂജ അറിയിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വര്‍ധിച്ചതാണ് ആഭ്യന്തര വിപണിയിലും പാചകവാതക വില വര്‍ധിക്കാന്‍ ഇടയാക്കിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഡല്‍ഹിയില്‍ മാത്രം സിലിണ്ടറിന് 89 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ ദിവസം 29 രൂപ വര്‍ധിപ്പിച്ചപ്പോള്‍ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 942 രൂപയിലെത്തിനില്‍ക്കുന്നു. മൂന്ന് മാസത്തിനിടെ ഇത് രണ്ടാമത്തെ വര്‍ദ്ധനവാണ്. പശ്ചിമേഷ്യയിലെ യുദ്ധം കണക്കിലെടുത്ത് മാര്‍ച്ച് ഏഴിന് സിലിണ്ടര്‍ വില 60 രൂപ കൂട്ടിയിരുന്നു.

ഓരോ സിലിണ്ടറിലും 700 രൂപയോളം നഷ്ടം

ഇപ്പോഴത്തെ വര്‍ധനവിന് ശേഷവും, ഓരോ സിലിണ്ടറിലും എണ്ണക്കമ്പനികള്‍ക്ക് 700 രൂപയോളം നഷ്ടം സംഭവിക്കുന്നുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍. ആഗോള ഊര്‍ജ്ജ പ്രതിസന്ധിയാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അന്താരാഷ്ട്ര മാനദണ്ഡമായ സൗദി സിപി നിരക്ക് പ്രതിസന്ധിക്ക് മുന്‍പ് ടണ്ണിന് 543 ഡോളര്‍ ആയിരുന്നത് മേയ് മാസത്തില്‍ 46 ശതമാനം വര്‍ദ്ധിച്ച് 775 ഡോളറിലെത്തിയതായി കേന്ദ്രസര്‍ക്കാര്‍ പറയുന്നു. ജൂണില്‍ ഈ നിരക്ക് വീണ്ടും വര്‍ദ്ധിച്ച് 790 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഊര്‍ജ്ജ മേഖലയില്‍, പ്രത്യേകിച്ച് ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ വളരെ നിര്‍ണായകമായ ആഗോള എല്‍.പി.ജി വില സൂചികയാണ് സൗദി സിപി. സൗദി അറേബ്യയുടെ ഔദ്യോഗിക എണ്ണക്കമ്പനിയായ 'സൗദി അരാംകോ' അന്താരാഷ്ട്ര വിപണിയില്‍ എല്‍പിജി വില നിശ്ചയിക്കാന്‍ ഉപയോഗിക്കുന്ന പ്രധാന മാനദണ്ഡമാണിത്. ഇന്ത്യ തങ്ങളുടെ ആകെ പാചകവാതക ആവശ്യത്തിന്റെ 50 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്നത് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ്. സൗദി സിപി നിരക്ക് ഉയരുമ്പോള്‍ ഇന്ത്യന്‍ എണ്ണക്കമ്പനികളുടെ ഇറക്കുമതിച്ചെലവ് വര്‍ദ്ധിക്കുകയും, ഇത് നമ്മുടെ ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വില കൂടാന്‍ കാരണമാകുകയും ചെയ്യുന്നു.

ഇന്ത്യയിലെ പാചകവാതക വില ഇപ്പോഴും കുറവെന്ന്

അന്താരാഷ്ട്ര വില സൂചിക പ്രകാരം ഒരു സിലിണ്ടര്‍ വിതരണം ചെയ്യാന്‍ സര്‍ക്കാരിന് നിലവില്‍ 1,600 രൂപയിലധികം ചെലവുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ അ്‌വകാശപ്പെടുന്നത്. ഇതിലൂടെ ഒരു സിലിണ്ടറിന് ഏകദേശം 1,000 രൂപയുടെ സാമ്പത്തിക സഹായമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ആഗോള വിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ പാചകവാതക വില ഇപ്പോഴും കുറവാണെന്നും മന്ത്രാലയം പറയുന്നു. അതേസമയം, വില വര്‍ധന സാധാരണക്കാരെ വലിയ രീതിയില്‍ ബാധിക്കില്ലെന്നാണ് അധികൃതരുടെ വാദം. സിലിണ്ടറിന് 29 രൂപ വര്‍ധിച്ചത് ഒരു കുടുംബത്തിന് പ്രതിദിനം വെറും ഒരു രൂപയുടെ അധികബാധ്യത മാത്രമാണ് വരുത്തുകയെന്നും അത് നിസ്സാര വര്‍ധനവാണെന്നുമാണ് ന്യായം. പാചകവാതകത്തിന് പുറമെ പെട്രോള്‍, ഡീസല്‍, സിഎന്‍ജി എന്നിവയുടെ വിലയും കഴിഞ്ഞ മാസങ്ങളില്‍ വര്‍ധിപ്പിച്ചിരുന്നു. എണ്ണക്കമ്പനികള്‍ നേരിടുന്ന 600 മുതല്‍ 700 കോടി വരെയുള്ള നഷ്ടം നികത്തുന്നതിനാണ് ഇന്ധന വിലവര്‍ധനവിലേക്ക് കടക്കേണ്ടി വന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഉജ്ജ്വല ഗുണഭോക്താവിന് സിലിണ്ടറിന് 642 രൂപയും, ഇതര ഉപഭോക്താക്കള്‍ 942 രൂപയുമാണ് നല്‍കേണ്ടി വരിക. ഫലത്തില്‍ ഉജ്ജ്വല നിരക്ക് രാജ്യാന്തര വിലയേക്കാള്‍ 60 ശതമാനത്തോളവും, സാധാരണ നിരക്ക് 45 ശതമാനത്തോളവും കുറവാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. മറ്റ് രാജ്യങ്ങളിലെ അവസ്ഥ വിവരിച്ച് കേന്ദ്രം മറ്റ് രാജ്യങ്ങളിലെ എല്‍പിജി വിലകള്‍ താരതമ്യം ചെയ്തും കണക്കുകള്‍ കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്. ഈ കണക്കുകള്‍ പ്രകാരം, ഉജ്ജ്വല ഗുണഭോക്താക്കളുടെ നിരക്കായ 642 രൂപ അയല്‍രാജ്യങ്ങളേക്കാള്‍ കുറവാണ്. പാകിസ്താനില്‍ ഇത് 1,046 രൂപയും, നേപ്പാളില്‍ 1,207 രൂപയും, ബംഗ്ലാദേശില്‍ ഏകദേശം 1,225 രൂപയും, ശ്രീലങ്കയില്‍ 1,241 രൂപയുമാണ്. വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അമേരിക്കയില്‍ ഇത് 1,755 രൂപയും, ഓസ്ട്രേലിയയില്‍ 1,765 രൂപയും, കാനഡയില്‍ 2,411 രൂപയുമാണ്. ഇന്ത്യയിലെ എല്‍.പി.ജി. ഉപഭോഗത്തിന്റെ 54 ശതമാനത്തോളവും ഹോര്‍മുസ് വഴിയുള്ള ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ആഗോളതലത്തില്‍ വില വര്‍ദ്ധനവിലെ വലിയൊരു പങ്ക് പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ തന്നെയാണ് വഹിച്ചതെന്നും കേന്ദ്രം വ്യക്തമാക്കി.

അഞ്ച് വര്‍ഷത്തിനിെട 260 രൂപയുടെ വിലവര്‍ധന 2021 മുതല്‍ 2026 വരെ കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഏകദേശം 260 രൂപയുടെ വില വര്‍ധനവ് പാചക വാതക വിലയില്‍ ഉണ്ടായിട്ടുണ്ട്. 2021 ന്റെ തുടക്കത്തില്‍ 694 രൂപയായിരുന്ന ഗാര്‍ഹിക സിലിണ്ടര്‍ വില, തുടര്‍ച്ചയായ വര്‍ധനവിലൂടെ ഒക്ടോബറോടെ 899.50 രൂപയിലെത്തി. 2022ല്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ ഇന്ധനവില കുതിച്ചുയര്‍ന്നു. മാര്‍ച്ചില്‍ വില 949.50 രൂപയായും, മെയ് മാസത്തില്‍ 999.50 രൂപയായും ഉയര്‍ന്നു. ജൂലൈ മാസത്തോടെ ചരിത്രത്തിലാദ്യമായി വില 1,000 കടന്ന് 1,053 രൂപയായി. 2023 മാര്‍ച്ചില്‍ സിലിണ്ടര്‍ വില വീണ്ടും വര്‍ധിച്ച് 1,103 രൂപ എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തി. അതേവര്‍ഷം ഓഗസ്റ്റില്‍ പൊതുതിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ സിലിണ്ടറിന് 200 രൂപ ഒറ്റയടിക്ക് കുറച്ചു. ഇതോടെ വില 903 രൂപയായി താഴ്ന്നു. 2024 മാര്‍ച്ചില്‍ വനിതാ ദിനത്തോടനുബന്ധിച്ച് വീണ്ടും 100 രൂപ കുറച്ചതോടെ വില 803 രൂപയായി . വര്‍ഷം മുഴുവന്‍ ഈ നിരക്കില്‍ വലിയ മാറ്റമില്ലാതെ തുടര്‍ന്നു. 2025 ഏപ്രിലില്‍ 50 രൂപ വര്‍ധിച്ച് വില 853 രൂപയായി. 2026ല്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും ഹോര്‍മൂസ് കടലിടുക്കിലെ പ്രതിസന്ധികളും കാരണം രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയും ഗ്യാസ് വിലയും കുതിച്ചുയര്‍ന്നു. മാര്‍ച്ചില്‍ ഗാര്‍ഹിക സിലിണ്ടറിന് 60 രൂപ വര്‍ധിച്ച് വില 913 രൂപയായി. ഈ മാസത്തിന്റെ തുടക്കത്തില്‍ വീണ്ടും 29 രൂപ വര്‍ധിച്ചതോടെ നിലവില്‍ വില 942 രൂപയായി ഉയര്‍ന്നു. കേരളത്തില്‍ നിലവില്‍ ഗാര്‍ഹിക സിലിണ്ടറിന് 951 രൂപയ്ക്കടുത്താണ് വില. കഴിഞ്ഞ നാല് മാസത്തിനിടെ ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 89 രൂപയാണ് വര്‍ദ്ധിപ്പിച്ചത്.

കഴിഞ്ഞ 12 വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ ഗാര്‍ഹിക പാചകവാതക വിലയില്‍ 530 രൂപയുടെ വര്‍ദ്ധനവാണ് വരുത്തിയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചൂണ്ടിക്കാട്ടുന്നു. സിലിണ്ടര്‍ ക്ഷാമമില്ലെന്ന് പറയുമ്പോഴും കിട്ടാനില്ല എല്‍പിജി വിതരണ കേന്ദ്രങ്ങളില്‍ എവിടെയും പാചകവാതകത്തിന് ക്ഷാമം നേരിട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആണയിടുമ്പോഴും പാചകവാതകം ബുക്ക് ചെയ്യാന്‍ ജനം ദുരിതം അനുഭവിക്കുകയാണ്. നിലവില്‍ ബുക്കിംഗുകളില്‍ ഏകദേശം 99 ശതമാനവും ഓണ്‍ലൈന്‍ വഴിയാണ് നടക്കുന്നത്.നഗരങ്ങളില്‍ 35 ദിവസവും ഗ്രാമ പ്രദേശങ്ങളില്‍ 45 ദിവസവും കഴിഞ്ഞാല്‍ മാത്രമേ സിലിണ്ടര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ കഴിയൂ. എന്നാല്‍ കമ്പനികള്‍ പറയുന്ന സമയത്ത് ഗ്യാസ് സിലിണ്ടറുകള്‍ കിട്ടുന്നില്ലെന്ന പരാതി വ്യാപകമാണ്. എണ്ണവില വര്‍ദ്ധനവിന്റെ ദുരിതക്കയത്തില്‍ ജനം കഷ്ടപ്പെടുമ്പോഴാണ് വാണിജ്യ സിലിണ്ടറുകളുടെയും ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും വീണ്ടും വര്‍ദ്ധിക്കുന്നത്. ഇതിനുപുറമെ, സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കിയതും സാധാരണക്കാര്‍ക്ക് ഇരട്ടി പ്രഹരമായി മാറി. വിലക്കയറ്റം, സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ മാത്രമല്ല, അവരുടെ ദൈനംദിന ജീവിതത്തിന്റെ സമസ്ത മേഖലകളെയും ഗുരുതരമായി ബാധിച്ചുതുടങ്ങിയിരിക്കുന്നു. എണ്ണവില വര്‍ധനവിന് ഇടയാക്കുന്ന പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യം ഒഴിഞ്ഞാല്‍ ഈ സ്ഥിതി വിശേഷത്തിന് മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

News Malayalam 24x7
newsmalayalam.com