

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കേന്ദ്രസർക്കാർ ആരംഭിച്ച പി.എം. കെയേഴ്സ് ഫണ്ടിൽനിന്ന് ചെലവഴിച്ചത് 0.01 ശതമാനം തുക മാത്രമാണെന്ന കണക്കുകൾ പുറത്തുവന്നിരിക്കുന്നു. പി.എം കെയേഴ്സ് ഫണ്ട് എണ്ണായിരത്തിലധികം കോടിയായി കുതിച്ചുയരുമ്പോഴും ജനക്ഷേമ പദ്ധതികൾക്കായി അവ വിനിയോഗിക്കാതെ കുമിഞ്ഞു കിടക്കുകയാണ്. ഇതോടെ പി.എം. കെയേഴ്സ് ഫണ്ട് എന്തിനാണ് എന്ന ചോദ്യം ഉയരുന്നതോടൊപ്പം ഫണ്ടിന്റെ വിനിയോഗത്തിലും സുതാര്യതയിലും ഉയർന്ന വലിയ ചോദ്യങ്ങൾ ഉത്തരം കിട്ടാതെ തുടരുന്നുണ്ട്. അതിലുപരി വയനാട് ദുരന്തത്തിൽ സംസ്ഥാനം ഫണ്ടില്ലാെത കഷ്ടപ്പെട്ടപ്പോഴും അതിന് നാമമാത്രമായ തുക മാത്രം തന്ന് മുഖം തിരിച്ച കേന്ദ്രസർക്കാരിനും ദേശീയ ദുരന്ത പ്രതികരണ നിധി എന്ന എൻ.ഡി.ആർ.എഫിനും എതിരായ ശക്തമായ വികാരമാണ് ഏറെ നാളായി പുറത്തുവിടാതിരുന്ന ഈ കണക്കുകൾ പുറത്തുവരുമ്പോൾ ഉയരുന്നത്.
പിന്നെ എന്തിനാണ് പി.എം കെയേഴ്സ്?
പി.എം കെയേഴ്സ് ഫണ്ടിന്റെ വിനിയോഗത്തിലും സുതാര്യതയിലും വലിയ കുറവുണ്ടായെന്ന പുതിയ റിപ്പോർട്ടാണ് പുറത്തുവന്നിട്ടുള്ളത്. 2023 മുതൽ 2025 വരെയുള്ള രണ്ട് സാമ്പത്തിക വർഷങ്ങളിലെ ഓഡിറ്റ് കണക്കുകളാണ് കേന്ദ്ര സർക്കാർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഫണ്ടിലെ ആകെ തുക റെക്കോർഡ് ഉയരത്തിൽ എത്തിയിട്ടും ജനക്ഷേമ പദ്ധതികൾക്കായി അത് ചെലവഴിക്കുന്നില്ല എന്നതാണ് വെളിപ്പെടുന്നത്.2019-20ൽ 3,077 കോടി രൂപയുണ്ടായിരുന്ന ഫണ്ട് 2024-25 ആയപ്പോഴേക്കും 8,452 കോടിയായി വർധിച്ചു. കോവിഡ് സമയത്ത് കാര്യമായി തുക ചെലവഴിച്ചിരുന്നെങ്കിലും പിന്നീട് അത് നാമമാത്രമായി ചുരുങ്ങുകയായിരുന്നു. 2023-25 സാമ്പത്തിക വർഷങ്ങളിൽ ആകെ 1,162 കോടി രൂപ ഫണ്ടിലേക്ക് എത്തിയപ്പോൾ, ഇതിൽ നിന്ന് ചെലവഴിച്ചത് വെറും 16 കോടി രൂപ മാത്രമാണ്. ഈ വർഷം സംഭാവനയായും ബാങ്ക് പലിശയായും 1,279 കോടി രൂപ ഫണ്ടിലെത്തിയെങ്കിലും, വെറും 87 ലക്ഷം രൂപ അതായത്, ആകെ തുകയുടെ 0.01% മാത്രമാണ് ചെലവഴിച്ചത്.നിലവിൽ 8,452 കോടി രൂപയാണ് ഫണ്ടിൽ മിച്ചമുള്ളത്. മുൻ വർഷത്തെ അപേക്ഷിച്ച് ഫണ്ടിലെ ആകെ തുകയിൽ 17.8 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.
നൽകിയതിനെക്കാൾ കൂടുതൽ തുക തിരിച്ചെത്തി
കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ, പി.എം കെയേഴ്സ് ഫണ്ടിൽ നിന്നുള്ള ദുരിതാശ്വാസ ചെലവുകളേക്കാൾ കൂടുതൽ തുക വിവിധ ഏജൻസികൾ ഫണ്ടിലേക്ക് തിരികെ അടച്ചതായി കാണാം. ഉദാഹരണത്തിന്, ഈ വർഷം വെറും 88 ലക്ഷം രൂപ മാത്രം വിതരണം ചെയ്തപ്പോൾ 324 കോടിയിലധികം രൂപയാണ് ഫണ്ടിലേക്ക് തിരിച്ചെത്തിയത്. ഫണ്ടിലേക്കുള്ള പുതിയ സംഭാവനകളിൽ ഇപ്പോൾ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്; ആഭ്യന്തര സംഭാവനകളിൽ 30 ശതമാനത്തിന്റെയും വിദേശ സംഭാവനകളിൽ 18 ശതമാനത്തിന്റെയും കുറവുണ്ടായി. എന്നിരുന്നാലും, ഫണ്ടിലെ ആകെയുള്ള തുകയുടെ 93 ശതമാനവും സ്ഥിരനിക്ഷേപങ്ങളിലേക്ക് മാറ്റിയതിനാൽ അതിൽ നിന്നുള്ള പലിശയിനത്തിൽ വലിയൊരു വരുമാനം ഇപ്പോൾ ലഭിക്കുന്നുണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം ഏകദേശം 475 കോടി രൂപയാണ് പലിശയായി ലഭിച്ചത്. ചുരുക്കത്തിൽ, ജനങ്ങളിൽ നിന്നുള്ള പുതിയ സംഭാവനകൾ കുറയുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള വിനിയോഗം നാമമാത്രമാകുകയും ചെയ്തെങ്കിലും, ബാങ്ക് നിക്ഷേപങ്ങളുടെ പലിശയിലൂടെ ഫണ്ട് വളർന്നുകൊണ്ടിരിക്കുകയാണ്.
എന്തിനാണ് മറ്റൊരു ട്രസ്റ്റ്?
കൊവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ അടിയന്തര സാഹചര്യങ്ങളെ നേരിടാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി 2020 മാർച്ച് 27-ന് കേന്ദ്ര സർക്കാർ രൂപീകരിച്ചതാണ് പി.എം. കെയേഴ്സ് ഫണ്ട്. പ്രധാനമന്ത്രി എക്സ്-ഒഫീഷ്യോ ചെയർമാനും പ്രതിരോധ, ആഭ്യന്തര, ധനകാര്യ മന്ത്രിമാർ ട്രസ്റ്റിമാരുമായി പ്രവർത്തിക്കുന്ന പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് ആണിത്...അതേസമയം പ്രകൃതി ദുരന്തമുണ്ടായാൽ അടിയന്തിര ദുരിതാശ്വാസ,പുനരധിവാസ പ്രവർത്തനങ്ങൾക്ക് അനുവദിക്കാനുള്ള ദേശീയ ദുരന്തപ്രതികരണ നിധി എന്ന എൻ.ഡി.ആർ.എഫും ദുരന്തത്തിന്റെ ആഘാതം ലഘൂകരിക്കാനുള്ള പദ്ധതികൾക്കായി അനുവദിക്കുന്ന തുകയായി ദേശീയ ദുരന്ത ലഘൂകരണ നിധി അഥവാ എൻ.ഡി.എം.എഫും കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക സംവിധാനമായി നിലവിലുണ്ട്. ഇതിന് പുറമെയാണ് പി.എം. കെയേഴ്സ് ഫണ്ട് കേന്ദ്രസർക്കാർ കൊണ്ടുവന്നത്. ഫണ്ടിലേക്കുള്ള സാമ്പത്തിക ഇളവുകളുമായി ബന്ധപ്പെട്ട തീരുമാനങ്ങളും വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. കോർപ്പറേറ്റ് കമ്പനികൾ നൽകുന്ന സി.എസ്.ആർ ഫണ്ടുകൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ചത് സംസ്ഥാന സർക്കാരുകളുടെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ ഫണ്ടുകളിലേക്കുള്ള സംഭാവനകളെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. കൂടാതെ, വിദേശ സഹായം സ്വീകരിക്കുന്നതിനുള്ള എഫ്.സി.ആർ.എ വ്യവസ്ഥകളിൽ നിന്ന് ഈ ഫണ്ടിന് പൂർണ്ണ ഇളവ് നൽകിയതും ചർച്ചയായി.
വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് പുറത്ത്
പി.എം. കെയേഴ്സ് ഫണ്ട് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്ന ഒരു 'പബ്ലിക് അതോറിറ്റി' അല്ലെന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിലപാട് വലിയ പ്രതിഷേധങ്ങളായിരുന്നു ക്ഷണിച്ചുവരുത്തിയത്.... നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ടിൽ നിന്നും വ്യത്യസ്തമായി, ഫണ്ടിന്റെ കണക്കുകൾ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ ഓഡിറ്റ് ചെയ്യുന്നില്ല എന്നതും വിവാദങ്ങൾക്ക് ആക്കം കൂട്ടി. പകരം, സ്വകാര്യ ഓഡിറ്റർമാരെയാണ് ഇതിനായി സർക്കാർ നിയോഗിച്ചത്. ..സാമ്പത്തിക കണക്കുകൾ പൊതുസമക്ഷം പ്രസിദ്ധീകരിക്കുന്നതിലുണ്ടായ കാലതാമസവും വിമർശനങ്ങൾക്കിടയാക്കി. 2022-23 ലെ സാമ്പത്തിക കണക്കുകൾ 638 ദിവസം ൈവകിയാണ് പ്രസിദ്ധീകരിച്ചത്. 2023-24 , 2024-25 സാമ്പത്തിക വർഷങ്ങളിലെയും ഓഡിറ്റ് റിപ്പോർട്ടുകൾ ഒന്നിച്ച് പ്രസിദ്ധീകരിച്ചത് യഥാക്രമം 869 ദിവസവും 504 ദിവസവും വൈകിയാണ്.
വിവാദങ്ങൾ കടുത്തതോടെ വിഷയം രാജ്യത്തെ വിവിധ കോടതികളുടെ പരിഗണനയിലുമെത്തി. സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ നൽകിയ ഹർജിയിൽ, പി.എം. കെയേഴ്സ് ഫണ്ടിലെ തുക നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ടിലേക്ക് മാറ്റാൻ സാധിക്കില്ലെന്ന് 2020 ആഗസ്റ്റിൽ സുപ്രീം കോടതി വിധിച്ചു. എന്നാൽ, സർക്കാർ ചിഹ്നങ്ങളും വെബ്സൈറ്റ് ഡൊമെയ്നും പ്രധാനമന്ത്രിയുടെ ചിത്രവും ഉപയോഗിക്കുന്നതിനാൽ ഫണ്ടിനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്നും ഒരു സർക്കാർ സ്ഥാപനമായി കണക്കാക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിലടക്കം നിരവധി ഹർജികളാണ് നിലവിൽ ഫയൽ ചെയ്യപ്പെട്ടിട്ടുള്ളത്. ഫണ്ടിലേക്ക് സർക്കാരിന്റെ ഖജനാവിൽ നിന്ന് പണം നൽകുന്നില്ല എന്ന നിലപാടാണ് കേന്ദ്ര സർക്കാർ കോടതികളിൽ സ്വീകരിച്ചിരിക്കുന്നത്.
നഷ്ടപരിഹാരം കിട്ടാക്കനി; സംസ്ഥാനങ്ങളോട് അവഗണന
മനുഷ്യനിർമിതമോ പ്രകൃതിദത്തമോ ആയ മറ്റേതെങ്കിലും അടിയന്തര സാഹചര്യങ്ങൾ, ദുരന്തങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള സഹായം ഏറ്റെടുക്കുന്നതിനും പിന്തുണയ്ക്കുന്നതിനും പിഎം കെയേഴ്സ് ഫണ്ട് ഉപയോഗിക്കുമെന്നാണ് ഔദ്യോഗിക വെബ്സൈറ്റിൽ പറയുന്നത്. എന്നാൽ വയനാട്ടിലെ ചൂരൽമല-മുണ്ടക്കൈ മേഖലയിൽ 2024-ലുണ്ടായ പ്രകൃതിദുരന്തത്തിന് കേരളം ആവശ്യപ്പെട്ട നഷ്ടപരിഹാരം കിട്ടാക്കനിയായി തുടരുകയാണ്. 2221 കോടി രുപയാണ് കേരളം ആവശ്യപ്പെട്ടതെങ്കിലും ഇതുവരെയായി കേന്ദ്രം അനുവദിച്ചത് 260.56 കോടി മാത്രമാണ്. അതേസമയം , എൻ.ഡി.ആർ.എഫ് സംസ്ഥാനങ്ങൾക്ക് കൈമാറാനായി അംഗീകരിച്ച തുകയിൽ 53 ശതമാനവും കേന്ദ്രസർക്കാർ ചെലവിട്ടിട്ടില്ല. ദേശീയ ദുരന്ത ലഘൂകരണ നിധി എന്ന കേന്ദ്രത്തിന്റെ എം.ഡി.എം.എഫിൽ 75 ശതമാനം തുകയും ചെലവാകാതെ കിടക്കുന്നുണ്ട്. പ്രത്യേക സഹായനിധിയായി കൈമാറാൻ വകയിരുത്തിയ 20,000 കോടിയിൽ സംസ്ഥാനങ്ങൾക്കായി വിട്ടുകൊടുത്തത് 3350 കോടിമാത്രമായിരുന്നു. പ്രകൃതിദുരന്തമുണ്ടായാൽ അടിയന്തര ദുരിതാശ്വാസത്തിന് സംസ്ഥാനങ്ങൾക്ക് 100 കോടി രൂപവരെ മുൻകൂർ വായ്പ അനുവദിക്കാമെങ്കിലും അത് നടപ്പിലാക്കിയിട്ടില്ലെന്നും സി.എ.ജി. കണ്ടെത്തി.
അടിയന്തര സഹായങ്ങൾക്കും ജനക്ഷേമത്തിനുമായി സമാഹരിച്ച തുക അർഹരായവരിലേക്ക് എത്തുന്നില്ല എന്നതാണ് പുറത്തുവന്ന കണക്കുകൾ നൽകുന്ന വ്യക്തമായ സൂചന. കോടിക്കണക്കിന് രൂപ ബാങ്കിലിട്ട് പലിശ വർദ്ധിപ്പിക്കുന്നതിന് പകരം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കും സംസ്ഥാനങ്ങൾക്കും സമയബന്ധിതമായി സാമ്പത്തിക സഹായം എത്തിക്കുക എന്നതാണ് ഏതൊരു ദുരിതാശ്വാസ ഫണ്ടിന്റെയും യഥാർത്ഥ ലക്ഷ്യം.അതിനായില്ലെങ്കിൽ പിന്നെ എന്തിനാണ് പി.എം കെയേഴ്സ് എന്ന സംവിധാനം എന്ന ചോദ്യം ഇനിയും ഉത്തരംകിട്ടാതെ അവശേഷിക്കുന്നു.