പിഎം ശ്രീയില്‍ കേരളത്തില്‍ സംഭവിച്ചതെന്ത്?

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്നതിനായി രാജ്യത്തെ 14,500-ലധികം സര്‍ക്കാര്‍ സ്‌കൂളുകളെ മികച്ച സൗകര്യങ്ങളുള്ള മാതൃകാ വിദ്യാലയങ്ങളാക്കി മാറ്റുകയാണ് പദ്ധതി
പിഎം ശ്രീയില്‍ കേരളത്തില്‍ സംഭവിച്ചതെന്ത്?
Published on
Updated on

ഒരിടക്കാലത്തിന് ശേഷം പിഎം ശ്രീ വിവാദം വീണ്ടും സജീവമായിരിക്കുന്നു. കേന്ദ്രത്തിന്റെ പിഎം ശ്രിപദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും യുഡിഎഫ് അനുമതിയ്ക്കായി കാത്തിരിക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്ര നിബന്ധനകള്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് തിരിച്ചടിയാകില്ലെന്നും നിലവിലെ വിദ്യഭ്യാസ നയത്തിലും പാഠ്യപദ്ധതിയിലും അടിസ്ഥാനപരമായ മാറ്റങ്ങള്‍ ആവശ്യമില്ലെന്നുമാണ് വകുപ്പ് സെക്രട്ടറി മന്ത്രിക്ക്് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. പിഎം ശ്രീ പദ്ധതി തുടരാനുള്ള നടപടികളിലേക്ക് ചുവടുവെക്കുമ്പോള്‍ യുഡിഎഫ് പ്രതിപക്ഷത്തായിരിക്കുമ്പോള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ തിരിച്ചടിക്കുമെന്നുറപ്പാണ്.

പിഎം ശ്രീ കക്ഷത്തോ അതോ ചവറ്റുകൊട്ടയിലോ?

ഇന്ത്യയിലെ സ്‌കൂള്‍ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് പ്രധാന്‍മന്ത്രി സ്‌കൂള്‍സ് ഫോര്‍ റൈസിങ് ഇന്ത്യ എന്ന പിഎം ശ്രീ . ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്നതിനായി രാജ്യത്തെ 14,500-ലധികം സര്‍ക്കാര്‍ സ്‌കൂളുകളെ മികച്ച സൗകര്യങ്ങളുള്ള മാതൃകാ വിദ്യാലയങ്ങളാക്കി മാറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 776 ജില്ലകളില്‍ 8538 ബേ്‌ളാക്കുകളിലായി രാജ്യത്തെ 13091 സ്‌കൂളുകള്‍ ഇതിനകം പദ്ധതി നടപ്പാക്കിവരുന്നുണ്ട്. 2022 മുതല്‍ 2027 വരെയാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തില്‍ 336 സ്‌കൂളുകള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. സ്‌കൂളിന് ശരാശരി 1.13 കോടി രൂപ ലഭിക്കും. കേന്ദ്ര-സംസ്ഥാന വിഹിതം 60:40 എന്ന അനുപാതത്തിലായിരിക്കുമെന്ന് പദ്ധതി രേഖകള്‍ വെളിപ്പെടുത്തുന്നു.

സമഗ്ര പരിഷ്‌കരണവും പിഎം ശ്രീ ലക്ഷ്യങ്ങളും

സ്‌കൂളുകളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുക, നവീകരണ പദ്ധതികള്‍ നടപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യങ്ങളില്‍ പ്രധാനം. നൂതന പാഠ്യപദ്ധതി, കുട്ടികളെക്കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഹോളിസ്റ്റിക് പ്രോഗ്രസ് കാര്‍ഡ്, പ്രാദേശിക ഇന്റേണ്‍ഷിപ്പ്, ധൈഷണികശേഷി വര്‍ധിപ്പിക്കല്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകള്‍ക്ക് ലൈബ്രറി ഗ്രാന്റ്, സ്പോര്‍ട്സ് ഗ്രാന്റ് തുടങ്ങി വാര്‍ഷിക സ്‌കൂള്‍ ഗ്രാന്റുകള്‍ അനുവദിക്കും. മാതൃഭാഷയ്ക്കു മുന്‍ഗണന നല്‍കുമ്പോഴും ഭാഷകളുടെ അതിര്‍വരമ്പുകള്‍ മറികടക്കാന്‍ കുട്ടികളെ പ്രാപ്തരാക്കും. സ്മാര്‍ട് ക്ലാസ് മുറികളും ഡിജിറ്റല്‍ ലൈബ്രറി സംവിധാനങ്ങളും ഒരുക്കും..പ്രാദേശിക വ്യവസായ സ്ഥാപനങ്ങളിലും മറ്റും ഇന്റേണ്‍ഷിപ്പ് ചെയ്യാനും ഇടവേളകളില്‍ ജോലി ചെയ്യാനും കുട്ടികള്‍ക്കു കഴിയും. കുട്ടികളെ തൊഴില്‍ ചെയ്യാന്‍ കൂടി പ്രാപ്തരാക്കുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

പിഎം ശ്രീ വിമര്‍ശനങ്ങള്‍

സംസ്ഥാനങ്ങളുടെ അധികാരം ചോര്‍ത്തുന്ന ദേശീയ വിദ്യഭ്യാസ നയം പദ്ധതിയുടെ ഭാഗമായി നടപ്പാക്കേണ്ടിവരും എന്നതായിരുന്നു കേരളം അടക്കം പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എതിര്‍പ്പിനു മുഖ്യ കാരണം. സംസ്ഥാനങ്ങള്‍ക്കുള്ള അധികാരവും, വിദ്യാഭ്യാസ നയങ്ങള്‍ രൂപീകരിക്കാനുള്ള അവകാശവും പരിമിതപ്പെടും. അതായത് പാഠ്യ പദ്ധതി ഉള്‍പ്പെടയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം കേന്ദ്രത്തിന്റെ കയ്യിലാവും. ഇതോടെ വിദ്യഭ്യാസമേഖലയിലെ കാവിവല്‍കരണ നടപടികള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുകയും ചെയ്യുമെന്ന ആശങ്കയാണ് ഉന്നയിക്കപ്പെടുന്നത്. സ്‌കൂളിനു മുന്നില്‍ 'പിഎം ശ്രീ സ്‌കൂള്‍' എന്ന ബോര്‍ഡും പ്രധാനമന്ത്രിയുടെ ചിത്രവും വയ്ക്കേണ്ടിവരുമെന്നതും എതിര്‍പ്പിനു കാരണമായി. അതിനാല്‍ കേരളം പണംമുടക്കി വികസിപ്പിച്ച സ്‌കൂള്‍ കേന്ദ്ര ബ്രാന്‍ഡിങ്ങിനായി വിട്ടു കൊടുക്കേണ്ട ആവശ്യമുണ്ടോ എന്നതാണ് ഉയരുന്ന ചോദ്യം. ഇതിന് പുറമെ നിലവിലെ എല്‍പി, യുപി, ഹൈസ്‌കൂള്‍ ,ഹയര്‍സെക്കന്‍ഡറി ഘടനയിലും മാറ്റമുണ്ടാകും. കേന്ദ്രനയമനുസരിച്ച് പ്രീസ്‌കൂള്‍ മുതല്‍ രണ്ടാം ക്ലാസുവരെയാണ് ആദ്യ ഘട്ടം, മൂന്നുമുതല്‍ അഞ്ചാം ക്ലാസുവരെ രണ്ടാം ഘട്ടം. ആറുമുതല്‍ എട്ടുവരെ മൂന്നാം ഘട്ടം. ഒമ്പതുമുതല്‍ 12-ാം ക്ലാസുവരെ നാലാം ഘട്ടം എന്ന രീതിയാണ് കേന്ദ്രനയത്തില്‍ പറയുന്നത്.

പിന്നാക്ക സ്‌കൂളുകള്‍ തഴയപ്പെടുമെന്ന് ആശങ്ക

രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളെയും ഒരുപോലെ ഉയര്‍ത്തുന്നതിന് പകരം, ഒരു ബ്ലോക്കില്‍ രണ്ട് സ്‌കൂളുകള്‍ വീതം മാത്രം 'മാതൃകാ സ്‌കൂളുകളാക്കി' മാറ്റാനാണ് പിഎം. ശ്രീ പദ്ധതി ശ്രമിക്കുന്നത്. ഇത് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കിടയില്‍ തന്നെ വലിയ തോതിലുള്ള വേര്‍തിരിവും അസമത്വവും ഉണ്ടാക്കും. ഫണ്ട് ലഭിക്കുന്ന സ്‌കൂളുകള്‍ അത്യാധുനികമാകുമ്പോള്‍, തൊട്ടടുത്തുള്ള മറ്റ് പൊതുവിദ്യാലയങ്ങള്‍ കൂടുതല്‍ അവഗണിക്കപ്പെടും. എല്ലാവര്‍ക്കും തുല്യവിദ്യാഭ്യാസം എന്ന ജനാധിപത്യ തത്വത്തിന് ഇത് വിരുദ്ധമാണ്. പദ്ധതിയിലേക്ക് സ്‌കൂളുകളെ തിരഞ്ഞെടുക്കുന്നത് 'ചലഞ്ച് മോഡ്' വഴിയാണ്. അതായത്, അടിസ്ഥാന സൗകര്യങ്ങള്‍, കൃത്യമായ അധ്യാപക-വിദ്യാര്‍ഥി അനുപാതം, മികച്ച പഠനനിലവാരം എന്നിവയുള്ള സ്‌കൂളുകള്‍ക്ക് മാത്രമേ ഇതിലേക്ക് അപേക്ഷിക്കാനും ഫണ്ട് നേടാനും കഴിയൂ. യഥാര്‍ത്ഥത്തില്‍ ഏറ്റവും കൂടുതല്‍ സാമ്പത്തിക സഹായം ആവശ്യമുള്ളത് പിന്നാക്കം നില്‍ക്കുന്നതും അടിസ്ഥാന സൗകര്യങ്ങളില്ലാത്തതുമായ സ്‌കൂളുകള്‍ക്കാണ്. എന്നാല്‍ കേന്ദ്രത്തിന്റെ ഈ നയം മൂലം, മെച്ചപ്പെട്ട സൗകര്യങ്ങളുള്ള സ്‌കൂളുകള്‍ക്ക് വീണ്ടും ഫണ്ട് ലഭിക്കുകയും, പിന്നാക്ക സ്‌കൂളുകള്‍ പുറന്തള്ളപ്പെടുകയും ചെയ്യും. ദേശീയ വിദ്യാഭ്യാസ നയം 2020 ന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് കോര്‍പ്പറേറ്റുകളെയും സ്വകാര്യ ഏജന്‍സികളെയും നിര്‍ണ്ണായക നയരൂപീകരണ പങ്കാളികളായി കൊണ്ടുവരുന്നത് ഭാവിയില്‍ വിദ്യാഭ്യാസത്തിന്റെ വാണിജ്യവല്‍ക്കരണത്തിന് വഴിതെളിക്കുമെന്നാണ് ആശങ്ക

2027ന് ശേഷം എന്ത് സംഭവിക്കും

വിദ്യാഭ്യാസം ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്ളതാണെങ്കിലും, ഈ പദ്ധതി പൂര്‍ണ്ണമായും കേന്ദ്രത്തിന്റെ നയങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുക. എന്നാല്‍ ഇതിന്റെ സാമ്പത്തിക ബാധ്യതയുടെ 40 ശതമാനം സംസ്ഥാനങ്ങള്‍ വഹിക്കണം താനും. നിലവില്‍ 60:40 അനുപാതമാണ് നിശ്ചയിച്ചിട്ടുള്ളത്. പണം മുടക്കുന്നത് സംസ്ഥാനങ്ങള്‍ കൂടിയാണെങ്കിലും, സ്‌കൂളുകളുടെ നടത്തിപ്പിലോ നയരൂപീകരണത്തിലോ സംസ്ഥാനങ്ങള്‍ക്ക് സ്വതന്ത്രമായ അധികാരമില്ല. പദ്ധതി അവസാനിക്കാന്‍ ഇനി ഒരു വര്‍ഷം മാത്രമേ ബാക്കിയുള്ളൂ. ഈ കാലയളവിന് ശേഷം പൂര്‍ണമായി പദ്ധതി സംസ്ഥാനം ഏറ്റെടുക്കേണ്ടിവരും. വലിയ ബാധ്യതയാണ് ഇത് സൃഷ്ടിക്കുക. ഈ പദ്ധതി നടപ്പാക്കിയാല്‍ മാത്രമേ കേന്ദ്രാവിഷ്‌കൃത പദ്ധതികളിലൂടെയുള്ള മറ്റ് ഫണ്ടുകള്‍ സംസ്ഥാനത്തിന് വിട്ടുനല്‍കൂവെന്ന നിബന്ധനയാണ് പ്രതിസന്ധി സൃഷ്ടിച്ചത്. എസ്എസ്കെ പോലുള്ള മറ്റ് വിദ്യാഭ്യാസ ഫണ്ടുകള്‍ തടഞ്ഞുവെക്കുന്ന കേന്ദ്ര നയം ജനാധിപത്യപരമായ ഫെഡറല്‍ തത്വങ്ങളുടെ നഗ്‌നമായ ലംഘനമാണ്.

പിഎം ശ്രീയില്‍ കേരളത്തില്‍ സംഭവിച്ചതെന്ത്?

ആയിരകണക്കിന് കോടി രൂപയുടെ കേന്ദ്ര ഫണ്ട് തടഞ്ഞ് വെച്ചുകൊണ്ട് കേരളത്തെ സാമ്പത്തികമായി ഞെരുക്കുവാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ മറികടക്കാനാണ് പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതെന്നായിരുന്നു 2025 ഒക്ടോബറില്‍ അന്നത്തെ വിദ്യഭ്യാസമന്ത്രിയായിരുന്ന വി. ശിവന്‍കുട്ടിയുടെ ന്യായം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയില്‍ പങ്കാളിയാകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് തന്ത്രപരമായ നീക്കമാണെന്നായിരുന്നു വിശദീകരണം. എന്നാല്‍ പദ്ധതിയുടെ ഭാഗമായാല്‍ കേരളം ഉയര്‍ത്തിപ്പിടിക്കുന്ന ബദല്‍ രാഷ്ട്രീയ സമീപനം ഇല്ലാതാകും എന്ന ആശങ്ക ഉയര്‍ത്തി സിപിഐ രംഗത്തെത്തി. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പിഎം ശ്രീ പദ്ധതി ചവറ്റുകൊട്ടയില്‍ എറിയുമെന്ന് ലീഗ് നേതാവും ഇപ്പോള്‍ മന്ത്രിയുമായ കെ.എം. ഷാജി വേങ്ങരയിലെ യോഗത്തില്‍ ശക്തമായ വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തു. അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശന്‍ ഉള്‍പ്പെടെ ബിജെപി-സിപിഐഎം ഡീല്‍ ആരോപിച്ച് രംഗത്തുവന്നിരുന്നു. സിപിഐയുടെ എതിര്‍പ്പ് ശക്തമായതോടെ 2025 ഒക്ടോബര്‍ അവസാനത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം, പദ്ധതിയുടെ തുടര്‍നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. പദ്ധതിയെക്കുറിച്ച് വിശദമായി പഠിക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനായ ഒരു ഏഴംഗ മന്ത്രിസഭാ ഉപസമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. തീരുമാനമെത്തും മുമ്പായിരുന്നു ഭരണമാറ്റം. കേന്ദ്ര ഫണ്ടിനായി പി.എം ശ്രീ അനിവാര്യമാണെന്നും സാമ്പത്തിക വശങ്ങള്‍ പരിശോധിച്ച് അന്തിമ തീരുമാനം കൈകൊള്ളുമെന്നുമാണ് ഇപ്പോള്‍ വിദ്യഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ പറയുന്നത്. പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഇപ്പോഴത്തെ തദ്ദേശവകുപ്പ് മന്ത്രി കൂടിയായ കെ.എം.ഷാജി പറഞ്ഞപോലെ ചവറ്റുകൊട്ടയില്‍ പദ്ധതി വലിച്ചെറിയുമോ എന്നചോദ്യമാണ് മുന്‍ വിദ്യഭ്യാസമന്ത്രി വി. ശിവന്‍കുട്ടി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ഉന്നയിച്ചത്.

സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം

വിദ്യാഭ്യാസ രംഗത്തെ വികസനവും നവീകരണവും സ്വാഗതാര്‍ഹമാണെങ്കിലും, അത് സംസ്ഥാനങ്ങളുടെ താല്പര്യങ്ങളെയും അധികാരങ്ങളെയും ബലിനല്‍കിക്കൊണ്ടാകരുത് എന്ന നിലപാടാണ് പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്കുള്ളത്. കേന്ദ്ര ഫണ്ടുകള്‍ ലഭ്യമാക്കാനുള്ള സാമ്പത്തിക അനിവാര്യതയും, മുന്‍പ് തങ്ങള്‍ ഉയര്‍ത്തിയ രാഷ്ട്രീയ നിലപാടുകളും തമ്മില്‍ ഒത്തുപോകാത്ത ഒരു പ്രതിസന്ധി ഘട്ടത്തിലാണ് നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ എത്തിനില്‍ക്കുന്നത്. അതിനാല്‍ തന്നെ, പിഎം ശ്രീ പദ്ധതിയെ മുന്നോട്ട് കൊണ്ടുപോകണമോ അതോ പൂര്‍ണ്ണമായി ഉപേക്ഷിക്കണമോ എന്ന കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ അന്തിമ തീരുമാനം കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയില്‍ നിര്‍ണ്ണായകമാകും.

News Malayalam 24x7
newsmalayalam.com