

സംസ്ഥാന ആസൂത്രണ ബോർഡിൽ ഏറ്റവും ഉയർന്ന ശമ്പള സ്‌കെയിലുള്ള രണ്ട് പ്രധാന തസ്തികകളിലേക്ക് നടത്തിയ പൊതു പ്രാഥമിക പരീക്ഷയുടെ ഫലം പിഎസ്സി പ്രസിദ്ധീകരിച്ചത് 58 മാർക്കിന് മൂല്യനിർണ്ണയം ചെയ്യാതെയാണെന്ന വിവരം ഞെട്ടിച്ചത് തൊഴിലന്വേഷകരെ മാത്രമല്ല, കേരള പബ്‌ളിക് സർവീസ് കമീഷൻ എന്ന ഭരണഘടന സ്ഥാപനത്തെ വിശ്വസിച്ചിരുന്ന പൊതുസമൂഹത്തെ ഒന്നടങ്കമാണ്. ആയിരക്കണക്കിന് തൊഴിലന്വേഷകരുടെ കഠിനാധ്വാനവും പ്രതീക്ഷകളൊക്കെയാണ് പിഎസ്‌സി നടത്തുന്ന ഓരോ പരീക്ഷയും പ്രതിഫലിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ആ പരീക്ഷകളുടെ നടത്തിപ്പിലും മൂല്യനിർണയത്തിലും ഭരണഘടസ്ഥാപനമെന്ന നിലയിൽ സത്യസന്ധത പുലർത്തേണ്ടതുമുണ്ടത്. എന്നാൽ രാഷ്ട്രീയ താൽപ്പര്യംവച്ച്, ഇഷ്ടക്കാരെ നിയമിക്കാൻ പിഎസ്‌സി പരീക്ഷയിലും തുടർനടപടികളിലും ഇടപെടൽ നടക്കുന്നു എന്നറിയുമ്പോൾ ആ കുറ്റം മാപ്പ് അർഹിക്കാത്തതാണ്. സംസ്ഥാന ആസൂത്രണ ബോർഡിലെ പരീക്ഷ ക്രമക്കേടിനെ സംബന്ധിച്ച വാർത്ത ന്യൂസ് മലയാളം പുറത്തുവിട്ടതിനെ തുടർന്ന് പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കാൻ കമീഷൻ തീരുമാനിച്ചിരിക്കുന്നു. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ വിധിക്ക് അനുസൃതമായി പുതിയ റാങ്ക് ലിസ്റ്റ് പുറത്തിറക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. 228 ഉദ്യോഗാർഥികളുടെ പേപ്പറുകളും പുനർമൂല്യനിർണയം നടത്തുമെന്ന ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെങ്കിലും പിഎസ്‌സി കഴിഞ്ഞ നാളുകളിൽ നടത്തിയ പരീക്ഷകളുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്.
പിഎസ്‌സിയെ എങ്ങനെ വിശ്വസിക്കും
സംസ്ഥാനത്ത് പിഎസ്‌സി നടത്തുന്ന ഏറ്റവും ഉയർന്ന പരീക്ഷയായ ആസൂത്രണ ബോർഡിലെ ചീഫ് തസ്തികയിലേക്ക് 2022-ലായിരുന്നു വിജ്ഞാപനം പുറപ്പെടുവിച്ചത്. ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ, ചീഫ് പ്ലാൻ കോ-ഓർഡിനേഷൻ ഡിവിഷൻ, ചീഫ് പേഴ്‌സ്പക്്ടീവ് പ്ലാനിങ്് ഡിവിഷൻ എന്നീ തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് 2023 ജൂലൈ 13ന് പൊതു വിവരണാത്മക പരീക്ഷ നടന്നു. മൂന്നിനും രണ്ട് പേപ്പർ വീതമായിരുന്നു പരീക്ഷ. അതിൽ ആദ്യ പേപ്പർ മൂന്ന് വിഭാഗക്കാർക്കും പൊതുവായിരുന്നു. അതിലെ ഒൻപതുമുതൽ 18 വരെയുള്ള ചോദ്യങ്ങളുടെ ഉത്തരമാണ് മൂല്യനിർണയം നടത്താതെ വിട്ടത്. 2025 മേയ് 31ന് റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചു. ഇതിൽ രണ്ട് റാങ്ക് പട്ടികയിലേക്ക് നിയമന ശുപാർശ അയക്കുകയും ചെയ്തു. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് മൂന്ന് ആഴ്ചക്കുള്ളിലായിരുന്നു അതിവേഗ നിയമന ശുപാർശ നൽകിയത്. മൂന്നാം റാങ്ക് ലിസ്റ്റിൽ തുടർനടപടി സ്വീകരിച്ചിരുന്നില്ല. എന്നാൽ മൂല്യനിർണ്ണയം ചെയ്യാതിരുന്ന പത്തു ചോദ്യങ്ങൾക്കു കൂടി മാർക്കിട്ടിരുന്നെങ്കിൽ റാങ്ക് പട്ടിക തന്നെ മാറുമായിരുന്നിരിക്കെ, തിരുത്തൽ നടപടിക്കു പകരം ഉത്തരക്കടലാസ് പോലും ഉദ്യോഗാർത്ഥികൾക്കു നൽകാതെ ഒളിച്ചുകളിക്കുകയായിരുന്നു പിഎസ്‌സി. ഒടുവിൽ ഒരു ഉദ്യോഗാർത്ഥി വിവരാവകാശ നിയമപ്രകാരം അപ്പീൽ പോയതോടെയാണ് ഉത്തരക്കടലാസ് നൽകാൻ തയാറായതും പിഴവു പുറത്തുവന്നതും. ക്രമക്കേട് പുറത്തറിഞ്ഞതോടെ, സംഭവം ആഭ്യന്തര വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിക്കാൻ പിഎസ്‌സി യോഗം തീരുമാനിച്ചിരിക്കുകയാണ്.
പിഎസ്‌സി പരീക്ഷയിൽ നടന്നത് വൻ അട്ടിമറി
സംസ്ഥാന ആസൂത്രണ ബോർഡിലെ ഉയർന്ന തസ്തികകളിലേക്കുള്ള ഈ പി.എസ്.സി പരീക്ഷകളിൽ നടന്നത് വൻ അട്ടിമറിയാണെന്ന് വിവരാവകാശ രേഖകൾ വെളിപ്പെടുത്തുന്നുണ്ട്. ചീഫ് തസ്തികകളിലേക്ക് നടത്തിയ 100 മാർക്കിന്റെ പൊതുപരീക്ഷയിൽ 58 മാർക്കിനുള്ള ഉത്തരങ്ങളും പി.എസ്.സി നിയോഗിച്ച അധ്യാപകർ പരിശോധിച്ചില്ല. 42 മാർക്കിൽ മാത്രം മൂല്യനിർണയം നടത്തിയാണ് അണ്ടർ സെക്രട്ടറി റാങ്കിലുള്ള തസ്തികയിലേക്ക് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് പി.എസ്.സി നിയമനം നടത്തിയത്. ഇതിൽ ഒന്നാം റാങ്കുകൾ ലഭിച്ചതാകട്ടെ കെജിഒഎ ഉൾപ്പെടെയുള്ള ഇടത് അനുകൂല സംഘടനാ നേതാക്കൾക്കും. മുൻകാലങ്ങളിൽ ആസൂത്രണ ബോർഡിലെ ചീഫ് റാങ്ക് പട്ടികയ്‌ക്കൊപ്പം ഓരോ ഉദ്യോഗാർഥിയുടെയും എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും മാർക്കുകൾ പ്രസിദ്ധീകരിക്കാറുണ്ടെങ്കിലും ഇത്തവണ അതുണ്ടായില്ല. മാർക്ക് ലിസ്റ്റ് പോലും പുറത്തുവിടാതെ 2025 ജൂൺ 23-ന് പി.എസ്.സി തിടുക്കപ്പെട്ട് നിയമന ശുപാർശകൾ കൈമാറി. തൊട്ടുപിന്നാലെ പ്രതിമാസം ഒന്നര ലക്ഷം രൂപയ്ക്ക് മുകളിൽ ശമ്പളമുള്ള ഈ രണ്ട് തസ്തികകളിലും സർക്കാർ നിയമനവും നടത്തി. ഉത്തരക്കടലാസുകളിലെ മാർക്കുകൾ കൂട്ടുമ്പോഴുള്ള മനുഷ്യസഹജമായ തെറ്റുകൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് പിഎസ്‌സി മൂല്യനിർണയ രീതി ഓൺസ്‌ക്രീനിലേക്ക് മാറ്റിയത്. സ്‌ക്രീനിൽ നൽകുന്ന മാർക്കുകൾ കമ്പ്യൂട്ടർ സിസ്റ്റം തന്നെ കൃത്യമായി കൂട്ടുന്നതിനാൽ പിഴവുകൾ ഉണ്ടാകില്ലെന്നായിരുന്നു പിഎസ്‌സിയുടെ വിശദീകരണം. എന്നാൽ ഈ അവകാശവാദങ്ങളെയെല്ലാം കാറ്റിൽ പറത്തുന്നതാണ് പുതിയ വിവാദം.
2019ലും അട്ടിമറി നടന്നെന്ന്
2019-ൽ സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് സോഷ്യൽ സർവീസ്, ചീഫ് പ്ലാൻ കോ-ഓർഡിനേഷൻ, ചീഫ് ഡീസെൻട്രലൈസ്ഡ് പ്ലാനിങ് എന്നീ 3 സുപ്രധാന തസ്തികകളിലേക്ക് നടന്ന പിഎസ്‌സി പരീക്ഷയും വിവാദത്തിലായിക്കഴിഞ്ഞു. നൂറുകണക്കിന് ഉദ്യോഗാർഥികളെഴുതിയ പരീക്ഷയിൽ .അർഹരായവരെ പുറത്താക്കി, ആസൂത്രണ ബോർഡിലെ ഇടത് അനുഭാവികളായ മൂന്ന് ഉദ്യോഗസ്ഥർക്ക് നിയമനം ഉറപ്പാക്കിയെന്ന വെളിപ്പെടുത്തലും പുറത്തുവന്നിട്ടുണ്ട്. എഴുത്തുപരീക്ഷയിൽ പിന്നിലായ കെജിഒഎ നേതാവിനും ആസൂത്രണ ബോർഡിലെ കരാർ ജീവനക്കാർക്കും ചീഫ് തസ്തികകളിൽ ഒന്നാം റാങ്ക് നൽകിയത് അഭിമുഖത്തിലെ വഴിവിട്ട മാർക്ക് ദാനത്തിലൂടെയാണെന്ന രേഖകളും ന്യൂസ് മലയാളം പുറത്തുവിട്ടിട്ടുണ്ട്. ചീഫ് സോഷ്യൽ സർവീസ് പരീക്ഷയിൽ ഒന്നാമതെത്തിയ ദലിത് യുവതിയെ റാങ്ക് ലിസ്റ്റിൽ നിന്ന് പുറത്താക്കാൻ പിഎസ്‌സി അഭിമുഖത്തിൽ നൽകിയത് ഏറ്റവും കുറഞ്ഞ മാർക്കാണ്. പകരം പരീക്ഷയിൽ പിന്നിലായ ആസൂത്രണ ബോർഡിലെ കരാർ ജീവനക്കാരെ മുന്നിലെത്തിക്കാൻ നൽകിയതോ ചരിത്രത്തിലെ ഉയർന്നമാർക്കും. എഴുത്തുപരീക്ഷയുടെ ആകെ മാർക്കിന്റെ പന്ത്രണ്ടര ശതമാനം മാത്രമേ അഭിമുഖ പരീക്ഷക്ക് നൽകാവൂ എന്ന സുപ്രീംകോടതി ഉത്തരവ്‌പോലും കാറ്റിൽ പറത്തിയായിരുന്നു മാർക്കിട്ടത്. ഈ അനീതിക്കെതിരെ ഉദ്യോഗാർഥികൾ സുപ്രീംകോടതി വരെ പോയി. പക്ഷേ ഇനി അഭിമുഖത്തിൽ അമിതമായ മാർക്ക് നൽകില്ലെന്ന പിഎസ്‌സിയുടെ ഉറപ്പ് അംഗീകരിച്ചാണ് കോടതി അന്ന് ആ പരാതിയിൽ തീർപ്പുകൽപ്പിച്ചത്.
അഭിമുഖ മാർക്കിലെ തട്ടിപ്പുകൾ
എഴുത്തുപരീക്ഷക്കൊപ്പം അഭിമുഖത്തിലെ മാർക്ക് കൂടി പരിഗണിച്ചാണ് പ്രധാന തസ്തികകളിലെല്ലാം പി.എസ്.സി നിയമനം നടത്തുന്നത്. രണ്ടോ മൂന്നോ പിഎസ്‌സി അംഗങ്ങളും വിഷയവിദഗ്ധരും അടങ്ങുന്നതാണ് ഇന്റർവ്യൂ ബോർഡ്. സാധാരണഗതിയിൽ ഉദ്യോഗാർഥിയുടെ പ്രകടനം വിലയിരുത്തിയ ശേഷം ഓരോ അംഗവും നൽകുന്ന മാർക്കിന്റെ ആകെ തുകയാണ് അഭിമുഖ മാർക്കായി കണക്കാക്കുന്നത്. എന്നാൽ പിഎസ്‌സിയിൽ വിഷയ വിദഗ്ധരടങ്ങുന്ന സമിതി ഉദ്യോഗാർഥിയുടെ മികവ് കണക്കിലെടുത്ത് എത്രമാർക്കിട്ടാലും ഇന്റർവ്യൂ ബോർഡിലുള്ള പിഎസ്‌സിയുടെ സീനിയർ അംഗം നൽകുന്ന മാർക്കിനായിരിക്കും മുൻഗണന. ഉദ്യോഗാർഥി ബന്ധപ്പെട്ട തസ്തികയിലേക്ക് അയോഗ്യനാണെന്ന് വിഷയവിദഗ്ധർ ചൂണ്ടിക്കാണിച്ചാലും കമീഷൻ അംഗങ്ങൾക്ക് അവരെ യോഗ്യരാക്കി തെരഞ്ഞെടുക്കാം. റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ച ഉദ്യോഗാർഥികളുടെ മാർക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാൽപോലും പിഎസ്‌സി നൽകാറില്ല.
പിഎസ്‌സി വിശ്വാസ്യത വീണ്ടെടുക്കണം
കേരളത്തിൽ സർക്കാർ ജോലിക്കായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നവരുടെ എണ്ണം 23 ലക്ഷത്തോളമാണെന്നാണ് ഏകദേശ കണക്ക്. ഊണും ഉറക്കവും ഉപേക്ഷിച്ച് സ്വയം സമർപ്പിച്ചു പഠിച്ചവരാണ് പിഎസ്സിയുടെ ഓരോ റാങ്ക് പട്ടികയിലും മുന്നിലെത്തുന്നത്. റാങ്ക് ലിസ്റ്റുകൾ റദ്ദാക്കിയതോ അന്വേഷണം പ്രഖ്യാപിച്ചതോ കൊണ്ടുമാത്രം പിഎസ്‌സിക്ക് നഷ്ടപ്പെട്ട വിശ്വാസ്യത തിരിച്ചെടുക്കാനാവില്ല. കഠിനാധ്വാനം ചെയ്യുന്ന ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷകളാണ് ഇത്തരം ക്രമക്കേടുകളിലൂടെ തകരുന്നത്. അതിനാൽ പിഎസ്‌സിയുടെ ഓരോ ഘട്ടത്തിലുമുള്ള പ്രവർത്തനങ്ങൾ പൂർണ്ണമായും സുതാര്യമാക്കുകയും, ഇന്റർവ്യൂ ബോർഡിലെ അമിതാധികാരം നിയന്ത്രിക്കുകയും വേണം.