

റെയിൽവേ ഭൂപടത്തിൽ കേരളത്തിന്റെ നെഞ്ചകം പിളർക്കുന്ന മറ്റൊരു വിഭജനം കൂടി യാഥാർഥ്യമാവുകയാണ്. എഴുപതാം പിറന്നാളിന്റെ നിറവിലേക്ക് അടുക്കുന്ന പാലക്കാട് റെയിൽവേ ഡിവിഷന് കേന്ദ്ര സർക്കാർ നൽകിയ 'ഓണസമ്മാനം' കേരളത്തിന്റെ ഭാവി റെയിൽവേ സ്വപ്നങ്ങളുടെ വേരറുക്കുന്നു. 2006-ൽ സേലം ഡിവിഷൻ രൂപീകരിച്ച് തുടങ്ങിയ വെട്ടിമുറിക്കൽ പരമ്പരയിലെ ഏറ്റവും പുതിയ അധ്യായമായി, മംഗളൂരു മേഖല ഇപ്പോൾ മൈസൂരു ഡിവിഷനിലേക്ക് പറിച്ചുനടാൻ തീരുമാനമെത്തിയിരിക്കുകയാണ്. അയൽസംസ്ഥാനത്തിന്റെ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് മുന്നിൽ കേരളത്തിന്റെ വികസനത്തുടർച്ചകൾ വീണ്ടും ബലികഴിക്കപ്പെടുമ്പോൾ, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഡിവിഷനുകളിലൊന്നായ പാലക്കാടിന്റെ നിലനിൽപ്പ് തന്നെ വലിയൊരു ചോദ്യചിഹ്നമായി മാറുകയാണ്.
പാലക്കാട് ഡിവിഷന്റെ ചിറകരിഞ്ഞ് റെയിൽവേ
കേരളത്തിന് സ്വന്തം റയിൽവേ സോൺ എന്ന ആവശ്യമുയരുന്നതിനിടെയാണ് സംസ്ഥാനത്തിന്റെ നിലവിലെ റയിൽ സാഹചര്യങ്ങൾക്കു തന്നെ വൻ ആഘാതമേൽപിച്ച്, പാലക്കാട് ഡിവിഷനെ വെട്ടിമുറിച്ച തീരുമാനമെത്തിയത്. മംഗളൂരു ഉൾപ്പെടെ ബന്ധപ്പെട്ട റെയിൽവേ മേഖലകൾ പുനഃക്രമീകരിച്ച് ദക്ഷിണ പശ്ചിമ റെയിൽവേയുടെ മൈസൂരു ഡിവിഷന്റെ കീഴിലേക്ക് മാറ്റാനാണ് തീരുമാനം. ഈ വർഷം ഒക്ടോബർ ഒന്ന് മുതൽ പുതിയ ഭരണപരിധി പ്രാബല്യത്തിൽ വരും.ദക്ഷിണ റെയില്‍വേയിൽപെട്ട ഉള്ളാൾ മുതൽ മംഗലാപുരം ഉൾപ്പെടുന്ന പ്രദേശങ്ങൾ ദക്ഷിണ പശ്ചിമ റെയില്‍വേയിൽ ലയിക്കുന്നതോടെ ദക്ഷിണ റെയില്‍വേക്കും കേരളത്തിനും വൻ നഷ്ടമാണ് സംഭവിക്കുക.കേവലം 18 കിലോമീറ്റർ റെയിൽപ്പാതയുടെ നഷ്ടമെന്ന ലഘൂകരണങ്ങൾക്കപ്പുറം, 1100 കോടിയോളം രൂപയുടെ വാർഷിക വരുമാനവും മംഗളൂരുവിലെ സുപ്രധാന ടെർമിനൽ സൗകര്യങ്ങളുമാണ് ഇതോടെ പാലക്കാടിന് നഷ്ടമാകുന്നത്.നേരത്തെ പാലക്കാടിനെ വെട്ടിമുറിച്ചാണ് സേലം ഡിവിഷൻ രൂപീകരിച്ചത്. കഞ്ചിക്കോട് കോച്ച് ഫാക്‌ടറി നിഷേധിക്കപ്പെട്ട കേരളത്തിന്, കേന്ദ്രസർക്കാരിൽനിന്നുള്ള തുടർപ്രഹരമാണിത്.
വരുമാനത്തിൽ കനത്ത നഷ്ടം
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കേരളത്തിന്റെ തിരിച്ചടിയും കർണാടകത്തിന് നേട്ടവുമാണ് ഉണ്ടാകുക. വാർഷിക വരുമാനത്തിൽ 500 മുതൽ 600 കോടിയുടെ വർദ്ധനവാണ് മൈസൂരു ഡിവിഷന് ഉണ്ടാവുക. പനമ്പുർ നഷ്ടമാകുന്നതിലൂടെ പാലക്കാട് ഡിവിഷന്റെ വരുമാനം കുത്തനെ ഇടിയും. മംഗളൂരു തുറമുഖത്ത് നിന്ന് കൽക്കരി, വളം, പെട്രോളിയം അടക്കമുള്ള ചരക്ക് നീക്കുന്ന സ്‌റ്റേഷനാണിത്. കഴിഞ്ഞ സാമ്പത്തിക വർഷം പാലക്കാട് ഡിവിഷൻ കൈകാര്യംചെയ്തത് 733 ലക്ഷം ടൺ ചരക്കാണ്. ഇതിലെ 90 ശതമാനത്തിലേറെയും മംഗളൂരു, പനമ്പൂർ, ഉള്ളാൾ മേഖലയിൽനിന്നാണ്. നടപ്പ് സാമ്പത്തികവർഷത്തിൻ്റെ ആദ്യത്തെ നാലുമാസത്തിൽ യാത്രക്കൂലിയിനത്തിലെ വരുമാനം 400 കോടി കടന്നിരുന്നു. ഇതിലെ ഒരുഭാഗം മംഗളൂരു, പനമ്പൂർ, ഉള്ളാൾ മേഖലയിലേക്ക് പോവുന്നതോടെ പാലക്കാട് ഡിവിഷന്‍റെ ആകെ ടിക്കറ്റ് വരുമാനത്തിൻ്റെ അമ്പതു ശതമാനത്തിലേറെ കുറവു വന്നക്കുമെന്നാണ് കണക്കാക്കുന്നത്.
മംഗളൂരുവിൽ നിന്ന് പുറപ്പെടുന്നതും കേരളത്തിലൂടെ സഞ്ചരിക്കുന്നതുമായ ട്രെയിനുകളുടെ നിയന്ത്രണം പൂർണമായും ഇനി മൈസൂരു ഡിവിഷനിലേക്ക് മാറ്റപ്പെടും. കണ്ണൂരും കോഴിക്കോടും അവസാനിക്കുന്ന ട്രെയിനുകൾ മംഗലാപുരത്തേക്ക് നീട്ടണമെങ്കിൽ ഇനി മൈസൂരു ഡിവിഷന്റെ അനുമതി കൂടി വേണ്ടി വന്നേക്കും. എമർജൻസി ക്വാട്ട ടിക്കറ്റ് അടക്കം ലഭിക്കുന്നതിന് മലബാറിൽ ഉള്ളവർ മൈസൂരു ഡിവിഷനെ ആശ്രയിക്കണം. ദക്ഷിണ റെയിൽവേയുടെ പ്രധാന ടെർമിനലുകളിൽ ഒന്നാണ് മംഗളൂരു. ട്രെയിനുകൾ യാത്ര അവസാനിപ്പിക്കുന്ന സ്റ്റേഷനാണ് ടെർമിനൽ സ്റ്റേഷൻ. പാലക്കാടിന് പുതിയ ടെർമിനൽ സ്റ്റേഷൻ പദ്ധതി ഇല്ലാത്തതിനാൽ പുതിയ വണ്ടികളുടെ വരവ് നിലക്കുമെന്നാണ് ആശങ്ക.
അവഗണനയുടെ ചരിത്ര വഴികൾ
ആരംഭിച്ച കാലത്ത് തമിഴ്നാട്, കേരളം, കർണാടകം എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഡിവിഷനായിരുന്നു പാലക്കാട്. 1956 ഓഗസ്റ്റ് 31-നാണ് പാലക്കാട് ഡിവിഷൻ നിലവിൽ വന്നത്. പ്രായം വർധിക്കുന്തോറും പാലക്കാട് ഡിവിഷന്റെ പ്രവർത്തന വിസ്തൃതി കുറഞ്ഞുവന്നു. ഡിവിഷൻ പ്രവർത്തനമാരംഭിച്ചകാലത്ത് 1247.50 കിലോമീറ്ററായിരുന്നു റെയിൽപ്പാതകളുടെ ദൈർഘ്യം. തിരുവനന്തപുരം ഡിവിഷൻ പ്രവർത്തനം ആരംഭിച്ചപ്പോൾ കുറച്ചു ഭാഗം അങ്ങോട്ടു നൽകി. ഇതോടെ ദൈർഘ്യം 1132.98 കിലോമീറ്ററായി. 2006-ലെ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കിട്ടിയ സമ്മാനമായിരുന്നു പാലക്കാടിനെ വെട്ടിമുറിച്ച് സേലം ഡിവിഷന്റെ രൂപവത്കരണം. അന്ന് തമിഴ്‌നാട് ലോബിക്കുവേണ്ടി പാലക്കാട് ഡിവിഷനിൽനിന്ന് കോയമ്പത്തൂരിനെ അടർത്തിമാറ്റി സേലം ഡിവിഷൻ തുടങ്ങിയപ്പോൾ 623 കിലോമീറ്ററാണ് പാലക്കാടിന് നഷ്ടമായത്.
കേരളപ്പിറവി ദിനത്തിൽ സേലം ഡിവിഷന്റെ ഉദ്ഘാടനം നടത്തുന്നതിൽ പ്രതിഷേധിച്ച് ബിജെപി കേരളത്തിൽ നടത്തിയ ഹർത്താലും കേരളം മറന്നിട്ടില്ല. 2024ൽ പാലക്കാട് ഡിവിഷനെ ദുർബലമാക്കാനുള്ള നീക്കം വാർത്തയായപ്പോൾ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഇതിനുപിന്നാലെ ഇത്തരം നീക്കമുണ്ടാകില്ലെന്നും വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും റെയിൽവേ നിഷേധക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ഇത്തവണത്തെ വെട്ടിമുറിക്കൽ തീരുമാനം വരുന്നത് പാലക്കാട് റെയിൽവേ ഡിവിഷൻ എഴുപതാം പിറന്നാളാഘോഷിക്കുന്ന വേളയിലാണ്. ഓഗസ്റ്റ് 31ന് എഴുപതാംപിറന്നാളും കടന്ന് കൃത്യം ഒരുമാസം കഴിയുമ്പോൾ മംഗളൂരു മേഖല ഈ ഉത്തരവനുസരിച്ച് പാലക്കാട് ഡിവിഷന് നഷ്ടമാവുകയും ചെയ്യും.
വെട്ടിമുറിക്കുന്നതിലെ രാഷ്ട്രീയം
പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മംഗളൂരുവിനെ അടർത്തിമാറ്റിയ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെ കർണാടകയിലെ ബിജെപി നേതാക്കൾ അവകാശവാദങ്ങളുമായി മത്സരത്തിലാണ്. തങ്ങളുടെ ഇടപെടലിലാണ് ഇത്തരമൊരു നീക്കമുണ്ടായതെന്ന് എംപിമാരടക്കമുള്ള ബിജെപി നേതാക്കൾ ഒന്നടങ്കം പറയുന്നു. തീരുമാനത്തിൽ തനിക്കുള്ള പങ്ക് വിശദീകരിച്ച് കൊണ്ട് കർണാടകക്കാരനായ കേന്ദ്ര റെയിൽവേ സഹമന്ത്രി വി.സോമണ്ണയും രംഗത്തെത്തിയിട്ടുണ്ട്. കർണാടക ലോബി മംഗളൂരുവിനുവേണ്ടി പിടിമുറുക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. 2024-ൽ മംഗളൂരുവിനായി 'ഏക റെയിൽവേ സോൺ ഭരണത്തിന്’ ആവശ്യമായ റിപ്പോർട്ട് നൽകാൻ റെയിൽവേ ബോർഡ് ഉത്തരവിട്ടിരുന്നു. ഉള്ളാൾ ഉൾപ്പെടെയുള്ള മംഗളൂരു മേഖല സൗത്ത് വെസ്റ്റേൺ റെയിൽവേയിലെ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതിന് പിന്നിൽ 2028ലെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള കർണാടകയിലെ ബിജെപി നേതാക്കളുടെ നിരന്തര സമ്മർദ്ദമാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
പാലക്കാട് ഡിവിഷൻ പേരിലൊതുങ്ങുമോ?
2006-ൽ സേലം ഡിവിഷന്റെ രൂപവത്കരണത്തോടെ വെട്ടിമുറിക്കപ്പെട്ട പാലക്കാടിന് മംഗലാപുരവും നഷ്ടപ്പെടുമ്പോൾ ഡിവിഷന്റെ നിലനിൽപ്പുതന്നെ ആശങ്കയിലാണ്. സേലവും മംഗലാപുരവും കോച്ച് ഫാക്ടറിയും നഷ്ടപ്പെട്ട പാലക്കാട് പേരിനൊരു ഡിവിഷൻ മാത്രമായി മാറുമെന്ന ആശങ്ക റെയിൽവേ ജീവനക്കാരടക്കം പങ്കുവെക്കുന്നു. പാലക്കാട് ടൗൺ സ്റ്റേഷനിൽ പിറ്റ്ലൈൻ സംവിധാനം നിലവിൽവരുന്നതോടെ പാലക്കാട് ഡിവിഷന് പിറ്റ്ലൈനാവുമെങ്കിലും ഇവിടെനിന്ന് ആരംഭിക്കാവുന്ന ദീർഘദൂര വണ്ടികളുടെ എണ്ണത്തിന് പരിമിതികളുണ്ട്.
മംഗളൂരു പോയാലും വെറും 18 കിലോമീറ്റർ റെയിൽപ്പാത മാത്രമേ പാലക്കാട് ഡിവിഷന് നഷ്ടമാവുന്നുള്ളൂവെന്ന വാദം ഇതിനകം പലരും ഉയർത്തിയിട്ടുണ്ട്. നേരത്തേ, സേലം ഡിവിഷൻ രൂപവത്കൃതമാവുമ്പോഴും ഒരുവിഭാഗം മുന്നോട്ടുവെച്ചത് സമാനമായ വാദമാണ്.പാലക്കാട് ഡിവിഷൻ വരുമാനത്തിന്റെയും പ്രവർത്തനമികവിന്റെയും കാര്യത്തിൽ ഇന്ത്യയിൽ രണ്ടാമതാണെന്ന് ഡിവിഷണൽ റെയിൽവേ മാനേജർ അവകാശപ്പെട്ടിട്ട്. അധികനാളുകളായില്ല. ഭരണ സൗകര്യത്തിന്റെ പേരിൽ നടപ്പിലാക്കുന്ന ഈ ആസൂത്രിത അജണ്ടയ്ക്കെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ജനപ്രതിനിധികളും രംഗത്തെത്തിക്കഴിഞ്ഞു. ശക്തമായ ജനകീയ പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളും ഉയർന്നില്ലെങ്കിൽ, നമ്മുടെ റെയിൽവേ വികസനം വരുംകാലങ്ങളിൽ ഒരു മരീചികയായി അവശേഷിക്കുമെന്നുറപ്പാണ്. ഇതോടുകൂടി ഇന്നത്തെ സ്പോട്ട്ലൈറ്റ് സമാപിക്കുന്നു. നാളെ മറെറാരു വിഷയവുമായി എത്താം.