

114 പേരുടെ മരണത്തിന് ഇടയാക്കിയ പുറ്റിങ്ങൽ ദുരന്തത്തിന് കൃത്യം പത്തുവർഷം പൂർത്തിയാകുമ്പോഴാണ് വീണ്ടും മറ്റൊരു വെടിക്കെട്ട് ദുരന്തത്തിന് നാം സാക്ഷിയായത്. 14 പേരുടെ മരണത്തിന് ഇടയാക്കിയ നിരവധി പേരെ വെന്തുരുക്കിയ മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് ദുരന്തത്തിന്റെ വ്യാപ്തി വിലയിരുത്തിവരുന്നതേയുള്ളൂ. വെടിക്കെട്ട് ദുരന്തങ്ങൾ കേരളത്തിൽ ആദ്യ സംഭവമല്ല. ഓരോ ദുരന്തമുണ്ടാകുമ്പോഴും കുറച്ച് നാൾ നിയന്ത്രണങ്ങൾ ഉണ്ടാകും. പിന്നെ അതെല്ലാം മാറും. കഴിഞ്ഞ 25 വർഷത്തിനിടെ മാത്രം കേരളത്തിൽ വലുതും ചെറുതുമായി ഏകദേശം 760 വെടിക്കെട്ട് അപകടങ്ങൾ ഉണ്ടായെന്നാണ് കണക്ക്. ഈ അപകടങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം 450 ലേറെപ്പേർ മരിച്ചു.
ഇത്തരം മരണത്തിലേക്ക് ആളുകളെ അറിഞ്ഞുകൊണ്ടു തള്ളിവിടുന്ന ഏർപ്പാടാണ് വെടിമരുന്നിന്റെ ഉപയോഗവും നിർമാണവും സംഭരണവും. വെടിക്കെട്ട് നിർമാണ കേന്ദ്രങ്ങളിലും പൂരപ്പറമ്പുകളിലും ആവർത്തിക്കുന്ന ഈ ദുരന്തങ്ങൾക്ക് പിന്നിൽ പ്രധാനമായും സുരക്ഷ മാനദണ്ഡങ്ങളിലെ ഗുരുതരമായ വീഴ്ചകളാണ് താനും. മനുഷ്യജീവന് ലവലേശം വിലയില്ലാത്ത രീതിയിൽ സുരക്ഷാലംഘനം ആവർത്തിക്കുമ്പോൾ വെടിക്കെട്ടിന്റെ കെട്ടുകാഴ്ചകൾ ഇന്നത്തെ പോലെ ഇനിയും തുടരേണ്ടതുണ്ടോ?
ജീവനെടുക്കുന്ന വെടിക്കെട്ടുകൾ ഇനിയും തുടരണോ....
114 പേർ കൊല്ലപ്പെട്ട പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ ദുരന്തം വെടിക്കെട്ടിന്റെയും ആനയെഴുന്നള്ളിപ്പിന്റെയും ആശാസ്യതയെക്കുറിച്ച് ജനാധിപത്യപരമായ സംവാദത്തിന്റെ സാധ്യത തുറന്ന സന്ദർഭം കൂടിയായിരുന്നു. ശ്രീനാരായണഗുരുവിന്റെ 'കരി വേണ്ട, കരിമരുന്നും' എന്ന ഉപദേശം അന്ന് വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. അപകടത്തിന്റെ പാശ്ചാത്തലത്തിൽ, ഉഗ്രശബ്ദത്തോടെയുള്ള രാത്രിവെടിക്കെട്ട് ഹൈക്കോടതി നിരോധിച്ചു. പുറകെ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആന എഴുന്നള്ളത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. പകൽ പത്തിനും വൈകീട്ട് അഞ്ചിനുമിടയ്ക്ക് ആനകളെ എഴുന്നള്ളിക്കരുതെന്നും ആനകൾ തമ്മിൽ മൂന്നു മീറ്റർ അകലം വേണമെന്നുമായിരുന്നു, തൃശൂർ പൂരത്തിന് തൊട്ടുമുമ്പ് ദേവസ്വങ്ങൾക്ക് നൽകിയ ഉത്തരവ്. ഇതോടെ, വെടിക്കെട്ടിനുപുറമേ ആനയെഴുന്നള്ളിപ്പിനും കർശന നിയന്ത്രണം ഏർപ്പെടുത്താൻ അനുകൂല സാഹചര്യമൊരുങ്ങി.
എന്നാൽ തൃശൂർ പൂരം ചടങ്ങുകളിലൊതുക്കുമെന്ന പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ അന്നത്തെ ഭീഷണിയെ ചില മാധ്യമങ്ങൾ ഒരു ദേശത്തിന്റെയും ജനതയുടെയും സ്വത്വസംരക്ഷണപോരാട്ടമായാണ് അവതരിപ്പിച്ചത്. ആ വൈകാരികതക്കൊപ്പമായിരുന്നു ബിജെപിയും ഇടതു-വലതുപക്ഷവുമെല്ലാം. പൂരത്തിന്റെ ഭാഗമായ വെടിക്കെട്ട് മതപരമായ ചടങ്ങിനപ്പുറം തൃശൂരിന് ഒഴിവാക്കാനാകാത്ത സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണ് എന്നായിരുന്നു ഹൈകോടതിയിൽ സർക്കാറിന്റെ 'സത്യവാങ്മൂലം'.അങ്ങനെ, വനംവകുപ്പുമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇടപെട്ട് ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഉത്തരവ് പിൻവലിപ്പിച്ചു. പൂർവാധികം നിയമലംഘനത്തോടെ ആ വർഷവും തൃശൂർ പൂരം നടന്നു.
വെടിക്കെട്ടിനൊരു കൂറുമുന്നണി
വെടിക്കെട്ടിനും ആന എഴുന്നള്ളിപ്പിനും കർശന നിയന്ത്രണവുമായി കേന്ദ്ര സർക്കാറും കേരള ഹൈക്കോടതിയും ഉത്തരവുകൾ പുറപ്പെടുവിച്ചപ്പോഴും ഇടതു-വലതു രാഷ്ട്രീയ ഭേദമന്യേ ആചാരസംരക്ഷകൾ രംഗത്തുവന്നത് ഓർമയുണ്ടാകും. 2008-ലെ സ്ഫോടകവസ്തുനിയമത്തിൽ ഭേദഗതി വരുത്തി കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയം ഇറക്കിയ അസാധാരണ ഗസറ്റ് വിജ്ഞാപനം പുറത്തുവന്ന സമയമായിരുന്നു അത്. വെടിക്കെട്ടിനുള്ള മരുന്ന് സൂക്ഷിക്കുന്ന സ്ഥലത്തുനിന്ന് 200 മീറ്റർ അകലെ മാത്രമേ വെടിക്കെട്ട് നടത്താവൂ എന്നതായിരുന്നു പ്രധാന വ്യവസ്ഥ. വെടിക്കെട്ട് നടക്കുന്ന സ്ഥലത്തുനിന്ന് 100 മീറ്റർ അകലെ ആളുകൾ നിൽക്കണം, സ്ഥലം ബാരിക്കേഡ് കെട്ടി തിരിക്കണം, അമിട്ടുകൾ തമ്മിലുള്ള അകലം 50 സെന്റീമീറ്റർ വേണം തുടങ്ങി വെടിക്കെട്ടുമായി ബന്ധപ്പെട്ട 35 വ്യവസ്ഥകൾ വിജ്ഞാപനത്തിലുണ്ടായിരുന്നു.
ജനങ്ങളുടെ സുരക്ഷയാണ് സ്ഫോടകവസ്തുനിയമ ഭേദഗതിയിലെ പ്രധാന പരിഗണനാവിഷയമെന്നത് മുഖവിലക്കെടുക്കാതെ ഭരണ- പ്രതിപക്ഷങ്ങൾ കൂട്ടുമുന്നണിയായി അതിനെതിരെ രംഗത്തെത്തി. ഇതോടെ പൂരക്കമ്മിറ്റി സജീവമായി വിഷയത്തിൽ ഇടപെട്ടു. ഈ കോലാഹലം നടക്കുന്നതിനിടെയാണ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിൽ വെടിക്കെട്ടപകടത്തിൽ ആറു പേർ കൊല്ലപ്പെട്ടത്. കേന്ദ്ര ഭേദഗതിയിൽ നിഷ്‌കർഷിക്കുന്ന, വെടിമരുന്ന് സൂക്ഷിക്കുന്ന സ്ഥലവും വെടിക്കെട്ട് നടക്കുന്ന സ്ഥലവും തമ്മിൽ പാലിക്കേണ്ട അകലം ലംഘിക്കപ്പെട്ട അപകടമായിരുന്നു അത്. എന്നിട്ടും, അവിടെ കൊല്ലപ്പെട്ട ആറ് മനുഷ്യരെ മുൻനിർത്തിയുള്ള ചർച്ചയിലേക്ക് മാധ്യമങ്ങളും സർക്കാർ സംവിധാനങ്ങളും കടന്നതേയില്ല.
നടപ്പാകാതെ ഗോപിനാഥൻ കമീഷൻ റിപ്പോർട്ട്
പുറ്റിങ്ങൽ ദുരന്ത പശ്ചാത്തലത്തിൽ ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ കമീഷൻ നടത്തിയ അന്വേഷണത്തിൽ ജില്ല ഭരണകൂടത്തിന്റെയും പൊലീസിന്റെയും ഭാഗത്ത് ഗുരുതര വീഴ്ചകൾ കണ്ടെത്തിയിരുന്നു. എന്നാൽ, കമീഷന്റെ ശിപാർശകൾ നടപ്പാക്കാൻ സർക്കാറിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുകളുണ്ടായില്ല. വികസിത രാജ്യങ്ങളിലും ഒളിമ്പിക്‌സ് പോലുള്ള അന്താരാഷ്ട്ര പരിപാടികളിലും ചെയ്യുന്നതുപോലെ വെടിക്കെട്ടുകളിൽ ശബ്ദത്തേക്കാൾ കൂടുതൽ വെളിച്ചത്തിനും നിറത്തിനും മുൻഗണന നൽകണമെന്നതായിരുന്നു കമീഷന്റെ പ്രധാന ശുപാർശ. ഉഗ്ര ശേഷിയുള്ള വെടിമരുന്നിന്റെ ഉപയോഗം കുറയ്ക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. വെടിക്കെട്ടിന്റെ ശബ്ദം 85 ഡെസിബെലിൽ കൂടാൻ പാടില്ലെന്നതായിരുന്നു മറ്റൊരു നിർദേശം.
ഓരോ ജില്ലയിലും ദുരന്തനിവാരണ അതോറിറ്റി നോഡൽ ഓഫിസറെ നിയമിക്കണമെന്നും നിർദേശിച്ചിരുന്നു. ഇതൊന്നും നടപ്പായില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വെടിക്കെട്ട് അപകടങ്ങൾ ഉണ്ടായത് തൃശൂരിലാണ്. 1984ൽ കണ്ടശംകടവിൽ 20 പേരും 1989ൽ ഇതേ സ്ഥലത്ത് 12 പേരും മരിച്ച ദുരന്തങ്ങളുണ്ടായി. 1997ൽ ചിയ്യാരത്തെ പടക്ക നിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ ആറു ജീവനും 2006ൽ പാടൂക്കാടെ തൃശൂർ പൂരം വെടിക്കെട്ടുപുര പൊട്ടിത്തെറിച്ച് ഏഴ്‌പേരും കൊല്ലപ്പെട്ടു. ഇക്കഴിഞ്ഞ ഞായറാഴ്ച തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ കാട്ടനാർപെട്ടി ഗ്രാമത്തിലെ പടക്ക നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 25 ഓളം പേർ മരിച്ച ദുരന്തത്തിന്റെ നടുക്കത്തിന് പിന്നാലെയാണ് തൃശൂരിലെ അപകടം.
ആവർത്തിക്കപ്പെടുന്ന സുരക്ഷ വീഴ്ചകൾ
വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിൽ വേണ്ടത്ര വൈദഗ്ധ്യമില്ലാത്ത തൊഴിലാളികൾ, ലൈസൻസില്ലാത്ത താൽകാലിക ഷെഡുകൾ കടുത്ത ചൂടുള്ള കാലാവസ്ഥയിൽ വെടിമരുന്ന് അശ്രദ്ധമായി സൂക്ഷിക്കുന്നത് തുടങ്ങിയവയെല്ലാം വെടിക്കെട്ടുപുരയിലെ സ്‌ഫോടനങ്ങൾക്ക് കാരണങ്ങളാണ്. മുണ്ടത്തിക്കോട്ടെ അപകടങ്ങളിൽ അഞ്ച് താൽകാലിക പുരകൾ ഒന്നിനുപിറകെ ഒന്നായി കത്തിയമർന്നത് നിർമാണ കേന്ദ്രങ്ങൾ തമ്മിൽ പാലിക്കേണ്ട സുരക്ഷിത അകലം ലംഘിക്കപ്പെട്ടതുകൊണ്ടാണ്. ഓരോ അപകടത്തിന് ശേഷവും പ്രഖ്യാപിക്കപ്പെടുന്ന അന്വേഷണങ്ങളും നഷ്ടപരിഹാരങ്ങളും പിന്നീട് ആരും ഓർക്കാത്ത പഴയ വാർത്തകളായി മാറുന്നു എന്നല്ലാതെ ശാശ്വതമായ പരിഹാരങ്ങൾ ഉണ്ടാകുന്നില്ല.
ഫയർഫോഴ്‌സിനും ആംബുലൻസുകൾക്കും സുഗമമായി എത്തിച്ചേരാൻ സാധിക്കാത്ത ഇടുങ്ങിയ വഴികളുള്ള ഇടങ്ങളിൽ വെടിക്കെട്ട് പുരകൾക്ക് അനുമതി നൽകരുതെന്ന നിബന്ധന മുണ്ടത്തിക്കോട്ടെ ദുരന്തത്തിൽ ലംഘിക്കപ്പെട്ടത് നാം കണ്ടു. പരിശോധനകൾ വെറും ചടങ്ങുകളാക്കാതെ ഓരോ സീസണിലും കർശനമായ ഓഡിറ്റിങ്ങും നിരീക്ഷണവും ഉറപ്പാക്കാൻ ജില്ല ഭരണകൂടങ്ങളും പൊലീസും തയ്യാറാകണം. വെടിമരുന്ന് മിശ്രിതങ്ങൾ തയ്യാറാക്കുമ്പോഴും സൂക്ഷിക്കുമ്പോഴും പാലിക്കേണ്ട താപനിലയും ആർദ്രതയും കൃത്യമായി നിരീക്ഷിക്കപ്പെടണം.. തൊഴിലാളികൾക്ക് മതിയായ സുരക്ഷ വസ്ത്രങ്ങളും ആധുനിക പരിശീലനവും നൽകേണ്ടതുണ്ടെന്ന ആവശ്യകതയും അവഗണിക്കപ്പെടുന്നു.
വെടിക്കെട്ട് കാഴ്ചകൾ മാറേണ്ടതുണ്ട്
ആചരിക്കാനായാലും ആഘോഷിക്കാനായാലും വെടിപൊട്ടിയേ തീരൂവെന്നില്ല. നിയമപരമായി അനുവദിക്കപ്പെട്ട പരിധി ലംഘിച്ച് ഉയർന്ന ശബ്ദത്തിലുള്ള കരിമരുന്നുപ്രയോഗം അപകടങ്ങൾ, വായുമലിനീകരണം, ശബ്ദമലിനീകരണം എന്നിവയ്ക്കും പൊതുജനാരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. കരിമരുന്നിന്റെ ദൃശ്യഭംഗി നിലനിർത്തുന്ന പരിസ്ഥിതിസൗഹൃദ ബദലുകളാണ് കണ്ടെത്തേണ്ടത്. ഏത് ഉത്സവത്തെയും ആഘോഷത്തെയും കാലാനുസൃതമായും ജനകീയമായും പുനഃസംഘടിപ്പിക്കേണ്ടതിന്റെ ആവശ്യം, നിയന്ത്രണങ്ങളെ വിമർശിക്കുന്നവർ കാണാതെ പോകുന്നുണ്ട്.
ഹൈന്ദവ ആരാധനാലയങ്ങളിലെ വെടിക്കെട്ടിനും ആന എഴുന്നള്ളിപ്പിനും, വിശ്വാസപരമായതോ ആചാരപരമായതോ ആയ ഒരടിസ്ഥാനവുമില്ലെന്ന് വിശ്വാസിപക്ഷത്തുനിന്നുതന്നെ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. വെടിക്കെട്ടിന് അനുമതി നൽകിയില്ലെങ്കിൽ തൃശൂർ പൂരം തന്നെ ഇല്ലാതാകും എന്ന ആചാരഭീഷണിക്ക് ചരിത്രത്തിൽനിന്നുതന്നെ ഉത്തരമുണ്ട്. കോവിഡ് അതിന് തെളിവാണ്. ആചാരത്തിന്റെയും ആഘോഷത്തിന്റെയും പേരിലിങ്ങനെ അപായകരമാംവിധം വെടിപൊട്ടിക്കുന്നത് കേരളത്തിലല്ലാതെ മറ്റേതെങ്കിലും പരിഷ്‌കൃതസമൂഹത്തിലുണ്ടോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.