ജോസഫ് വിജയ് എന്ന ഞാന്‍.....

ഡിഎംകെ സഖ്യകക്ഷികളായി വിജയിച്ച വിസികെയുടെയും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെയും നാല് എംഎല്‍എമാരുടെ പിന്തുണ നേടാന്‍ കഴിഞ്ഞതോടെയാണ് വിജയിക്ക് ശനിയാഴ്ച ഭൂരിപക്ഷം തെളിയിക്കാനായത്
ജോസഫ് വിജയ് എന്ന ഞാന്‍.....
Published on
Updated on

"തമിഴ്നാട്ടില്‍ പുതിയ യുഗത്തിന് തുടക്കമാവുകയാണ്. നമുക്കൊരുമിച്ച് മുന്നോട്ട് പോകാം. എന്തും നേരിടാന്‍ തയാറാണ്. തെറ്റ് ചെയ്യില്ല, ചെയ്യാന്‍ അനുവദിക്കില്ല, ചെയ്തവനെ വിടുകയുമില്ല. ജനങ്ങളുടെ ഒരു ചില്ലിക്കാശും ഞാന്‍ തൊടില്ല. എട്ട് കോടി ജനങ്ങളും എന്റേതാണ്." തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ഇങ്ങനെയായിരുന്നു വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. ചടങ്ങിലെത്തിയ ആയിരങ്ങളെ ആവേശക്കൊടുമുടിയില്‍ എത്തിച്ചായിരുന്നു വിജയ്‌യുടെ സത്യപ്രതിജ്ഞ. തിരക്കഥകളെ വെല്ലുന്ന ട്വിസ്റ്റുകള്‍ അതിജീവിച്ചാണ് തമിഴ്‌നാട് മുഖ്യമന്ത്രിപദവിയിലേക്ക് വിജയ് ചുവടുവെച്ചത്. ഭരണഘടനയുടെ കാവലാളായ ഗവര്‍ണര്‍ മുന്നോട്ടുവെച്ച പരീക്ഷണങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളുടെ വിലപേശല്‍ നാടകവും വിജയ് മറികടന്നു. രാഷ്ട്രീയത്തില്‍ തുടക്കക്കാരനായ ഒരു നേതാവിന് കിട്ടാവുന്ന മികച്ച പാഠമാണ് അവ സമ്മാനിച്ചത്. സിനിമ പോലെയല്ല, രാഷ്ട്രീയം എന്നുറപ്പിച്ചായിരിക്കും വിജയിന്റെ രംഗപ്രവേശമെങ്കിലും വരുംനാളുകളില്‍ വരാനിരിക്കുന്ന വെല്ലുവിളികള്‍ ചെറുതല്ല.

ടിവികെയ്ക്കുള്ളിലെ ഭൂരിഭാഗം എംഎല്‍എമാരും ആദ്യമായി തിരഞ്ഞെടുപ്പിനെ നേരിട്ട് വിജയിച്ചവരാണ്. തങ്ങള്‍ക്ക് തീര്‍ത്തും പരിചിതമല്ലാത്ത ഒരു മേഖലയിലേക്കാണ് അവര്‍ പ്രവേശിക്കുന്നത്. മന്ത്രിമാരായി അവരില്‍ എത്രപേര്‍ തങ്ങളില്‍ നിക്ഷിപ്തമായ കര്‍ത്തവ്യം കൃത്യമായി ചെയ്യും എന്നത് കണ്ടുതന്നെ അറിയണം. പല സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ അനുഭവത്തേക്കാള്‍ വിജയ്യുടെ വ്യക്തിപ്രഭാവത്തെ ആശ്രയിച്ചാണ് വിജയിച്ചത്. വിജയ് മണ്ഡലങ്ങളിലെത്തി ഞാന്‍ തന്നെയാണ് ഇവിടെ മത്സരിക്കുന്നത് എന്ന് ആവര്‍ത്തിച്ചുപറഞ്ഞിരുന്നു. അതിനാല്‍ വിജയ് അല്ലാതെ മറ്റ് വ്യക്തികള്‍ പ്രചാരണഘട്ടത്തില്‍ ഉയര്‍ന്നുവന്നില്ല. വിജയിന്റെ രണ്ട് സീറ്റുകള്‍ മാറ്റിനിര്‍ത്തിയാല്‍ ടിവികെയുടെ 107 എംഎല്‍എമാരില്‍ 93 പേരും കന്നി അംഗങ്ങളാണ്. മറ്റ് പാര്‍ട്ടികളില്‍ നിന്ന് വന്ന പരിചയസമ്പന്നരായ ഏതാനും നേതാക്കളും പാര്‍ട്ടിയിലുണ്ട്. മുന്‍ വിസികെ നേതാവ് ആദവ് അര്‍ജുന, ബിജെപി-എഐഎഡിഎംകെ പശ്ചാത്തലമുള്ള ആര്‍ നിര്‍മല്‍ കുമാര്‍, മുന്‍ ഡിഎംകെ അംഗം ആര്‍ എസ് മുരുകന്‍, മുന്‍ സ്പീക്കര്‍ പി ധനപാലിന്റെ മകന്‍ ലോഗേഷ് തമിഴ്സെല്‍വന്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. മുന്‍പ് എംഎല്‍എമാരായിരുന്ന വി സത്യഭാമ, വി നാരായണന്‍, എം വി കറുപ്പയ്യ തുടങ്ങിയവരും ടിവികെ ടിക്കറ്റില്‍ ഇത്തവണ വിജയിച്ചു. കോലാത്തൂരില്‍ ഡിഎംകെ നേതാവ് എം കെ സ്റ്റാലിനെ പരാജയപ്പെടുത്തിയ വി എസ് ബാബുവും ടിവികെ നിരയിലുണ്ട്. കൂടാതെ എഐഎഡിഎംകെ സര്‍ക്കാരുകളില്‍ മന്ത്രിമാരായിരുന്ന കെ. എ. ചെങ്കോട്ടയ്യന്‍, എന്‍ സുബ്രഹ്‌മണ്യന്‍ എന്നിവരും പുതുച്ചേരിയില്‍ നിന്നുള്ള മുന്‍ എന്‍ആര്‍ കോണ്‍ഗ്രസ് എംഎല്‍എ എന്‍ ആനന്ദും പാര്‍ട്ടിയുടെ പരിചയസമ്പന്നരായ മുഖങ്ങളാണ്. ഇവരില്‍ ഏറെ പേരും മന്ത്രി സ്ഥാനങ്ങളില്‍ എത്തിയേക്കും. ഇലക്ഷന്‍ സത്യവാങ്മൂലം അനുസരിച്ച് വൈവിധ്യമാര്‍ന്ന തൊഴില്‍ പശ്ചാത്തലമുള്ളവരാണ് ടിവികെ എംഎല്‍എമാര്‍. ഇതില്‍ 46 ബിസിനസ്സുകാര്‍, 19 നിര്‍മ്മാണ-റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്ളവര്‍, 9 ഡോക്ടര്‍മാര്‍, 8 അഭിഭാഷകര്‍ എന്നിവര്‍ക്ക് പുറമെ സിനിമാ-മാധ്യമ രംഗത്തെ 7 പേരും ഉള്‍പ്പെടുന്നുണ്ട്.

അധികാരത്തിലേറിയത് അനിശ്ചിതത്വത്തിനൊടുവില്‍

തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി ഒഴിവാക്കാന്‍ മുന്‍മുഖ്യമന്ത്രി സ്റ്റാലിന്റെ അനുവാദത്തോടെയാണ് സഖ്യകക്ഷികള്‍ നടന്‍ വിജയിയുടെ തമിഴക വെട്രി കഴകത്തിന് പിന്തുണ നല്‍കിയത്. ഡിഎംകെ സഖ്യകക്ഷികളായി വിജയിച്ച വിസികെയുടെയും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെയും നാല് എംഎല്‍എമാരുടെ പിന്തുണ നേടാന്‍ കഴിഞ്ഞതോടെയാണ് വിജയിക്ക് ശനിയാഴ്ച ഭൂരിപക്ഷം തെളിയിക്കാനായത്. 234 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷമായ 118 എന്ന മാര്‍ക്ക് മറികടന്ന് അവരുടെ ശക്തി 120 ആയി. കോണ്‍ഗ്രസ്, സിപിഐഎം, സിപിഎ എന്നിവരുടെ പിന്തുണ ലഭിച്ചിട്ടും കേവല ഭൂരിപക്ഷത്തിന് രണ്ടു സീറ്റിന്റെ കുറവ് ഉണ്ടാവുകയും സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തിലാവുകയും ചെയ്തിരിക്കെയാണ് ഡിഎംകെ സഖ്യകക്ഷികളായ ഇരു പാര്‍ട്ടികളും ടിവികെക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഇതിനു ശേഷമാണ് വിജയ്, സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് തമിഴ്നാട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറിന് മുന്നില്‍ ഭൂരിപക്ഷം തെളിയിച്ചത്.

ഡിഎംകെ സഖ്യകക്ഷികളുടെ സഹായത്തോടെ അദ്ദേഹത്തിന് മുഖ്യമന്ത്രിയാകാന്‍ കഴിഞ്ഞു. ഒരു ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാന്‍ വിപുലമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ടിവികെയുമായി കൈകോര്‍ക്കാന്‍ എം.കെ. സ്റ്റാലിന്‍ സഖ്യകക്ഷികള്‍ക്ക് അനുവാദം നല്‍കിയത്. ഇത് ടിവികെയുടെ ഡിഎംകെ വിരുദ്ധ നടപടികളിലും പ്രസ്താവനകളിലും അല്‍പം മയം വരുത്താന്‍ കാരണമായേക്കും. അതേസമയം ഭരണത്തില്‍ പങ്കാളിയായ കോണ്‍ഗ്രസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഡിഎംകെ, ഇന്‍ഡ്യാ സഖ്യം വിടുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയായിരുന്നു വിജയ്‌യുടെ സത്യപ്രതിജഞാ ചടങ്ങിലെ ശ്രദ്ധേയ സാന്നിധ്യം.

ഒന്നിച്ചുകൊണ്ടുപോകുക എന്നത് വെല്ലുവിളി

സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിജയ് ഇടതുപക്ഷ പാര്‍ട്ടികളെയും കോണ്‍ഗ്രസിനെയും സമീപിക്കുകയും പിന്തുണ നേടിയെടുക്കുകയും ചെയ്തത് ഏറെ പണിപ്പെട്ടാണ്. കോണ്‍ഗ്രസ്, വിസികെ, സിപിഐ, സിപിഎം എന്നിവരുടെ പിന്തുണ ലഭിച്ചെങ്കിലും മുന്നിലുള്ളത് വലിയൊരു വെല്ലുവിളിയാണ്. കോണ്‍ഗ്രസ് അല്ലാതെ മറ്റ് കക്ഷികള്‍ സര്‍ക്കാരില്‍ ചേരില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. വോട്ടെടുപ്പില്‍ നിന്നുള്ള വിട്ടുനില്‍ക്കല്‍, സഖ്യത്തിനുള്ളിലെ തര്‍ക്കങ്ങള്‍, വിശ്വാസ വോട്ടെടുപ്പ് , നിയമനിര്‍മ്മാണ ഘട്ടങ്ങള്‍ എന്നീ സാഹചര്യങ്ങളില്‍ ഈ കൂട്ടുകെട്ടിനെ ഒന്നിച്ചുകൊണ്ടുപോകാന്‍ സര്‍ക്കാരിന് വിയര്‍ക്കേണ്ടിവന്നേക്കും. ചെറിയൊരു വിവാദമോ ഭരണപരമായ ആശയക്കുഴപ്പമോ പ്രതിപക്ഷത്തിന് വലിയൊരു അവസരമായി മാറിയേക്കാം. സഖ്യകക്ഷി ഭരണത്തിന്റെ കടുത്ത യാഥാര്‍ത്ഥ്യങ്ങളാണ് അദ്ദേഹം നേരിടേണ്ടിവരിക. പാര്‍ട്ടി എന്ത് നിലപാടാണ് , എന്ത് നയമാണ് സ്വീകരിക്കുക എന്നത് കണ്ടറിയുക തന്നെ വേണം. പാര്‍ട്ടി ഓഫീസുകള്‍ക്ക് പുറത്തും സോഷ്യല്‍ മീഡിയയിലും പ്രവര്‍ത്തകര്‍ ആവേശത്തിലാണെങ്കിലും, എംഎല്‍എമാരെ ഒരുമിച്ച് നിര്‍ത്തുന്നത് എളുപ്പമാവില്ല.

ജനങ്ങളുടെ പ്രതീക്ഷക്ക് ഒപ്പം ഉയരുമോ

ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്കും ആധിപത്യമുള്ള രാഷ്ട്രീയ ഭൂമികയില്‍ ഒരു പുതിയ ബദലായാണ് വിജയ് സ്വയം അവതരിച്ചത്. യുവാക്കളുടെ വലിയ പിന്തുണയാണ് സൂപ്പര്‍ താരത്തിന് രാഷ്ട്രീയത്തില്‍ സ്വപ്ന സമാന തുടക്കം സമ്മാനിച്ചത്. ഭരണത്തിലും പാര്‍ട്ടിയിലും ടീം വര്‍ക്കിനെ നയിക്കേണ്ടത് നേതാവാണ്. അതില്‍ വിജയുടെ മികവാകും ഇനിയുള്ള നാളുകളില്‍ പരീക്ഷിക്കപ്പെടുക. വേഗത്തിലുള്ള തീരുമാനങ്ങള്‍, ദൃശ്യമായ ഭരണം, അഴിമതിയില്ലാത്ത രാഷ്ട്രീയ സംസ്‌കാരം എന്നിവയാണ് അനുയായികള്‍ ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. ക്ഷേമം, തൊഴില്‍, സംശുദ്ധ ഭരണം, മികച്ച വിദ്യാഭ്യാസം എന്നൊക്കെ വിജയ് റാലികളില്‍ ആവര്‍ത്തിച്ചിരുന്നെങ്കിലും പാര്‍ട്ടിക്ക് ഇപ്പോഴും വ്യക്തമായൊരു പ്രത്യയശാസ്ത്രമില്ല. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കാണാതെയുള്ള വാഗ്ദാനങ്ങളാണ് വിജയ് മുന്നോട്ടുവച്ചിരിക്കുന്നത്. വിവാഹിതയാകുന്ന പാവപ്പെട്ട വീടുകളിലെ പെണ്‍കുട്ടിക്ള്‍ക്ക് എട്ടുഗ്രാം സ്വര്‍ണം ,കുടുംബനാഥകളായ സ്ത്രീകള്‍ക്ക് എല്ലാ മാസവും 2500 രൂപ, നവജാത ശിശുക്കള്‍ക്ക് വസ്ത്രങ്ങളും സോപ്പും അവശ്യവസ്തുക്കളും സ്വര്‍ണ മോതിരവും, സ്ത്രീകള്‍ക്ക് സംസ്ഥാനം മുഴുവന്‍ കോര്‍പ്പറേഷന്‍ ബസില്‍ സൗജന്യ യാത്ര, വര്‍ഷം എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യമായി ആറ് എല്‍പിജി സിലിണ്ടര്‍ തുടങ്ങിയ വാഗ്ദാനങ്ങളൊക്കെ സര്‍ക്കാരിനെ സാമ്പത്തികമായി ഞെരുക്കുമെന്നുറപ്പാണ്. കൂടാതെ പ്രതിമാസം 200 യൂനിറ്റ് വരെ സൗജന്യ വൈദ്യുതി നല്‍കുമെന്നും സ്ത്രീ സുരക്ഷക്ക് പ്രത്യേക സ്‌ക്വാഡ് രൂപവത്കരിക്കുമെന്നും വിജയ് സത്യപ്രതിജ്ഞക്ക് ശേഷം പ്രഖ്യാപിച്ചു. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരുമായി ഏറ്റുമുട്ടിയിരുന്ന ഡിഎംകെയുടെ നയം തന്നെയാണ് ഹിന്ദി ഭാഷയുടെയും മണ്ഡല പുനര്‍നിര്‍ണയത്തിന്റെയും കാര്യത്തിലടക്കം വിജയ് പിന്തുടരുന്നത്. സംസ്ഥാനത്ത് പ്രതിപക്ഷവുമായുള്ള ഏറ്റുമുട്ടലിനൊപ്പം കേന്ദ്ര സര്‍ക്കാരിനെതിരായ സമരവും ഒരുമിച്ചു കൊണ്ടുപോകാന്‍ വിജയ്ക്ക് വലിയ രാഷ്ട്രീയ ചാതുര്യം പുലര്‍ത്തേണ്ടിവരും.

News Malayalam 24x7
newsmalayalam.com