യുദ്ധം നമ്മെ പൊള്ളിക്കുമോ?

യുദ്ധം തുടർന്നാൽ സാമ്പത്തിക വളർച്ച നിരക്ക് കുറയും.അതിന്‍റെ ഭാഗമായി പണപ്പെരുപ്പവും ഉണ്ടായേക്കും
യുദ്ധം നമ്മെ പൊള്ളിക്കുമോ?
Published on
Updated on

ഏത് യുദ്ധത്തിന്റയും ഇര സാധാരണക്കാരാണ്. വിലക്കയറ്റം, പലായനം, അശാന്തി എന്നിവയല്ലാതെ അവർക്ക് കിട്ടുന്നത് മറ്റെന്താണ്..?' ''. പശ്ചിമേഷ്യയിലെ അശാന്തി കേരളത്തിന്‍റെ ചങ്കിടിപ്പാണ്. ഒരു കോടിയിലേറെ പ്രവാസി ഇന്ത്യക്കാരിലേറെയും കേരളീയർ. യുദ്ധം നീണ്ടാൽ എണ്ണ വില കുതിച്ചുകയറും. അതോടൊപ്പം സാധന സാമഗ്രികളുടെ വിലയും. ഓഹരി വിപണികളിൽ മടക്കയാത്ര ആരംഭിച്ചുകഴിഞ്ഞു. സ്വർണം, വെള്ളി വിലകളിൽ കുത്തനെയുള്ള വിലക്കയറ്റം ആസന്നമാണ്. രൂപ തകർച്ചയുടെ വക്കിലും. ഈ യുദ്ധം നമ്മെ പൊള്ളിക്കുമോ? എന്നതാണ് ആശങ്ക.

അഭ്യന്തരാവശ്യത്തിന് 74 ദിവസത്തെ കരുതൽ എണ്ണശേഖരമാണ് മൂന്ന് സംഭരണികളിലായി ഇന്ത്യക്കുള്ളത്. സംഘർഷം നീണ്ടാൽ ഇന്ത്യയിൽ എണ്ണയുടെ ചില്ലറ വില കുത്തനെ കൂടും. 74 ദിവസത്തെ കരുതൽ ശേഖരമുണ്ടെങ്കിലും അത് തീരും വരെ കാത്തുനിൽക്കാൻ എണ്ണ ശുദ്ധീകരണ ശാലകൾക്ക് കഴിയില്ല. അതിന് മുമ്പേ എണ്ണ ഇറക്കുമതി ചെയ്യേണ്ടി വരും. അങ്ങനെ വന്നാൽ എണ്ണ വില കൂടും. രാജ്യാന്തര വിപണയിൽ വെള്ളിയാഴ്ച ക്രൂഡിന് ബാലിന് 67 ഡോളറായിരുന്നു വില 100 ഡോളർ വരെ ഉയർന്നേക്കാം. സ്വാഭാവികമായും ഇത് ഇന്ത്യൻ വിപണിയെ ബാധിക്കും. യുദ്ധം തുടർന്നാൽ സാമ്പത്തിക വളർച്ച നിരക്ക് കുറയും.അതിന്‍റെ ഭാഗമായി പണപ്പെരുപ്പവും ഉണ്ടായേക്കും.

എല്ലാ ശ്രദ്ധയും ഹോർമൂസ് കടലിടുക്കിൽ

യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ഹോർമൂസ് കടലിടുക്ക് അടക്കാനൊരുങ്ങുകയാണ് ഇറാൻ. കടലിടുക്കിലൂടെ കപ്പൽ ഗതാഗതം അനുവദിക്കില്ലെന്ന് ഇറാൻ റവല്യൂഷൻ ഗാർഡ്സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എണ്ണ വിപണിയിൽ വലിയ പ്രതിസന്ധിയാണ് ഇത് സൃഷ്ടിക്കുക. എണ്ണ വിലയിൽ വൻ കുതിച്ചുകയറ്റം നമുക്ക് പ്രതീക്ഷിക്കാം. ഹോർമൂസ് കടലിടുക്കിന്‍റെ ഒരു വശത്ത് ഒമാനും യുഎഇയും മറുവശത്ത് ഇറാനുമാണ്. രാജ്യാന്തര വ്യാപാരത്തിലെ പ്രധാന റൂട്ടായ ഹോർമൂസിലൂടെ ദിവസം 15 ദശലക്ഷം ബാരൽ എണ്ണയാണ് കടന്നുപോകുന്നത്. അതായത് രാജ്യാന്തര എണ്ണ വിതരണത്തിന്‍റെ ഏതാണ്ട് 20 ശതമാനം. രാജ്യത്ത് ആശ്യമുള്ള എണ്ണയുടെ 89 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നു. 40ലേറെ രാജ്യങ്ങളിൽനിന്നാണ് ഇറക്കുമതി. അതിൽ 50 ശതമാനത്തോളം ഹോർമൂസ് വഴിയാണ്. ശനിയാഴ്ച രാവിലെ മുതൽ അതുവഴിയുള്ള കപ്പൽ നീക്കം 70 ശതമാനം കുറഞ്ഞിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള ദ്രവീകൃത പ്രകൃതി വാതകത്തിന്‍റെ ഏതാണ്ട് പകുതിയും ഹോർമൂസിലൂടെയാണ്. ഈ കടലിടുക്കിലൂടെയുള്ള ഗതാഗത തടസ്സം ക്രൂഡ് ഓയിൽ വിലയിൽ 10 മുതൽ 15 വരെ ഡോളർ വിലയിൽ മാറ്റമുണ്ടാക്കുമെന്ന് മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയുടെ ബദൽ പദ്ധതി

ഇറാനിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്തിരുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ട്രംപ് ആദ്യം പ്രസിഡന്റായിരുന്ന കാലത്ത് യുഎസിന്റെ സമ്മർദത്തിന് വഴങ്ങിയായിരുന്നു ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിച്ചത്. യുദ്ധം ഹൊർമൂസ് കടലിടുക്കിൽ തടസ്സങൾ സൃഷ്ടിച്ചാലും യുഎഇയുടെ ഹബ്ഷാ, ഫുജൈറ, സൗദിയുടെ ഈസ്റ്റ്-വെസ്റ്റ് വാതക പൈപ്പ് ലൈനുകളെ ആശ്രയിക്കാമെന്നാണ് ഇന്ത്യ കരുതുന്നത്. എന്നാൽ യുഎഇ ഉൾപ്പെടെ പലയിടത്തും ഇറാൻ ആക്രമണത്തിന് മുതിർന്നതും ഏറ്റുമുട്ടൽ കടുത്താൽ എണ്ണ ഉൾപാദന കേന്ദ്രങ്ങൾ ആക്രമിക്കപ്പെടാം എന്നുള്ളതും ആശങ്കയായി മുന്നിലുണ്ട്. യുഎസുമായി കരാറുണ്ടാക്കിയ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിറുത്തുമെന്ന് ഇന്ത്യ ഉറപ്പ് നൽകിയതായി ട്രംപ് പ്രസ്താവിച്ചിരുന്നു. ഇന്ത്യ ഇതിൽ അഭിപ്രായം വെളിപ്പെടുത്തിയിട്ടില്ല.

ആശങ്കയോടെ ഓഹരി വിപണി

മറ്റേത് യുദ്ധം പോലെയും ഇന്ത്യക്കാർക്ക് പശ്ചിമേഷ്യയിലെ യുദ്ധം കാണാനാവില്ല. ഗൾഫ് മേഖലയിൽ ജോലിയെടുക്കുന്നവരും കമ്പനികൾ തുടങ്ങിയവരും നിക്ഷേപകരായിട്ടുള്ളതിനാൽ ഓഹരി വിപണിയിൽ പ്രതിഫലിക്കും എന്നുറപ്പ്. ക്രൂഡ് ഓയിൽ എത്ര ഉയരും എന്നതാണ് ഇന്ത്യൻ ഓഹരി വിപണി ഉറ്റുനോക്കുന്നത്. കഴിഞ്ഞ ജൂണിൽ ഇറാനെ ആക്രമിച്ചപ്പോൾ എണ്ണ വില കുതിച്ച് 110 ഡോളർ വരെ എത്തി. ഇന്ത്യൻ ഓഹരി വിപണി 1.6 ശതമാനം ഇടിഞ്ഞിരുന്നു. ഈ പ്രവണത ആവർത്തിച്ചേക്കാം.

അതേസമയം പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ പ്രതീക്ഷിച്ചപോലെ സംസ്ഥാനത്ത് തിങ്കളാഴ്ച സ്വർണ വില ഉയർന്നില്ല. മാത്രമല്ല, 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 300 രൂപ കുറയുകയും ചെയ്തു. ഗ്രാമിന്  രാവിലെ 15565 രൂപയായിരുന്നു വില. ഗൾഫ് സംഘർഷ പശ്ചാത്തലത്തിലും രൂപയുടെ വിലയിടിവ് സാധ്യത കണക്കിലെടുത്ത് സ്വർണവിലയിൽ വൻ വർധനവ് ആയിരുന്നു രാജ്യാന്തര വിപണിയിൽ ശനി , ഞായർ ദിവസങ്ങളിൽ രേഖപ്പെടുത്തിയിരുന്നത്.

പ്രവാസികൾക്ക് തിരിച്ചടി

ഇറാൻ, ഇസ്രായേൽ, ഇറാഖ് എന്നീ രാജ്യങ്ങൾ വ്യോമപാതകൾ പൂർണമായി അടച്ചതോടെ ഗൾഫ് രാജ്യങ്ങളിേലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ താറുമാറായിരിക്കുകയാണ്. ഇന്ത്യയിൽ നിന്നുള്ള 350 വിമാന സർവീസുകളാണ് റദ്ദാക്കിയത്. കൊച്ചി വിമാനത്താവളത്തിൽ 75ൽ അധികം വിമാന സർവീസുകളും റദ്ദ് ചെയ്തു. വിമാനങ്ങൾ സുരക്ഷിത ഇന്ധനച്ചെലവ് വർധിപ്പിക്കുകയും ഇത് ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരാൻ കാരണമാകുകയും ചെയ്യും. അവധിക്കായി നാട്ടിലേക്ക് വരാനിരിക്കുന്ന പ്രവാസികളെ ഇത് വലിയ സാമ്പത്തിക ബാധ്യതയിൽ ആക്കും. ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്കും മറ്റും നേരെ ഇറാന്‍റെ ഭാഗത്ത് നിന്നുള്ള പ്രത്യാക്രമണങ്ങൾ പ്രവാസികളുശട സുരക്ഷയെ മാത്രമല്ല, തൊഴിലിനെയും ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

കേരളത്തിലും സാമ്പത്തിക പ്രത്യാഘാതം

കേരളത്തിന്‍റെ സാമ്പത്തിക മേഖലയിലും യുദ്ധം വൻ പ്രത്യാഘാതം ഉണ്ടാക്കും. ഗൾഫ് മേഖലയിലെ ആറ് രാജ്യങ്ങളിലാണ് ഇറാൻ്റെ ആക്രമണ ഭീഷണി ഉണ്ടായിട്ടുള്ളത്. ഈ രാജ്യങ്ങളിൽ നിന്നുള്ള, വിദേശനാണ്യ വരവിൽ വൻ കുറവ് ഉണ്ടാകും. ഇത് കാര്യമായി ബാധിക്കുന്നത് കേരളത്തെ ആയിരിക്കും. യുദ്ധ സാഹചര്യത്തിൽ ഡോളർ കരുത്താർജിക്കുന്നതോടെ രൂപയുടെ മൂല്യം ഇടിയാൻ സാധ്യത ഉണ്ട്. പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കുമ്പോൾ താൽകാലിക നേട്ടം ഉണ്ടാക്കുമെങ്കിലും ആഗോള തലത്തിലുള്ള വിലക്കയറ്റം ഈ നേട്ടത്തെ ഇല്ലാതാക്കും.

മാനവികതക്ക് എതിരായ വെല്ലുവിളി

യുദ്ധം എന്നത് മാനവികതക്കെതിരായ വെല്ലുവിളിയാണ്. ജനാധിപത്യം പുനസ്ഥാപിക്കുന്നതിൻ്റെ പേരിലും ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിൻ്റെ പേരിലും ഭീകരതക്കെതിരെന്ന പേരിലും ലോകത്ത് നടന്ന പോരാട്ടങ്ങൾക്ക് പിന്നിലെ ചതിക്കുഴികൾ കണ്ടറിഞ്ഞവരാണ് നമ്മൾ. യുദ്ധക്കച്ചവടക്കാരുടെ കോർപറേറ്റ് താൽപര്യങ്ങൾ ഒരു രാജ്യത്തെ മുച്ചൂടും നശിപ്പിക്കുമ്പോൾ അതിൻ്റെ തീരാദുരിതം അനുഭവിക്കുന്ന കോടിക്കണക്കിന് സാധാരണക്കാർ അവിടുണ്ട്. അവർക്ക് ജീവിക്കാനുള്ള അവകാശമുണ്ട് . യുദ്ധം നഷ്ടങ്ങ ളല്ലാതെ മറ്റൊന്നും അവർക്ക് സമ്മാനിച്ചിട്ടില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com