ഒടുവില്‍ തമ്പ്രാന്‍ കനിഞ്ഞിരിക്കുന്നു. റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യക്ക് 30 ദിവസത്തെ ഇളവ്. ട്രമ്പ് തമ്പുരാന്റെ ഔദാര്യം എന്നല്ലാതെ എന്ത് പറയാന്‍. ഇന്ത്യക്കാണെങ്കില്‍ നയതന്ത്ര വിജയം എന്ന് ഉറക്കെ ആഘോഷിക്കാന്‍ ഒരു കാര്യം കൂടിയായി. ഇറാന്‍ പരമോന്നത നേതാവ് ഖംനാഇ യുടെ വധം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷമാണ് കുലങ്കഷമായി ചിന്തിച്ചുറപ്പിച്ച ഒരു അനുശോചനം ഇറക്കാന്‍ ഇന്ത്യന്‍ വിദേശകാര്യ വകുപ്പിന് സാധിച്ചത്. ഇറാന്‍ എംബസിയിലെത്തിയതിന് പുറമെ ഇറാന്‍ വിദേശകാര്യ സെക്രട്ടറിയുമായി എസ്. ജയശങ്കര്‍ ഫോണില്‍ സംസാരിക്കുക കൂടി ചെയ്തു. മഹത്തരം. എന്നിട്ടും അമേരിക്കന്‍ ടോര്‍പിഡോ വെച്ച് ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ മുക്കിയ 'ഐറിസ് ദേന' കപ്പല്‍ ഇന്ത്യയുടെ അതിഥിയായിരുന്നുവെന്ന് ഇറാന് ഓര്‍മിപ്പിക്കേണ്ടിവന്നു. എന്ത് കാര്യം?
ഇന്ത്യക്ക് അനക്കമൊന്നുമില്ല. അമേരിക്കന്‍ ആക്രമണം ഇന്ത്യ അറിഞ്ഞുകൊണ്ടായിരുന്നോ എന്നാണ് ഉയരുന്ന സംശയം.. അമേരിക്ക- ഇസ്രായേല്‍ സംയക്തമായി ഇറാനില്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇന്ത്യ സ്വീകരിക്കുന്ന അപകടകരമായ മൗനങ്ങളെയും പ്രതികരണങ്ങളെയും വിശകലനം ചെയ്യേണ്ടതുണ്ട്.
ഓ...മ്പ്ര...
അഥവാ ജി യുടെ മുട്ടിലിഴയൽ ഡിപ്ലോമസി
ട്രമ്പിന്റെ തിട്ടൂരങ്ങള്‍ക്ക് മുമ്പില്‍ ഓ. തമ്പ്രാ എന്ന് പറഞ്ഞ് തലകുനിച്ച് ഓഛാനിച്ച് നില്‍ക്കുകയാണ് ഇന്ത്യന്‍ ഭരണകൂടം. ഇറാനുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ മറന്ന് അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ചലിച്ച മോദി സര്‍ക്കാരിന് ട്രമ്പ് ആനുകൂല്യം പ്രഖ്യാപിച്ചതാണ് ഇപ്പോള്‍ നയതന്ത്ര വിജയമായി ആഘോഷിക്കുന്നത്. തീരുവ യുദ്ധത്തിന്റെ ഭാഗമായി ട്രമ്പിന്റെ ഭീഷണിയെത്തുടര്‍ന്ന് റഷ്യയുടെ എണ്ണ ഇറക്കുമതി ഇന്ത്യ ജനുവരിയില്‍ പ്രതിദിനം ഏകദേശം 1.1 ദശലക്ഷം ബാരലായി കുറച്ചിരുന്നു. പകരം വെനീസ്വലയില്‍ നിന്ന് എണ്ണ വാങ്ങണമെന്നായിരുന്നു കല്‍പ്പന. എന്നാല്‍ യുദ്ധ പശ്ചാത്തലത്തില്‍ കടലില്‍ കുടുങ്ങികിടക്കുന്ന റഷ്യന്‍ കപ്പലുകളില്‍നിന്ന് ഇന്ത്യന്‍ കമ്പനികള്‍ക്ക് എണ്ണ വാങ്ങാമെന്നാണ് പുതിയ ഉത്തരവ്. ഏതായാലും വിലക്കയറ്റ ആശങ്കക്ക് തെല്ല് ആശ്വാസമാണ് ഈ നീക്കം. എങ്കിലും ഇന്ത്യ എവിടെ നിന്ന് അപ്പോള്‍ എങ്ങിനെ എണ്ണ വാങ്ങണമെന്ന് അമേരിക്ക തീരുമാനിക്കും എന്ന അവസ്ഥ എത്തിയ സവിശേഷ സാഹചര്യം ഇതിനകം വന്‍ പ്രതിഷേധമുയര്‍ത്തിക്കഴിഞ്ഞു.
ടോര്‍പിഡോ വേട്ടയില്‍ മൗനം
വിശാഖപട്ടണത്തില്‍ രാജ്യാന്തര ഫ്‌ളീറ്റ് റിവ്യൂവില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന ഇറാന്റെ യുദ്ധക്കപ്പല്‍ 'ഐറിസ് ദേന' ഇന്ത്യയുടെ അതിഥിയായിരുന്നു. ആ കപ്പലിനെയാണ് ബുധനാഴ്ച ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ വെച്ച് അമേരിക്ക, ടോര്‍പ്പിഡോ വെച്ച് തകര്‍ത്ത് 90ഓളം പേരെ കൊലപ്പെടുത്തിയത്. ആക്രമണം സംബന്ധിച്ച് ഇന്ത്യ മൗനം തുടരുന്ന പശ്ചാത്തലത്തിൽ ഇക്കാര്യം ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി തങ്ങള്‍ അതിഥികളായിരുന്നു എന്നത് ഓര്‍മപ്പെടുത്തിയിരുന്നു. എന്നാല്‍ നാവിക സേനാഭ്യാസത്തിന് പിന്നാലെ കഴിഞ്ഞ 25 ന് ഇന്ത്യന്‍ തീരം വിട്ട കപ്പല്‍ അതിഥിയായി തുടരുന്നതെങ്ങനെ എന്ന ചോദ്യമുയുര്‍ത്തി ഇന്ത്യന്‍ പ്രതിരോധമന്ത്രാലയം വിഷയത്തില്‍ നിന്ന് ഒഴിഞ്ഞുമാറി. സംഭവം നടന്ന് ഒരു ദിവസം പിന്നിട്ട ശേഷം ഇന്ത്യയും തിരച്ചിലിന് എത്തിയിരുന്നെന്ന് പറഞ്ഞ് ഒഴിയുകയാണ് ഇന്ത്യന്‍ നാവിക സേന .ശ്രീലങ്കന്‍ നാവിക സേനയും വ്യോമസേനയും നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്ന് ഒരു ദിവസം കഴിഞ്ഞാണ് എന്ത് ചെയ്‌തെന്ന് ഇന്ത്യന്‍ നാവികസേന വെളിപ്പെടുത്തിയത്.
എന്നാല്‍ കപ്പലിനെ യു എസ് ആക്രമിക്കുമെന്ന് ഇന്ത്യക്ക് നേരത്തെ വിവരം കിട്ടിയിരുന്നോയെന്ന കോണ്‍ഗ്രസിന്റെ് ചോദ്യത്തില്‍ മറുപടിയില്ല.ഇക്കാര്യം നേരത്തെ അറിഞ്ഞില്ല എങ്കില്‍ അത് രാജ്യത്തിന്റെ ഇന്റലിജന്‍സ് പിഴവാണല്ലോ. അറിഞ്ഞിരുന്നു എങ്കില്‍ ആക്രമണം തടയാന്‍ എന്ത് കൊണ്ട് താല്‍പര്യപ്പെട്ടില്ല എന്ന ചോദ്യവും ഉയരും. ആ ചോദ്യമാണ് പ്രധാനം ,, അമേരിക്കന്‍ ആക്രമണം ഇന്ത്യ നേരത്തെ അറിഞ്ഞിരുന്നോ.
അഞ്ച് ദിവസശേഷം അനുശോചനം
ഇറാന്റെ പരമാധികാരത്തെയും അഖണ്ഡതയെയും വെല്ലുവിളിച്ച് യുഎസും ഇസ്രയേലും നടത്തിയ ആക്രമണത്തെയും ഇന്ത്യ തള്ളിപ്പറഞ്ഞില്ല. ആയത്തൊള്ള ഖമേനിയുടെ മരണത്തിലും ഇന്ത്യ ശക്തമായി പ്രതികരിച്ചുമില്ല. ഒടുവില്‍ അഞ്ചാം ദിനമാണ് അനുശോചനം അറിയിച്ച് വിദേശകാര്യ സെക്രട്ടറി ഡല്‍ഹിയിലെ ഇറാന്‍ എംബസിയിലെത്തിയത്. ഇറാന്‍ വിദേശകാര്യ സെക്രട്ടറിയുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തു. പശ്ചിമേഷ്യയില്‍ സമാധാനം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നതായി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞിരുന്നു. അമേരിക്കയെ കുറ്റപ്പെടുത്താതെ ആയിരുന്നു പ്രസ്താവന. നരേന്ദ്രമോദി ഇസ്രായേല്‍ പാര്‍ലമെന്റ് ആയ നെസ്സറ്റില്‍ എത്തി ഇസ്രായേലിന് പൂര്‍ണ പിന്തുണ നല്‍കിയതിന് ആഴ്ചകള്‍ക്ക് ശേഷമായിരുന്നു ഇറാന്‍ ആക്രമണം. ഇതില്‍ നിന്ന് ഇന്ത്യയുടെ നിലപാട് ലോകത്തിന് മുമ്പില്‍ വെളിപ്പെട്ടുവെന്ന ആരോപണവും ഇന്ത്യക്ക് എതിരെ ഉയരുന്നുണ്ട്.
ഇന്ത്യന്‍ തുറമുഖങ്ങള്‍ യു.എസ് ഉപയോഗിക്കുമോ
ഇന്ത്യന്‍ തുറമുഖങ്ങള്‍ ഇറാന്‍ ആക്രമണത്തിന് യു.എസ് ഉപയോഗിക്കുമോ, എന്ന കടുത്ത ആശങ്കയിലാണ് ഇന്ത്യ. സാധാരണയായി യു.എസ് സൈനിക കപ്പലുകള്‍ക്ക് ഇന്ധനം നിറക്കാനും വിശ്രമത്തിനും മാത്രമാണ് ഇന്ത്യന്‍ തുറമുഖങ്ങളും നാവിക താവളങ്ങളും ഉപയോഗിക്കുക. എന്നാല്‍ 2016ല്‍ ഇന്ത്യയും യു.എസും ഒപ്പുവെച്ച സൈന്യ വിന്യാസ നാവിക സഹകരണ കരാര്‍ പ്രകാരം സൈനിക വിന്യാസ സഹകരണം കൂടി ഉറപ്പ് നല്‍കുന്നുണ്ട്. കരാറിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഇറാനെ ആക്രമിക്കാന്‍ യു.എസ്. മുതിര്‍ന്നാല്‍ വന്‍ പ്രത്യാഘാതമായിരിക്കും സംഭവിക്കുക. ഇന്ത്യന്‍ തുറമുഖങ്ങള്‍ നിലവില്‍ അമേരിക്ക സൈനിക സേവനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന് ഉയര്‍ന്ന ആരോപണം പ്രതിരോധ മന്ത്രാലയം നിഷേധിച്ചിട്ടുണ്ട്.
മൗനമല്ല, നിലപാടാണ് വേണ്ടത്
ലോക സമാധാനമായിരുന്നു നെഹ്‌റുവിന്റെ നേതൃത്വത്തിലെ ചേരിചേരാ പ്രസ്ഥാനത്തിന്റെ പ്രധാന ആശയങ്ങളില്‍ ഒന്ന്..1961ല്‍ ലോകം സേവിയറ്റ് യൂനിയന്റെ നേതൃത്വത്തില്‍ സോഷ്യലിസ്റ്റ് ചേരി, അമേരിക്ക നയിക്കുന്ന മുതലാളിത്ത ചേരി എന്നിങ്ങനെ രണ്ടായി പിരിഞ്ഞപ്പോള്‍ ഇരു ചേരികളിലും പെടാതെ മൂന്നാം ലോക രാജ്യങ്ങളെ ചേര്‍ത്ത് ചേരിചേരാ പ്രസ്ഥാനം എന്ന പുതിയ ആശയത്തിന് രൂപം നല്‍കാന്‍ നെഹ്‌റുവിന് കഴിഞ്ഞു. ലോക സമാധാനത്തിന് നേതൃത്വം കൊടുക്കാനോ ഇടപെടല്‍ നടത്താനോ ആ കൂട്ടായ്മക്കായി. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം നരേന്ദ്ര മോദിയുടെ കീഴില്‍ വിദേശ നയങ്ങള്‍ എവിടെ എത്തി എന്ന് ഈ യുദ്ധസന്ദര്‍ഭത്തില്‍ ഓര്‍മിക്കേണ്ടതുണ്ട്. അന്ന് ലോകം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന വിദേശ നയ നിലപാട് ഇന്ത്യക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ലോക പൊലീസ് ചമയുന്ന അമേരിക്കയുമായി അടുക്കുകയും അമേരിക്കന്‍ പക്ഷത്ത് എന്ന തോന്നല്‍ ലോക രാഷ്ട്രങ്ങളില്‍ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഒരു ചേരിയോടുള്ള വിധേയത്വം തന്നെയാണ് ഇന്ത്യയെ അമേരിക്ക ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നതിന്റെ അടിസ്ഥാനം.