മരണച്ചുഴിയാകുമോ ഹോർമുസ്?

33 കിലോമീറ്റര്‍ മാത്രം വീതിയുള്ള ഈ ഇടുങ്ങിയ കടല്‍പ്പാതയെ ഇന്ന് ഒരു ഭീതിദമായ മരണമുനമ്പാക്കുമോ?
മരണച്ചുഴിയാകുമോ ഹോർമുസ്?
Published on
Updated on

പാകിസ്ഥാനില്‍ നടന്ന ഇറാന്‍-യുഎസ് സമാധാനചര്‍ച്ച പരാജയപ്പെട്ടതോടെ പശ്ചിമേഷ്യയിലെ ഏറ്റവും തന്ത്രപ്രധാനമായ ജലപാത ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി പോര്‍വിളികളിലാണ് യുഎസും ഇറാനും. ഹോര്‍മുസ് കടലിടുക്കില്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിൻ്റെ പ്രസ്താവനക്ക് മറുപടിയായി, എണ്ണ കയറ്റുമതി തടയാന്‍ അമേരിക്ക ശ്രമിച്ചാല്‍ ഹോര്‍മുസ് കടലിടുക്കിലൂടെ മറ്റൊരു രാജ്യത്തേക്കും എണ്ണ കടത്തിവിടില്ലെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്സ് മുന്നറിയിപ്പും നല്‍കിക്കഴിഞ്ഞു. ഇറാന്‍-യുഎസ് സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുമെന്ന് ഏറെക്കുറെ ഉറപ്പായി. വന്‍ശക്തി രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര പോരാട്ടങ്ങളും സൈനിക നീക്കങ്ങളും കേവലം 33 കിലോമീറ്റര്‍ മാത്രം വീതിയുള്ള ഈ ഇടുങ്ങിയ കടല്‍പ്പാതയെ ഇന്ന് ഒരു ഭീതിദമായ മരണമുനമ്പാക്കുമോ എന്ന ആശങ്കയാണ് സ്പോട്ട്ലൈറ്റ് പങ്കുവെക്കുന്നത്.

മരണച്ചുഴിയാകുമോ ഹോര്‍മുസ്

ഇസ്ലാമബാദില്‍ നടന്ന ചര്‍ച്ചകളില്‍ യുഎസ് പ്രധാനമായും മുന്നോട്ടുവെച്ച രണ്ട് ഉപാധികളാണ് ഇറാന്‍ തള്ളിയത്. ഒന്ന് ആണവ പദ്ധതി പൂര്‍ണമായി നിർത്തിവെക്കണം എന്നുള്ളതായിരുന്നു. നിലവിലെ ആണവ പദ്ധതി സൈനികേതരവും വൈദ്യുതിക്ക് വേണ്ടിയും ഉള്ളതായതിനാല്‍ അത് സാധ്യമല്ലെന്ന് ഇറാന്‍ വ്യക്തമാക്കി. ഹോര്‍മുസ് ഉള്‍ക്കടലില്‍ സ്വതന്ത്രമായ നാവിക ഗതാഗതം അനുവദിക്കണം എന്നതായിരുന്നു രണ്ടാമത്തേത്. ഈ ഘട്ടത്തില്‍ അക്കാര്യം സമ്മതിച്ചു കൊടുത്താല്‍ തങ്ങളുടെ കൈയിലെ തുറപ്പുചീട്ട് നഷ്ടപ്പെടുമെന്ന് അറിഞ്ഞ് ഇറാന്‍ അത് തള്ളി. 40 ദിവസത്തെ ആക്രമണം കഴിഞ്ഞിട്ടും ഇറാന്റെ നാവിക ശക്തി തകര്‍ക്കാന്‍ അമേരിക്കക്ക് സാധിച്ചിട്ടില്ലാത്തതിനാല്‍ അത് വെറുതെ വിട്ടുകൊടുക്കാന്‍ ഇറാന്‍ തയ്യാറല്ല. തങ്ങളെ ഒരു കാരണവശാലും ആക്രമിക്കില്ലെന്ന സുരക്ഷ ഗ്യാരണ്ടിയാണ് ഇറാന്‍ ചര്‍ച്ചയില്‍ പ്രധാനമായി ഉന്നയിച്ചത്. ഇറാന്‍ ആണവ പദ്ധതി നിർത്തിവെക്കുമെന്ന് ഉറപ്പു നല്‍കാത്തിടത്തോളം അത് സാധ്യമല്ലെന്ന് യുഎസ് പ്രതികരിച്ചു. 40 ദിവസത്തെ ബോംബിങ്ങില്‍ ഉണ്ടായ കനത്ത സാമ്പത്തിക നഷ്ടത്തിന് പരിഹാരം വേണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടെങ്കിലും യുഎസ് തള്ളിക്കളഞ്ഞു. യുഎസിലും മൂന്നാം രാജ്യങ്ങളിലുമുള്ള ഇറാന്റെ നിക്ഷേപങ്ങള്‍ മരവിപ്പിച്ചിരുന്നത് ഉടന്‍ വിട്ടുകൊടുക്കണമെന്നുള്ള ആവശ്യവും യുഎസ് അംഗീകരിച്ചില്ലെന്നാണ് അറിയുന്നത്.

യുദ്ധനീക്കങ്ങളില്‍ കടല്‍മുനമ്പ്

ഇസ്ലാമാബാദില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ട്രംപ് ഹോർമുസ് കടലിടുക്കില്‍ ഉപരോധ നീക്കം തുടങ്ങിയത്. ''തങ്ങളെ ആക്രമിക്കുകയോ സമാധാനപരമായി പോകുന്ന കപ്പലുകളെ വെടിവെക്കുകയോ ചെയ്താല്‍ അവരെ നരകത്തിലേക്ക് അയക്കുമെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. അതേസമയം അമേരിക്കന്‍ ഭീഷണിയെ പുച്ഛിച്ചു തള്ളിയ ഐ.ആര്‍.ജി.സി, കടലിടുക്കിൻ്റെ പൂര്‍ണ നിയന്ത്രണം തങ്ങള്‍ക്കാണെന്നും തങ്ങളുടെ സമുദ്ര അതിര്‍ത്തി ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും എക്സിലൂടെ പറഞ്ഞു. തങ്ങളെ വെല്ലുവിളിക്കാന്‍ ശ്രമിക്കുന്ന ഏത് ശത്രുവിനെയും ഹോര്‍മുസ് കടലിടുക്കിലെ 'മരണച്ചുഴിയില്‍' കുടുക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. കടലിടുക്കില്‍ വിന്യസിച്ചിരിക്കുന്ന അത്യാധുനിക കുഴിബോംബുകളെയും മിസൈല്‍ സംവിധാനങ്ങളെയും കുറിച്ചുള്ള സൂചനയായിരുന്നു മരണച്ചുഴിയിലൂടെ ഐ.ആര്‍.ജി.സി വെളിപ്പെടുത്തിയത്. അതേസമയം, ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ നിക്ഷേപിച്ച മൈനുകള്‍ നീക്കം ചെയ്യാന്‍ അമേരിക്കന്‍ നാവികസേന ശ്രമം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ഇറാന്‍ നാവികസേന ഹോര്‍മുസിന് സമീപം മിസൈല്‍ പരീക്ഷണങ്ങളും ഡ്രോണ്‍ നിരീക്ഷണങ്ങളും ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇത് തങ്ങളുടെ പരമാധികാരം സംരക്ഷിക്കാനുള്ള തയ്യാറെടുപ്പിന് വേണ്ടിയാണെന്നാണ് ഇറാന്റെ ഔദ്യോഗിക വിശദീകരണം.

സുരക്ഷ ചുങ്കം ഏര്‍പ്പെടുത്താന്‍ ഇറാന്‍

ഹോര്‍മുസ് പാതയിലൂടെ പോകുന്ന കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇറാന്‍ വലിയ തുക ചെലവാക്കുന്നുണ്ടെന്നും, അതിനാല്‍ കപ്പലുകളില്‍ നിന്ന് 'സുരക്ഷാ ടോള്‍' ഈടാക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഇറാന്‍ പാര്‍ലമെന്ററി അംഗങ്ങള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഓരോ ബാരല്‍ എണ്ണക്കും ഒരു ഡോളര്‍ വീതം ഈടാക്കാനാണ് ഇറാൻ്റെ നീക്കം. വലിയ കപ്പലിന് ഏകദേശം 18 കോടി രൂപയോളം ടോള്‍ വേണ്ടിവന്നേക്കും. അന്താരാഷ്ട്ര ഉപരോധങ്ങള്‍ മറികടക്കാന്‍ ചുങ്കത്തുക ക്രിപ്റ്റോകറന്‍സി, ചൈനീസ് യുവാന്‍ അല്ലെങ്കില്‍ ഇറാന്‍ കറന്‍സിയായ റിയാല്‍ എന്നിവയില്‍ ഈടാക്കാന്‍ നടപടി തുടങ്ങിക്കഴിഞ്ഞു. യുഎസ് ഡോളറിന്റെ ആധിപത്യം കുറക്കാനായുള്ള ഈ നീക്കം അന്താരാഷ്ട്ര കപ്പല്‍ ഗതാഗത നിയമങ്ങളുടെ ലംഘനമാണെന്ന് യുഎസ് ആരോപിക്കുന്നു.

ചൈനക്കെതിരെ യുഎസ് ഭീഷണി

ഇറാനിലേക്ക് ആയുധങ്ങള്‍ കൈമാറാനുള്ള നീക്കത്തില്‍ നിന്ന് ചൈന പിന്മാറണമെന്ന് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. ആയുധങ്ങള്‍ നല്‍കിയാല്‍ ചൈന വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ട്രംപ് ഭീഷണി മുഴക്കി. പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദില്‍ അമേരിക്കയും ഇറാനും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് ചൈന ആയുധങ്ങള്‍ എത്തിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ചൈന പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഇറാനിലേക്ക് അയക്കാന്‍ ഒരുങ്ങുകയാണെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആയുധ കൈമാറ്റം സംബന്ധിച്ച വാര്‍ത്തകള്‍ ചൈന പൂര്‍ണമായും നിഷേധിച്ചിട്ടുണ്ട്.

മധ്യസ്ഥത വഹിക്കാന്‍ റഷ്യ

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ലക്ഷ്യമിട്ട് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ മുന്നോട്ടുവന്നിട്ടുണ്ട്. ഇറാന്‍ പ്രസിഡൻ്റ് മസ്ഊദ് പെസഷ്‌കിയാനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പുടിന്‍ ഈ നിലപാട് അറിയിച്ചത്. പശ്ചിമേഷ്യയില്‍ നീതിയുക്തവും സുസ്ഥിരവുമായ സമാധാനം കൈവരിക്കുന്നതിന് നയതന്ത്രപരമായ ഒത്തുതീര്‍പ്പുകള്‍ക്കുള്ള മധ്യസ്ഥതയ്ക്ക് റഷ്യ സന്നദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഇറാനുമായുള്ള അടുത്ത ബന്ധവും മേഖലയിലെ സ്വാധീനവും ഉപയോഗിച്ച് മധ്യസ്ഥനായി മാറാനാണ് പുടിന്റെ ശ്രമം.

തുടരുന്ന ലെബനാന്‍ ആക്രമണം

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടയിലും തെക്കന്‍ ലെബനനില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ഞായറാഴ്ച നടന്ന ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. 42 ദിവസത്തിനിടെ 2200 പേരാണ് ഇസ്രായേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇസ്ലാമാബാദില്‍ നടന്ന സമാധാന ചര്‍ച്ചയില്‍ ഇറാന്‍, ലെബനനിലെ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അക്കാര്യം ഇസ്രയേലും ലെബനനും തമ്മില്‍ സംസാരിച്ച് തീര്‍ക്കട്ടെ എന്നായിരുന്നു യു.എസിന്റെ നിലപാട്.

ചെങ്കടലില്‍ ഹൂതികളുടെ ഭീഷണി

സൂയസ് കനാല്‍ വഴിയുള്ള ആഗോള വ്യാപാരത്തിന്റെ പ്രധാന കവാടമായ ചെങ്കടലില്‍ യമനിലെ ഹൂതി വിമതര്‍ നടത്തുന്ന ആക്രമണങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇസ്രയേല്‍-ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, ഇസ്രയേലുമായി ബന്ധമുള്ളതോ ഇസ്രയേലിലേക്ക് പോകുന്നതോ ആയ കപ്പലുകളെ ലക്ഷ്യം വച്ചാണ് ഹൂതികള്‍ ആക്രമണം തുടങ്ങിയത്. എന്നാല്‍ ഇപ്പോള്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും കപ്പലുകളെയും അവര്‍ ആക്രമിക്കുന്നുണ്ട്.

സമാധാന ചര്‍ച്ചകള്‍ തുടരുക തന്നെ വേണം

ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷം കേവലം രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കമല്ല, മറിച്ച് ആഗോള സാമ്പത്തിക-ഊര്‍ജ സുരക്ഷയെ ബാധിക്കുന്ന വലിയൊരു പ്രതിസന്ധിയാണ്. ഒരു വലിയ യുദ്ധത്തിന്റെ വക്കില്‍ നില്‍ക്കുന്ന പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിച്ചില്ലെങ്കില്‍, അത് ലോകത്തെ ദശകങ്ങള്‍ പിന്നിലേക്ക് നയിക്കുന്ന വലിയൊരു സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമാകും. വന്‍ശക്തികള്‍ക്കിടയിലെ ഈ ബലപരീക്ഷണം കൂടുതല്‍ രൂക്ഷമായ യുദ്ധത്തിലേക്ക് വഴിമാറുമോ അതോ നയതന്ത്രത്തിലൂടെ പരിഹരിക്കപ്പെടുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com