

ഇലോൺ മസ്കിൻ്റെ സ്റ്റാർലിങ്ക് ഒടുവിൽ ഇന്ത്യൻ മണ്ണിലേക്ക് എത്തുമ്പോൾ സാധാരണക്കാർ ഉറ്റുനോക്കുന്നത് ഒരൊറ്റ കാര്യമാണ്. നിലവിലെ ടെലികോം ഭീമന്മാരുടെ കുത്തക തകർത്ത് ഇന്റർനെറ്റ് നിരക്കുകൾ കുത്തനെ കുറയുമോ ? ഇതുവരെ ഇന്റർനെറ്റ് എത്താത്ത മേഖലകളിലേക്ക് ഇൻറർനെറ്റ് എത്താൻ സ്റ്റാർലിങ്കിന്റെ വരവ് സാധ്യമാക്കുമോ ? എന്നാൽ അതിവേഗ സാറ്റലൈറ്റ് ഇന്റർനെറ്റിന്റെ സാധ്യതകൾക്കപ്പുറം, രാജ്യം അതീവ ജാഗ്രതയോടെ കാണേണ്ട മറ്റൊരു നിർണായക ചോദ്യം കൂടി ഉയരുന്നുണ്ട്. ഈ വരവ് ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്കും തന്ത്രപ്രധാന ഡാറ്റയ്ക്കും ഭീഷണിയാകുമോ എന്നതാണ് അത്.
ആവശ്യമായ അന്തിമ സുരക്ഷാ അനുമതികളും ഇൻസ്പേസ് ക്ലിയറൻസും സ്റ്റാർലിങ്കിന് ഇപ്പോഴും കേന്ദ്ര സർക്കാരിൽനിന്ന് ലഭിച്ചിട്ടില്ല. വൈകിപ്പിക്കുന്നതിന് പിന്നിൽ ഇടപെടലുകൾ ഉണ്ടെന്ന സംശയം ഇലോൺ മസ്ക് തന്നെ ഉയർത്തിയിരുന്നു . റിലയൻസ് ജിയോയും എയർടെലും തങ്ങളുടെ സാമ്രാജ്യം കാക്കാൻ ചരടുവലികൾ തുടരുന്നതിനിടയിൽ, 'ഡിജിറ്റൽ പരമാധികാര'വും ആഗോള സാങ്കേതിക കുതിപ്പും തമ്മിലുള്ള ഈ പോരാട്ടം വീണ്ടും കലുഷിതമാകുകയാണ്. ഈ വിഷയമാണ് ഇന്ന് സ്പോട്ട്ലൈറ്റ് പരിശോധിക്കുന്നത്. ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഇന്ത്യക്ക് സുരക്ഷ ഭീഷണിയോ ?
ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലുള്ള ആയിരക്കണക്കിന് ചെറു ഉപഗ്രഹങ്ങൾ വഴി പ്രവർത്തിക്കുന്ന, ശതകോടീശ്വര വ്യാപാരിയായ ഇലോൺ മസ്കിന്റെ സ്പേസ് എക്സ് വികസിപ്പിച്ച അതിവേഗ സാറ്റലൈറ്റ് ഇന്റർനെറ്റ് ശൃംഖലയാണ് സ്റ്റാർലിങ്ക്. മൊബൈൽ ടവറുകളോ ഒപ്റ്റിക്കൽ ഫൈബർ കേബിളുകളോ ഇല്ലാത്ത വിദൂര-വനമേഖലകളിലും കടലിലും വരെ തടസ്സമില്ലാതെ അതിവേഗ ഇന്റർനെറ്റ് എത്തിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഇന്ത്യൻ ആകാശത്തേക്ക് ചിറകുവിടർത്താൻ ഒരുങ്ങുമ്പോൾ, കേന്ദ്ര സർക്കാരിന്റെ അനുമതി നടപടികൾക്കൊപ്പം പുതിയൊരു രാഷ്ട്രീയ-സുരക്ഷാ പോർമുഖം കൂടി തുറക്കുന്നു. തന്ത്രപ്രധാനമായ ബഹിരാകാശ-വാർത്താവിനിമയ മേഖല ഒരു വിദേശ കമ്പനിക്ക് തുറന്നുകൊടുക്കുന്നത് രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയാകുമോ എന്ന ആശങ്കയുമായി ആർഎസ്എസിന്റെ പോഷക സംഘടനയായ സ്വദേശി ജാഗരൺ മഞ്ച് രംഗത്തെത്തി.
ഡൽഹി ആസ്ഥാനമായുള്ള ഗവേഷണ സംഘടനയായ 'കുട്നീതി ഫൗണ്ടേഷനും' വിഷയത്തിൽ സുരക്ഷാ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഉൾപ്രദേശങ്ങളിൽ ഇന്റർനെറ്റ് എത്തിക്കാനുള്ള സേവനമെന്ന വ്യാജേന, അമേരിക്കയുടെ സൈനിക-രഹസ്യാന്വേഷണ ആവശ്യങ്ങൾക്കും ആഗോള ആധിപത്യത്തിനും സഹായിക്കുന്ന സാങ്കേതികവിദ്യയായി സ്റ്റാർലിങ്ക് പ്രവർത്തിക്കാൻ സാധ്യതയുണ്ടെന്ന് ഇവരുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഇറാനിൽ കഴിഞ്ഞ ജനുവരിയിൽ നടന്ന ആഭ്യന്തര പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ, ഇറാനിയൻ ഭരണകൂടം രാജ്യവ്യാപകമായി ഏർപ്പെടുത്തിയ കർശനമായ ഇന്റർനെറ്റ് സെൻസർഷിപ്പുകളെയും നിയന്ത്രണങ്ങളെയും പ്രക്ഷോഭകർ മറികടന്നത് സ്റ്റാർലിങ്ക് സിഗ്നലുകൾ സജീവമാക്കിക്കൊണ്ടാണ്. ഇറാനിലേക്ക് കടത്തിയ പ്രത്യേക ടെർമിനലുകൾ വഴി ഉപയോക്താക്കൾ ഉപഗ്രഹ സിഗ്നലുകൾ നേരിട്ട് സ്വീകരിക്കാൻ തുടങ്ങിയതോടെ, രാജ്യത്തെ ഇന്റർനെറ്റ് വിച്ഛേദിക്കാനും വിവരങ്ങൾ പുറത്തുപോകുന്നത് തടയാനുമുള്ള ഇറാന്റെ ഔദ്യോഗിക നിയന്ത്രണ സംവിധാനങ്ങൾ നിഷ്പ്രഭമായി.
ഈ നടപടി ആഗോളതലത്തിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കും ഗുരുതരമായ സൈബർ-ദേശീയ സുരക്ഷാ ആശങ്കകൾക്കും വഴിവെച്ചിരുന്നു. റഷ്യ-യുക്രൈൻ യുദ്ധത്തിൽ യുക്രൈയ്ന് സ്റ്റാർലിങ്ക് വലിയ സഹായമായെങ്കിലും, ക്രൈമിയയിൽ ആക്രമണം നടത്താൻ സ്റ്റാർലിങ്ക് സിഗ്നൽ നൽകണമെന്ന് യുക്രൈൻ സൈന്യം ആവശ്യപ്പെട്ടപ്പോൾ ഇലോൺ മസ്ക് അത് സ്വന്തം നിലയിൽ വിച്ഛേദിച്ചത് വലിയ ചർച്ചയായി. കൂടാതെ സംഘർഷഭരിതമായ മണിപ്പൂരിലെ സായുധ സംഘങ്ങളിൽ നിന്നും സ്റ്റാർലിങ്ക് ഉപകരണങ്ങൾ കണ്ടെടുത്തതും ബംഗ്ലാദേശിലെയും നേപ്പാളിലെയും ബഹുജന പ്രക്ഷോഭങ്ങളിൽ മസ്കിൻ്റെ സ്റ്റാർലിങ്ക് ഉപയോഗിച്ച രീതിയും ഇന്ത്യക്ക് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ഒരു രാജ്യത്തിന്റെ പ്രതിരോധമോ ആശയവിനിമയമോ ഒറ്റ വ്യക്തിയുടെയോ വിദേശ കമ്പനിയുടെയോ ഇംഗിതത്തിന് വിധേയമാകുന്നത് അപകടകരമാണെന്ന ചിന്ത ലോകമെമ്പാടുമുള്ള സുരക്ഷാ വിദഗ്ധർ ഉയർത്തുന്നുണ്ട്.. ഇത്തരം ആഗോള സംഭവങ്ങൾ ഉയർത്തുന്ന ഗുരുതരമായ സുരക്ഷാ ഭീഷണികൾ മുൻനിർത്തിയാണ് ഇന്ത്യയിലെത്തുന്ന സാറ്റലൈറ്റ് ഡാറ്റ വിദേശത്തേക്ക് പോകാതെ രാജ്യത്തിനകത്തെ കൺട്രോൾ കേന്ദ്രങ്ങളിൽത്തന്നെ പരിപാലിക്കണമെന്നും, അടിയന്തര സാഹചര്യങ്ങളിൽ സേവനം വിച്ഛേദിക്കാനുള്ള പൂർണ്ണ നിയന്ത്രണം സർക്കാരിന് വേണമെന്നും ഇന്ത്യ നിഷ്കർഷിക്കുന്നത്. ഇതിനായി 20 പ്രാദേശിക ഗേറ്റ്വേകൾ തയാറാണെന്ന് സ്റ്റാർലിങ്കും വ്യക്തമാക്കുന്നുമുണ്ട്.
‘‘പ്രിയപ്പെട്ട പ്രധാനമന്ത്രി അംബാനി, നിങ്ങളാണ് ഇന്ത്യയുടെ യഥാര്ത്ഥ ബോസെന്ന് തിരിച്ചറിയാത്തതില് എന്റെ മാപ്പ് സ്വീകരിക്കുക. ഇന്ത്യയിലെ പ്രബുദ്ധരായ ജനങ്ങളെ നിങ്ങളുടെ കുത്തകാവകാശം ഉപയോഗിച്ച് ചൂഷണം ചെയ്യുന്നത് തുടരാന് സ്വാഭാവികമായും നിങ്ങള് ആഗ്രഹിക്കും, എന്നാല് സ്റ്റാര് ലിങ്കിന് മത്സരരംഗത്ത് വരാന് നിങ്ങള് അനുവാദം നല്കുമോ?’’ ഇലോൺ മസ്ക് തന്റെ എക്സിൽ പങ്കുവെച്ച പരിഹാസ കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെ ആയിരുന്നു
ഇന്ത്യൻ ബഹിരാകാശ നിയന്ത്രണ ഏജൻസിയായ ഇൻസ്പേസിന്റെ പ്രവർത്തനാനുമതി സ്റ്റാർലിങ്കിന് ഇതുവരെ ലഭിച്ചിട്ടില്ല, അവരുടെ അപേക്ഷ ഇപ്പോഴും സുരക്ഷാ-സാങ്കേതിക പരിശോധനകളിലാണ്. ഇതായിരുന്നു മസ്കിന്റെ എക്സ് പോസ്റ്റിന് ആധാരമായത്. സ്റ്റാര്ലിങ്ക് ഇന്ത്യയില് ആരംഭിക്കുന്നത് ചില കുത്തക മുതലാളികള് തടയുകയാണെന്ന് മസ്ക് നേരത്തെ ആരോപിച്ചിരുന്നു.
ഇന്ത്യയിൽ സാറ്റലൈറ്റ് അധിഷ്ഠിത അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള ടെലികോം ലൈസൻസിനും സുരക്ഷാ അനുമതികൾക്കുമായി പ്രധാനമായും കാത്തിരിക്കുന്നത് ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കും ആമസോണിന്റെ പ്രോജക്റ്റ് കുയിപ്പറുമാണ്. അതേസമയം, റിലയൻസിന്റെ ജിയോ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസും ഭാരതി എയർടെല്ലിന്റെ പിന്തുണയുള്ള യൂട്ടൽസാറ്റ് വൺവെബും ആവശ്യമായ പ്രാഥമിക ലൈസൻസുകൾ ഇതിനകം സ്വന്തമാക്കിക്കഴിഞ്ഞു. വാണിജ്യാടിസ്ഥാനത്തിലുള്ള സർവീസ് ആരംഭിക്കുന്നതിനായി ഇവർ സർക്കാർ തലത്തിലുള്ള അന്തിമ സ്പെക്ട്രം അലോക്കേഷനും അനുബന്ധ നടപടിക്രമങ്ങളും പൂർത്തിയാകാൻ കാത്തിരിക്കുകയാണ്.
വൻകിട കോർപ്പറേറ്റുകൾ തമ്മിലുള്ള ഈ മത്സരം സാധാരണക്കാർക്ക് തുറന്നുനൽകുന്നത് വിപ്ലവകരമായ ഡിജിറ്റൽ സാധ്യതകളാണ്; പ്രധാനമായും മൊബൈൽ ടവറുകളോ ഒപ്റ്റിക്കൽ ഫൈബർ കേബിളുകളോ എത്തിച്ചേരാൻ ഭൂമിശാസ്ത്രപരമായി പ്രയാസമുള്ള വനാതിർത്തികൾ, മലയോര ഗ്രാമങ്ങൾ, വിദൂര ദ്വീപുകൾ, തീരദേശങ്ങൾ എന്നിവിടങ്ങളിൽ തടസ്സമില്ലാത്ത അതിവേഗ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ലഭ്യമാകും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം.പങ്കാളിത്ത മാതൃകകളിലൂടെ ഇതിന്റെ പ്രയോജനം കുറഞ്ഞ ചിലവിൽ സാധാരണക്കാരിലേക്ക് എത്തിക്കാൻ സാധിക്കും.
ഗ്രാമങ്ങളിൽ പൊതു വൈഫൈ സ്ഥാപിച്ചോ മൊബൈൽ ടവറുകളിലേക്ക് സാറ്റലൈറ്റ് സിഗ്നൽ എത്തിച്ചോ സാധാരണക്കാർക്ക് വലിയ ചെലവില്ലാതെ തന്നെ ഈ സേവനം ലഭ്യമാക്കാം. പ്രളയവും ഉരുൾപൊട്ടലും പോലുള്ള പ്രകൃതിദുരന്തങ്ങളിൽ വാർത്താവിനിമയ ബന്ധം പൂർണ്ണമായി തകരുമ്പോൾ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ഇത് തുണയാകും. അതോടൊപ്പം ഉൾനാടുകളിലെ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനും രോഗികൾക്ക് ടെലിമെഡിസിൻ ചികിത്സയ്ക്കും ബാങ്കിംഗ് ആവശ്യങ്ങൾക്കും ഇത് വഴിതുറക്കും. വിമാനങ്ങളിലും ആഴക്കടൽ കപ്പലുകളിലും യാത്ര ചെയ്യുന്നവർക്ക് തടസ്സമില്ലാത്ത ഇന്റർനെറ്റ് കിട്ടുമെന്നതും, കമ്പനികൾ തമ്മിലുള്ള മത്സരം വഴി ഭാവിയിൽ നിരക്കുകൾ കുറയാൻ സാധ്യതയുണ്ടെന്നതും ഇതിന്റെ പ്രധാന നേട്ടങ്ങളാണ്.
വിപണി മത്സരം കടുക്കുമ്പോൾ ഉപകരണങ്ങളുടെയും പ്ലാനുകളുടെയും നിരക്കുകൾ നിലവിലുള്ളതിനേക്കാൾ കുറയാൻ സാധ്യതയുണ്ടെങ്കിലും, ഇന്ത്യയിലെ സാധാരണ 4G/5G മൊബൈൽ ഡാറ്റയുടെയോ ഫൈബർ ബ്രോഡ്ബാൻഡിന്റെയോ അത്രയും കുറഞ്ഞ ചിലവിലേക്ക് ഉപഗ്രഹ ഇന്റർനെറ്റ് എത്താൻ സാധ്യത വളരെ വിരളമാണ്. ആയിരക്കണക്കിന് ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് വിക്ഷേപിച്ചു പരിപാലിക്കുന്നതിനും സിഗ്നലുകൾ പിടിച്ചെടുക്കുന്ന പ്രത്യേക ആന്റിനകൾ നിർമിക്കുന്നതിനുമുള്ള വൻ ചെലവ് കാരണം ഉപഗ്രഹ ഇന്റർനെറ്റ് നിരക്കുകൾ സ്വാഭാവികമായും ഉയർന്നതായിരിക്കും. ഇതിനിടെ സ്പെക്ട്രം വിതരണത്തിൽ ലേലമില്ലാതെ ഭരണപരമായ അനുമതി നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം സ്റ്റാർലിങ്കിന് അനുകൂലമായി എത്തിയിട്ടുണ്ട്. ഇതിനിടെ ഉയരുന്ന രാഷ്ട്ര സുരക്ഷ സംബന്ധിച്ച ചോദ്യങ്ങൾ കോർപറേറ്റ് വടംവലിയുടെത് മാത്രമായി തള്ളിക്കളയാനാകില്ല. അതീവ ഗൗരവമായ പരിഗണന വേണ്ടതു തന്നെയാണ് രാജ്യസുരക്ഷ.