

രാജ്യത്ത് പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വില വര്‍ധിപ്പിച്ചേക്കും എന്ന ആശങ്ക ഉയര്‍ന്നിരിക്കുന്നു. പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് നാലു മുതല്‍ അഞ്ചു രൂപ വരെയും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന് 40 മുതല്‍ 50 രൂപ വരെയും വര്‍ധനവുണ്ടായേക്കാം എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നുള്ള സൂചനകള്‍. അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് സമാപിച്ച പശ്ചാത്തലത്തില്‍ ഏപ്രില്‍ മാസത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് വിലക്കയറ്റം ഒഴിവാക്കാനാവാത്ത ഒന്നാണെന്ന് ധനമന്ത്രാലയം ആവര്‍ത്തിച്ച് പറയുന്നത്. പെട്രോള്‍, ഡീസല്‍, ഗാര്‍ഹിക എല്‍പിജി വില ഉയര്‍ത്തണമെന്ന് എല്ലാ എണ്ണ കമ്പനികളും ആവശ്യമുയര്‍ത്തിയിട്ടുണ്ട്. അതേസമയം 19 കിലോ ഭാരമുള്ള എല്‍പിജി വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ ഒറ്റയടിക്ക് 993 രൂപയുടെ വര്‍ധനവ് വരുത്തിയത് ഹോട്ടല്‍ മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുകഴിഞ്ഞു. വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ഈമാസം ആറിന് ഹോട്ടലുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് ഹോട്ടലുടമകളുടെ സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ധനത്തീയില്‍ നിന്ന് വിലക്കയറ്റത്തിന്റെ വറചട്ടിയിലേക്കോ
പശ്ചിമേഷ്യന്‍ യുദ്ധസംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിലക്കയറ്റം ഒഴിവാക്കാനാവില്ലെന്ന് ഏപ്രില്‍ മാസത്തെ സാമ്പത്തികാവലോകന റിപ്പോര്‍ട്ടില്‍ ധനമന്ത്രാലയം എടുത്തുപറയുന്നുണ്ട്. വൈകാതെ സമസ്ത മേഖലകളിലും വിലക്കയറ്റം ബാധിച്ചേക്കും. ഹോര്‍മുസ് കടലിടുക്കിലെ ഗതാഗത തടസങ്ങള്‍ ഇന്ത്യയുടെ ഊര്‍ജ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. എണ്ണ ടാങ്കറുകളുടെ സഞ്ചാരം തടസപ്പെടുന്നത് രാജ്യത്ത് ഇന്ധന, പ്രകൃതിവാതക, എല്‍പിജി ക്ഷാമം രൂക്ഷമാക്കി. അസംസ്‌കൃത എണ്ണ വില ബാരലിന് 116.5 ഡോളറിലെത്തിക്കഴിഞ്ഞു. ഫെബ്രുവരി അവസാനത്തില്‍ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് 70 ഡോളര്‍ ആയിരുന്ന എണ്ണവിലയാണ് ഇപ്പോള്‍ 126 ഡോളര്‍ വരെ എത്തിയത്. എണ്ണവിലയിലെ കുതിച്ചുകയറ്റം വന്‍ വിലക്കയറ്റത്തിന് കാരണമാകുമെന്നാണ് മുന്നറിയിപ്പ്. മാത്രമല്ല നിലവിലെ ആഗോള പ്രതിസന്ധി ഊര്‍ജം, ഓട്ടോമൊബൈല്‍, ടെക്സ്റ്റൈല്‍സ്, നിര്‍മാണ മേഖലകളെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഓഹരി വിപണിയിലാകട്ടെ വന്‍ തകര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതിനാല്‍ ഡോളര്‍ കരുത്താര്‍ജിക്കുകയാണ്. ഇത് ഇന്ത്യന്‍ രൂപയെ തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് നയിക്കുന്നു. വിമാന ഇന്ധനവില ഉയര്‍ന്നതോടെ സാധാരണക്കാരായ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ടിക്കറ്റ് നിരക്ക് വര്‍ധനയില്‍ പൊറുതിമുട്ടുകയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പ്രത്യാഘാതമായി പണപ്പെരുപ്പം കൂടാനും സാധ്യതയുണ്ടെന്ന് ധനമന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.
ഇന്ധന വിലവര്‍ധനവിന്റെ കരിനിഴലില്‍
നിത്യജീവിതം താറുമാറാകുംവിധം ഇന്ധന വിലവര്‍ധനവിന്റെ കരിനിഴലിലാകുമോ എന്ന ആശങ്കയിലാണ് രാജ്യം. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആഭ്യന്തര വിപണിയിലും വില പുതുക്കണമെന്ന് കമ്പനികള്‍ അവകാശപ്പെട്ടുകഴിഞ്ഞു. നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 20 രൂപ നഷ്ടമാണെന്നാണ് കമ്പനികള്‍ അവകാശപ്പെടുന്നത്. വൈകാതെ ഡീസലില്‍ വരുന്ന നഷ്ടം ലിറ്ററിന് 100 രൂപയിലേക്കെത്തുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. ഈ ആവശ്യം തല്‍ക്കാലം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ഒരാഴ്ചക്കുള്ളില്‍ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വിലവര്‍ധനവ് അംഗീകരിക്കുകയാണെങ്കില്‍, ഏകദേശം നാല് വര്‍ഷത്തിന് ശേഷമാകും രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ധനയുണ്ടാകുന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളില്‍ എത്തിയതോടെ തങ്ങള്‍ വലിയ നഷ്ടം നേരിടുകയാണെന്ന് എണ്ണക്കമ്പനികള്‍ വാദിക്കുന്നു. ലിറ്ററിന് 10 മുതല്‍ 20 രൂപ വരെ വര്‍ധിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായെങ്കിലും ഉടന്‍ വില വര്‍ധിപ്പിക്കുന്നത് സാധാരണക്കാരെ ദോഷകരമായി ബാധിക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നു. ഇന്ധന വില വര്‍ധന സംബന്ധിച്ച് നിലവില്‍ യാതൊരു ശുപാര്‍ശയും പരിഗണനയിലില്ലെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കമ്പനികള്‍ പെട്രോള്‍ പമ്പുകളിലേക്കുള്ള ഇന്ധന വിതരണം പരിമിതപ്പെടുത്തുന്നുണ്ടെന്നാണ് ഉയരുന്ന പരാതി.
ഹോട്ടല്‍ മേഖല പ്രതിസന്ധിയില്‍
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് പിന്നാലെ 19 കിലോ ഭാരമുള്ള എല്‍പിജി വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ ഒറ്റയടിക്ക് 993 രൂപയുടെ വര്‍ധന വരുത്തിയത് ഹോട്ടല്‍ മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റദിന വര്‍ധനവാണിത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഇതുവരെ 1,380 രൂപയാണ് കൂടിയത്. വെറും മൂന്ന് മാസത്തിനുള്ളില്‍ 81 ശതമാനത്തിന്റെ വര്‍ധനവ്. പുതുക്കിയ നിരക്കുപ്രകാരം ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 3,072 രൂപയായും മുംബൈയില്‍ 3,024 രൂപയായും ഉയര്‍ന്നു. ഫെബ്രുവരി 28ന് ഇറാന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിക്കുന്നത്. മാര്‍ച്ചില്‍ 144 രൂപയും ഏപ്രിലില്‍ 200 രൂപയും വര്‍ധിപ്പിച്ചു. ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഉപയോഗിക്കുന്ന ഛോട്ടുഗ്യാസ് സിലിണ്ടറിന് നേരത്തെ ക്ഷാമം നേരിട്ടിരുന്നു. നിരവധിപേര്‍ നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യവുമുണ്ടായി. പുതിയ വര്‍ധനവ് ഹോട്ടലുകള്‍, റസ്റ്റാറന്റുകള്‍, മറ്റ് ചെറുകിട വ്യവസായങ്ങള്‍ എന്നിവയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
പുറംഭക്ഷണ വിലയില്‍ തീപിടിക്കും
ഗ്യാസ് വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ഈമാസം ആറിന് അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് ഹോട്ടലുടമകളുടെ സംഘടന പ്രഖ്യാപിച്ചുകഴിഞ്ഞു. വന്‍വിലക്കയറ്റം ഹോട്ടല്‍ മേഖലയുടെ നിലനില്‍പ്പിനെതന്നെ ബാധിക്കുമെന്ന് അവര്‍ ആശങ്കപ്പെടുന്നു. ശരാശരി ഹോട്ടലിന് ഒരു ദിവസം നാലു സിലിണ്ടര്‍വരെ ഗ്യാസ് വേണം. ഇങ്ങനെ നാലുസിലിണ്ടര്‍ ഉപയോഗിക്കുന്ന ഇടത്തരം ഹോട്ടലുകള്‍ക്ക് ഒരു മാസം ഗ്യാസ് ഇനത്തില്‍ മാത്രം ഒന്നര ലക്ഷം രൂപ അധികം ചെലവ് വരും. ഇക്കഴിഞ്ഞ ജനുവരിയില്‍ 1800 രൂപയായിരുന്ന സിലിണ്ടര്‍ വിലയാണ് 3100 കടന്നിരിക്കുന്നത്. ചെറുകിട, ഇടത്തരം ഹോട്ടലുകളെയും ഇവിടങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നവരെയുമാണ് വിലക്കയറ്റം വയറ്റത്തടിക്കുക. തൊഴിലാളികള്‍, ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍, സ്വകാര്യ സ്ഥാപനങ്ങിലും മറ്റും തൊഴിലെടുക്കുന്ന ഭക്ഷണത്തിന് സ്ഥിരം ഹോട്ടലുകളെ ആശ്രയിക്കുന്ന ജീവനക്കാര്‍ എന്നിവര്‍ക്ക് വിലക്കയറ്റം വന്‍ ദുരിതമാണ് സമ്മാനിക്കുക. വിലവര്‍ധനവിനെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്.
ആശ്വാസ പാക്കേജ് വരും; പക്ഷേ ആര്‍ക്ക്
കയറ്റുമതി-ഇറക്കുമതി മേഖലകള്‍ സ്തംഭിക്കുകയും എല്‍പിജി ക്ഷാമം രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തില്‍ എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീമിന് കീഴില്‍ 2.5 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. പശ്ചിമേഷ്യയില്‍ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ വിമാന ഇന്ധനവില കുത്തനെ ഉയരുന്നതിനിടെ വിമാനക്കമ്പനികള്‍ക്കായി 5,000 കോടി രൂപയുടെ ക്രെഡിറ്റ് സ്‌കീമാണ് പരിഗണനയിലുള്ളത്. ഓരോ കമ്പനിക്കും 1000 കോടി രൂപ വരെ സര്‍ക്കാര്‍ ഗ്യാരന്റിയോടെ വായ്പ നല്‍കും. ഗള്‍ഫ് യാത്രക്കാരുടെ ആശങ്കകള്‍ക്കും യാത്രാ നിയന്ത്രണങ്ങള്‍ക്കും ശാശ്വത പരിഹാരം കാണുന്നതിന് പകരം കമ്പനികളുടെ സാമ്പത്തിക ബാധ്യത ലഘൂകരിക്കാനാണ് കേന്ദ്രം മുന്‍ഗണന നല്‍കുന്നത്. ജാമ്യമില്ലാത്ത വായ്പകള്‍ എന്ന പേരില്‍ ബാങ്കുകള്‍ വഴി നല്‍കുന്ന ഈ പാക്കേജ് ചെറുകിട സംരംഭകര്‍ക്ക് എത്രമാത്രം പ്രയോജനപ്പെടും എന്ന് കണ്ടറിയണം.
അന്നംമുടക്കിയാകുമോ വിലക്കയറ്റം
വിപണിയിലെ കയറ്റിറക്കങ്ങള്‍ക്കും എണ്ണക്കമ്പനികളുടെ ലാഭനഷ്ടങ്ങള്‍ക്കും അപ്പുറം പാവപ്പെട്ടവന്റെ അന്നത്തെ ബാധിക്കുന്ന തീരുമാനങ്ങളില്‍ ഭരണകൂടത്തിന് കരുതല്‍ ഉണ്ടാവേണ്ടതുണ്ട്. യുദ്ധ പശ്ചാത്തലമാണെങ്കിലും ജനസമൂഹത്തിന് കനത്ത ആഘാതമുണ്ടാകാതെ നികുതികുറച്ചും സബ്സിഡികള്‍ ഫലപ്രദമായി നടപ്പാക്കിയും വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാരിനാകണം. അല്ലെങ്കില്‍ അടുക്കള മുതല്‍ വിപണി വരെ നീളുന്ന വിലക്കയറ്റത്തിന്റെ തീയില്‍ സാധാരണക്കാരന്റെ ജീവിതം വെന്തുരുകും എന്നതില്‍ സംശയമില്ല.