SPOTLIGHT | തൃശൂരിലും ഡിലീറ്റ് ചെയ്തു, 24,472 വോട്ടുകള്‍!

ഇതില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്നറിയാന്‍ വോട്ടര്‍മാരെ നേരിട്ട് കണ്ട് വിവരം തേടണം.
സ്പോട്ട്ലൈറ്റ്
സ്പോട്ട്ലൈറ്റ്
Published on

കര്‍ണാടകയിലെ ആലന്ദ് ചര്‍ച്ചയായപ്പോള്‍ ഉയര്‍ന്ന ചോദ്യമാണ്, അപ്പോള്‍ തൃശൂരോ? ആലന്ദ് നിയമസഭാ മണ്ഡലത്തില്‍ 6018 വോട്ടര്‍മാരെയാണ് ഡിലീറ്റ് ചെയ്തത്. എങ്കില്‍ തൃശൂരെത്ര? രണ്ടു ദിവസമായി മുഴങ്ങുന്ന ഈ ചോദ്യത്തിനുള്ള ഉത്തരം ഇതാണ്. തൃശൂര്‍ ലോക് സഭാ മണ്ഡലത്തില്‍ ഡിലീറ്റ് ചെയ്ത വോട്ടര്‍മാരുടെ എണ്ണം ഒന്നും രണ്ടുമല്ല, 24,472 ആണ്. അത് വോട്ടര്‍പട്ടിക പുതുക്കല്‍ കാലത്ത് മുഴുവന്‍ ചെയ്തതുമല്ല. കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത് 2023 ഒക്ടോബര്‍ 27ന് ആണ്. അതിനു ശേഷം മാത്രം 25,194 അപേക്ഷകളാണ് വോട്ടര്‍മാരെ നീക്കം ചെയ്യാന്‍ തൃശൂര് എത്തിയത്. അതില്‍ 24,472 അപേക്ഷകളും അംഗീകരിച്ചു. അതായത് കിട്ടിയ അപേക്ഷയുടെ 97.13 ശതമാനം അപേക്ഷകളും അംഗീകരിച്ചു. അംഗീകരിച്ചു എന്നാല്‍ അതിനര്‍ത്ഥം അവയെല്ലാം ഡിലീറ്റ് ചെയ്തു എന്നാണ്. ഇതില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്നറിയാന്‍ വോട്ടര്‍മാരെ നേരിട്ട് കണ്ട് വിവരം തേടണം.

തൃശൂരിലും ഡിലീറ്റ് ചെയ്തു, 24,472 വോട്ടുകള്‍!

തൃശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോള്‍ ചിലരെങ്കിലും ബൂത്തിലെത്തി പരാതി പറയുന്ന സ്ഥിതി ഉണ്ടായിരുന്നു. സ്വന്തം വോട്ട് കാണാനില്ല എന്നായിരുന്നു ആ പരാതി. കുറച്ചുപേരുടെയെങ്കിലും വോട്ട് അവരറിയാതെ ഡിലീറ്റ് ചെയ്തു എന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. ആലന്ദ് നിയമസഭാ മണ്ഡലത്തില്‍ സംഭവിച്ചതുപോലെ അയല്‍വാസിയുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റാരെങ്കിലുമാണോ അപേക്ഷ നല്‍കിയത് എന്നറിയാന്‍ അന്വേഷണം നടക്കേണ്ടതുണ്ട്. അതൊക്കെ പരിശോധിച്ചു കണ്ടെത്തേണ്ട ഉത്തരവാദിത്തം സ്ഥാനാര്‍ഥിമാര്‍ക്കും ബന്ധപ്പെട്ട പാര്‍ട്ടികള്‍ക്കുമാണ്. പക്ഷേ, ഒരു ചോദ്യമുണ്ട്. ആരു വിചാരിച്ചാലും ഇങ്ങനെ പേര് നീക്കം ചെയ്യാന്‍ കഴിയുമോ? രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിച്ചതിനു പിന്നാലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നത് അതു സാധിക്കില്ല എന്നാണ്. പക്ഷേ അതത് മണ്ഡലത്തിലെ ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഓഫിസര്‍മാരും ബൂത്ത് ലെവല്‍ ഓഫിസര്‍മാരും വിചാരിച്ചാല്‍ എന്തും സംഭവിക്കും എന്നാണ് ഇപ്പോള്‍ നല്‍കാന്‍ കഴിയുന്ന ഉത്തരം. രാഹുല്‍ ഗാന്ധി പറഞ്ഞതുപോലെ എങ്ങനെയാണ് മറ്റൊരു മണ്ഡലത്തിലിരുന്ന് വോട്ട് ഡിലീറ്റ് ചെയ്യുന്നത് എന്ന ചോദ്യവും തെരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയും ഉയര്‍ത്തി. അങ്ങനെ ചെയ്യാന്‍ കഴിയും എന്നാണ് ന്യൂസ് മലയാളത്തിന് വ്യക്തമായി മനസ്സിലായത്. വോട്ട് ഡിലീറ്റ് ചെയ്യാനുള്ള അപേക്ഷ നല്‍കാന്‍ മണ്ഡലത്തില്‍ കയറുക പോലും വേണ്ട. നോക്കാം ആ വഴികള്‍.

സ്പോട്ട്ലൈറ്റ്
എ.കെ ആന്റണിയുടെ പൊലീസ് വീഴ്ച വരുത്തിയോ?

വോട്ട് ഡിലീറ്റ് ചെയ്യുന്ന വഴികള്‍

ഓരോ മണ്ഡലത്തിലും ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ എന്ന ഇആര്‍ഒമാരുണ്ട്. പേര് നീക്കംചെയ്യുന്നതില്‍ അവര്‍ക്കാണ് പൂര്‍ണാധികാരം. നമുക്ക് ഒരാളുടെ പേര് നീക്കം ചെയ്യാന്‍ ഒരു തെളിവും ഹാജരാക്കേണ്ടതില്ല എന്നതാണ് ഒന്നാമത്തെ വലിയ ആനുകൂല്യം. നമ്മുടെ ബൂത്തിലെ ഏതെങ്കിലും വീട്ടിലുള്ള പത്തോ പന്ത്രണ്ടോ പേരുടെ പേര് നീക്കം ചെയ്യാന്‍ നമുക്ക് തന്നെ അപേക്ഷ നല്‍കാം. ഇതിനായി ഫോം സെവന്‍ പൂരിപ്പിക്കണം. ഈ ഫോം തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ക്ക് നേരിട്ടു നല്‍കാം. അല്ലെങ്കില്‍ ഓണ്‍ലൈനായും നല്‍കാം. ഈ മാര്‍ഗമാണ് ആലന്ദ് മണ്ഡലത്തില്‍ കൂടുതലായി ഉപയോഗിച്ചത്. ഇതിനായി ഇസിഐ നെറ്റ് ആപ്പ് ഫോണില്‍ ഡൌണ്‍ലോഡ് ചെയ്യണം. ഇതു വേരിഫൈ ചെയ്യാന്‍ മാത്രമാണ് ഒരു ഫോണ്‍ നമ്പര്‍ ആവശ്യമുള്ളത്. ഒരു ബൂത്തിലെ ഏതെങ്കിലും അംഗത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ കിട്ടിയാല്‍ കാര്യം എളുപ്പമായി. ഈ നമ്പര്‍ ഉപയോഗിച്ച് ആപ്പില്‍ ലോഗിന്‍ ചെയ്യാം. അതിന് ഏതു ഫോണ്‍ നമ്പറും ഉപയോഗിക്കുകയും ചെയ്യാം. തൃശൂര്‍ മണ്ഡലത്തിലെ ഒന്നാം നമ്പര്‍ ബൂത്തിലെ ഒന്നാമത്തെ വോട്ടറുടെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് ഡല്‍ഹിയിരിരുന്ന് ഇതു ചെയ്യാന്‍ കഴിയും. മറ്റൊരു ഫോണ്‍ നമ്പരില്‍ ഒടിടി സ്വീകരിച്ചാല്‍ മാത്രം മതി. പിന്നെ ചെയ്യുന്നതെല്ലാം ആ ബുത്തിലെ വോട്ടറാണ് എന്നുമാത്രമായിരിക്കും രേഖകള്‍. തൃശൂരെ ഒരു വോട്ട് മഹാരാഷ്ട്രയിലിരുന്നു വേണമെങ്കിലും ഡിലീറ്റ് ചെയ്യാന്‍ അപേക്ഷ നല്‍കാം. അതിന് രാഹുല്‍ ഗാന്ധി പറഞ്ഞതുപോലെ പ്രത്യേക സോഫ്റ്റ് വെയറൊന്നും ആവശ്യമില്ല.

സ്പോട്ട്ലൈറ്റ്
SPOTLIGHT | കേരളത്തിന്റെ ഖജനാവിലെന്തുണ്ട്, നമുക്കെന്ത് കിട്ടും?

വളരെ ഈസിയാണ്, ഡിലീറ്റ് ചെയ്യല്‍!

ആരുടെയൊക്കെ പേരുകളാണോ നീക്കം ചെയ്യേണ്ടത് അവരുടെയൊക്കെ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിലെ നമ്പര്‍ എന്റര്‍ ചെയ്യുക. അഞ്ചുകാരണങ്ങളാലാണ് പേര് നീക്കം ചെയ്യാന്‍ അനുവദിക്കുന്നത്. ഒന്നാമത്തേത് മരണം. വോട്ടര്‍ മരിച്ചുപോയി എന്ന് അറിയിച്ചാല്‍ മതി. ഇതിന് തെളിവ് ആവശ്യമില്ല. രണ്ടാമത്തേത് പ്രായപൂര്‍ത്തിയായില്ല എന്ന കാരണമാണ്. 18 വയസ്സു തികഞ്ഞില്ല എന്ന് എഴുതി നല്‍കിയാല്‍ മതി. ഇതിനും തെളിവ് വേണ്ട. മൂന്നാമത്തേത് സ്ഥലംമാറിപ്പോയി എന്ന കാരണമാണ്. ഇതാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. നാലാമത്തെ കാരണം ഇന്ത്യന്‍ പൗരനല്ല എന്നതാണ്. അഞ്ചാമത്തെ കാരണം വോട്ട് ഇരട്ടിപ്പാണ്. വോട്ടര്‍ പട്ടികയില്‍ രണ്ടിടത്തു പേരുണ്ടെന്നു ചൂണ്ടിക്കാണിച്ചും ഡിലീറ്റ് ചെയ്യാനുള്ള അപേക്ഷ നല്‍കാം. അപേക്ഷ നല്‍കുന്ന പ്രോസസ് ഇത്ര ലളിതമാണ്. ഇതുകഴിഞ്ഞാല്‍ ഉള്ളത് സങ്കല്‍പത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ്. അപേക്ഷ ലഭിച്ച ഇആര്‍ഒമാര്‍ വോട്ടര്‍ക്ക് നോട്ടീസ് അയയ്ക്കണം. ഏഴു ദിവസത്തിനുള്ളില്‍ വോട്ടര്‍ മറുപടി നല്‍കണം. മറുപടി നല്‍കിയില്ലെങ്കില്‍ ബിഎല്‍ഒമാര്‍ പ്രാദേശികമായി അന്വേഷിക്കണം. അപേക്ഷയില്‍ പറഞ്ഞ കാര്യം ശരിയാണെന്ന് ബിഎല്‍ഒ അറിയിച്ചാല്‍ പിന്നെ താമസമില്ല. ആ പേര് പട്ടികയില്‍ നിന്നു നീക്കം ചെയ്യും. ബിഎല്‍ഒമാരും ഇആര്‍ഒമാരും ഒത്തുകളിക്കുമെന്നാണ് കര്‍ണാടകയിലെ ആലന്ദില്‍ നിന്നു മനസ്സിലായത്. അങ്ങനെ ഒത്തുകളിച്ചതുകൊണ്ടുമാത്രമാണ് ജീവിച്ചിരുന്ന 6018 പേരുടെ വോട്ടുകള്‍ ഡിലീറ്റ് ചെയ്തത്. അത്തരം ഒരു കാര്യം സ്വാഭാവികമായും സംഭവിക്കാം. ഡിലീറ്റ് ചെയ്യാന്‍ ലഭിക്കുന്ന അപേക്ഷകളില്‍ വലിയ പരിശോധനയൊക്കെ നടക്കുന്നതു തന്നെ അപൂര്‍വമാണ്. ജോലിത്തിരക്കുള്ള ബിഎല്‍ഒമാര്‍ ആളെ അന്വേഷിച്ചു, കണ്ടെത്തിയില്ല എന്നാണ് സാധാരണ റിപ്പോര്‍ട്ട് നല്‍കുന്നത്. ആ ഒരൊറ്റ കാരണം മതി വോട്ട് ഡിലീറ്റാകാന്‍.

കൂടുതല്‍ മണ്ഡലങ്ങളില്‍ സംശയിക്കണോ?

മരിച്ചെന്നോ പ്രായമായില്ലെന്നോ ഒക്കെ പറഞ്ഞ് ഡിലീറ്റ് ചെയ്യാന്‍ അപേക്ഷ കിട്ടിയാല്‍ ഒരു തെളിവും വേണ്ട എന്നതാണ് ഏറ്റവും വലിയ ദുരൂഹത. ഏഴുദിവസത്തെ സമയം മാത്രമാണ് മറുപടിക്കുള്ളത് എന്നതിനാല്‍ ഇതൊന്നും വോട്ടര്‍ അറിയണമെന്നും നിര്‍ബന്ധമില്ല. രാജ്യത്ത് എവിടെ നിന്നുവേണമെങ്കിലും ഏതു ബൂത്തിലേയും വോട്ടറെ ഡിലീറ്റ് ചെയ്യാം. ആ ബൂത്തിലെ തന്നെ ഒരു വോട്ടറുടെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് ഏതെങ്കിലും ഫോണില്‍ നിന്ന് ലോഗിന്‍ ചെയ്താല്‍ മാത്രം മതി. തൃശൂര്‍ ലോക് സഭാമണ്ഡലത്തില്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച ശേഷം മാത്രം ഡിലീറ്റ് ചെയ്യാന്‍ ലഭിച്ച അപേക്ഷകളാണ് 25,194. അതിന്റെ 97 ശതമാനവുമാണ് അംഗീകരിക്കപ്പെട്ടത്. 24,472 അപേക്ഷകളിലും ബിഎല്‍ഒമാര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു എന്നാണ് രേഖകള്‍. ഇങ്ങനെ ഡിലീറ്റ് ചെയ്ത വോട്ടര്‍മാരില്‍ എത്രപേര്‍ ആ മണ്ഡലത്തില്‍ ഉണ്ടായിരുന്നു എന്നു കണ്ടെത്തുകയാണ് ഇനി പാര്‍ട്ടികള്‍ ചെയ്യേണ്ടത്. ഒരുകാര്യം തറപ്പിച്ചു പറയാം. കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച ശേഷം ഇത്രയേറെ വോട്ടുകള്‍ ഡിലീറ്റ് ചെയ്യാന്‍ അപേക്ഷകള്‍ വരുന്നതു ദുരൂഹം തന്നെയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com