SPOTLIGHT | വിമാനം തകര്‍ന്നത് അപകടമോ, അട്ടിമറിയോ?

അനുഭവപരിചയം ഇല്ലാത്ത പൈലറ്റുമാരാണെങ്കില്‍ അങ്ങനെ ഒരബദ്ധം സംഭവിക്കാം. പക്ഷേ, അനേകം ചുഴികളും ആകാശ ഗര്‍ത്തങ്ങളും അതിജീവിച്ച രണ്ടു പൈലറ്റുമാരായിരുന്നു കോക്പിറ്റില്‍
സ്പോട്ട്ലൈറ്റ്
സ്പോട്ട്ലൈറ്റ്
Published on

അഹമ്മദാബാദ് വിമാന അപകടത്തിന് കാരണം കണ്ടെത്തി. അത് വിമാനത്തിന്റെ രണ്ട് എഞ്ചിനുകളിലേക്കുള്ള ഇന്ധനവിതരണം നിലച്ചതാണ്. ആ ഒരു ചോദ്യത്തിനു മാത്രമേ ഉത്തരം ആയിട്ടുള്ളു. എന്നാല്‍ അതെങ്ങനെ സംഭവിച്ചു എന്നു തുടങ്ങി അനേകമനേകം ചോദ്യങ്ങള്‍ ഉയരുകയാണ്. അവയ്‌ക്കൊന്നും ഉത്തരം നല്‍കാന്‍ പര്യാപ്തമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എങ്ങനെ ഇന്ധന സ്വിച്ചുകള്‍ റണ്‍ എന്ന സ്ഥാനത്തു നിന്ന് കട്ട് ഓഫ് എന്ന സ്ഥാനത്തേക്കു മാറി. ആരെങ്കിലും അങ്ങനെ മാറ്റാതെ അതു സംഭവിക്കുമോ? പൈലറ്റുമാരില്‍ ആര്‍ക്കെങ്കിലും അബദ്ധം പറ്റിയോ? അതോ അവരിലൊരാള്‍ മനപൂര്‍വ്വം അതു ചെയ്‌തോ? രണ്ടു സ്വിച്ചുകളും ഒരേസമയം അബദ്ധത്തില്‍ ഓഫ് ആക്കാന്‍ കഴിയില്ല. രണ്ടും പ്രത്യേക സ്വിച്ചുകളാണ്. ആദ്യം സ്വിച്ച് പൈലറ്റിന് അഭിമുഖമായി ഉയര്‍ത്തണം. എന്നിട്ടു താഴ്ത്തുമ്പോഴാണ് കട്ട് ഓഫ് ആകുന്നത്. ഇങ്ങനെ രണ്ടു സ്വിച്ചുകളും ഓഫ് ചെയ്തതാണ് ഇന്ധനവിതരണം നിലയ്ക്കാന്‍ കാരണം. മനപൂര്‍വ്വം ചെയ്താലല്ലാതെ സംഭവിക്കാന്‍ സാധ്യത തീരെക്കുറവ്. ഇനി ഒരു സ്വിച്ച് അബദ്ധത്തില്‍ ഓഫ് ആക്കാം. അതിനു ശേഷം ആ പരിഭ്രാന്തിയില്‍ രണ്ടാമത്തെ സ്വിച്ചില്‍ കൈവച്ച് അതും ഓഫ് ആവുകയും ചെയ്യാം. അനുഭവപരിചയം ഇല്ലാത്ത പൈലറ്റുമാരാണെങ്കില്‍ അങ്ങനെ ഒരബദ്ധം സംഭവിക്കാം. പക്ഷേ, അനേകം ചുഴികളും ആകാശ ഗര്‍ത്തങ്ങളും അതിജീവിച്ച രണ്ടു പൈലറ്റുമാരായിരുന്നു കോക്പിറ്റില്‍. അവരുടെ മധ്യത്തിലായിരുന്നു രണ്ട് ഇന്ധന സ്വിച്ചുകളും.

വിമാനം തകര്‍ന്നത് അപകടമോ, അട്ടിമറിയോ?

'ആരാണ് ഫ്യൂവല്‍ സ്വിച്ചുകള്‍ ഓഫ് ചെയ്തത്? അതു ഞാനല്ല.' ഈ രണ്ടു വാചകങ്ങളാണ് ആ കോക്പിറ്റില്‍ നിന്ന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഒരു പൈലറ്റ് രണ്ടാമത്തെ പൈലറ്റിനോട് ചോദിക്കുന്നതാണ്. ചോദിച്ചത് ആരാണെന്നോ മറുപടി പറഞ്ഞത് ആരാണെന്നോ അന്വേഷണ സംഘം വ്യക്തമാക്കിയിട്ടില്ല. ടേക് ഓഫ് ചെയ്ത് 35 സെക്കന്‍ഡിനുള്ളിലാണ് ഈ സംഭാഷണം. 10 സെക്കന്‍ഡ് മാത്രമാണ് രണ്ട് എന്‍ജിനുകളിലേക്കും ഇന്ധനം എത്താതിരുന്നത്. ശേഷം ആദ്യം ഒന്നിലേക്കും നാലു സെക്കന്‍ഡിനു ശേഷം രണ്ടാമത്തേതിലേക്കും ഇന്ധനം എത്തിത്തുടങ്ങി. എന്നിട്ടും പറന്നുയരാന്‍ കഴിയാതെ വന്നതിന് ഒരു കാരണമേയുള്ളു. ഓണാക്കിയാലും രണ്ടു മിനിറ്റിന് അടുത്ത സമയം കൊണ്ടുമാത്രമേ എന്‍ജിനുകള്‍ പൂര്‍ണ സജ്ജമാവുകയുള്ളു. പറന്നുയര്‍ന്ന് എതാനും മീറ്ററുകള്‍ മാത്രമേ ആയിരുന്നുള്ളു. അതിനാല്‍ അവിടെ നിന്ന് എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിച്ച് ഉയരാന്‍ കഴിഞ്ഞില്ല. അതോടെ വിമാനം തകരുകയല്ലാതെ മറ്റൊരു സാധ്യതയും ഉണ്ടായിരുന്നില്ല. വിമാനത്തിന് രണ്ട് എന്‍ജിനും പ്രവര്‍ത്തിക്കാത്തപ്പോള്‍ ഊര്‍ജം പകരുന്നത് രണ്ടു സംവിധാനങ്ങളാണ്. റാം എയര്‍ ടര്‍ബനും, ഓക്‌സിലറി എയര്‍ യൂണിറ്റും. ഇവ രണ്ടും പ്രവര്‍ത്തിച്ചെങ്കിലും ആവശ്യത്തിനുള്ള കുതിപ്പ് ലഭിച്ചില്ല. പരമാവധി ഉയരത്തില്‍ പറക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങളുടെ സമയത്തു മാത്രമാണ് ഇവ രണ്ടും പ്രയോജനപ്പെടുന്നത്. കോക്പിറ്റില്‍ രണ്ടുപൈലറ്റുമാരല്ലാതെ മൂന്നാമതൊരാള്‍ ഉണ്ടാകാന്‍ ഒരു സാധ്യതയുമില്ല. പ്രത്യേകിച്ചും ടേക്ക് ഓഫ് സമയത്ത്. അല്ലാത്ത സമയത്തും ക്യാബിന്‍ ക്രൂവിനു പോലും കോക്പിറ്റിലേക്കു പ്രവേശനം അനുവദിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ രണ്ടു പൈലറ്റുമാരില്‍ ഒരാളാകണം അപകടത്തിനു കാരണക്കാരന്‍. അതെങ്ങനെ സംഭവിക്കും?

മലേഷ്യന്‍ വിമാനത്തിന് സംഭവിച്ചത്?

വിമാന അപകട ചരിത്രത്തിലെ ഏറ്റവും വലിയ ദുരൂഹതയാണ് മലേഷ്യന്‍ വിമാനം അപ്രത്യക്ഷമായത്. ഒരു പതിറ്റാണ്ടു മുന്‍പ് എം എച്ച് 370 അപ്രത്യക്ഷമാകുമ്പോള്‍ നിരവധി സാധ്യതകള്‍ കല്‍പ്പിക്കപ്പെട്ടു. അതില്‍ ഏറ്റവും പ്രാബല്യം നേടിയത് പൈലറ്റിന്റെ ആത്മഹത്യയായിരുന്നു. വിമാനം മനപ്പൂര്‍വം കടലിലേക്ക് ഓടിച്ചിറക്കാതെ അങ്ങനെ ഒരു അപകടം സാധ്യമാകില്ല എന്നാണ് വിദഗ്ധര്‍ വാദിച്ചത്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ മൂലം പൈലറ്റ് മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. മനോനില തെറ്റിയ പൈലറ്റ് ഒരു നിമിഷത്തെ വിഭ്രാന്തിയില്‍ വിമാനം കടലിലേക്ക് പറപ്പിച്ചിറക്കിയിരിക്കാം. അതായിരുന്നു ആ കണ്ടെത്തല്‍. മലേഷ്യന്‍ എയര്‍വേസൊക്കെ പൈലറ്റുമാര്‍ക്ക് പ്രത്യേക പരിശീലനമോ നിരീക്ഷണമോ നടത്തുന്നില്ല എന്നും അന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. പാശ്ചാത്യ രാജ്യങ്ങളിലൊക്കെ പൈലറ്റുമാരുടെ മനോനില അനുനിമിഷം വിലയിരുത്താറുണ്ട്. സമ്മര്‍ദത്തിലാണ് എന്നു വ്യക്തമായാല്‍ വിമാനം പറത്താന്‍ അനുവാദം നല്‍കാറില്ല. എയര്‍ ഇന്ത്യയുടെ പൈലറ്റുമാര്‍ രണ്ടുപേരും അനേകമനേകം മണിക്കൂറുകളുടെ പറക്കല്‍ കഴിഞ്ഞവരാണ്. ഇരുവര്‍ക്കും വിമാനയാത്രയെക്കുറിച്ച് വ്യക്തമായ ധാരണകളുണ്ട്. ഇവരില്‍ ഒരാളുടെ മാനസിക നില തകരാറിലായാല്‍ മാത്രമാണ് മനപൂര്‍വ്വമായ ഒരു അപകടം സംഭവിക്കുക. ഇരുവരും അങ്ങനെ ചെയ്യാന്‍ മാത്രം പ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്നോ എന്നതില്‍ വ്യക്തതയില്ല. പൈലറ്റുമാരില്‍ ചാരി അന്വേഷണം അവസാനിപ്പിക്കാനുള്ള ശ്രമമാണോ നടക്കുന്നത് എന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്.

വിമാനക്കമ്പനികള്‍ ഗൂഢാലോചന നടത്തിയോ

ബോയിങ് വിമാനക്കമ്പനിക്ക് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നു വരുത്താന്‍ തുടക്കം മുതലേ ശ്രമമുണ്ടായോ? അങ്ങനെയായിരുന്നു നേരത്തെ മുതലുള്ള റിപ്പോര്‍ട്ടുകള്‍. അപകടത്തിനു തൊട്ടുപിന്നാലെ തന്നെ ഹ്യൂമന്‍ ഇറര്‍ അഥവാ മാനുഷിക പിഴവ് എന്ന പ്രചാരണം ഉയര്‍ന്നിരുന്നു. പൈലറ്റുമാര്‍ക്ക് അബദ്ധം സംഭവിച്ചാലല്ലാതെ ഇങ്ങനെ അപകടം ഉണ്ടാകില്ലെന്ന് പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കികൊണ്ടിരുന്നു. ഇപ്പോഴത്തെ അന്വേഷണ റിപ്പോര്‍ട്ട് വരുന്നതിന് രണ്ടു ദിവസം മുന്‍പ് തന്നെ രണ്ട് അമേരിക്കന്‍ മാധ്യമങ്ങള്‍ ഈ വിവരം പുറത്തുവിട്ടു. ഇന്ത്യയില്‍ നടക്കുന്ന അന്വേഷണത്തിന്റെ വിവരങ്ങള്‍ എങ്ങനെ പുറത്തെത്തി എന്ന ചോദ്യം ന്യായമായും ഉയര്‍ന്നു. അന്വേഷണത്തിന്റെ ഭാഗമായി വിമാനക്കമ്പനിയുമായി പങ്കുവച്ച വിവരങ്ങള്‍ ചോര്‍ന്നതാകാം. അതെന്താണെങ്കിലും ഒരുകാര്യം സ്പഷ്ടമാണ്. ബോയിങ്ങിന് ഒരു പ്രശ്‌നവുമില്ലെന്ന മട്ടില്‍ ആദ്യ ദിവസം മുതല്‍ തന്നെ പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മനപൂര്‍വ്വം ചെയ്യാതെ ഓഫ് ആകില്ല എന്നു ബോയിങ് പറയുന്നത് ഏതാനും കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ്. ഫ്യുവല്‍ സ്വിച്ചുകള്‍ ഇരുവശത്തും ഗാര്‍ഡുകള്‍ വച്ച് സംരക്ഷിച്ചിരിക്കുകയാണ്. കൈ അബദ്ധത്തിലൊന്നും തട്ടിയാല്‍ സ്വിച്ച് ഓഫ് ആകില്ല. മാത്രമല്ല, ബോധപൂര്‍വ്വം മുകളിലേക്കു വലിച്ചശേഷം താഴ്ത്തിയാല്‍ മാത്രമെ ഓഫ് ആക്കാനും സാധിക്കു. ഈ സാഹചര്യത്തില്‍ എങ്ങനെ ബോയിങ്ങിന് പിഴവുണ്ടാകും എന്നാണ് അവര്‍ ഉയര്‍ത്തുന്ന ചോദ്യം. കാറിന്റെ ഗിയര്‍ അബദ്ധത്തില്‍ കൈകൊണ്ടാല്‍ മാറാം. എന്നാല്‍ ഹാന്‍ബ്രേക്ക് മനപൂര്‍വം പിടിച്ചുയര്‍ത്തിയാലല്ലാതെ വീഴില്ല. അതുപോലെ ഗിയര്‍ അബദ്ധത്തില്‍ ന്യൂട്രലിലേക്കു വീഴാം. എന്നാല്‍ ഹാന്‍ഡ് ബ്രേക്ക് ഇട്ടിരിക്കുന്ന വണ്ടിയില്‍ അതു മാറണമെങ്കില്‍ മനപൂര്‍വ്വം പിടിച്ചു താഴ്ത്തുക തന്നെ വേണം. ഇതുപോലെയാണ് ഫ്യൂവല്‍ സ്വിച്ചുകളും എന്നാണ് വിശദീകരണം.

എന്‍ജിന്‍ റിസ്റ്റാര്‍ട്ട് ചെയ്യേണ്ടി വന്നോ?

ഈ റിപ്പോര്‍ട്ട് പുറത്തുവരും മുന്‍പ് ഒരു സംശയം ഉണ്ടായിരുന്നു. എന്‍ജിന്‍ റീ സ്റ്റാര്‍ട്ട് ചെയ്യാന്‍ പൈലറ്റുമാര്‍ ശ്രമിച്ചു എന്ന സാധ്യതയായിരുന്നു അത്. എന്‍ജിന്‍ റീ സ്റ്റാര്‍ട്ട് ചെയ്യാന്‍ ഫ്യൂവല്‍ സ്വിച്ചുകള്‍ ഓഫ് ആക്കി ഓണ്‍ ആക്കുകയാണ് വേണ്ടത്. കംപ്യൂട്ടറും ഫോണും ഒക്കെ ഓഫ് ആക്കി ഓണ്‍ ആക്കുന്നതുപോലെ തന്നെ. ആങ്ങനെ എന്‍ജിന്‍ തകരാര്‍ ശ്രദ്ധയില്‍പ്പെട്ട് ഇന്ധന സ്വിച്ച് ഓഫ് ആക്കി ഓണ്‍ ആക്കിയിരിക്കാം എന്നായിരുന്നു ആ സാധ്യത. എന്നാല്‍ കോക് പിറ്റിലെ പുറത്തുവന്ന സംഭാഷണത്തില്‍ ആരാണ് സ്വിച്ച് ഓഫ് ആക്കിയത് എന്ന ചോദ്യം മാത്രമാണ് ഉയരുന്നത്. അതുതന്നെയാണ് പൈലറ്റുമാരുടെ പിഴവ് എന്ന് ബോയിങ് ആണയിടാനുള്ള കാരണം. എന്നാല്‍ അതിനപ്പുറം എന്‍ജിന്‍ തകരാര്‍ ഉണ്ടായോ എന്ന ചോദ്യമുണ്ട്. ആ വഴിക്കുള്ള അന്വേഷണത്തിന്റെ മുന ഒടിച്ചു കളയുകയാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്. വിമാനം ആവശ്യത്തിന് വേഗം കൈക്കൊണ്ടു. ഫ്‌ളാപ്പുകള്‍ കൃത്യമായി വിരിഞ്ഞു. രണ്ട് എന്‍ജിനുകളും ഓഫ് ചെയ്തത് ഒരു സെക്കന്‍ഡ് മാത്രം ഇടവേളയിലാണ്. എന്നാല്‍ ഓണ്‍ ആക്കാല്‍ നാലു സെക്കന്‍ഡ് ഇടവേളയെടുത്തു. ഇതെല്ലാമാണ് ദുരൂഹത. ഇത്രവലിയ പ്രതിസന്ധിയുണ്ടായപ്പോള്‍ പൈലറ്റുമാര്‍ തമ്മില്‍ നടന്ന ഏക ആശയ വിനിമയം ഫ്യൂവല്‍ സ്വിച്ച് ആര് ഓഫാക്കി എന്നതുമാത്രമാണോ? അതിനുള്ളില്‍ നടന്നിരിക്കാന്‍ ഇടയുള്ള മറ്റു സംഭാഷണങ്ങള്‍ എന്തുകൊണ്ടു പുറത്തുവന്നില്ല. ബോയിങ്ങിനെ രക്ഷിക്കാന്‍ ബോധപൂര്‍വശ്രമം നടക്കുന്നുണ്ടോ?

Related Stories

No stories found.
News Malayalam 24x7
newsmalayalam.com