കേരളം ചൂണ്ടുവിരലില്‍ പതിപ്പിച്ചത് മാറ്റമോ, തുടര്‍ച്ചയോ?

ഏറ്റവും കുറവു സമയം പ്രചാരണത്തിനു കിട്ടിയ തെരഞ്ഞെടുപ്പുകളൊന്നാണെങ്കിലും ഈ തെരഞ്ഞെടുപ്പില്‍ ഉയര്‍ന്ന വിവാദങ്ങള്‍ക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല
കേരളം ചൂണ്ടുവിരലില്‍ പതിപ്പിച്ചത് മാറ്റമോ, തുടര്‍ച്ചയോ?
Published on
Updated on

കേരളം ഇടതുകൈയിലെ ചൂണ്ടുവിരലില്‍ മഷിയടയാളമിട്ട് ജനാധിപത്യത്തെ ശക്തിപ്പെടുത്തിയ ദിവസമായിരുന്നു ഇന്നലെ. കേരളത്തിന്റെ 16ാം നിയമസഭയിലേക്കുള്ള 883 സ്ഥാനാര്‍ഥികളുടെ വിധി ജനമെഴുതിയ ദിവസം. 2.71കോടി വോട്ടര്‍മാരില്‍ ബഹുഭൂരിപക്ഷം പേരും അത് ശക്തമായി നിര്‍വഹിക്കുകയും ചെയ്തു. സീറ്റുകള്‍ പിടിച്ചടക്കുക എന്നതല്ല, ജനങ്ങളെ ജനാധിപത്യത്തെപ്പറ്റി ബോധവല്‍കരിക്കുക എന്നതാണ് തെരഞ്ഞെടുപ്പുകളുടെ ചൈതന്യമെന്ന് മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ട്. നിലവിലെ ഭരണത്തെ വിലയിരുത്തി, അടുത്ത സര്‍ക്കാരിനെ കുറിച്ചുള്ള പൗരന്റെ നിലപാടിന്റെ പ്രഖ്യാപനമാണ് ഓരോ വോട്ടും. വോട്ട് രാജ്യത്തിന്റെ മാത്രമല്ല, അത് രേഖപ്പെടുത്തുന്നവരുടെ വിധിയുമാണ് നിശ്ചയിക്കുക. ആരു ജയിച്ചാലും അത്യന്തികമായി ജയിക്കുന്നത് ജനാധിപത്യമാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത്, ഏറ്റവും രാഷ്ട്രീയ പ്രബുദ്ധമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനത്തിന്റെ വിധി നിര്‍ണയിച്ച പ്രധാന വോട്ടെടുപ്പ് ദിന ചിന്തകളാണ് ഇന്നത്തെ സ്പോട്ട്ലൈറ്റ് വിഷയമാക്കുന്നത്.

കേരളം ചൂണ്ടുവിരലില്‍ പതിപ്പിച്ചത് മാറ്റമോ, തുടര്‍ച്ചയോ

കേരളം ഒരിക്കല്‍കൂടി ചൂണ്ടുവിരല്‍ ജനാധിപത്യം പ്രയോഗിച്ചത്, ഇടതുസര്‍ക്കാരിന്റെ തുടര്‍ച്ചക്കാണോ, ഭരണമാറ്റത്തിനാണോ എന്ന നെഞ്ചിടിപ്പിലാണ് രാഷ്ട്രീയ കേരളം. ഇക്കാര്യമറിയാന്‍ മെയ് നാലുവരെ കാത്തിരിക്കണം. കൂടിയ പോളിങ്് ശതമാനം ഒരു നാടിന്റെ ഉയര്‍ന്ന ജനാധിപത്യ സൂചികയാണ്. ജനാധിപത്യത്തിലുള്ള അചഞ്ചലമായ വിശ്വാസവും രാഷ്ട്രീയ പക്വതയും ജനം പോളിങ്് ബൂത്തിലെത്തി പ്രകടിപ്പിച്ചുകഴിഞ്ഞു. ഇനി വിജയസാധ്യതകളുടെ കൂട്ടിക്കിഴക്കലുകളാണ് ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും. സംസ്ഥാന ചരിത്രത്തില്‍ കുറവുസമയം പ്രചാരണത്തിന് ലഭിച്ച നിയമസഭ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ വോട്ടെടുപ്പ് വരെ 25 ദിവസം, ഇതില്‍ പരസ്യപ്രചാരണത്തിന് ലഭിച്ചത് 23 ദിവസം. കുറഞ്ഞ പ്രചാരണ സമയത്തും സംസ്ഥാനം ശക്തമായ തെരഞ്ഞെടുപ്പ് ചൂടില്‍ നിന്നുപൊള്ളി. രാഷ്ട്രീയ ആരോപണ-പ്രത്യാരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും ഒട്ടും കുറവുണ്ടായിരുന്നില്ല. അതിതീവ്ര പ്രചാരണ ക്ലൈമാക്സില്‍ അതിഗുരുതര ആരോപണങ്ങളുടെ പെരുമഴയായിരുന്നു.

തെരഞ്ഞെടുപ്പ് വിധി, തികച്ചും പ്രവചനാതീതം

കേരളം ഇതുപോലത്തെ തെരഞ്ഞെടുപ്പ് സാഹചര്യം അഭിമുഖീകരിച്ചിട്ടില്ല. ഇടതുവലതു മുന്നണികളെ മാറിമാറി പരീക്ഷിച്ച ശീലം കഴിഞ്ഞ തെരഞ്ഞെടുപ്പിലേ തിരുത്തപ്പെട്ടതാണ്. വിധി നിശ്ചയിക്കുന്ന ഭരണ വിരുദ്ധ വികാരം ഉണ്ടോ ഇല്ലയോ എന്നത് ഇനിയും വ്യക്തമല്ല. ഭരണവിരുദ്ധ വികാരം ഇല്ലെന്ന് ഭൂരിഭാഗം തെരഞ്ഞെടുപ്പ് വിദഗ്ധരും വിലയിരുത്തുമ്പോള്‍ എല്‍.ഡി.എഫിനെതിരായി ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. ചില പ്രീ പോള്‍ സര്‍വേകള്‍ വെളിവാക്കുന്നതും ഇക്കാര്യം തന്നെ. 10 വര്‍ഷം അധികാരത്തിന് പുറത്തുനിന്ന യു.ഡി.എഫ് മുന്നണിയുടെ നിലനില്‍പ്പ് തന്നെ ഈ ജനവിധിയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഭരണത്തിലേറിയില്ലെങ്കില്‍ യു.ഡി.എഫ് സംവിധാനം തന്നെ ഉലയും എന്നതിനാല്‍ ഈ തെരഞ്ഞെടുപ്പ് അവര്‍ക്ക് ജീവന്‍മരണ പോരാട്ടം തന്നെയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ വലിയ വിജയത്തിന് ആധാരമായ രാഷ്ട്രീയ സാഹചര്യം അതേപടി നിലനില്‍ക്കുകയാണെന്നും യു.ഡി.എഫ് വിലയിരുത്തുന്നു. 2021ല്‍ ഇടത്-വലത് മുന്നണികള്‍ തമ്മിലെ വോട്ടുവ്യത്യാസം 6.14 ശതമാനമായിരുന്നു. അത് മറികടക്കണമെങ്കില്‍ 2021ല്‍ 21 സീറ്റ് മാത്രം വിജയിച്ച കോണ്‍ഗ്രസിന് കുറഞ്ഞത് 30 സീറ്റെങ്കിലും അധികമായി വേണം. സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ബി.ജെ.പിയിലേക്ക് പോകാതെ യു.ഡി.എഫില്‍ പിടിച്ചുനിറുത്തിയാല്‍ മാത്രമേ അത് സാധ്യമാകൂ. ബംഗാളും, ത്രിപുരയും കൈവിട്ടതോടെ ദേശീയ രാഷ്ട്രീയത്തില്‍ സി.പി.ഐ.എമ്മിന് പിടിച്ചുനില്‍ക്കാനുള്ള ഏക മാര്‍ഗം കേരളത്തില്‍ അധികാരത്തില്‍ തുടരുക എന്നതാണ്. അതിനാല്‍ സി.പി.ഐ.എമ്മിനും നിര്‍ണായകമാണ് തുടര്‍ഭരണം. മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി പല മണ്ഡലങ്ങളിലും മൂന്നാം ശക്തിയായി എന്‍.ഡി.എ മാറിക്കഴിഞ്ഞിട്ടുണ്ട്. സ്വാധീനമുള്ള നാലോ അഞ്ചോ മണ്ഡലങ്ങള്‍ പിടിച്ചെടുക്കുകയും മറ്റ് മണ്ഡലങ്ങളില്‍ നിര്‍ണായക ശക്തിയായി മാറുകയും ചെയ്യുമെന്ന വിശ്വാസത്തിലാണ് എന്‍.ഡി.എ.

വേനല്‍ച്ചൂട് മറികടന്ന പ്രചാരണച്ചൂട്

10 വര്‍ഷത്തെ ഭരണം എതിര്‍വികാരമല്ല, അനുകൂല തരംഗമാണ് ഉണ്ടാക്കിയതെന്ന സി.പി.ഐ.എമ്മിന്റെ വിശ്വാസത്തിന്റെ ഉരകല്ലാകും വിധിയെഴുത്ത്. മുഖ്യമന്ത്രി പിണറായി വിജയനെ മുന്നില്‍ നിറുത്തിയായിരുന്നു എല്‍.ഡി.എഫ് പ്രചാരണം. യു.ഡി.എഫില്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശനും രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലും പ്രചാരണം നയിച്ചു. ചില പ്രധാന നേതാക്കള്‍ യു.ഡി.എഫ്-എന്‍.ഡി.എ ക്യാമ്പുകളിലെത്തി സ്ഥാനാര്‍ഥികളായത് എല്‍.ഡി.എഫിന് തുടക്കത്തില്‍ ക്ഷീണമുണ്ടാക്കി. പിന്നീട് പ്രചാരണത്തെ മുന്നോട്ട് നയിച്ചത് വോട്ടു ഡീല്‍ ആരോപണങ്ങളായിരുന്നു. തെലുങ്കാനയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കേരള മുഖ്യമന്ത്രിക്ക് നേരെ സിനിമ ഡയലോഗ് പ്രയോഗിച്ചതും അതിന് ലഭിച്ച പ്രതികരണവും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ രംഗം കൊഴുപ്പിച്ചു. പാലക്കാട് മണ്ഡലത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണവും സാരിയും വിതരണം ചെയ്തുവെന്ന എന്‍.ഡി.എ സ്ഥാനാര്‍ഥി ശോഭാസുരേന്ദ്രതെിരെ ഉയര്‍ന്ന ആരോപണത്തിലെ അലകള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ത് നടപടി സ്വീകരിക്കും എന്നത് കണ്ടറിയണം. പതിവില്ലാതെ, പ്രചാരത്തിനിടെ വര്‍ഗീയ പരാമര്‍ശങ്ങളും ഉയര്‍ന്നു. സാധാരണ അന്തിമ പ്രചാരണത്തില്‍ ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങള്‍ തൊടുത്തുവിട്ട് മേല്‍കൈ നേടുന്ന പ്രതിപക്ഷത്തെയാണ് കണ്ടിരുന്നതെങ്കില്‍ ഈ തെരഞ്ഞെടുപ്പില്‍ വയനാട് പുനരധിവാസ പദ്ധതിയുടെ പേരില്‍ പിരിച്ച പണം തട്ടിയെന്ന സി.പി.ഐ.എം ആരോപണം നേരിടാനാകാതെ കുഴങ്ങുന്ന കോണ്‍ഗ്രസ് നേതാക്കളെയാണ് രാഷ്ട്രീയ കേരളം കണ്ടത്.

തെരഞ്ഞെടുപ്പ് വിധിക്കായി ചങ്കിടിപ്പോടെ

40 നും 50നും ഇടക്ക് വയസ്സുള്ള 56.32 ലക്ഷം വോട്ടര്‍മാരാണ് 2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ വിധി നിശ്ചയിക്കുക. മാത്രമല്ല, 85 വയസ്സിന് മുകളില്‍ പ്രായമുള്ള 2.04 ലക്ഷം വയോജനങ്ങളും വോട്ടര്‍മാരായുണ്ട്. അതിനാല്‍ സാമൂഹിക പെന്‍ഷന്‍ ഉള്‍പ്പെടെ ഉള്ള വാഗ്ദാനങ്ങളും അവരുടെ അനുഭവങ്ങളും തെരഞ്ഞെടുപ്പ് വിധിയിലെ നിര്‍ണായക ഘടകമാകും. വോട്ടിങ്ങില്‍ മുസ്ലിം, ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളില്‍ കനത്ത പോളിങ്് നടന്നു എന്നതും ഫലസൂചനകളായി വിലയിരുത്തുന്നുണ്ട്. ചെറിയ അനിഷ്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ കേരളം ആവേശകരമായ വോട്ടെടുപ്പിനാണ് സാക്ഷ്യം വഹിച്ചത്. ഭരണത്തുടര്‍ച്ചയോ ഭരണ മാറ്റമോ എന്ന ചോദ്യത്തിന് കേരളം നല്‍കിയ ഉത്തരം വോട്ടിങ് യന്ത്രങ്ങളില്‍ സുരക്ഷിതമാണ്. പ്രവചനാതീതമായ ഈ പോരാട്ടത്തിന്റെ ഫലം അറിയാന്‍ മെയ് നാല് വരെ കാത്തിരിക്കാം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com