

അമേരിക്കയും ഇറാനും തമ്മില്‍ രൂപപ്പെട്ടുവരുന്ന പുതിയ സമാധാന കരാറിനും 60 ദിവസത്തെ വെടിനിര്‍ത്തല്‍ ധാരണയ്ക്കും കനത്ത വെല്ലുവിളിയുയര്‍ത്തി ലെബനനില്‍ ഇസ്രയേല്‍ ആക്രമണം ശക്തമാക്കുകയാണ്. തെക്കന്‍ ലെബനനിലെ നബാത്തിയേ പട്ടണത്തിലും സമീപ ഗ്രാമങ്ങളിലും ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ കുട്ടികളുള്‍പ്പെടെ 32 പേര്‍ കൊല്ലപ്പെട്ടത് പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങളെ കടുത്ത അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള പതിനാലിന പ്രാഥമിക ധാരണാപത്രം നിലവില്‍വന്ന പശ്ചാത്തലത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ബിര്‍ഗന്‍സ്റ്റോക്കില്‍ പാകിസ്ഥാന്‍, ഖത്തര്‍ പ്രതിനിധികളുടെ മധ്യസ്ഥതയില്‍ ഉന്നതതല സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴാണ് മേഖല വീണ്ടും യുദ്ധഭീതിയിലാകുന്നത്. ഇതില്‍ പ്രതിഷേധിച്ച് സമാധാന ധാരണയെത്തുടര്‍ന്ന് തുറന്നുകൊടുത്ത ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പശ്ചിമേഷ്യയെ മാത്രമല്ല, ലോകത്തെ മുഴുവന്‍ ആശങ്കയിലാക്കുകയാണ് ഈ സംഭവം.
പശ്ചിമേഷ്യയില്‍ സമാധാനപ്രതീക്ഷ തല്ലിക്കെടുത്തരുത്
ലെബനനിലേതടക്കം പശ്ചിമേഷ്യയിലെ യുദ്ധനടപടികള്‍ക്ക് അടിയന്തര അറുതിവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാസം 18-ന് അമേരിക്കയും ഇറാനും പ്രാഥമിക സമാധാന കരാറില്‍ ഒപ്പുവെച്ചത്. അടുത്ത 60 ദിവസത്തിനകം അന്തിമ കരാറിലെത്താനായിരുന്നു പ്രധാന ധാരണ. എന്നാല്‍, ഈ സമാധാന നീക്കങ്ങളെ അനിശ്ചിതത്വത്തിലാക്കിക്കൊണ്ട് ലെബനനില്‍ ഇസ്രായേല്‍ വീണ്ടും സൈനിക നടപടികള്‍ കടുപ്പിക്കുകയാണ്. ലെബനന്റെ പരമാധികാരം കാറ്റില്‍പ്പറത്തിയുള്ള ഈ നീക്കങ്ങള്‍ സമാധാന ചര്‍ച്ചകള്‍ക്ക് കനത്ത തിരിച്ചടിയാണ്. തെക്കന്‍ ലെബനനില്‍ ശനിയാഴ്ച ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 32 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ, ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു. തുടര്‍ച്ചയായുള്ള ഇസ്രായേലിന്റെ ആക്രമണങ്ങള്‍ പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാക്കുമോ എന്നാണ് ഇപ്പോള്‍ ഉയരുന്ന ആശങ്ക.
ഇസ്രയേലിന്റെ സൈനിക നീക്കങ്ങള്‍ അവസാനിച്ചിട്ടില്ല
സമാധാന കരാറിനെതിരെയുള്ള ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കടുത്ത നിലപാടിന് പിന്നില്‍ വ്യക്തമായ ആഭ്യന്തര രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ഇറാനെതിരെയുള്ള സൈനിക നടപടികളുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് നെതന്യാഹു. അഴിമതിക്കേസുകളും സര്‍ക്കാരിനെതിരെയുള്ള വലിയ ജനരോഷവും നേരിടുന്ന നെതന്യാഹുവിന് തന്റെ കടുത്ത വലതുപക്ഷ മന്ത്രിസഭയെ നിലനിര്‍ത്താന്‍ യുദ്ധം തുടരേണ്ടത് അത്യാവശ്യമാണ്. മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രിമാരായ യെയര്‍ ലാപിഡ്, എഹൂദ് ബരാക് എന്നിവര്‍ നെതന്യാഹുവിന്റെ നയങ്ങളെ പരസ്യമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിക്കഴിഞ്ഞു. ഇസ്രയേലിന്റെ സുരക്ഷാ നയങ്ങളിലുണ്ടായ ഏറ്റവും വലിയ പരാജയമാണ് ഇറാന്‍ -യു.എസ് സമാധാനക്കരാറെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തല്‍. അമേരിക്കയില്‍ നിന്നുള്ള രാജ്യാന്തര സമ്മര്‍ദ്ദവും, ഇറാന്റെ സഖ്യശക്തികള്‍ക്കെതിരെ സൈനിക നടപടി തുടരണമെന്ന സ്വന്തം സര്‍ക്കാരിലെ ആവശ്യവും ഒരേസമയം കൈകാര്യം ചെയ്യേണ്ട ഇരട്ട വെല്ലുവിളിയാണ് നെതന്യാഹു നേരിടുന്നത്.
അണുവായുധ കാര്യത്തില്‍ പിന്നോട്ടോ?
ഇറാന്റെ ആണവപദ്ധതിയാണല്ലോ യുഎസിന്റെയും സഖ്യകക്ഷികളുടെയും വലിയ ആശങ്ക. ഇറാന്‍ അണുബോംബുണ്ടാക്കാതിരിക്കാനാണ് യുഎസ് ആക്രമിച്ചതെന്നാണ് ട്രംപ് ഭരണകൂടം പറഞ്ഞതും. അതേസമയം ഇപ്പോള്‍ ഒപ്പുവെച്ച താല്‍കാലിക ധാരണാപത്രത്തില്‍ ആണവപദ്ധതി സംബന്ധിച്ച് ഒരു ഖണ്ഡിക മാത്രമാണുള്ളത്. അതാകട്ടെ അവ്യക്തവും. ആണവായുധം ഉണ്ടാക്കില്ലെന്നതു ഇറാന്റെ എക്കാലത്തെയും നിലപാടാണ്. ആണവ നിര്‍വ്യാപന കരാറില്‍ പണ്ടേ ഒപ്പിട്ട രാജ്യമാണ് ഇറാന്‍. ആ നിലപാട് ഇറാന്‍ ധാരണാപത്രത്തിലും ആവര്‍ത്തിക്കുന്നുണ്ട്. മറ്റൊരു മുഖ്യവിഷയം ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരമാണ്. യുഎന്നിന്റെ രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ സമ്പുഷ്ടീകരിച്ച യുറേനിയം നേര്‍പ്പിക്കാന്‍ നടപടിയെടുക്കാമെന്നുമാത്രമാണു ധാരണാപത്രത്തില്‍ വ്യവസ്ഥയുള്ളത്. യു.എസ്-ഇറാന്‍ തുടര്‍ചര്‍ച്ചകളില്‍ ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചയും അന്തിമ തീരുമാനവും ഉണ്ടായേക്കും.
ഹോര്‍മുസ് അധികാരം ആര്‍ക്ക്?
ഇറാന്‍ അണുബോംബുണ്ടാക്കുന്നുവെന്ന ആശങ്കയില്‍ യുഎസും ഇസ്രായേലും തുടങ്ങിയ യുദ്ധത്തിന്റെ ദിശ, ഇറാന്‍ മാറ്റിയത് ഹോര്‍മുസ് കടലിടുക്ക് അടച്ച് ആഗോള സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചായിരുന്നു. ആഗോള ഇന്ധനക്ഷാമവും തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയുമായിരുന്നു ഇറാന്റെ ഏറ്റവും വലിയ ആയുധം. പിന്നീട് എങ്ങനെയും ഹോര്‍മുസ് തുറപ്പിക്കുക എന്ന ഒറ്റ അജന്‍ഡയിലാണ് ട്രംപ് ഭരണകൂടം മുന്നേറിയത്. അവിടെയും വലിയ വിലപേശല്‍ നടത്താന്‍ ഇറാനു സാധിച്ചു. ധാരണാപത്രത്തില്‍ പറയുന്നത് രണ്ടുമാസം മാത്രം ഹോര്‍മുസിലൂടെ സൗജന്യഗതാഗതം എന്നാണ്. അതു കഴിഞ്ഞാല്‍ സര്‍വീസ് ഫീസ് ഈടാക്കുന്ന ടോള്‍ സമ്പ്രദായം വരുമെന്നാണു സൂചന. യുദ്ധം ആരംഭിക്കും മുന്‍പ് പൂര്‍ണമായും സൗജന്യമായിരുന്ന സമുദ്രയാത്രാപാതയാണ് യുഎസ് ആക്രമണം കാരണം പണച്ചെലവുള്ളതായി മാറാന്‍ പോകുന്നത്. അതേസമയം ഇറാനുമായുള്ള സമാധാന കരാര്‍ പൂര്‍ത്തിയായില്ലെങ്കില്‍, പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ സംരക്ഷകരായി പ്രവര്‍ത്തിച്ചതിന് അമേരിക്ക ഹോര്‍മുസില്‍ ടോള്‍ ഈടാക്കുമെന്ന മുന്നറിയിപ്പും ട്രംപ് നല്‍കിയിട്ടുണ്ട്....
അമേരിക്ക നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധി
അമേരിക്കയും ഇറാനും തമ്മിലുള്ള ഈ 60 ദിവസത്തെ വെടിനിര്‍ത്തല്‍ ധാരണാപത്രത്തിലേക്ക് വഴിതെളിച്ചതില്‍ അമേരിക്കയിലെ ആഭ്യന്തര രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് വലിയ പങ്കുണ്ട്. നവംബറില്‍ യുഎസില്‍ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പ് ട്രംപ് ഭരണകൂടത്തിനു നിര്‍ണായകമാണ്. യുഎസ് കോണ്‍ഗ്രസില്‍ നേരിയ ഭൂരിപക്ഷമേ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുളളു. ഇടക്കാല തിരഞ്ഞെടുപ്പുഫലം പ്രതികൂലമായാല്‍ ഈ ഭൂരിപക്ഷം നഷ്ടമാകും. ഇറാനിലെ യുദ്ധത്തിന് അമേരിക്കയില്‍ തീരെ ജനപിന്തുണ ഉണ്ടായിരുന്നില്ല. ഇന്ധനവിലക്കയറ്റം ജനങ്ങളുടെ അപ്രീതി വര്‍ധിപ്പിക്കുകയും ചെയ്തു. അമേരിക്കന്‍ രാഷ്ട്രീയത്തിലും പ്രത്യേകിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലും കോണ്‍ഗ്രസിലും നെതന്യാഹുവിന് വലിയ സ്വാധീനമുണ്ട്. ഇറാനുമായുള്ള കരാര്‍ ഇസ്രയേലിന്റെ അസ്തിത്വത്തെ ബാധിക്കുമെന്ന് കാണിച്ച്, അമേരിക്കന്‍ ജനപ്രതിനിധികളെക്കൊണ്ട് തന്നെ ഡൊണാള്‍ഡ് ട്രംപിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇസ്രയേലിന് കഴിയും. അതിനാല്‍ കൂടുതല്‍ കര്‍ശനമായ വ്യവസ്ഥകള്‍ അന്തിമകരാറില്‍ ഉള്‍പ്പെടുത്താന്‍ അമേരിക്ക നിര്‍ബന്ധിതരാകും എന്ന വിലയിരുത്തലും പുറത്തുവരുന്നുണ്ട്.
തകരുന്ന ഇറാന്‍ സമ്പദ് വ്യവസ്ഥ
സമാധാന കരാറിന്റെ കാര്യത്തില്‍ ഇറാനിലും കടുത്ത രാഷ്ട്രീയ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ട്. മാസങ്ങള്‍ നീണ്ട യുദ്ധം ഇറാന്റെ സമ്പദ്വ്യവസ്ഥയെ പൂര്‍ണ്ണമായും തകര്‍ത്തതിനാല്‍ സര്‍ക്കാരിനെതിരെ ജനങ്ങള്‍ക്കിടയില്‍ വലിയ അമര്‍ഷം പുകയുന്നുണ്ട്. സമാധാന കാലത്ത് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പൂര്‍ണ്ണമായും സൗജന്യമായിരിക്കുമെന്ന അമേരിക്കന്‍ വാദത്തില്‍ ഇറാനിലെ ഐആര്‍ജിസി ഉള്‍പ്പെടെ തീവ്രനിലപാടുകാര്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്. 60 ദിവസത്തെ വെടിനിര്‍ത്തല്‍ കാലയളവിനുശേഷം ടോള്‍ ഈടാക്കാനുള്ള അവകാശം കരാറില്‍ ഉറപ്പാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ഇതിനുപുറമെ ഇറാന്റെ ചുറ്റുപാടുകളില്‍ നിന്നുള്ള അമേരിക്കന്‍ സൈനിക പിന്മാറ്റം സംബന്ധിച്ചുള്ള അവ്യക്തതയും ഇറാന്‍ നേതാക്കളെ അസ്വസ്ഥരാക്കുന്നുണ്ട്.
സമാധാന പാത സുഗമമല്ല
സമാധാനപാതയിലേക്കുള്ള യാത്ര ഒട്ടും സുഗമമല്ല, വെല്ലുവിളികള്‍ നിറഞ്ഞതാണുതാനും. ലബനനിന്റെ പരമാധികാരവും ഭൂമിശാസ്ത്രപരമായ അഖണ്ഡതയും ഉറപ്പുവരുത്തുമെന്ന വ്യവസ്ഥ പ്രാഥമിക ധാരണപത്രത്തില്‍ ഇടംപിടിച്ചിരുന്നു. ഇതിനര്‍ഥം നിലവില്‍ തെക്കന്‍ ലബനന്റെ അഞ്ചിലൊന്നു ഭൂമിപ്രദേശം പിടിച്ചെടുത്ത ഇസ്രായേല്‍ അവിടെനിന്ന് ഉടന്‍ പിന്മാറണമെന്നാണ്. കരാറില്‍ കക്ഷിയല്ലാത്തതിനാല്‍ ലബനനില്‍ നിന്നു പിന്മാറ്റമില്ലെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കുന്നത്. ചുരുക്കത്തില്‍, ഇസ്രയേലിനെ പൂര്‍ണ്ണമായി അവഗണിച്ചുകൊണ്ട് ഒരു അന്തിമ കരാറിലെത്താന്‍ അമേരിക്കയ്ക്ക് സാധിക്കില്ല. അത്തന്നെയാണ് വെല്ലുവിളിയും. ഇറാനിലെയും ഇസ്രായേലിലെയും അമേരിക്കയിലെയും ആഭ്യന്തര രാഷ്ട്രീയ താത്പര്യങ്ങള്‍ പരസ്പരം ഏറ്റുമുട്ടുന്ന അതിസങ്കീര്‍ണ്ണമായ ഒരു നിര്‍ണ്ണായക ഘട്ടത്തിലാണ് പശ്ചിമേഷ്യ ഇപ്പോഴുള്ളത്. ഇസ്രയേലിന്റെ സുരക്ഷാ ആശങ്കകളെയും ഇറാന്റെ സാമ്പത്തിക ആവശ്യങ്ങളെയും ഒരുപോലെ സംതൃപ്തിപ്പെടുത്തുന്ന ഒരു സമവായത്തിലെത്താന്‍ അമേരിക്കന്‍ പ്രതിനിധികള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ ഈ സമാധാന ശ്രമങ്ങള്‍ പൂര്‍ണ്ണമായി പരാജയപ്പെടുകയും മേഖല കൂടുതല്‍ വിനാശകരമായ മറ്റൊരു യുദ്ധത്തിന് സാക്ഷ്യംവഹിക്കുകയും ചെയ്യും. അങ്ങനെ സംഭവിക്കില്ലെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.