SPOTLIGHT | ബിഹാറില്‍ നടപ്പാക്കുന്നത് പൗരത്വ നിയമമോ?

വിഭജനകാലത്തും സംഘര്‍ഷകാലത്തുമൊക്കെ ഇന്ത്യയില്‍ വന്നു സ്ഥിരതാമസമാക്കിയവരുടെ പിന്മുറക്കാരാണ് നിസ്സഹായരായി നില്‍ക്കുന്നത്
സ്പോട്ട്ലൈറ്റ് NEWS MALAYALAM 24X7
സ്പോട്ട്ലൈറ്റ് NEWS MALAYALAM 24X7 സ്പോട്ട്ലൈറ്റ്
Published on

ബിഹാറില്‍ പിന്‍വാതിലിലൂടെ പൗരത്വ നിയമം നടപ്പാക്കുകയാണോ? സാധാരണ വോട്ട് ചെയ്യാന്‍ പോകുമ്പോഴാണ് തിരിച്ചറിയല്‍ രേഖകള്‍ ചോദിക്കുക. എന്നാല്‍ വോട്ടര്‍പട്ടികയില്‍ പേര് നിലനിര്‍ത്താന്‍ രേഖകള്‍ ചോദിക്കുന്നത് ചരിത്രത്തിലാദ്യമാണ്. അതിനായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെടുന്ന 11 രേഖകളും ഇല്ലാത്ത നിരവധി ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള വോട്ടര്‍മാരുണ്ട്. പരമ്പരകളായി ബിഹാറില്‍ താമസിക്കുന്നവരാണ്. വിഭജനകാലത്തും സംഘര്‍ഷകാലത്തുമൊക്കെ ഇന്ത്യയില്‍ വന്നു സ്ഥിരതാമസമാക്കിയവരുടെ പിന്മുറക്കാരാണ് നിസ്സഹായരായി നില്‍ക്കുന്നത്.

ബിഹാറില്‍ നടപ്പാക്കുന്നത് പൗരത്വ നിയമമോ?

ബിഹാറില്‍ 2003ന് ശേഷം വോട്ടര്‍പട്ടികയില്‍ വന്നവരാണ് എന്നു കരുതുക. ഹാജരാക്കേണ്ട ചില രേഖകളുടെ പട്ടിക കേള്‍ക്കുക. 1987 ജൂലൈ ഒന്നിന് മുന്‍പ് ഇന്ത്യയില്‍ ജനിച്ചവരാണെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അതില്‍ ജനിച്ച തിയതിയും ജനനസ്ഥലവും ഉണ്ടാകണം. ബിഹാറില്‍ ബഹുഭൂരിപക്ഷവും ഇങ്ങനെ ഒരു രേഖ നേടാത്തവരാണ്. സ്‌കൂള്‍ വിദ്യാഭ്യാസം ഇടയ്ക്കുവച്ചു നിര്‍ത്തുന്നവരാണ് എന്നതിനാല്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റുകളുമില്ല. ഇനി 1987 ജൂലൈ ഒന്നിനു ശേഷവും 2004 ഡിസംബര്‍ രണ്ടിനു മുന്‍പും ജനിച്ചവരാണെങ്കിലോ? മാതാപിതാക്കളില്‍ ഒരാളുടെ എങ്കിലും ജനനം ഇന്ത്യയിലാണെന്ന രേഖ ഹാജരാക്കണം. ഇങ്ങനെ ഒരു രേഖയും ബഹുഭൂരിപക്ഷത്തിനുമില്ല. ഇനി 2004 ഡിസംബര്‍ രണ്ടിനു ശേഷം ജനിച്ചവരാണെങ്കില്‍ മാതാപിതാക്കള്‍ രണ്ടുപേരും ഇന്ത്യയില്‍ ജനിച്ചതാണെന്ന സര്‍ട്ടിഫിക്കറ്റും ഒപ്പം ഇരുവരുടേയും ജനനത്തീയതി സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഇങ്ങനെ സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്തവരെല്ലാം വോട്ടര്‍പട്ടികയ്ക്കു പുറത്തുപോകും. ഇത് വോട്ടര്‍പട്ടിക തയ്യാറാക്കാനുള്ള നിബന്ധനയാണോ? അതോ പൗരത്വ പട്ടിക തയ്യാറാക്കാനുള്ള നിബന്ധനയോ? വോട്ടര്‍പട്ടികയില്‍ പേരുവന്നാല്‍ സ്ലിപ്പുമായെത്തി വോട്ട് ചെയ്യാന്‍ കഴിയുമായിരുന്നു ഇതുവരെ. സ്വന്തം മാത്രമല്ല, മാതാപിതാക്കളുടെയും ജനനസര്‍ട്ടിഫിക്കറ്റാണ് ഇപ്പോള്‍ ഹാജരാക്കേണ്ടത്. പ്രാഥമിക വിദ്യാഭ്യാസം പോലും സാര്‍വത്രികമല്ലാത്ത ബിഹാറില്‍ കഷ്ടപ്പെടാന്‍ പോകുന്നത് ന്യൂനപക്ഷ വിഭാഗങ്ങളാണ്. തെളിച്ചു പറഞ്ഞാല്‍ മുസ്ലിം സമുദായമാണ് വലിയതോതില്‍ ആശങ്കപ്പെടുന്നത്.

വിദേശത്തു ജനിച്ചവരും അകപ്പെടും

ഇനി വിദേശത്തു ജനിച്ച ഇന്ത്യക്കാര്‍ ആണെന്നു കരുതുക. ഇന്ത്യയുടെ എംബസിയില്‍ നിന്നു സാക്ഷ്യപ്പെടുത്തിയ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമെ വോട്ടര്‍പട്ടികയില്‍ ഇടംപിടിക്കൂ. ഇനി മുന്‍പുള്ള നിയമങ്ങള്‍ അനുസരിച്ച് നിശ്ചിത കാലം ഇന്ത്യയില്‍ താമസിച്ച് പൗരത്വം കിട്ടി എന്നു കരുതുക. അവര്‍ എങ്ങനെ പൗരത്വം കിട്ടി എന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. റേഷന്‍ കാര്‍ഡില്‍ പേരുണ്ടായതുകൊണ്ടോ, കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊക്കെ വോട്ട് ചെയ്തതുകൊണ്ടോ കാര്യമില്ല. ബിഹാറില്‍ ആവശ്യപ്പെടുന്നത് പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ തന്നെയാണ്. സംശയമുനയിലാകുന്നത് പലായനം ചെയ്ത് എത്തിയവരാണ്. എന്താണ് നിലവിലുള്ള ഫോം സിക്‌സ്. അതനുസരിച്ച് വോട്ടര്‍മാര്‍ സത്യവാങ്മൂലം ഒപ്പിട്ടു നല്‍കിയാല്‍ മാത്രം മതി. വയസ്സും വിലാസം തെളിയിക്കുന്ന രേഖയും നല്‍കിയാല്‍ തന്നെ പട്ടികയില്‍ ഇടംപിടിക്കും. പലരും റേഷന്‍ കാര്‍ഡും സ്‌കൂളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുമാണ് ഉപയോഗിച്ചിരുന്നത്. മുന്‍പ് പട്ടികയില്‍ പേരുണ്ടായിരുന്നവര്‍ക്ക് പിന്നീടൊരിക്കലും പുറത്തുപോകേണ്ടിയും വന്നിട്ടില്ല. എന്നാല്‍ ബിഹാറിന് വേണ്ടി ഈ ഫോം സിക്‌സ് ചട്ടം മാറ്റംവരുത്തിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍. രാജ്യത്തിന്റെ പൗരനാണ് എന്നു തെളിയിക്കേണ്ട അധികബാധ്യതയാണ് ഓരോരുത്തരേയും കാത്തിരിക്കുന്നത്. കേരളംപോലെ ജനന റജിസ്റ്ററും സാര്‍വത്രിക വിദ്യാഭ്യാസവുമുള്ള ഒരു സംസ്ഥാനത്ത് ഇതു സാധ്യമാകും. പക്ഷേ, ബിഹാര്‍പോലെ പിന്നാക്കമായ ഒരു നാട്ടില്‍, ഇപ്പോഴും സ്‌കൂളില്‍പോകാത്ത കുട്ടികളുള്ള സംസ്ഥാനത്ത് ഇത് എങ്ങനെ പ്രാവര്‍ത്തികമാകും? റവന്യു വകുപ്പ് ചെയ്യേണ്ട ജോലി തെരഞ്ഞെടുപ്പു കമ്മിഷനെക്കൊണ്ട് ചെയ്യിക്കുകയാണോ കേന്ദ്രസര്‍ക്കാര്‍?

എത്ര കോടി വോട്ടര്‍മാര്‍ പുറത്താകും?

2003ന് ശേഷം ബിഹാറില്‍ മൂന്നുകോടി വോട്ടര്‍മാരെയാണ് പട്ടികയില്‍ ചേര്‍ത്തത്. ഇവരെല്ലാവരും രേഖകള്‍ ഹാജരാക്കേണ്ടി വരുമെന്നാണ് ഇപ്പോഴത്തെ ഉത്തരവില്‍ നിന്നു മനസ്സിലാക്കുന്നത്. ഈ മാസം 26 മുതലാണ് വോട്ടര്‍പട്ടികയിലെ പരിഷ്‌കരണം നടക്കുന്നത്. ബൂത്ത് ലവല്‍ ഓഫിസര്‍മാര്‍ ഓരോ വീട്ടിലും എത്തും എന്നാണ് ഉത്തരവില്‍ പറയുന്നത്. ഇതിനായി എല്ലാ വോട്ടര്‍മാരും തയ്യാറെടുത്തിരിക്കണം. നേരത്തെ വിതരണം ചെയ്ത ഫോം പൂരിപ്പിച്ച് കൈമാറണം. ഒപ്പം പൌരത്വം തെളിയിക്കുന്ന രേഖകളും നല്‍കണം. മൂന്നുവട്ടംവരെ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തും. അതിനിടെ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ വോട്ടര്‍പട്ടികയില്‍ നിന്ന് പേരു നീക്കം ചെയ്യും. ഈ ഫോം ഇലക്ഷന്‍ കമ്മിഷന്റെ വെബ്‌സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. വോട്ട് ചെയ്യാന്‍ പോലും മടിപിടിക്കുന്ന സമൂഹമാണ് ബിഹാറിലെ ദരിദ്രര്‍. വോട്ടെടുപ്പ് ദിവസം നിര്‍ബന്ധിച്ചാണ് പലരേയും ബൂത്തില്‍ എത്തിക്കാറുള്ളത്. ഈ രേഖകളുമായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ എത്രപേര്‍ തയ്യാറാകും എന്നാണ് ആര്‍ജെഡി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ചോദിക്കുന്നത്. ദേശീയ പൌരത്വ റജിസ്റ്ററിനേക്കാള്‍ അപകടകരം എന്നാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നീക്കത്തെ വിശേഷിപ്പിച്ചത്. ബിഹാറിനു പിന്നാലെ അടുത്തവര്‍ഷം കേരളത്തിലും ബംഗാളിലും തമിഴ്‌നാട്ടിലുമൊക്കെ തെരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. ബംഗാളില്‍ വോട്ടര്‍മാരില്‍ നല്ലൊരു പങ്കും ഇതുപോലുള്ള രേഖകള്‍ ഒന്നും ഉള്ളവരല്ല. ബംഗ്‌ളാദേശില്‍ നിന്നും പാകിസ്താനില്‍ നിന്നുമൊക്കെ അഭയംതേടിയെത്തിയ വലിയൊരു വിഭാഗം ജീവിക്കുന്ന സംസ്ഥാനമാണ്. അവിടെ തെരഞ്ഞെടുപ്പ് റോളിന്റെ പേരില്‍ പൌരത്വ റജിസ്റ്റര്‍ തന്നെ ഉണ്ടാക്കും എന്നാണ് ആശങ്ക. ശരിക്കും ബംഗാളില്‍ നടപ്പാക്കാനുള്ളതിന്റെ ടെസ്റ്റ് ഡോസാണ് ബിഹാറില്‍ നടക്കുന്നതും എന്നും സംസാരമുണ്ട്.

വോട്ടില്ലാത്തവര്‍ എവിടെ പോകണം?

പൗരന്മാര്‍ മാത്രമേ വോട്ട് ചെയ്യുന്നുള്ളൂ എന്ന് ഉറപ്പാക്കുകയാണ്. ഇങ്ങനെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തന്നെ ഈ ഉത്തരവിനെ വിശേഷിപ്പിക്കുന്നത്. ആരാണ് പൌരന്മാര്‍ എന്ന് എങ്ങനെ തീരുമാനിക്കും? ഇന്ത്യയിലെ ജനത എന്നത് പലായനം ചെയ്ത് എത്തിയവരും അവരുടെ പിന്മുറക്കാരും കൂടി ഉള്‍പ്പെടുന്നതാണ്. വിഭജന സമയത്തു മാത്രമല്ല, ബംഗ്‌ളാദേശ് യുദ്ധകാലത്തും ലക്ഷങ്ങള്‍ ഇന്ത്യയിലെത്തി. ഓരോ രാജ്യവും രൂപപ്പെടുന്നത് ഇങ്ങനെയാണ്. ഡോണള്‍ഡ് ട്രംപ് മെക്‌സിക്കോ അതിര്‍ത്തിവഴി എത്തിയവരെ കൈകാര്യം ചെയ്യുന്നതു നമ്മള്‍ കണ്ടു. കൈവിലങ്ങണിയിച്ചാണ് തിരിച്ചയച്ചത്. ഇന്ത്യയില്‍ ജനിച്ചുവളര്‍ന്നവരുടെ അപമാനകരമായ ആ സ്ഥിതി ഒഴിവാക്കാന്‍ രാജ്യം വിചാരിച്ചിട്ടു കഴിഞ്ഞില്ല. അതുപോലൊരു സ്ഥിതിയിലേക്കാണ് ബിഹാറിലേയും ബംഗാളിലേയും നല്ലൊരു വിഭാഗം വോട്ടര്‍മാര്‍ എത്തുന്നത്. പൌരത്വം തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇവരെയും വിലങ്ങുവയ്ക്കുമോ ? അതിനു ശേഷം ഇവരെ ഏതു രാജ്യത്തേക്കാണ് നാടുകടത്തുക. ഇവര്‍ ഏതു രാജ്യത്ത് ഉള്‍പ്പെടുന്നവരാണെന്ന് തീരുമാനിക്കാന്‍ എന്തുരേഖയാണ് സര്‍ക്കാരിന്റെ കയ്യിലുള്ളത്. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കു പോയവരുടെ കയ്യില്‍ പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നു. ഇന്ത്യയില്‍ ജീവിക്കുന്ന ഇവരുടെ കയ്യില്‍ രേഖകളൊന്നും ശേഷിക്കുന്നില്ല. അതാണ് അവരുടെ പ്രതിസന്ധിയും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com