SPOTLIGHT | ദിവസം എത്ര കാശ് വേണം കഞ്ഞികുടിച്ചു കഴിഞ്ഞുകൂടാന്‍?

ഒരു കിലോ വെളിച്ചെണ്ണയ്ക്കു 425 എന്ന വിലകേട്ടു ബോധംകെടുമ്പോള്‍ ഒന്ന് ആലോചിക്കുക. കഴിഞ്ഞവര്‍ഷം ഇതേ ദിവസം ഉണ്ടായിരുന്ന വില 165 രൂപ മാത്രമായിരുന്നു
SPOTLIGHT
SPOTLIGHT NEWS MALAYALAM 24X7
Published on

ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 409 രൂപ 64 പൈസ. ഇതു സംസ്ഥാന ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് മാര്‍ക്കറ്റിങ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ ശരാശരി വിലയാണ്. അതാണ് നമ്മള്‍ മാര്‍ക്കറ്റില്‍ ചെന്നാല്‍ കിട്ടാത്ത 64 പൈസയൊക്കെ വിലയില്‍ വരുന്നത്. 410 രൂപ ശരാശരി വില എന്നു പറഞ്ഞാലും കാസര്‍ഗോഡുള്ളവര്‍ കടയില്‍ ചെന്നാല്‍ 425 രൂപ എണ്ണിക്കൊടുക്കണം. ഒരു കിലോ തേങ്ങയ്ക്ക് വയനാട്ടിലും പത്തനംതിട്ടയിലും എണ്‍പത്തിയഞ്ചു രൂപയും ഇടുക്കിയില്‍ 90 രൂപയും കൊടുക്കണം. ഒരു കിലോ ചുവന്ന മട്ടയരിക്ക് വില 51രൂപ 43 പൈസയാണ്. പാവയ്ക്ക അഥവാ കൈപ്പക്കയ്ക്ക് പത്തനംതിട്ടയിലും ഇടുക്കിയിലും വയനാട്ടിലും 80 രൂപയും കോഴിക്കോട്ടും കൊല്ലത്തും 75 രൂപയും കൊടുക്കണം. ഒരു കിലോ ബീന്‍സിന് മലപ്പുറത്തും കൊല്ലത്തും 90 രൂപയും കോട്ടയത്ത് എണ്‍പത്തിയഞ്ചു രൂപയും എണ്ണിക്കൊടുക്കണം. ഒരു കിലോ പച്ചമുളകു വേണമെങ്കില്‍ മലപ്പുറത്ത് രൂപ 120 കൊടുക്കണം.

എത്ര കാശ് വേണം കഞ്ഞികുടിച്ചു കഴിഞ്ഞുകൂടാന്‍?

തെരഞ്ഞെടുപ്പും യുദ്ധവും അവസാനിച്ച സ്ഥിതിക്ക് സ്വസ്ഥമായി സ്വന്തം പഴ്‌സിലേക്കു നോക്കാവുന്ന സമയമാണ്. വെളിച്ചെണ്ണയാണ് ക്ലാസിക് ഉദാഹരണം. കിലോയ്ക്ക് വില 425 വരെ. ഒരുമാസം രണ്ടുകിലോ വെളിച്ചെണ്ണയെങ്കിലും കുറഞ്ഞതുവേണ്ടതാണ് ഓരോ കുടുംബത്തിലും. വറക്കാനും പൊരിക്കാനും മെഴുക്കുപുരട്ടാനും കടുക് താളിക്കാനും തുടങ്ങി തലയില്‍ തേയ്ക്കാന്‍ വരെ. ഒരു കിലോ വെളിച്ചെണ്ണയ്ക്കു 425 എന്ന വിലകേട്ടു ബോധംകെടുമ്പോള്‍ ഒന്ന് ആലോചിക്കുക. കഴിഞ്ഞവര്‍ഷം ഇതേ ദിവസം ഉണ്ടായിരുന്ന വില 165 രൂപ മാത്രമായിരുന്നു. വര്‍ധന 260 രൂപ. രണ്ടുവര്‍ഷം മുന്‍പുള്ള വില എടുത്താല്‍ ഒരു കാര്യം വ്യക്തമാകും. വിലസ്ഥിരത അട്ടിമറിക്കപ്പെട്ടത് ഈ വര്‍ഷമാണ്. രണ്ടു വര്‍ഷം മുന്‍പ് 2023 ജൂണിലെ ഇതേ ദിവസത്തെ വില 160 രൂപയായിരുന്നു.

ഒറ്റവര്‍ഷം കൊണ്ട് അന്ന് അഞ്ചു രൂപയാണ് കൂടിയതെങ്കില്‍ ഇപ്പോള്‍ 260. വെളിച്ചെണ്ണയ്ക്കു വില കിലോയ്ക്കു 300 രൂപ കടക്കുക എന്നതുപോലും നമ്മുടെ ആലോചനാപരിധിക്കു പുറത്തായിരുന്നു. ഒരു കിലോ തേങ്ങയ്ക്ക് 90 രൂപയെന്നൊക്കെ ആരെങ്കിലും പേടിസ്വപ്നം കണ്ടിട്ടുണ്ടോ. കഴിഞ്ഞവര്‍ഷം ഇതേ ദിവസത്തെ വില 34 മുതല്‍ 40 രൂപ വരെ മാത്രമായിരുന്നു. രണ്ടുവര്‍ഷം മുന്‍പ് 2023ലെ ഇതേ ദിവസത്തെ വില 30 രൂപയും. വെളിച്ചെണ്ണയ്ക്കും തേങ്ങയ്ക്കും വില കൂടിയാല്‍ സ്വാഭാവികമായി നേട്ടമുണ്ടാകേണ്ടത് കേരളത്തിനു തന്നെയാണ്. പേരില്‍ തന്നെ കേരമുള്ള നാട്ടിലെ കര്‍ഷകര്‍ ആഘോഷിക്കുമെന്നാണ് പൊതു ധാരണ. ചമ്മന്തിക്കരച്ചു കഴിഞ്ഞു വില്‍ക്കാന്‍ പത്തു തേങ്ങ തികച്ചില്ലാത്തവരാണ് ഇന്നത്തെ നാളികേര കര്‍ഷകരിലേറെയും. ഇവിടെ അരയ്ക്കാനും കൊപ്രയായി ഉണങ്ങാനും തമിഴ്‌നാട്ടില്‍ നിന്നു വരണം. വില തീരുമാനിക്കുന്നതും തമിഴാനാട്ടിലാണ്.

SPOTLIGHT
SPOTLIGHT | കൂത്തുപറമ്പ് വെടിവയ്പും റാവാഡയും

വിലനിര്‍ണയ അവകാശവും കൈമോശം വന്നവര്‍

വെളിച്ചെണ്ണ കിന്റലിന് എന്നു പറഞ്ഞ് തുടങ്ങുന്ന ആകാശവാണിയിലെ കമ്പോള മൊത്തവ്യാപാര വിലനിലവാര ബുള്ളറ്റിനുണ്ടല്ലോ. ആ വില വന്നിരുന്നത് മട്ടാഞ്ചേരിയില്‍ നിന്നായിരുന്നു. വില തീരുമാനിച്ചിരുന്നതും മട്ടാഞ്ചേരിയിലെ ലേലത്തിന്റെ നീക്കിബാക്കി നോക്കിയായിരുന്നു. ഇന്ന് മട്ടാഞ്ചേരിയിലെ വില കൂടി തമിഴ്‌നാട്ടില്‍ നിന്നു തീരുമാനിക്കും. ആ വിലയ്ക്കാണെങ്കിലേ കച്ചവടം നടക്കൂ എന്നു സാരം. അതു കേരളത്തിന്റെ ശാപമോ വീഴ്ചയോ ഒന്നുമല്ല. വിപണിക്ക് ആവശ്യമുള്ളതിന്റെ പത്തിലൊന്നു പോലും ഇവിടെ ഉണ്ടാകുന്നില്ല. 20-30 വര്‍ഷം മുന്‍പ് മട്ടാഞ്ചേരി മാര്‍ക്കറ്റില്‍ വന്നിരുന്നതിന്റെ പത്തിലൊന്ന് കൊപ്രയും വെളിച്ചെണ്ണയുമേ ഇന്ന് എത്തുന്നുമുള്ളൂ. കുറ്റ്യാടിയിലെ ഉണ്ടകൊപ്രയുണ്ടാക്കുന്ന വീടുകളുടെ എണ്ണം എത്രകുറഞ്ഞു എന്നു നോക്കിയാല്‍ തന്നെ തേങ്ങയുടെ ഭൂമിശാസ്ത്രം വ്യക്തമാകും.

ഉത്പാദനം കുറഞ്ഞെങ്കിലും നാളികേരത്തിന്റെയും വെളിച്ചെണ്ണയുടേയും ഉപഭോക്താക്കള്‍ നമ്മളാണ്. അതുകൊണ്ട് ഇവിടെ ഏതു വിലയ്ക്കു വിറ്റാലും വാങ്ങാന്‍ ആളുള്ളത്. ഈ 425 രൂപയിലേക്കു വരെ വില ഉയര്‍ന്നതിന്റെ ഗ്രാഫ് നോക്കുക. കഴിഞ്ഞ ഡിസംബറില്‍ ശബരിമല സീസണിലാണ് വില കയറാന്‍ തുടങ്ങിയത്. അതു സാധാരണ പതിവുള്ളതാണ്. എന്നാല്‍ സീസണ്‍ കഴിയുമ്പോള്‍ വില താഴുകയാണ് പതിവ്. ശബരിമലയില്‍ നിന്നുള്ള നാളികേരം കൂടി കൊപ്ര വിപണിയിലെത്തുന്നതായിരുന്നു കാരണം. ഇത്തവണ കുറഞ്ഞില്ല എന്നു മാത്രമല്ല കൂടുകയും ചെയ്തു. വില നിയന്ത്രിക്കാനുള്ള വിപണി ഇടപെടല്‍ നടക്കണമെങ്കില്‍ സര്‍ക്കാരിന്റെ കയ്യില്‍ സംഭരിച്ച കൊപ്ര ഉണ്ടാകണം. കൊപ്ര സംഭരണമൊക്കെ പണ്ടേയ്ക്കു പണ്ടേ നിര്‍ത്തിയതിനാല്‍ തലയില്‍ തേയ്ക്കാനുള്ള വെളിച്ചെണ്ണയ്ക്കുപോലും വകയില്ല.

SPOTLIGHT
SPOTLIGHT| സൂംബ വരുമ്പോള്‍ ഉറഞ്ഞു തുള്ളുന്നവര്‍

പച്ചക്കറികളുടെ വില പോകുന്ന വഴി

വെളിച്ചെണ്ണ വിലയില്‍ നിന്ന് ഒരു കാര്യം വ്യക്തമാകും. നമുക്ക് സാധാരണ സംഭവങ്ങള്‍ അഥവാ ന്യൂ നോര്‍മല്‍ ഉണ്ടാകുന്നത് എങ്ങനെയെന്നു വ്യക്തമാകും. വെളിച്ചെണ്ണ വില 400 രൂപയില്‍ എത്തിയതോടെ അതു നാട്ടുനടപ്പാണ് എന്ന മട്ടിലായി എല്ലാവരും. ഒരു കിലോ വാങ്ങിയിരുന്നവര്‍ 100 മില്ലി വാങ്ങാന്‍ തുടങ്ങി. അഞ്ചു കിലോയൊക്കെ വാങ്ങിയിരുന്ന കുടുംബങ്ങള്‍ എണ്ണൂറിനു പകരം രണ്ടായിരം ഗൂഗിള്‍ പേ ചെയ്യാന്‍ തുടങ്ങി. മറ്റെന്തും പോലെ ഈ വിലയും സ്വാഭാവികമാവുകയാണ്. വെളിച്ചെണ്ണയുടെ കാര്യം മാത്രമല്ല ഇത്. ഒരു കിലോ അരിക്ക് കുറഞ്ഞ വില 51 രൂപ 43 പൈസയാണ്.

റേഷന്‍ കടയില്‍ നിന്ന് സൗജന്യനിരക്കിലെ അരി വാങ്ങിയാലും പത്തും ഇരുപതും കിലോ അരി പുറമെ നിന്നു വാങ്ങേണ്ടവരാണ് ബഹുഭൂരിപക്ഷം കുടുംബങ്ങളും. ഒരു കിലോ അരി 51 രൂപ വീതം കൊടുത്തു വാങ്ങുമ്പോള്‍ സ്വന്തം അസ്ഥിയാണ് അരിയില്‍ തേഞ്ഞുതീരുന്നത്. സ്വന്തം മജ്ജയാണ് ഒലിച്ചുപോകുന്നത്. മറ്റനേകം കാര്യങ്ങള്‍ ചെയ്യാനുള്ള പണമാണ് അരിക്കും മുളകിനും മാത്രമായി ചെലവഴിക്കേണ്ടി വരുന്നത്. കാശില്ലാത്തവര്‍ക്ക് ഏക ആവശ്യം ഭക്ഷണം മാത്രമാണ് എന്നു വരികയാണ്. എത്ര പണിയെടുത്താലും ഇന്നത്തെ കൂലികൊണ്ട് മറ്റൊരു കാര്യവും ചെയ്യാനാകില്ല. കിലോയ്ക്ക് 80 രൂപ കൊടുത്ത് വള്ളിപ്പയറും 50 രൂപ കൊടുത്ത വെണ്ടയ്ക്കയും വാങ്ങുന്നവര്‍ക്ക് ജീവിക്കാന്‍ പിന്നെന്താണ് ബാക്കിയുള്ളത്? ആണ്ടിലൊരിക്കല്‍ എമ്പുരാന്‍ സിനിമ കാണുന്നതിന്റെ ആഘോഷം പോലും ആലോചിക്കാന്‍ പറ്റാത്തവരാണ് നമ്മുടെ ചുറ്റും കൂടുതലും.

എവിടെച്ചെന്നു നില്‍ക്കും ഈ വിലക്കയറ്റം

ലോകത്തു തന്നെ സ്ഥിരവരുമാനമില്ലാത്തവര്‍ ഏറ്റവും കൂടുതലുള്ള രാജ്യമാണ് ഇന്ത്യ. ലോകബാങ്കിന്റെ കണക്കില്‍ ഇന്ത്യയില്‍ 82 ശതമാനത്തിനും മാസശമ്പളം ലഭിക്കുന്നില്ല. അന്നന്നത്തെ പണിക്ക് അന്നന്നത്തെ കാര്യം കഴിക്കുന്നവര്‍ ഇത്രയുമുള്ള പ്രദേശം പിന്നെ ആഫ്രിക്കയാണ്. കൂലിപ്പണിപോലും അസാധ്യമായ ഈ മഴക്കാലത്ത് അവരുടെ ജീവിതമാണ് കഷ്ടത്തിലാകുന്നത്. ഓട്ടോറിക്ഷയും ടാക്‌സിയും ഓടിക്കുന്നവര്‍ മുതല്‍ പാടത്തുപണിക്കാര്‍ വരെ ഈ വില കണ്ട് അന്തംവിട്ട് നില്‍ക്കുകയാണ്. ഈ നിമിഷം ഈ ജനത അര്‍ഹിക്കുന്നതും ആഗ്രഹിക്കുന്നതും സര്‍ക്കാരിന്റെ വിപണി ഇടപെടലാണ്. വെളിച്ചെണ്ണയ്ക്ക് നാനൂറും അരിക്ക് അന്‍പത്തിരണ്ടും കൊടുത്ത് അവരെങ്ങനെ ജീവിക്കും എന്നുമാത്രം ആലോചിച്ചാല്‍ മതി. സര്‍ക്കാരുകള്‍ക്ക് എന്തു വിഷയത്തിനാണ് മുന്‍ഗണന കൊടുക്കേണ്ടത് എന്നറിയാന്‍ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ വലിവിവരപ്പട്ടിക ദിവസവും ഒന്നു നോക്കിയാല്‍ മതി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com