SPOTLIGHT | പാദസേവകരെ സൃഷ്ടിക്കാനോ വിദ്യാഭ്യാസം?

തലഉയര്‍ത്തി നിന്ന് ചോദിക്കുന്ന കുട്ടികളാണ് ഈ ലോകത്തെ മുന്നോട്ടുനയിക്കേണ്ടത്. തലകുമ്പിട്ടു നിന്ന് പാദം കഴുകുന്നവരല്ല, ഉണ്ടായിവരേണ്ടത്
സ്പോട്ട്ലൈറ്റ്
സ്പോട്ട്ലൈറ്റ്
Published on

പ്രായപൂര്‍ത്തിയായ ഒരാള്‍ ആരുടെയെങ്കിലും പാദപൂജ ചെയ്യുകയാണെങ്കില്‍ അത് അവരുടെ ഇഷ്ടം എന്ന് അവഗണിക്കാം. എന്നാല്‍ കുട്ടികള്‍ പാദപൂജ ചെയ്യുന്നതല്ല. അവരെക്കൊണ്ടു ചെയ്യിക്കുന്നതാണ്. അത് ശുദ്ധ മാടമ്പിത്തരമാണ്. ജന്മിമാര്‍ അടിമകളെക്കൊണ്ടു ചെയ്യിച്ചിരുന്നതാണ് പാദപൂജയും പാദസേവയുമൊക്കെ. നമ്മുടെ കുട്ടികള്‍ ആരുടേയും പാദസേവകരാകേണ്ടവരല്ല. പാദപൂജകൊണ്ട് സൃഷ്ടിക്കുന്നത് പാദസേവകരെയാണ്. പാദത്തെയെന്നല്ല, വ്യക്തികളെപ്പോലും കുട്ടികള്‍ പൂജിക്കേണ്ടതില്ല. ഗുരുക്കന്മാരോടു ബഹുമാനം മാത്രമേ ആവശ്യമുള്ളൂ, പൂജനീയ ഗുരുക്കന്മാരുടെ ആവശ്യമില്ല. ബഹുമാനം കാണിക്കുക എന്നാല്‍ അവരുടെ അറിവിനെ അംഗീകരിക്കുന്നു എന്നുമാത്രമാണ് അര്‍ത്ഥം. കുട്ടികള്‍ ധിക്കാരികള്‍ ആകരുതെന്നേയുള്ളൂ. പക്ഷേ, ചോദ്യം ചെയ്യുന്നവരാകണം. തലഉയര്‍ത്തി നിന്ന് ചോദിക്കുന്ന കുട്ടികളാണ് ഈ ലോകത്തെ മുന്നോട്ടുനയിക്കേണ്ടത്. തലകുമ്പിട്ടു നിന്ന് പാദം കഴുകുന്നവരല്ല, ഉണ്ടായിവരേണ്ടത്.

ഒന്നും തിരിച്ചുകിട്ടാതെ നല്‍കുന്നതിനെ വിദ്യ എന്നു പറയുന്നുവെന്നാണ് ശങ്കരഭാഷ്യം. അതെങ്കിലും പാലിക്കുന്നവരാണെങ്കില്‍ കുട്ടികളില്‍ നിന്ന് പാദപൂജ ആഗ്രഹിക്കില്ല. ദൈവമെന്നാല്‍ സ്‌നേഹമാണെന്ന് അറിയുന്നവര്‍ക്കു മാത്രമേ നന്മയുടെ ഗുരുവാകാന്‍ കഴിയൂ എന്നാണ് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്. ദൈവമെന്നാല്‍ അനാദിയായ സ്‌നേഹമാണെന്ന് ആദ്യം അറിയണം. അങ്ങനെ അറിയുന്നവര്‍ക്കാണ് നന്മയുടെ ഗുരുവാകാന്‍ കഴിയുക. ശിഷ്യരെ സ്‌നേഹിക്കുകയാണ് ഗുരുവിന്റെ കടമ, ഗുരുവിനെ സ്‌നേഹിക്കുകയാണ് ശിഷ്യന്റെ ഉത്തരവാദിത്തം. ഇവിടെ ഗുരുവും ശിഷ്യനും സമശീര്‍ഷരാണ്. കൊടുക്കുന്നതും വാങ്ങുന്നതും സ്‌നേഹമാണ്. അല്ലാതെ ശിഷ്യനു ഗുരുവിന്റെയോ ഗുരുവിന് ശിഷ്യന്റെയോ പാദപൂജ നടത്തേണ്ടതില്ല. ബ്രാഹ്‌മണാധിപത്യത്തിന്റെ കാലത്തുണ്ടായിരുന്നതാണ് കാലുകഴുകിച്ചൂട്ട്. ബ്രാഹ്‌മണന്റെ കാല് കാഴുകി അവരെ ഊട്ടുന്ന പരിപാടിയൊക്കെ പരിഷ്‌കൃത സമൂഹം നടത്താറില്ല. ബ്രാഹ്‌മണന്റെ എച്ചിലില്‍ ദലിതര്‍ കിടന്നുരുളുന്ന മഡെ സ്‌നാനം നവസമൂഹം തള്ളിയതാണ്. മുപ്പതോ നാല്‍പ്പതോ വര്‍ഷം മുന്‍പുള്ള കേരളത്തില്‍ ഒരു സ്‌കൂളിലും അധ്യാപകരുടെ കാലുകഴുകുന്ന ഗുരുപൂജ ഉണ്ടായിരുന്നില്ല. ഒരു നൂറുവര്‍ഷത്തെ ചരിത്രമെടുത്താലും അതു കണ്ടെത്താന്‍ കഴിയില്ല. വെറും മണലില്‍ കൈവിരല്‍കൊണ്ടും എഴുത്തോലയില്‍ നാരായം കൊണ്ടും എഴുതിപ്പഠിപ്പിച്ചിരുന്ന നിലത്തെഴുത്തു കളരികളില്‍പ്പോലും പാദപൂജ ആരും ചെയ്തിരുന്നില്ല. ശിഷ്യരെ തല്ലിപ്പഠിപ്പിക്കാം എന്ന പ്രാകൃത ബോധം ഉള്ളയിടങ്ങളില്‍ തന്നെയാണ് ഇപ്പോള്‍ പാദപൂജകളും നടക്കുന്നത്. വടി താഴെവയ്ക്കാന്‍ മനസ്സുവരാത്തവരാണ് ശിഷ്യര്‍ കാലുപിടിക്കുന്നത് കാണാന്‍ കൊതിക്കുന്നത്. അപ്പോള്‍ എവിടെ നിന്നാണ് ഈ പാദപൂജയുടെ വരവ്?

പാദപൂജയുടെ വരവ് എവിടെ നിന്ന്?

കാലുകഴുകുന്നതും ചുംബിക്കുന്നതും തുടങ്ങിയത് ഇന്ത്യയിലല്ല, യൂറോപ്പിലാണ് എന്നാണ് ചരിത്രം പറയുന്നത്. റോമാസാമ്രാജ്യത്തില്‍ ചുമതലയേല്‍ക്കുന്ന രാജാക്കന്മാര്‍ മാര്‍പ്പാപ്പയുടെ കാലു ചുംബിച്ചിരുന്നതായി രേഖകളുണ്ട്. മാര്‍പാപ്പയുടെ കാലുകഴുകി ചുംബിച്ചു കഴിഞ്ഞാല്‍ കിരീടം തലയില്‍ വച്ചുകൊടുക്കുന്നതായിരുന്നു സ്ഥാനാരോഹണ രീതി. കാലുകഴുകുന്ന സമ്പ്രദായം ഇന്ത്യയിലേക്കു യൂറോപ്യന്മാര്‍ വഴി വന്നതാകണം എന്നാണ് ഒരുവിഭാഗം വിശ്വസിക്കുന്നത്. ഇവിടെ വന്ന ബ്രട്ടീഷ് ഗുരുക്കന്മാര്‍ ശിഷ്യരെക്കൊണ്ടു കാലുകഴിച്ചിരുന്നോ എന്നതില്‍ വ്യക്തതയില്ല. ഉറക്കമുണര്‍ന്നു വരുമ്പോള്‍ ഭൂമിയെ ചവിട്ടും മുന്‍പു വന്ദിക്കുന്ന രീതി ഹിന്ദൂയിസത്തില്‍ ഉണ്ടായിരുന്നു. കാല്‍ക്കല്‍വീണ് അനുഗ്രഹം വാങ്ങുന്ന സമ്പ്രദായവും ഉണ്ടായിരുന്നു. മഹാഭാരതത്തിലൊക്കെ ശിഷ്യന്മാര്‍ ഏറെ ത്യാഗം സഹിച്ച് ഗുരുസേവ ചെയ്തിരുന്നു. ബ്രാഹ്‌മണനായി വേഷം മാറി ദ്രോണരുടെ അടുത്ത് പഠിക്കാനെത്തിയ കര്‍ണന്റെ കഥ മഹാഭാരതത്തില്‍ പറയുന്നുണ്ട്. ഗുരു ഉറങ്ങുന്നതുവരെ കാലുതടവിക്കൊടുക്കുന്നതായിരുന്നു ആ രീതി. അതൊരു മസാജിങ് മാത്രമാണെന്നാണ് വിവരണങ്ങളില്‍ നിന്നു മനസ്സിലാകുന്നത്. കോണ്‍സ്റ്റബിള്‍മാരെക്കൊണ്ട് വീട്ടുവേല ചെയ്യിക്കുന്ന ഐപിഎസ് മേലാളന്മാര്‍ ഇന്നുമുണ്ട്. വീട്ടുവേല മാത്രമല്ല ഷൂ പോളിഷ് ചെയ്യിക്കുകയും ചെയ്യും. ഇതൊക്കെ അടിമകളാണ് എന്ന സങ്കല്‍പ്പത്തില്‍ ചെയ്യിക്കുന്നതാണ്. ആ കാലം കഴിഞ്ഞുപോയി. ഇപ്പോള്‍ ശിഷ്യന്മാര്‍ ഗുരുവിന്റെ അടിമകളല്ല. അതേ തലയെടുപ്പോടെ ഒപ്പം നില്‍ക്കേണ്ടവരാണ്. ആധുനിക നീതിപീഠങ്ങളും ഭരണഘടനയുമൊക്കെ പറയുന്നത് അതാണ്.

സ്വയം കഴുകുന്ന പാദവും പാദപൂജയും ആരാധനാലയങ്ങളില്‍ മാത്രമല്ല വീടുകളില്‍ കയറുന്നതിനു മുന്‍പും കാലുകഴുകുന്ന രീതി എല്ലാ സമുദായങ്ങളിലും ഉണ്ടായിരുന്നു. അതു വ്യക്തി ശുചിത്വത്തിന്റെ ലക്ഷണമാണ്. കുളിക്കുന്നതും അംഗങ്ങള്‍ വൃത്തിയാക്കുന്നതുമെല്ലാം അങ്ങനെ തന്നെ. അതെല്ലാം സ്വയം ചെയ്യേണ്ടതാണ്. കുട്ടികളെ സ്വയം ചെയ്യാറാകുന്നതുവരെയും വൃദ്ധരെ സ്വയം ചെയ്യാന്‍ കഴിയാതെ വരുമ്പോഴും വൃത്തിയാക്കണം. അതു മനുഷ്യത്വമാണ്. എന്നാല്‍ സ്വന്തം കാല് സ്വയം വൃത്തിയാക്കാന്‍ ആരോഗ്യമുള്ള അധ്യാപകര്‍ക്ക് അതു ചെയ്തു നല്‍കേണ്ടതില്ല. വിഷയത്തില്‍ മൗനം പാലിക്കുന്നതു പോലും കുട്ടികളെക്കൊണ്ട് അന്യായം ചെയ്യിക്കുന്നതിനു കൂട്ടുനില്‍ക്കലാണ്. കാസര്‍ഗോട് ബന്തടുക്ക സരസ്വതീ വിദ്യാലയത്തിലും മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലുമാണ് പാദപൂജ നടന്നത്. ആര്‍എസ്എസിന് നിയന്ത്രണമുള്ള സ്‌കൂളുകളാണ് സരസ്വതീ വിദ്യാലയങ്ങള്‍. പൊതു വിദ്യാലയങ്ങളല്ല എന്നതിനാല്‍ സര്‍ക്കാരിന് ഭരണപരമായ പരിമിതിയുണ്ട്. എങ്കിലും ഇന്നാട്ടിലെ കുട്ടികളെക്കരുതി പ്രതികരിക്കുന്നതില്‍ തെറ്റില്ല. പാദപൂജ സംസ്ഥാനത്തെ സ്‌കൂളുകളില്‍ വേണ്ട എന്ന് വിദ്യാഭ്യാസ മന്ത്രി മുന്നറിയിപ്പു നല്‍കി. അപ്പോള്‍ പാദപൂജ ഭാരത സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അത് കുട്ടികള്‍ അനുഷ്ഠിക്കേണ്ടതാണ് എന്നുമാണ് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പറഞ്ഞത്. കാവിക്കൊടിയേന്തിയ ഭാരതാംബയെ പൂജിച്ചതിനു ശേഷം ഗവര്‍ണര്‍ ഏറ്റെടുക്കുന്ന വിഷയമാണ് കുട്ടികളെക്കൊണ്ടുള്ള പാദപൂജ.

ഗവര്‍ണറും സര്‍ക്കാരും നില്‍ക്കുന്ന ഇടങ്ങള്‍ സംസ്ഥാനത്തിന്റെ സര്‍ക്കാരും ഗവര്‍ണറും തീര്‍ത്തും വിരുദ്ധമായ രണ്ടു ധ്രൂവങ്ങളില്‍ നില്‍ക്കുന്നത് ഒട്ടും ആശാസ്യമല്ല. അടിമത്തം എന്നേ ഇല്ലാതാക്കിയ നാട്ടില്‍ പാദപൂജ വീണ്ടും വേണമെന്നു പറയുന്നത് സംസ്ഥാനത്തിന്റെ ഗവര്‍ണറാണ്. ആ സന്ദേശം അനുസരിക്കേണ്ടതു കുട്ടികളാണ്. അവര്‍ക്കു ലോകത്തെക്കുറിച്ചുള്ള ധാരണയാണ് അതോടെ തെറ്റുന്നത്. സിലബസിന്റെ ഭാഗം എന്ന നിലയിലാണ് ചില സ്‌കൂളുകള്‍ പാദപൂജ ഏറ്റെടുക്കുന്നത്. ഇത് അധ്യയനത്തിന്റെ ഭാഗമാണെന്ന തെറ്റിദ്ധാരണയാണ് കുട്ടികളില്‍ ഉണ്ടാക്കുന്നത്. പഠിക്കുന്നത് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളില്‍ ആണെങ്കിലും ഇന്നാട് എത്തി നില്‍ക്കുന്ന വളര്‍ച്ച അവിടെയും ഉണ്ടാകണം. ഇല്ലെങ്കില്‍ ഒരു വിഭാഗം കുട്ടികള്‍ വേറൊരു ചിന്താപദ്ധതിയുടെ ഭാഗമായി മാറും. അങ്ങനെ ഇന്നാടിന് മുന്നോട്ടുപോകാന്‍ കഴിയില്ല. വിഭാഗീയതയും വംശീയതയുമൊക്കെയാകും അതിന്റെ അനന്തരഫലങ്ങള്‍. ബാലഗോകുലത്തിലോ ആര്‍എസ് എസ് ശാഖയിലോ ആചാരങ്ങള്‍ നടത്തുന്നതുപോലെയല്ല വിദ്യാലയങ്ങളില്‍. അവിടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ശീലങ്ങളാണ് നല്ലത്. സ്‌കൂളുകളില്‍ സൂംബാ ഡാന്‍സ് വേണ്ടെന്ന് എസ് വൈ എസ് പറഞ്ഞപ്പോള്‍ അതിനെ മറ്റുള്ളവര്‍ ഒറ്റക്കെട്ടായി തിരുത്താന്‍ ശ്രമിച്ചു. അതുപോലെ തന്നെ കുട്ടികള്‍ അധ്യാപകരുടെ പാദപൂജ ചെയ്യണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതു തിരുത്താനും മറ്റുള്ളവര്‍ ഒറ്റക്കെട്ടായി ഇറങ്ങും. അത് മുന്നോട്ടുപോകാനുള്ള നാടിന്റെ ത്വരയുടെ ഭാഗമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com