
ബാബര്‍ അതിക്രൂരനായ അധിനിവേശക്കാരന്‍. നഗരങ്ങളിലെ ജനസഞ്ചയങ്ങളെ മുഴുവന്‍ കൊന്നൊടുക്കിയ ആള്‍. എട്ടാം ക്ലാസിലെ പുതിയ എന്‍സിഇആര്‍ടി സാമൂഹികപാഠ പുസ്തകം ഇതുമാത്രമല്ല പറയുന്നത്. അക്ബറുടെ ഭരണം ക്രൗര്യം നിറഞ്ഞതായിരുന്നു. ഔറംഗസേബ് ക്ഷേത്രങ്ങളും ഗുരുദ്വാരകളും തകര്‍ത്തെറിഞ്ഞു. ഡല്‍ഹി സുല്‍ത്താനേറ്റിന്റെ ഭരണകാലം മതപരമായ ഹിംസകള്‍ നിറഞ്ഞതാണ്. ഇങ്ങനെയൊക്കെ എഴുതിവച്ചിരിക്കുകയാണ് പുതിയ പുസ്തകത്തില്‍. ഇതുവരെ ബാബറുടേയും അക്ബറുടേയും ഹുമയൂണിന്റേയും ഔറംഗസേബിന്റേയുമൊക്കെ ചരിത്രം തമസ്‌കരിക്കുന്നതായിരുന്നു ശീലം. ഇപ്പോഴത് പൊളിച്ചെഴുതി പഠിപ്പിക്കാന്‍ തുടങ്ങുകയാണ്. പടയോട്ടങ്ങളും അധിനിവേശങ്ങളും നിറഞ്ഞതാണ് ലോകചരിത്രം. അതിലേതെങ്കിലും തെറ്റാണെന്നോ ശരിയാണെന്നോ ഇന്നത്തെ സാഹചര്യങ്ങളിലിരുന്നു പറയുന്നതിലും വലിയ അബദ്ധം വേറേയില്ല. കുറ്റംപറയരുതല്ലോ. ചരിത്രത്തിലെ അതിക്രമങ്ങളുടെ പേരില്‍ ആരെയും ഉത്തരവാദികളാക്കരുത് എന്നൊരു ഫൂട്‌നോട്ട് ആ പാഠത്തിന്റെ അവസാനം കൊടുത്തിട്ടുണ്ട്.
ചരിത്ര പാഠപുസ്തകത്തിലെ അതിക്രൂരന്മാര്‍
എട്ടാംക്ലാസ്സിലെ സാമൂഹിക പാഠം പുസ്തകത്തിന്റെ ഒന്നാം ഭാഗം ഈ അടുത്താണ് പുറത്തുവന്നത്. എക്‌സ്‌പ്ലോറിങ് സൊസൈറ്റി: ഇന്ത്യന്‍ ആന്‍ഡ് ബിയോണ്ട് എന്നാണ് തലവാചകം. പുതിയ എന്‍സിഇആര്‍ടി പുസ്തകങ്ങളില്‍ മുഗള്‍ ഭരണം പരാമര്‍ശിക്കുന്ന ആദ്യ പുസ്തകവും ഇതാണ്. നേരത്തെ ഡല്‍ഹി സുല്‍ത്താനേറ്റ് പഠനം ഏഴാംക്‌ളാസിലായിരുന്നു. അത് എടുത്തുകളഞ്ഞാണ് പുതിയ ചരിത്രമെഴുതി എട്ടാംക്‌ളാസില്‍ പഠിപ്പിക്കാന്‍ തീരുമാനിച്ചത്. പതിമൂന്നാം നൂറ്റാണ്ടു മുതല്‍ പതിനേഴാം നൂറ്റാണ്ടുവരെയുള്ള ചരിത്രമാണ് പുസ്തകം പറയുന്നത്. ഡല്‍ഹി സുല്‍ത്താനേറ്റിന്റെ ഉദയംമുതല്‍ അന്ത്യം വരെയാണ് പരാമര്‍ശിക്കുന്നത്. മുഗള്‍ ഭരണകാലം രാഷ്ട്രീയ അസ്ഥിരതയുടേതായിരുന്നെന്നും ഗ്രാമങ്ങളെ കൊള്ളയടിച്ചെന്നും പറഞ്ഞുവയ്ക്കുന്നു. ക്ഷേത്രങ്ങളും പാഠശാലകളും തച്ചുതകര്‍ത്ത കാലം എന്നാണ് തുടര്‍ന്നു പറയുന്നത്. ക്ഷേത്രങ്ങള്‍ തകര്‍ത്തതിനെക്കുറിച്ച് ഒന്നോ രണ്ടോ ഇടത്തല്ല, നിരവധി ഖണ്ഡികകളില്‍ പുസ്തകം ആവര്‍ത്തിക്കുന്നുണ്ട്. ഏഴാംക്‌ളാസില്‍ പഠിപ്പിച്ചിരുന്ന മുഗള്‍ ചരിത്രത്തില്‍ ഇത്തരം പരാമര്‍ശങ്ങളൊന്നും ഉണ്ടായിരുന്നില്ല. അക്ബറുടെ ഭരണകാലത്തെ സാംസ്‌കാരിക വളര്‍ച്ചയുടെ സുവര്‍ണകാലം എന്നു വിശേഷിപ്പിച്ചിരുന്ന പാഠപുസ്തകങ്ങളായിരുന്നു മുന്‍പ് ഉണ്ടായിരുന്നത്. പലസംസ്ഥാനങ്ങളിലേയും കരിക്കുലത്തില്‍ ഇപ്പോഴും മുഗള്‍ ഭരണകാലത്തെ ഗുണപരമായാണ് പഠിപ്പിക്കുന്നത്. എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ അംഗീകരിക്കാത്ത സംസ്ഥാനങ്ങള്‍ക്ക് വിദ്യാഭ്യാസ ഫണ്ട് നല്‍കില്ല എന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളാണ് ഇപ്പോഴും സ്വന്തം സിലബസുമായി മുന്നോട്ടുപോകുന്നത്.
പുസ്തകം പഠിപ്പിക്കുന്ന 'ചരിത്രം'
എട്ടാംക്‌ളാസ് പുസ്തകത്തിലെ ചില പരാമര്‍ശങ്ങള്‍ നോക്കുക. അലാവുദ്ദീന്‍ ഖില്‍ജിയുടെ ജനറല്‍ ആയിരുന്ന മാലിക് കഫൂര്‍ നിരവധി ഹിന്ദു മേഖലകള്‍ ആക്രമിച്ചു. ശ്രീരംഗം, മധുര, ചിദംബരം എന്നിവയ്ക്കു പുറമെ രാമേശ്വരവും ആക്രമിച്ചിരിക്കാം. മറ്റൊരു പരാമര്‍ശം ഇങ്ങനെ. മുഗള്‍ ഭരണകാലത്ത് ബുദ്ധ, ജൈന, ഹിന്ദു ക്ഷേത്രങ്ങളില്‍ ഉണ്ടായിരുന്ന ബിംബങ്ങള്‍ ആക്രമിച്ചു. ഇത്തരം അതിക്രമങ്ങള്‍ കൊള്ളയടിക്കാന്‍ വേണ്ടി മാത്രമായിരുന്നില്ല. മതപരമായ അസഹിഷ്ണുതകൊണ്ട് നടത്തിയതാണ്. ജിസിയ എന്ന നികുതിയെക്കുറിച്ച് എട്ടാംക്‌ളാസ് പാഠപുസ്തകം പറയുന്നത് ഇങ്ങനെയാണ്. മുസ്ലിംകള്‍ അല്ലാത്തവര്‍ക്ക് ഏര്‍പ്പെടുത്തിയ ജിസിയ നികുതി വലിയ നാണക്കേട് ഉണ്ടാക്കിയെന്നും ഇസ്ലാംമിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള ഉപാധിയായിരുന്നു ഈ നികുതി എന്നുമാണ് പുസ്തകത്തിലുള്ളത്. എന്നാല്‍ ഏഴാംക്‌ളാസിലെ പഴയ പുസ്തകത്തില്‍ ഭൂനികുതിക്കൊപ്പം മുസ്ലിംകള്‍ അല്ലാത്തവര്‍ നല്‍കിയ നികുതി എന്നുമാത്രമാണ് വിശേഷണം. ഇനി ബാബറെക്കുറിച്ചു പറയുന്നതു നോക്കുക. ബാബറുടെ ആത്മകഥ അദ്ദേഹത്തെ സാംസ്‌കാരികമായും ബുദ്ധിപരമായും ഉയര്‍ന്ന നിലയിലുള്ളയാള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. അതു ശരിയല്ല. ബാബര്‍ അതിക്രൂരനായ ദയയില്ലാത്ത അധിനിവേശക്കാരനായിരുന്നു. നഗരങ്ങളിലെ ജനസഞ്ചയങ്ങളെ മുഴുവന്‍ കൊന്നൊടുക്കി. സ്ത്രീകളേയും കുട്ടികളേയും അടിമകളാക്കി. കൊന്ന ആളുകളുടെ അസ്തികള്‍കൊണ്ട് മാളികകള്‍ പണിയുന്നതില്‍ അഭിമാനം കൊണ്ടു. ബാബറിനെക്കുറിച്ച് ഇങ്ങനെയാണെങ്കില്‍ അക്ബറിനെക്കുറിച്ചും ഇതുവരെ കേള്‍ക്കാത്ത കഥകളുണ്ട്.
'അതിക്രൂരനായ അക്ബര്‍!'
അക്ബര്‍ ചിറ്റോര്‍ഗഢിലെ രജപുത്ര കോട്ട ആക്രമിച്ചു. ആക്രമണ ശേഷം മുപ്പതിനായിരം നാട്ടുകാരെ വധിക്കാന്‍ ഉത്തരവിട്ടു. ഇങ്ങനെ അക്ബറെക്കുറിച്ചുള്ള വിശേഷണം തുടരുന്നത്. അന്യമതസ്ഥരുടെ നിരവധി കോട്ടകള്‍ ആക്രമിച്ചെന്നും അവിടെയെല്ലാം ഇസ്ലാം മതം സ്ഥാപിച്ചുവെന്നും അക്ബറുടെ വിജയസന്ദേശത്തില്‍ പറയുന്നുണ്ടെന്നുമാണ് പുസ്തകത്തിലുള്ളത്. രക്തദാഹികളായ വാളുകള്‍ കൊണ്ട് അവിശ്വാസികളെ തുടച്ചുനീക്കിയതായി അക്ബര്‍ അവകാശപ്പെട്ടെന്നും പുസ്തകം എഴുതിവയ്ക്കുന്നു. ഹിന്ദുസ്ഥാനില്‍ അങ്ങോളമിങ്ങോളമുള്ള ക്ഷേത്രങ്ങള്‍ നശിപ്പിച്ചെന്ന് അക്ബര്‍ പറഞ്ഞതായും പുസ്തകത്തിലുണ്ട്. അക്ബര്‍ പിന്നീട് ഇതര മതസ്ഥരോട് സഹിഷ്ണുത കാണിച്ചെങ്കിലും മുസ്ലിംകള്‍ അല്ലാത്തവര്‍ക്ക് ആ ഭരണത്തില്‍ സ്ഥാനം ലഭിച്ചില്ല. ഇതാണ് ആ പുസ്തകത്തില്‍ എഴുതി വച്ചിരിക്കുന്നത്. ഇതര മതസ്ഥരോട് സഹിഷ്ണുതയോടെ പെരുമാറിയ അക്ബര്‍ എന്നായിരുന്നു ഇതുവരെ പഠിച്ച ചരിത്രത്തില്‍ ഉണ്ടായിരുന്നത്. സഹിഷ്ണുത പിന്നീട് കാണിച്ചെന്നു സമ്മതിക്കുന്ന പുസ്തകം പക്ഷേ, മുസ്ലിംകള്‍ അല്ലാത്തവര്‍ക്ക് നീതി ലഭിച്ചില്ല എന്നും പഠിപ്പിക്കുകയാണ്. ഔറംഗസേബിനെക്കുറിച്ചു പുസ്തകത്തിലുള്ള ഭാഗമാണ് ഏറ്റവും വിചിത്രം. ഔറംഗസേബിനെക്കുറിച്ച് ചില ചരിത്രകാരന്മാര്‍ നല്ല കാര്യങ്ങളാണ് പറയുന്നത്. ക്ഷേത്രങ്ങള്‍ക്ക് ഔറംഗസേബ് സംരക്ഷണം നല്‍കിയത് ചൂണ്ടിക്കാണിച്ചാണ് അങ്ങനെ പറയുന്നത്. എന്നാല്‍ ഔറംഗസേബിന്റെ ഭരണകാലത്തും സ്വന്തം മതപരമായ താല്‍പര്യങ്ങള്‍ മുന്നില്‍ നിന്നതായി കാണാം എന്നാണ് പുസ്തകം എഴുതി വയ്ക്കുന്നത്. സ്‌കൂളുകളും ക്ഷേത്രങ്ങളും നശിപ്പിക്കാന്‍ ഔറംഗസേബ് ഗവര്‍ണര്‍മാര്‍ക്ക് ഉത്തരവു നല്‍കി. ബനാറസ്, മഥുര, സോമനാഥ് എന്നിവിടങ്ങളിലെ ഹിന്ദുക്ഷേത്രങ്ങള്‍ നശിപ്പിച്ചു. ഗുരുദ്വാരകളും ജൈനക്ഷേത്രങ്ങളും ഔറംഗസേബിന്റെ കാലത്ത് നശിപ്പിച്ചു എന്നും പുസ്തകത്തിലുണ്ട്.
ഛത്രപതി ശിവജി മഹാനാകുന്ന പുസ്തകം
മുഗള്‍ ഭരണകാലത്തെക്കുറിച്ച് ഇങ്ങനെയുള്ള വിവരണങ്ങള്‍ക്കു ശേഷം ഛത്രപതി ശിവജിയുടെ മാഹാത്മ്യം പറയുന്നതാണ് അടുത്ത അധ്യായം. ശിവജി മാസ്റ്റര്‍ സ്ട്രാറ്റജിസ്റ്റും ട്രൂ വിഷനറിയുമാണ്. ഇന്ത്യയുടെ സാംസ്‌കാരിക വളര്‍ച്ചയ്ക്ക് അടിത്തറയിട്ടവരില്‍ ഒരാളായാണ് ശിവജിയെ വിശേഷിപ്പിക്കുന്നത്. ശിവജി അടിമുടി ഹിന്ദു ആയിരുന്നെന്നും മറ്റു മതങ്ങളെ ബഹുമാനിക്കുമ്പോഴും സ്വമതത്തിനായി നിലകൊണ്ടു എന്നുമാണ് വിവരണം. തകര്‍ത്ത ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിച്ച മഹാന്‍ എന്നാണ് ശിവജിക്കുള്ള മറ്റൊരു വിശേഷണം. മുസ്ലിം ഭരണാധികാരികള്‍ മുഴുവന്‍ അതിക്രൂരന്മാരും ഹിന്ദു ഭരണാധികാരികളൊക്കെ മഹാന്മാരും ആകുന്നതാണ് എട്ടാംക്‌ളാസിലെ ഈ പാഠപുസ്തകം. പ്രത്യക്ഷത്തില്‍ തന്നെ ഇത്രയും മത നിന്ദയുള്ള പുസ്തകം വേറെയില്ല. ഇതാണ് ഇന്ത്യയിലെ കുട്ടികള്‍ പഠിക്കേണ്ട ചരിത്രം. ഹിന്ദു രാജാക്കന്മാരെല്ലാവരും മഹാന്മാരാണ് എന്നു വിശ്വസിക്കുന്നതില്‍ തെറ്റില്ല. അത് ആ മതസ്ഥരുടെ സ്വാതന്ത്ര്യം. എന്നാല്‍ ഇസ്ലാം മതസ്ഥരെല്ലാം നിന്ദ്യരാണ് എന്നു പറയുകയാണ് മതേതര രാജ്യത്തെ ഈ പുസ്തകം. ഒരു ചരിത്രപുസ്തകത്തിലും ഉണ്ടാകരുതാത്തതാണ് ഇത്തരം പരാമര്‍ശങ്ങള്‍. കുട്ടികള്‍ പഠിക്കേണ്ടത് അതതു കാലത്തെ ജനസഞ്ചയങ്ങളുടെ ജീവിതമാണ്. ലോകമെങ്ങും ചരിത്രം പഠിപ്പിക്കുന്നത് അങ്ങനെയാണ്. ഇതിലപ്പുറം എന്തു പറയാന്‍.