വീര്യത്തില്‍ നിലതെറ്റുമോ ?

വീര്യംകുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനം യുഡിഎഫിന് വിട്ടുകൊടുത്താണ് മുഖ്യമന്ത്രി നിലപാടില്‍ നിന്ന് യൂ ടേണ്‍ അടിച്ചത്.
വീര്യത്തില്‍ നിലതെറ്റുമോ ?
Published on
Updated on

സംസ്ഥാനത്ത് വീര്യംകുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ പരസ്യമായി രംഗത്തുവന്നിരിക്കുന്നു. നിയമസഭയില്‍ പ്രൊപ്പോസല്‍ വരുന്നതിന് മുമ്പു തന്നെ പാര്‍ട്ടി തലത്തിലും മുന്നണി തലത്തിലും ചര്‍ച്ച നടത്തിയിരുന്നു എങ്കില്‍ വിവാദം ഒഴിവാക്കാമായിരുന്നു എന്നാണ് അദ്ദേഹം വാര്‍ത്തലേഖകരോട് പറഞ്ഞത്. മുഖ്യമന്ത്രിയുടെ നിയമസഭയിലെ വിശദീകരണത്തിന് ശേഷവും കോണ്‍ഗ്രസിലും യുഡിഎഫിലും വിഷയത്തില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുകയാണ്. വീര്യംകുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനം യുഡിഎഫിന് വിട്ടുകൊടുത്താണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ വിഷയത്തിലെ നിലപാടില്‍ നിന്ന് കഴിഞ്ഞ ദിവസം യൂ ടേണ്‍ അടിച്ചത്. നിയമസഭയില്‍ വിദേശ നിര്‍മിത വിദേശ മദ്യം സംബന്ധിച്ചും സംസ്ഥാനത്തെ ബാറുകള്‍ സംബന്ധിച്ചും മുഖ്യമന്ത്രി പറഞ്ഞത് തിരുത്തി മുന്‍ എക്സൈസ് മന്ത്രി എം.ബി. രാജേഷും രംഗത്തെത്തിയിട്ടുണ്ട്.

''വീര്യത്തില്‍ നിലതെറ്റുമോ ?''

മുന്നണിക്കുള്ളിലും പാര്‍ട്ടിയിലും ചര്‍ച്ച ചെയ്യാതെയാണ് ഖജനാവിന് വന്‍ നഷ്ടമുണ്ടാക്കുന്ന തീരുമാനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ എടുത്തതെന്ന് വ്യക്തമാക്കിയുള്ള പ്രതികരണങ്ങളാണ് ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നത്. വീര്യംകുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട വിഷയം വിവാദമായതിന് പിന്നാലെ യുഡിഎഫില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം വി.ഡി. സതീശന്‍ നിയമസഭയില്‍ പറഞ്ഞത്. മുന്നണിയില്‍ വിശദമായ ചര്‍ച്ച നടത്തി നയം രൂപീകരിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ വിവാദം ഉണ്ടാകുമായിരുന്നില്ലെന്ന് പറഞ്ഞ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരനാണ് പരസ്യമായി രംഗത്ത് വന്നിട്ടുള്ളത്. മദ്യത്തിന്റെ വ്യാപനവും ഉപയോഗവും കുറയ്ക്കുകയും ലഹരിക്കെതിരെ പോരാട്ടം നടത്തുക എന്നതാണ് യുഡിഎഫിന്റെ നയമെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തണം. ബജറ്റ് പ്രൊപ്പോസല്‍ വെക്കുമ്പോള്‍ മദ്യവ്യാപനത്തിന് അവസരം ഒരുക്കുന്ന ഒരു തീരുമാനവും പാടില്ലാത്തതാണ്. ബജറ്റിന്റെ ഭാഗമായി ഫിനാന്‍സ് ബില്ല് അവതരിപ്പിക്കുമ്പോള്‍ വിവാദ നികുതി പ്രൊപ്പോസല്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബജറ്റ് പാസായി ഫിനാന്‍സ് ബില്ലായാല്‍ അത് സംസ്ഥാനത്തെ നിയമമാകും. ഇതോടെ മദ്യക്കമ്പനികള്‍ക്ക് വീര്യം കുറഞ്ഞ മദ്യം കേരളത്തില്‍ വില്‍ക്കാനുമാകും. ഫിനാന്‍സ് ബില്‍ പാസായിക്കഴിഞ്ഞ് വിരുദ്ധ തീരുമാനം മന്ത്രിസഭ എടുത്താലും മദ്യക്കമ്പനിക്ക് അത് കോടതിയില്‍ ചോദ്യം ചെയ്യാനാകുമെന്ന് നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നുണ്ട്.

വീര്യത്തില്‍ നിലതെറ്റുമോ ?
വിദേശ സംഭാവനകളെ കൈപ്പിടിയിലൊതുക്കാന്‍ ചട്ടഭേദഗതി

മുഖ്യമന്ത്രി ബജറ്റ് മറുപടിയില്‍ പറഞ്ഞത്

വീര്യം കുറഞ്ഞ മദ്യം കേരളത്തില്‍ അനുവദിക്കുന്നതിനുള്ള നീക്കങ്ങള്‍ 2010ല്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ ആരംഭിച്ചെങ്കിലും നയപരമായ വ്യക്തത വന്നത് 2023-ലെ മദ്യനയത്തിലൂടെ ആയിരുന്നു. കഴിഞ്ഞ സര്‍ക്കാര്‍ 2022-23 ലെ അബ്കാരി നയത്തില്‍ വീര്യം കുറഞ്ഞ മദ്യവില്‍പന അനുവദിച്ച് ചട്ടം ഭേദഗതി ചെയ്‌തെങ്കിലും നികുതിഘടന പ്രഖ്യാപിച്ചിരുന്നില്ല. 42.86 ശതമാനം വീര്യമുള്ള ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ അതേ നികുതിയായ 251 ശതമാനം നല്‍കേണ്ടിയിരുന്നതിനാല്‍ വീര്യം കുറഞ്ഞ മദ്യം കേരളത്തില്‍ ഒരു കമ്പനിയും വിറ്റില്ല.

ഈ പശ്ചാത്തലത്തിലാണ് , വീര്യം കുറഞ്ഞ മദ്യം എന്ന കാറ്റഗറി കൊണ്ടു വന്നത് ഇടതുസര്‍ക്കാരാണെന്നും വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിക്കുക മാത്രമാണ് ഈ സര്‍ക്കാര്‍ ചെയ്തതെന്നാണ് ബജറ്റ് ചര്‍ച്ചക്ക് മറുപടിയായി വിഷയത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ പറഞ്ഞത്. യുഡി.എഫ് തീരുമാനിച്ചാല്‍ ഈ നികുതി നിരക്കില്‍ സംസ്ഥാനത്ത് മദ്യം വില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബജറ്റില്‍ നികുതി തീരുമാനിക്കുന്നത് ശരവേഗത്തിലായതിനാലാണ് അതിവേഗം നടപടി സ്വീകരിച്ചത് എന്ന് പറഞ്ഞാണ് അദ്ദേഹം ആരോപണങ്ങളെ പ്രതിരോധിച്ചത്.

മദ്യവ്യാപനവും വിദേശ നിര്‍മിത വിദേശ മദ്യവും

2018-2019 കാലയളവില്‍ 40 ശതമാനം മുതല്‍ 60 ശതമാനം വരെ വീര്യമുള്ള ഫോറിന്‍ മെയ്ഡ് ഫോറിന്‍ ലിക്കറിന് കേരളത്തില്‍ അനുമതി നല്‍കിയപ്പോള്‍ 78 ശതമാനം നികുതിയാണ് മുന്‍ സര്‍ക്കാര്‍ നിശ്ചയിച്ചത്. 2022-2023ല്‍ അത് 115 ശതമാനമാക്കി. ജോണി വാക്കറില്‍നിന്നും ഷിവാസ് റീഗലില്‍നിന്നും കൈനീട്ടി വാങ്ങിയിട്ടാണോ 78 ശതമാനം നികുതി നിശ്ചയിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ സഭയില്‍ പ്രത്യാരോപണം ഉയര്‍ത്തി. എന്നാല്‍ ഇത് സംബന്ധിച്ച വിശദീകരണം ഇടതുനേതാക്കളില്‍ നിന്ന് എത്തിയിട്ടുണ്ട്. മദ്യം വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സാധാരണയായി 150 ശതമാനമാണ് ബേസിക് കസ്റ്റംസ് ഡ്യൂട്ടിയായി ഈടാക്കാറുള്ളത്. ഇതിനുപുറമെ, സാമൂഹിക ക്ഷേമ സെസ് പോലെയുള്ള അധിക ചാര്‍ജുകളും ചിലപ്പോള്‍ ഈടാക്കാറുണ്ട്. കേരളത്തില്‍ വില്‍ക്കുമ്പോള്‍, ഈ കസ്റ്റംസ് ഡ്യൂട്ടി ഉള്‍പ്പെടെയുള്ള തുകയ്ക്ക് മുകളില്‍ സംസ്ഥാന സര്‍ക്കാരിന്റെ എക്സൈസ് ഡ്യൂട്ടി, വില്‍പ്പന നികുതി, മറ്റ് സെസ്സുകള്‍ എന്നിവ കൂടി ചേര്‍ത്താണ് അന്തിമ വില നിശ്ചയിക്കുന്നത്. അങ്ങനെ വരുമ്പോള്‍ വലിയ വില വര്‍ധനവാണ് ഈ ഇനത്തില്‍ വരിക. വിനോദ സഞ്ചാര മേഖലയിലെ സാധ്യത കൂടി പരിഗണിച്ചാണ് ഇത്തരത്തില്‍ തീരുവ നിശ്ചയിക്കപ്പെട്ടതെന്നാണ് ഇടതുനേതാക്കളുടെ വിശദീകരണം. കൂടാതെ 2016-ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി ആകുമ്പോള്‍ 28 ബാറുകളാണ് കേരളത്തില്‍ ഉണ്ടായിരുന്നതെന്ന് വി.ഡി.സതീശന്‍ പറഞ്ഞതിനെതിരെ മുന്‍ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് രംഗത്തെത്തി. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരം ഒഴിയുമ്പോള്‍ 813 ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്നു എന്നും ഉമ്മന്‍ചാണ്ടിയുടെ അതേ മദ്യനയമാണ് വി.ഡി. സതീശന്‍ സര്‍ക്കാരിനെങ്കില്‍ എങ്കില്‍ ബാറുകള്‍ പൂട്ടുമോ എന്നും അദ്ദേഹം ചോദിച്ചു. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള നീക്കം മദ്യക്കമ്പനികളെ സഹായിക്കാനാണെന്നാണ് മുന്‍ വ്യവസായമന്ത്രി പി.രാജീവിന്റെ ആരോപണം.

വീര്യത്തില്‍ നിലതെറ്റുമോ ?
വീര്യം കുറഞ്ഞ മദ്യം ഒഴുക്കാന്‍ ആര്‍ക്കാണ് തിടുക്കം..?

പ്രതിരോധത്തിലാകുന്നത് ആര്

മദ്യ നികുതിയും പി.എം ശ്രീയുമായും ബന്ധപ്പെട്ട വിവാദങ്ങളും അത് സൃഷ്ടിച്ച ആഭ്യന്തര ഭിന്നതകളും യുഡിഎഫ് സര്‍ക്കാരിനെ വലിയൊരു പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. കൂട്ടായ ചര്‍ച്ചകളില്ലാതെ തീരുമാനങ്ങള്‍ എടുക്കുന്നത് മുന്നണിക്ക് തിരിച്ചടിയാകുന്നുവെന്ന മുതിര്‍ന്ന നേതാക്കളുടെ തന്നെ വിമര്‍ശനം, സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന എതിര്‍പ്പിന്റെ ആഴം വ്യക്തമാക്കുന്നു. സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ കോണ്‍ഗ്രസിനുള്ളിലും ഘടകക്ഷികള്‍ക്കിടയിലും നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങളും, ഇതിനെ മുതലെടുത്ത് പ്രതിപക്ഷം നടത്തുന്ന ശക്തമായ രാഷ്ട്രീയ ആക്രമണങ്ങളും ഭരണപക്ഷത്തിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ വിശ്വാസ്യത പോലും ചോദ്യം ചെയ്യപ്പെടുന്ന ഈ സാഹചര്യത്തില്‍, ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ യുഡിഎഫ് നേതൃത്വം അടിയന്തരമായും ക്രിയാത്മകവുമായ ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്.

News Malayalam 24x7
newsmalayalam.com