
രാജ്യത്തു ഹിന്ദു ഭീകരതയുണ്ടോ എന്ന ചോദ്യത്തിന് ഏറ്റവും വ്യക്തതയോടെ പറഞ്ഞിരുന്ന ഉത്തരമായിരുന്നു മാലെഗാവ് സ്‌ഫോടനം. ഒന്നാംപ്രതി പ്രഗ്യാ സിങ് ഠാക്കൂര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളെയും ഇപ്പോള്‍ എന്‍ഐഎ കോടതി വെറുതെ വിട്ടിരിക്കുന്നു. 2008ലെ സ്‌ഫോടനത്തിന് തൊട്ടുപിന്നാലെ പ്രഗ്യ ഉള്‍പ്പെടെ എട്ടുപേരെ അറസ്റ്റ് ചെയ്ത ഹേമന്ദ് കര്‍ക്കറെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു. കര്‍ക്കറെയുടെ മരണശേഷം മുംബൈ ടെററിസ്റ്റ് സ്‌ക്വാഡ് നടത്തിയ അന്വേഷണങ്ങളെല്ലാം സംശയ നിഴലിലായിരുന്നു. 2011ല്‍ കേസ് ഏറ്റെടുത്ത എന്‍ഐഎയും മൂന്നുവര്‍ഷത്തിനു ശേഷം വിവാദങ്ങളില്‍ അകപ്പെട്ടു. കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ബിജെപി ഭരിച്ച 2014 മുതലുള്ള കാലത്ത് കേസ് അട്ടിമറിക്കപ്പെട്ടെന്ന് ആരോപണം ഉയര്‍ന്നു. കേസില്‍ വാദം കേട്ട അഞ്ചു ജഡ്ജിമാരെയാണ് ഇതിനിടെ സ്ഥലം മാറ്റിയത്. സ്‌ഫോടനം നടന്ന് 17 വര്‍ഷത്തിനുശേഷം വിചാരണ കോടതി വിധി പറഞ്ഞപ്പോള്‍ പ്രതികളെല്ലാം കുറ്റവിമുക്തരായി. നമ്മുടെ നിയമപാലക സംവിധാനത്തിന്റെ മെല്ലെപ്പോക്കിനും കുറ്റകരമായ അനവധാനതയ്ക്കും കൂടിയുള്ള ഉദാഹരണമായാണ് ഇപ്പോള്‍ മാലെഗാവ് സ്‌ഫോടനകേസിനെക്കുറിച്ചു പറയുന്നത്.
സ്‌ഫോടനം നടന്നത് 2008 സെപ്റ്റംബര്‍ 29ന്. മുംബൈ ഭീകരവിരുദ്ധ സേനയുടെ തലവനായിരുന്ന ഹേമന്ത് കര്‍ക്കറെ രണ്ടാഴ്ചയ്ക്കുള്ളില്‍ ഒന്നാംപ്രതി പ്രഗ്യസിങ് ഠാക്കൂറിനെയും കൂട്ടുപ്രതികളെയും അറസ്റ്റ് ചെയ്തു. അന്ന് ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയുടെ അഖിലേന്ത്യനേതാവായിരുന്നു സാധ്വി പ്രഗ്യ. ഒരിക്കലും രക്ഷപ്പെടാന്‍ കഴിയില്ല എന്ന തരത്തിലുള്ള തെളിവുകളും ഹേമന്ത് കര്‍ക്കറെ കൂട്ടിയിണക്കിയിരുന്നു. സ്‌ഫോടനത്തിന് ഉപയോഗിച്ചത് പ്രഗ്യയുടെ എല്‍എംഎല്‍ ഫ്രീഡം മോട്ടോര്‍ സൈക്കിളാണ്. 2008 ജൂലൈയിലാണ് പ്രഗ്യ ഈ മോട്ടോര്‍ സൈക്കിള്‍ രാംജി എന്ന് അറിയപ്പെടുന്ന രാമചന്ദ്ര കല്‍സംഗ്രയ്ക്കു നല്‍കുന്നത്. രാംജിയാണ് ഇതില്‍ ബോംബ് വച്ചത് എന്നാണ് ഹേമന്ത് കര്‍ക്കറെ കുറ്റപത്രത്തില്‍ എഴുതിയത്. രാംജിയെ അറസ്റ്റ് ചെയ്യും മുന്‍പ് 2008 നവംബര്‍ 26ന് മുംബൈ ഭീകരാക്രമണത്തില്‍ കര്‍ക്കറെ കൊല്ലപ്പെട്ടു. മുംബൈ എടിഎസിന്റെ മുഴുവന്‍ ശ്രദ്ധയും പിന്നീട് ഭീകരാക്രമണ കേസിലായി. തുടര്‍ന്നുവന്ന എടിഎസ് തലവന്മാരൊന്നും മലേഗാവ് കേസിലെ രാംജിയെ അന്വേഷിച്ചുപോയില്ല. രാംജി ഒരിക്കലും അറസ്റ്റിലാകാത്തതിനാല്‍ ഈ കേസ് പരാജയപ്പെട്ടു. ഇപ്പോള്‍ തന്നെ വിധിപ്രസ്താവത്തില്‍ കോടതി പറഞ്ഞ വാചകം ശ്രദ്ധിക്കുക. ബൈക്കിന്റെ ഉടമയാണെങ്കിലും സ്‌ഫോടനം നടന്ന സമയത്ത് ബൈക്ക് പ്രഗ്യയ്‌ക്കൊപ്പം ഉണ്ടായിരുന്നു എന്നു തെളിയിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയയ്ക്കുന്നു എന്നാണ് ആ വാചകം. ഹേമന്ത് കര്‍ക്കറെ 90 ശതമാനവും തെളിയിച്ചു എന്നു കരുതിയ കേസിലാണ് ഇങ്ങനെയൊരു വിധി ഉണ്ടായത്. പ്രഗ്യയ്‌ക്കെതിരേ മാത്രമല്ല കേണല്‍ പുരോഹിത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയും ശക്തമായ കുറ്റപത്രമായിരുന്നു ആദ്യം തയ്യാറാക്കിയിരുന്നത്.
രാംജിയാണ് ഇതില്‍ ബോംബ് വച്ചത് എന്നാണ് ഹേമന്ത് കര്‍ക്കറെ കുറ്റപത്രത്തില്‍ എഴുതിയത്. രാംജിയെ അറസ്റ്റ് ചെയ്യും മുന്‍പ് 2008 നവംബര്‍ 26ന് മുംബൈ ഭീകരാക്രമണത്തില്‍ കര്‍ക്കറെ കൊല്ലപ്പെട്ടു
കേസിലെ മറ്റൊരു പ്രതിയായ ലഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിതിന്റെ കാര്യമെടുക്കുക. സ്‌ഫോടനം നടത്തി എന്ന് എടിഎസ് കണ്ടെത്തിയ അഭിനവ് ഭാരത് എന്ന സംഘടന സ്ഥാപിച്ചത് പ്രസാദ് പുരോഹിതാണ്. സൈന്യത്തില്‍ ജോലിചെയ്യുമ്പോള്‍ തന്നെയാണ് സമാന്തരമായി ഇങ്ങനെയൊരു സംഘടന രൂപീകരിച്ചത്. ആലോചനാ യോഗങ്ങളില്‍ മുതല്‍ പങ്കെടുത്ത പുരോഹിത് ആണ് ബോംബ് വയ്ക്കാന്‍ പരിശീലനം നല്‍കിയത്. എങ്ങനെ സ്‌ഫോടനം നടത്താം എന്നു പഠിപ്പിച്ചതും പുരോഹിത് ആണെന്നാണ് ഹേമന്ത് കര്‍ക്കറെയുടെ കുറ്റപത്രം. ഇന്ത്യക്ക് വേറെ ഭരണഘടനയും വേറെ പതാകയും വേണം എന്നു പ്രഖ്യാപിച്ചു തുടങ്ങിയ സംഘടനയാണ് അഭിനവ് ഭാരത്. ഇന്ത്യയെ ഇസ്രായേലില്‍ പോയിരുന്നു ഭരിക്കാനുള്ള ഗവണ്‍മെന്റ് ഇന്‍ എക്‌സൈല്‍ രൂപീകരിക്കാന്‍ ഒരുങ്ങുമ്പോഴാണ് കര്‍ക്കറെ പിടികൂടി ജയിലിലിട്ടത്. കൂട്ടുപ്രതി രമേഷ് ഉപാധ്യായയുമായി പുരോഹിത് നടത്തിയ സംഭാഷണങ്ങളിലെല്ലാം ഭീകരനിലപാടുകള്‍ വ്യക്തമായിരുന്നു. ഇന്ത്യയുടെ പതാകയും ഭരണഘടനയും മാറ്റും എന്ന പുരോഹിതിന്റെ പ്രസംഗം മാത്രം മതിയായിരുന്നു ജാമ്യമില്ലാതെ അകത്തിടാന്‍. എന്നാല്‍ കോടതി അംഗീകരിച്ചത് പുരോഹിതിന്റെ വാദമാണ്. സൈന്യത്തിന്റെ അനുമതിയോടെ രഹസ്യം ചോര്‍ത്താനാണ് സംഘടന രൂപീകരിച്ചത് എന്നാണ് പുരോഹിത് മൊഴി നല്‍കിയത്. പാക് സൈന്യത്തിന്റെ പിന്തുണയോടെയുള്ള ഭീകരപ്ര വര്‍ത്തനം എന്ന് ഇന്ത്യ ആരോപിക്കാറുണ്ട്. അതുപോലെ ഇന്ത്യന്‍ സൈന്യത്തിന്റെ പിന്തുണയോടെയുള്ള ഭീകരപ്രവര്‍ത്തനമാണ് നടത്തിയതെന്നാണ് ആ മൊഴിയുടെ മലയാളം. അതാണ് കോടതി അംഗീകരിച്ചതും പുരോഹിതിനെ കുറ്റവിമുക്തനാക്കിയതും.
കേസില്‍ ഇതുവരെ പിടികിട്ടാത്ത രണ്ടുപ്രതികളാണുള്ളത്. രാമചന്ദ്ര കല്‍സംഗ്രയും സന്ദീപ് ദാംഗെയും. ഇരുവരേയും അഭിനവ് ഭാരത് പ്രവര്‍ത്തകര്‍ എന്നല്ല, ആര്‍എസ്എസ് വര്‍ക്കേഴ്‌സ് എന്നാണ് കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരുന്നത്
ഹിന്ദുരാഷ്ട്രത്തിനു വേണ്ടി ഭരണഘടന തയ്യാറാക്കിയയാളാണ് വിരമിച്ച മേജര്‍ രമേശ് ഉപാധ്യായ. 2008ല്‍ ഫരീദാബാദില്‍ ചേര്‍ന്ന ആലോചനാ യോഗത്തിലാണ് ഉപാധ്യായയും പുരോഹിതും ചേര്‍ന്ന് ഹിന്ദുരാഷ്ട്രത്തിനുള്ള പ്രത്യേക ഭരണഘടന തയ്യാറാക്കും എന്നു പ്രഖ്യാപിച്ചത്. അഭിനവ് ഭാരത് സംഘടനയുടെ വര്‍ക്കിങ് പ്രസിഡന്റും ഉപാധ്യായ ആയിരുന്നു. അജയ് രഹിര്‍കര്‍ എന്ന വ്യവസായിയായിരുന്നു അഭിനവ് ഭാരതിന്റെ ട്രഷറര്‍. സ്‌ഫോടനം നടത്താനുള്ള ഗൂഢാലോചനാ യോഗത്തിലും രഹിര്‍കര്‍ പങ്കെടുത്തു. കര്‍ക്കറെ എടുത്ത കേസില്‍ രണ്ടുവര്‍ഷത്തോളം ജാമ്യമില്ലാതെ ജയിലില്‍ കിടക്കുകയും ചെയ്തു രഹിര്‍കര്‍. ആയുധങ്ങള്‍ വാങ്ങിയതിന് രഹിര്‍കര്‍ പണം ചെലവഴിച്ചതിനുള്ള തെളിവും കര്‍ക്കറെ ശേഖരിച്ചിരുന്നു. എന്നാല്‍ വാങ്ങിയ ആയുധങ്ങള്‍ സ്‌ഫോടനത്തിന് ഉപയോഗിച്ചിട്ടില്ല എന്നതിനാല്‍ രഹിര്‍കറുടെ പങ്ക് തെളിയിക്കപ്പെട്ടില്ല എന്നാണ് കോടതി കണ്ടെത്തിയത്. ആയുധങ്ങള്‍ വാങ്ങി എന്നതു ശരിവച്ചെങ്കിലും അത് ഉപയോഗിച്ചിട്ടില്ല എന്നതിനാല്‍ കുറ്റവിമുക്തനാക്കുന്നു എന്നാണ് വിധി. നാസിക്കില്‍ താമസിച്ചിരുന്ന സുധാകര്‍ ചതുര്‍വേദിയാണ് അഭിനവ് ഭാരത് സംഘടനയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകന്‍. സൈന്യത്തിന് വിവരങ്ങള്‍ കൈമാറുന്ന ഏജന്റ് എന്നാണ് സ്വയം പരിചയപ്പെടുത്തിയിരുന്നത്. ഇന്ത്യയുടെ മിലിറ്ററി ഇന്റലിജന്‍സുമായി അടുത്ത ബന്ധവും ഉണ്ടെന്ന് ചതുര്‍വേദി അവകാശപ്പെട്ടിരുന്നു. ചതുര്‍വേദിയുടെ വീട്ടില്‍ നിന്ന് ആര്‍ഡിഎക്‌സ് കണ്ടെടുത്തെങ്കിലും അതിന്റെ ഉറവിടം തെളിയിക്കാന്‍ കഴിഞ്ഞില്ല എന്നാണ് കോടതി വിധിയിലുള്ളത്. മറ്റൊരു പ്രതിയായ സുധാകര്‍ ദ്വിവേദിയില്‍ നിന്നു പിടികൂടിയ ലാപ്‌ടോപ്പില്‍ ഗുഢാലോചനയുടെ തെളിവുകള്‍ ഉണ്ടെന്നായിരുന്നു എഫ്‌ഐആര്‍. എന്നാല്‍ അവ കുറ്റംസ്ഥാപിക്കാന്‍ പര്യാപ്തമല്ലെന്നാണ് കോടതി കണ്ടെത്തിയത്.
എന്‍ഐഎയുടെ കുറ്റപത്രത്തില്‍ അഭിനവ് ഭാരത് മാത്രമല്ല, ആര്‍എസ്എസും വരുന്നുണ്ട്. കേസില്‍ ഇതുവരെ പിടികിട്ടാത്ത രണ്ടുപ്രതികളാണുള്ളത്. രാമചന്ദ്ര കല്‍സംഗ്രയും സന്ദീപ് ദാംഗെയും. ഇരുവരേയും അഭിനവ് ഭാരത് പ്രവര്‍ത്തകര്‍ എന്നല്ല, ആര്‍എസ്എസ് വര്‍ക്കേഴ്‌സ് എന്നാണ് കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരുന്നത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുള്ള ഇരുവരുമാണ് ഗൂഢാലോചന മുതല്‍ സ്‌ഫോടനം വരെ പങ്കുള്ളവര്‍. പ്രഗ്യയില്‍ നിന്ന് ബൈക്ക് വാങ്ങി സ്‌ഫോടകവസ്തു നിറച്ചതും ഇരുവരും ചേര്‍ന്നാണ്. ആര്‍എസ്എസ് പ്രവര്‍ത്തകരായ ഈ രണ്ടുപേരുടേയും ആദ്യ കേസല്ല ഇത്. 68 പേര്‍ കൊല്ലപ്പെട്ട 2006ലെ സംഝോത എക്‌സ്പ്രസ് സ്‌ഫോടനത്തിലെ കുറ്റപത്രത്തിലും ഇരുവരുമുണ്ട്. കേസിനെ ആര്‍എസ്എസുമായി ബന്ധിപ്പിക്കുന്ന ഇരുവരേയും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 2008ല്‍ തന്നെ ഇവര്‍ കൊല്ലപ്പെട്ടെന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും അതും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. കേസിന്റെ മുഖ്യനടത്തിപ്പുകാര്‍ എന്നതുമാത്രമല്ല ഇരുവരുടേയും പ്രത്യേകത. ആര്‍എസ്എസ് ബന്ധമാണ് ഹൈലൈറ്റ്. അഭിനവ് ഭാരത് എന്ന സംഘടനയ്ക്ക് ആര്‍എസ്എസുമായുള്ള ബന്ധം അന്നേ കര്‍ക്കറെ ആരോപിച്ചിരുന്നു. ആ തെളിവാണ് സ്ഥാപിക്കാന്‍ കഴിയാതെ പോയത്. അതുകൊണ്ടുകൂടിയാണ് എല്ലാവരും കുറ്റവിമുക്തരായതും.