

മോഹന്‍ജൊദാരോയില്‍നിന്ന് സിന്ധുനദീതട സംസ്‌കാരത്തിന്റെ ഭാഗമായി കണ്ടെടുത്ത ചരിത്രശില്പത്തിന് വസ്ത്രം ധരിപ്പിച്ച് പുലിവാല്‍ പിടിച്ചിരിക്കുകയാണ് ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗണ്‍സില്‍ എന്ന എന്‍സിഇആര്‍ടി. 4500 വര്‍ഷത്തിലേറെ പഴക്കമുള്ള, ബി സി 2600-ല്‍ നിര്‍മിക്കപ്പെട്ടതെന്നു കരുതുന്ന ചരിത്രപ്രസിദ്ധ വെങ്കലശില്പമായ നൃത്തംചെയ്യുന്ന പെണ്‍കുട്ടിയുടെ 'നഗ്‌നതമറച്ച്' എന്‍സിഇആര്‍ടി. പുതിയ പാഠപുസ്തകമിറക്കിയത് വന്‍ വിവാദമായിരുന്നു. ഇതോടെയാണ് പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ വികല ചിത്രം നീക്കാനും യഥാര്‍ഥ ശില്‍പത്തിന്റെ ചിത്രം തന്നെ ഒന്‍പതാം ക്ലാസ് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താനും ഉന്നതതലത്തില്‍ തീരുമാനമായത്. എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ വരുത്തിയ പരിഷ്‌കരണങ്ങളും ഉള്ളടക്കത്തിലെ മാറ്റങ്ങളും സമീപകാലത്ത് വലിയ രാഷ്ട്രീയ-സാമൂഹിക സംവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ചരിത്രവസ്തുതകളെ വികലമാക്കുന്നുവെന്നും ശാസ്ത്രീയ വിഷയങ്ങളെ ബോധപൂര്‍വ്വം ഒഴിവാക്കുന്നുവെന്നുമുള്ള വിമര്‍ശനങ്ങള്‍ അക്കാദമിക തലത്തില്‍ ശക്തമാണ്. ഇതിനിടെയാണ് വിവാദവും തിരുത്തലും സജീവ ചര്‍ച്ചയാകുന്നത്.
ചരിത്ര ശില്‍പത്തിന്റെ നഗ്നത മറക്കുമ്പോള്‍ സംഭവിക്കുന്നതെന്ത്?
മോഹന്‍ജൊദാരോയില്‍ നിന്ന് കണ്ടെടുത്ത ചരിത്രപ്രസിദ്ധമായ ശില്‍പ്പത്തിന്റെ നഗ്നത മറച്ച ചിത്രം എന്‍സിഇആര്‍ടി ഒന്‍പതാം ക്ലാസ് പാഠപുസ്തകത്തിലാണ് നല്‍കിയത്. കുട്ടികള്‍ക്ക് കാണാന്‍ 'അനുയോജ്യമായ' രീതിയിലാണെന്ന വിശദീകരണത്തോടെ ഡിജിറ്റലായി വസ്ത്രങ്ങള്‍ നല്‍കി ശരീരഭാഗങ്ങള്‍ മറയ്ക്കുകയായിരുന്നു. പ്രതിമയുടെ കഴുത്തിലുള്ള മാലയും മറച്ചിട്ടുണ്ട്. ഒന്‍പതാം ക്ലാസിലെ മധുരിമ എന്ന പേരുള്ള ആര്‍ട്‌സ് ടെസ്റ്റ്ബുക്കില്‍ ഇന്ത്യന്‍ കലയുടെ ചരിത്രം പറയുന്ന പാഠഭാഗത്തിലാണ് നാലയിരം വര്‍ഷം പഴക്കമുള്ള വെങ്കല പ്രതിമയെപ്പറ്റി പറയുന്നത്. ഇന്ത്യയിലെ മ്യൂസിയങ്ങളിലും വിവിധ ക്ലാസുകളിലെ പാഠപുസ്തകങ്ങളിലുമെല്ലാം ഈ ശില്‍പ്പത്തെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. എന്‍സിഇആര്‍ടിയുടെ ആറാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം പാഠപുസ്തകത്തില്‍ ഈ ചിത്രമുണ്ടെങ്കിലും മാറ്റങ്ങള്‍ വരുത്താതെയാണ് പ്രസിദ്ധീകരിച്ചത്. കാരണം ആറാം ക്ലാസിലെ പാഠപുസ്തക സമിതിയോട് ചിത്രം മറയ്ക്കാന്‍ എന്‍സിഇആര്‍ടി ആവശ്യപ്പെങ്കിലും സമിതി അംഗങ്ങള്‍ അതില്‍ വിയോജിച്ചു. ഒരു കലാസൃഷ്ടിയില്‍ കാലഘട്ടത്തിന് യോജിക്കാത്ത തരത്തില്‍ 'സദാചാരപരമായ' മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിച്ചത് ചരിത്രത്തെ വികലമാക്കുന്നതിനും അനാവശ്യമായ സെന്‍സര്‍ഷിപ്പിനും തുല്യമാണെന്ന് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിദ്യാഭ്യാസ വിചക്ഷണരുടെ ഭാഗത്തുനിന്നും മറ്റും ഉയര്‍ന്ന കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍, പ്രതിമയുടെ യഥാര്‍ത്ഥ ചിത്രം തന്നെ വീണ്ടും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ എന്‍സിഇആര്‍ടി നിര്‍ബന്ധിതരാവുകയായിരുന്നു.
2023-ലെ എക്സ്പോ വിവാദം
സിന്ധുനദീതട സംസ്‌കാരത്തിന്റെ സുപ്രധാന ശേഷിപ്പുകളിലൊന്നായ ''നൃത്തം ചെയ്യുന്ന പെണ്‍കുട്ടി' പ്രതിമയുമായി ബന്ധപ്പെട്ട് 2023ലും വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ബി.സി 2600 കാലഘട്ടത്തില്‍ വെങ്കലത്തില്‍ നിര്‍മ്മിക്കപ്പെട്ട, മോഹന്‍ജൊദാരോയില്‍ നിന്ന് കണ്ടെടുത്ത ഈ പ്രതിമ സിന്ധുനദീതട ജനതയുടെ ലോഹവിദ്യയിലെ വൈദഗ്ധ്യത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമായാണ് കണക്കാക്കപ്പെടുന്നത്. 10.5 സെന്റീ മീറ്റര്‍ മാത്രം ഉയരമുള്ള, നഗ്നയായതും എന്നാല്‍ ആഭരണങ്ങള്‍ അണിഞ്ഞതുമായ ഈ ചരിത്ര രൂപത്തെ, 2023-ല്‍ ഡല്‍ഹിയില്‍ നടന്ന ഇന്റര്‍നാഷണല്‍ മ്യൂസിയം എക്സ്പോയില്‍ തികച്ചും വ്യത്യസ്തമായ രീതിയിലാണ് അവതരിപ്പിച്ചത്. യഥാര്‍ത്ഥ പ്രതിമയുടെ ചരിത്രപരമായ രൂപത്തിന് വിരുദ്ധമായി, പിങ്ക് നിറത്തിലുള്ള ബ്ലൗസും മഞ്ഞ പാവാടയും ധരിപ്പിച്ചുകൊണ്ടുള്ള വലിയൊരു മാസ്‌കോട്ട് എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചത് അക്കാദമിക സമൂഹത്തില്‍ നിന്നുള്ള വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കി.
ചരിത്രസംഭവങ്ങളുടെ ഒഴിവാക്കലും ശാസ്ത്രത്തെ വെട്ടിമാറ്റലും
ഇന്ത്യയുടെ ചരിത്രപരമായ പല സുപ്രധാന സംഭവങ്ങളും പാഠപുസ്തകങ്ങളില്‍ നിന്ന് വെട്ടിമാറ്റിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിയിരുന്നു. ഗാന്ധി വധത്തെത്തുടര്‍ന്ന് ആര്‍എസ്എസിന് ഏര്‍പ്പെടുത്തിയ നിരോധനം, ഗുജറാത്ത് കലാപം, ബാബറി മസ്ജിദ് തകര്‍ക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സുപ്രധാന ഭാഗങ്ങള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്തു. ചരിത്രത്തിന് പുറമെ, പത്താം ക്ലാസ്സിലെ സയന്‍സ് പാഠപുസ്തകത്തില്‍ നിന്ന് ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം, പീരിയോഡിക് ടേബിള്‍ തുടങ്ങിയ അടിസ്ഥാന ശാസ്ത്ര വിഷയങ്ങള്‍ ഒഴിവാക്കിയത് ശാസ്ത്ര സമൂഹത്തിന്റെ കടുത്ത എതിര്‍പ്പിന് വഴിവെച്ചു. വിദ്യാര്‍ത്ഥികളില്‍ യുക്തിചിന്തയും ശാസ്ത്രബോധവും വളര്‍ത്തുന്ന ഇത്തരം അധ്യായങ്ങള്‍ നീക്കം ചെയ്തത് വരുംതലമുറയുടെ പഠനനിലവാരത്തെ തകര്‍ക്കുമെന്നാണ് വിമര്‍ശകര്‍ വാദിക്കുന്നത്.
ഭരണഘടനാ മൂല്യങ്ങളുടെ ലംഘനവും ഭരണകൂട ഇടപെടലുകളും
മൂന്നാം ക്ലാസ്സിലെയും ആറാം ക്ലാസ്സിലെയും പാഠപുസ്തകങ്ങളില്‍ നിന്ന് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം ഒഴിവാക്കിയത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. കൂടാതെ, പാഠപുസ്തകങ്ങളില്‍ 'ഇന്ത്യ' എന്ന പേരിന് പകരം 'ഭാരത്' എന്ന് ഉപയോഗിക്കാന്‍ തുടങ്ങിയതും, ഹാരപ്പന്‍ സംസ്‌കാരത്തെ 'സിന്ധു-സരസ്വതി സംസ്‌കാരം' എന്ന് പുനര്‍നാമകരണം ചെയ്തതും പ്രത്യയശാസ്ത്രപരമായ അജണ്ടകളുടെ ഭാഗമായാണ് വിലയിരുത്തുന്നത്. ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങള്‍ക്ക് ഹിന്ദി പേരുകള്‍ നല്‍കിയതിനെതിരെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇതിനൊക്കെ പുറമെ, എട്ടാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തില്‍ ജുഡീഷ്യറിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് നല്‍കിയ ചില പരാമര്‍ശങ്ങള്‍ സുപ്രീം കോടതിയുടെ കടുത്ത അതൃപ്തിക്ക് കാരണമാവുകയും, തുടര്‍ന്ന് പുസ്തകം പിന്‍വലിച്ച് കോടതിയില്‍ നിരുപാധികം മാപ്പപേക്ഷിക്കേണ്ടി വരികയും ചെയ്തത് എന്‍സിഇആര്‍ടിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന സംഭവമായി മാറി.
ചരിത്ര പാഠപുസ്തകങ്ങളുടെ മാറ്റിയെഴുത്ത്
ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍, പ്രത്യേകിച്ചും ചരിത്ര പാഠപുസ്തകങ്ങളില്‍, വരുന്ന മാറ്റങ്ങള്‍ എപ്പോഴും ചര്‍ച്ചാ വിഷയമായിട്ടുണ്ട്. 1999 മുതല്‍ 2004 വരെ വാജ്പേയ് സര്‍ക്കാരിന്റെ കാലത്ത് ചരിത്ര പാഠപുസ്തകങ്ങള്‍ മാറ്റിയെഴുതിയതിന് പിന്നില്‍ ചരിത്രത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമായിരുന്നെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മഹാത്മാഗാന്ധിയുടെ കൊലപാതകത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നീക്കം ചെയ്തതായിരുന്നു പ്രധാന ആരോപണം. ജനകീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഗാന്ധിയുടെ കൊലപാതകം പാഠപുസ്തകങ്ങളില്‍ പുനഃസ്ഥാപിച്ചെങ്കിലും, അതിന്റെ ഉള്ളടക്കം വിവാദങ്ങള്‍ സൃഷ്ടിച്ചു. പിന്നീട് മുഗള്‍ ഭരണത്തെക്കുറിച്ചുള്ള അധ്യായങ്ങള്‍, ഗുജറാത്ത് കലാപം, ഗാന്ധിവധം, ജാതി വ്യവസ്ഥ എന്നിവ നീക്കംചെയ്യപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ പഠനഭാരം കുറയ്ക്കാനെന്ന വ്യാജേന നടത്തുന്ന ഇത്തരം വെട്ടിത്തിരുത്തലുകള്‍ കൃത്യമായ അക്കാദമിക ചര്‍ച്ചകളിലൂടെയോ വിദ്യാഭ്യാസ വിചക്ഷണരുടെ പാനലുകളുടെയോ തീരുമാനപ്രകാരമല്ല നടന്നതെന്ന് വിമര്‍ശനമുണ്ട്.
ചരിത്രത്തിനു ചാരിത്ര്യം ഉണ്ടോ?
'ചരിത്രത്തിനു ചാരിത്ര്യം ഉണ്ടോ' എന്നത് പലപ്പോഴായി ഉയരുന്ന പ്രധാനപ്പെട്ട ചോദ്യമാണ്. ചരിത്രം പഠിപ്പിക്കുന്നത് ആധികാരികവും സമഗ്രവുമായ പുതുചരിത്രം സൃഷ്ടിക്കാന്‍ കൂടിയാണ്. നിഷ്പക്ഷത കുറവുള്ള അക്കാദമിക വിചക്ഷണര്‍ പാഠപുസ്തകത്തില്‍ ഭൂതകാലത്തെ സദാചാരത്തറ്റുടുപ്പിക്കുമ്പോള്‍ ഭൂതകാലത്തെ മാത്രമല്ല, അതിലൂടെ ഭാവിയെ നിയന്ത്രിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. പാഠപുസ്തകത്തിലെ ചരിത്രത്തെ ആധിപത്യത്തിനുള്ള ഉപകരണം ആക്കി മാറ്റുന്നത് അപകടകരമാം വിധം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പുരാതന ക്ഷേത്രങ്ങളില്‍പോലും ഇത്തരത്തില്‍ ചരിത്ര ശില്‍പങ്ങള്‍ ഉള്ളപ്പോഴാണ് എന്‍സിഇആര്‍ടിയുടെ വിചിത്ര നടപടി ഉണ്ടായത്. ഇന്ത്യയുടെ യഥാര്‍ത്ഥ ചരിത്രത്തെ തിരുത്തിയെഴുതി ഒരു പ്രത്യേക മത-രാഷ്ട്രീയ വീക്ഷണത്തിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നു എന്ന് എന്‍സിഇആര്‍ടിക്കെതിരെ ആരോപണങ്ങള്‍ ഉയരുമ്പോഴാണ് ഭൂതകാലത്തിന്റെ നീക്കിയിരിപ്പിനെ വസ്ത്രമുടുപ്പിച്ച് 'പരിഷ്‌കൃതരാക്കി' ഭാവിതലമുറക്ക് മുമ്പില്‍ വെച്ചുനീട്ടുന്നത്. യഥാര്‍ഥത്തില്‍ ഈ അക്കാദമിക പണ്ഡിതര്‍ ചെയ്യുന്നത് എന്താണ് എന്നത് സമൂഹം ഗൗരവമായി ചര്‍ച്ചചെയ്യേണ്ടത് തന്നെയാണ്.