
വ്യാജമായ ആരോപണങ്ങളുടെ പേരില്‍ ഒരു നേതാവിനും പദവികളും നിലയും വിലയും നഷ്ടപ്പെടാന്‍ പാടില്ല. പക്ഷേ, ദുരുദ്ദേശത്താല്‍ ഒരുനോട്ടമെങ്കിലും അയയ്ക്കുന്നയാള്‍ പിന്നെ പൊതുപ്രവര്‍ത്തകനായി തുടരാനും അര്‍ഹനല്ല. പി ടി ചാക്കോ എന്ന ആഭ്യന്തരമന്ത്രിക്ക് പടിയിറങ്ങേണ്ടി വന്നത് സ്വന്തം വാഹനത്തില്‍ ഒരു സ്ത്രീ ഉണ്ടായിരുന്നു എന്നു തൃശൂരില്‍ നിന്നിറങ്ങുന്ന അന്തിപ്പത്രത്തില്‍ വാര്‍ത്ത വന്നതിനാലാണ്. ആ സ്ത്രീ കെ പി സി സി അംഗം പത്മം എസ് മേനോന്‍ ആണെന്നു നിയമസഭയില്‍ തന്നെ പി ടി ചാക്കോ തെളിച്ചു പറഞ്ഞതാണ്. ആലുവ ഗസ്റ്റ് ഹൗസിന് മുന്നില്‍ നിന്ന് തൃശൂര്‍ ലൂര്‍ദ് പള്ളി വരെ ലിഫ്റ്റ് കൊടുത്തതാണെന്നും സഭയില്‍ തന്നെ മന്ത്രി പറഞ്ഞു. പക്ഷേ, കോണ്‍ഗ്രസുകാരനായ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗം തന്നെയായ മാടായി എംഎല്‍എ പി. ഗോപാലന്‍ നിയമസഭയ്ക്കു മുന്നില്‍ സത്യഗ്രഹം ഇരുന്നു. കേരള നിയമസഭയ്ക്കു മുന്നില്‍ ഒരു എംഎല്‍എ നടത്തുന്ന ആദ്യ സത്യഗ്രഹമായിരുന്നു അത്. പി.ടി. ചാക്കോയ്ക്ക് രാജിവയ്‌ക്കേണ്ടി വന്നു. ധാര്‍മികതയുടെ ഏത് അളവുകോല്‍ എടുത്താലും മന്ത്രി എന്തു തെറ്റാണ് ചെയ്തതെന്ന് ഇന്നു ചോദിച്ചു പോകും. വാഹനത്തില്‍ ഇടംകൊടുക്കുന്നത് മര്യാദയും സഹായവുമാണ്. എന്നാല്‍ സ്ത്രീകളുടെ അഭിമാനത്തെ ചവിട്ടിതേയ്ക്കുന്ന കുറിമാനങ്ങള്‍ കൈമാറുന്നത് ഏതു കാലത്താണെങ്കിലും അശ്ലീലവും അനഭിലഷണീയവുമാണ്. വെറും കുറിമാനങ്ങള്‍ മാത്രമല്ല, അതിനുമപ്പുറം വഞ്ചനയുടെ കഥകളാണ് ഇപ്പോള്‍ പുറത്തേക്കു വരുന്നത്.
ആ പൊതുപ്രവര്‍ത്തകന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയാണ്. സാധാരണ ഇരകള്‍ക്കാണ് പ്രൊട്ടക്ഷന്‍ ആവശ്യമാകുന്നതെങ്കിലും ഇവിടെ ആരോപണവിധേയന് ഇന്നുച്ചവരെ വലിയ പ്രൊട്ടക്ഷന്‍ ഉണ്ടായിരുന്നു. അഭിമാനക്ഷതം ഉണ്ടായ പെണ്‍കുട്ടി പ്രതിയുടെ പേര് പറയാത്തതുകൊണ്ടുമാത്രം ലഭിച്ചതാണ് ആ പരിരക്ഷ. ആ പെണ്‍കുട്ടി പേര് വെളിപ്പെടുത്താതെ തന്നെ പ്രതി രാഹുല്‍ മാങ്കൂട്ടത്തിലാണെന്ന് വെളിച്ചത്തുവന്നു. അതു രാഷ്ട്രീയ ശത്രുക്കള്‍ പ്രവര്‍ത്തിച്ചു പുറത്തുകൊണ്ടുവന്നതാണെന്നു പറയാന്‍ കഴിയില്ല. ഇത്തരം രാഷ്ട്രീയ ദുഷിപ്പുകള്‍ ഇന്നല്ലെങ്കില്‍ നാളെ പൊട്ടിയൊലിക്കുക തന്നെ ചെയ്യും. അതിന്റെ വ്രണം പേറുന്നവരെ ജനം തിരിച്ചറിയുകയും ചെയ്യും. ഇവിടെ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരേ ആദ്യമായല്ല ആരോപണം ഉയരുന്നത്. എഐസിസി നേതൃത്വത്തിനു തന്നെ ഒന്‍പതു പരാതികള്‍ ലഭിച്ചു എന്നാണ് ഇപ്പോള്‍ പുറത്തുവന്ന വിവരം. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ കുടുംബങ്ങളില്‍ നിന്നുപോലും പരാതികളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയത്തില്‍ തുടക്കക്കാരന്‍ മാത്രമായ ഒരാള്‍ പലരീതിയില്‍ പരിചയത്തിലാകുന്ന സ്ത്രീകളോട് വളരെ മോശമായ രീതിയില്‍ പെരുമാറുന്നു എന്നാണ് ഈ പരാതികളെല്ലാം. മുന്‍പൊക്കെ ഒരു പദവിയില്‍ എത്തുന്നവരാണ് ഇത്തരം ആരോപണങ്ങള്‍ നേരിടുന്നത്. അവരുടെ അധികാരത്തിന്റെ പ്രിവ്‌ലിജ് ഉപയോഗിച്ച് ഇരകളെ വേട്ടയാടി പിടിക്കുകയാണ് പതിവ്. അതു പൊതുപ്രവര്‍ത്തന രംഗത്തു മാത്രമല്ല. നാടകത്തിലും സിനിമയിലും മുതല്‍ സാധാരണ തൊഴിലിടങ്ങളില്‍ വരെയുണ്ട്. അവസരം ലഭിക്കാനും, ശ്രദ്ധയില്‍ നില്‍ക്കാനും മാത്രമല്ല ജോലിയെടുത്തതിനു ശമ്പളം കിട്ടാന്‍ പോലും ഇംഗിതത്തിന് വഴങ്ങേണ്ടി വരുന്നവര്‍ ഇന്നാട്ടിലുണ്ട്. അത് മേലാളന്മാര്‍ അവരുടെ അവകാശം എന്ന നിലയില്‍ പിടിച്ചു വാങ്ങുന്നതാണ്. ജന്മി മാടമ്പികാലത്തെ തമ്പ്രാക്കന്മാരാണെന്നു സ്വയം ധരിക്കുന്ന വിടന്മാരാണവര്‍. ആരോടും എന്തും ചെയ്യാന്‍ ലൈസന്‍സുണ്ടെന്നു കരുതുന്നവരാണ്. അങ്ങനെയുള്ളവരെ തുറന്നു കാട്ടുക തന്നെ വേണം.
പേരുപോലും പറഞ്ഞിട്ടില്ല. പക്ഷേ, പ്രതി രാഹുല്‍ മാങ്കൂട്ടത്തിലാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞു. അതെങ്ങനെ സംഭവിച്ചു?
ഇവിടെ ഇര മറഞ്ഞുനില്‍ക്കുന്നില്ല. സധൈര്യം മുന്നോട്ടുവന്ന് ഉണ്ടായ ദുരനുഭവം പറയുകയാണ്. എന്നാല്‍ കുറ്റാരോപിതന്റെ പേര് വെളിപ്പെടുത്തുന്നുമില്ല. അത് ഭയംകൊണ്ടു മാത്രമല്ല. ഇത്തരം കേസുകളിലൊക്കെ പ്രതികള്‍ ഞെളിഞ്ഞു നടക്കുന്നത് എല്ലാവരും കാണുന്നതാണ്. ഇരകളാണ് പിന്നെയും പിന്നെയും അപമാനിതരാകുന്നത്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം ജനപ്രതിനിധി അടക്കം എത്ര ഉന്നതര്‍ക്കെതിരെയാണ് പരാതികള്‍ ഉണ്ടായത്. അവ പേരും വിലാസവും സംഭവിച്ച സ്ഥലവുമെല്ലാം പറഞ്ഞു രേഖാമൂലമുള്ള പരാതികളായിരുന്നു. അവര്‍ക്കൊക്കെ മുന്‍കൂര്‍ ജാമ്യം ലഭിച്ചു. ആ കേസുകളൊന്നും മുന്നോട്ടു നീങ്ങുന്നില്ല. നമ്മുടെ നിയമപാലന സംവിധാനത്തിലെ കടുംകെട്ടുകളില്‍ അകപ്പെട്ടു കിടക്കുകയാണ്. പരാതി ഉന്നയിച്ചവരെ മറ്റു പല ആരോപണങ്ങളിലും കേസുകളിലും കുടുക്കി അപമാനിക്കാനുള്ള നിരന്തര ശ്രമം തുടരുകയും ചെയ്യുന്നു. ആക്രമിക്കപ്പെട്ട നടി സ്വന്തം തട്ടകമായ സിനിമാമേഖലയില്‍ ഏറെക്കുറെ ഒറ്റയ്ക്കാണ് പോരാടുന്നത്. കോടതിയില്‍ ആ കുറ്റം തെളിയിക്കേണ്ടത് ആക്രമിക്കപ്പെട്ടയാളുടെ മാത്രം ആവശ്യമായി മാറുകയാണ്. സോളാര്‍ കേസില്‍ ആരോപണ വിധേയരായ ജനപ്രതിനിധികളെല്ലാം കുറ്റവിമുക്തരായി. പ്രതികള്‍ക്കെതിരേ ഒരു തെളിവും കണ്ടെത്താനായില്ലെന്നാണ് അന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് നല്‍കിയത്. അവിടെ ആരോപണം ഉന്നയിച്ചയാള്‍ നിരവധി കേസുകള്‍ നേരിടുന്നു. എന്നാല്‍, ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഇപ്പോഴത്തെ ആരോപണം. പൊലീസില്‍ പരാതിയില്ല. കോടതികളെ നേരിട്ടു സമീപിച്ചിട്ടുമില്ല. പ്രതിയുടെ പേരുപോലും പറഞ്ഞിട്ടില്ല. പക്ഷേ, പ്രതി രാഹുല്‍ മാങ്കൂട്ടത്തിലാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞു. അതെങ്ങനെ സംഭവിച്ചു?
ഇപ്പോള്‍ ഉണ്ടായ തുറന്നുപറച്ചിലിനു മുന്‍പു തന്നെ ഏതാനും പരാതികള്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനു കിട്ടിയതാണ്. അവയിലൊന്നില്‍ പോലും വിശദീകരണം ചോദിക്കുകയോ വിളിച്ചുവരുത്തുകയോ ഉണ്ടായില്ല. ഇതിപ്പോള്‍ ദുര്‍ഗന്ധം നാടാകെ പടര്‍ന്നു കഴിഞ്ഞപ്പോഴാണ് നടപടി ഉണ്ടാകുന്നത്
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടാക്കി എന്ന ഗുരുതര ആരോപണം ഉയര്‍ന്നത് രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരേയാണ്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളുടെ ചിത്രങ്ങളും ഒറിജിനലും വരെ പുറത്തുവന്നിട്ടും ഒരു നടപടിയും ഉണ്ടായില്ല. ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞപ്പോള്‍ ആ പദവിയിലേക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍. ഷാഫി വടകരയില്‍ നിന്ന് പാര്‍ലമെന്റിലേക്കു ജയിച്ചപ്പോള്‍ പാലക്കാട് സീറ്റിലേക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍. ഈ രണ്ടു നിയമനങ്ങളും നിര്‍ദേശിച്ചത് വി ഡി സതീശനും. കോണ്‍ഗ്രസില്‍ പ്രതിപക്ഷ നേതാവ് സൃഷ്ടിച്ചെടുക്കുന്ന പുതിയ കുറുമുന്നണി ആയിരുന്നു അത്. വി ഡി സതീശനും ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും. അവര്‍ തീരുമാനിക്കുന്നതുമാത്രമേ കോണ്‍ഗ്രസില്‍ നടക്കൂ എന്ന നിലയും വന്നുതുടങ്ങിയപ്പോഴാണ് പരാതികളും കൂട്ടത്തോടെ പുറത്തുവന്നത്. നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള സംഘടനയിലെ രണ്ടുമൂന്നു തലമുറയെ അപ്രസക്തരാക്കിയാണ് ഈ ഗ്രൂപ്പ് കാര്യങ്ങള്‍ നേടിക്കൊണ്ടിരുന്നത്. അതിനാല്‍ ഈ ഗ്രൂപ്പിനെ ഇല്ലാതാക്കാനുണ്ടായ ഗൂഢാലോചനയാണ് ഇപ്പോഴത്തെ ആരോപണം എന്നു പറയാന്‍ കഴിയില്ല. അങ്ങനെ നിസ്സാരവല്‍ക്കരിക്കാന്‍ കഴിയുന്നതല്ല ഇപ്പോഴുയര്‍ന്ന ആരോപണങ്ങള്‍. 2020ല്‍ ഒക്കെ നടത്തിയ ചാറ്റുകള്‍ വരെയാണ് പുറത്തുവന്നത്. നാലഞ്ചുവര്‍ഷമായിട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെല്ലാം അറിയാവുന്നതാണ് ഈ പരാതികളെക്കുറിച്ച്. അനുഭവിച്ചവര്‍ അന്നുതന്നെ നേതൃത്വത്തെ അറിയിച്ചതുമാണ്. ആ പരാതികള്‍ക്കു ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാകുന്നത്. അതിനു ശേഷമാണ് പാലക്കാട് മല്‍സരിക്കുന്നത്. ഇത്തരം ആരോപണങ്ങള്‍ സ്വാഭാവിക കാര്യമാണെന്ന നിലപാട് എടുക്കുന്ന നേതൃത്വത്തിനു മാത്രമെ ഇങ്ങനെ സ്ഥാനങ്ങള്‍ നല്‍കാന്‍ കഴിയൂ. ഇപ്പോള്‍ ഉണ്ടായ തുറന്നുപറച്ചിലിനു മുന്‍പു തന്നെ ഏതാനും പരാതികള്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനു കിട്ടിയതാണ്. അവയിലൊന്നില്‍ പോലും വിശദീകരണം ചോദിക്കുകയോ വിളിച്ചുവരുത്തുകയോ ഉണ്ടായില്ല. ഇതിപ്പോള്‍ ദുര്‍ഗന്ധം നാടാകെ പടര്‍ന്നു കഴിഞ്ഞപ്പോഴാണ് നടപടി ഉണ്ടാകുന്നത്.
രാഷ്ട്രീയത്തിലുള്ള ഒരു യുവനേതാവിനും ഇങ്ങനെ സീരിയല്‍ കുറ്റവാളി എന്ന പേര് കേള്‍ക്കേണ്ടി വന്നിട്ടില്ല. ഒരാള്‍ ഒരാള്‍ക്കെതിരേ ഉന്നയിക്കുന്ന പരാതികള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. എല്ലാ മേഖലയിലും അതു സംഭവിക്കാറുണ്ട്. തൊഴില്‍ മേഖലകളിലും കലാ മേഖയിലും പൊതുപ്രവര്‍ത്തന മേഖലയിലും ഒക്കെ ഇത്തരം പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ആരോപണങ്ങളുടെ മെഗാ പരമ്പര ഇതുപോലെ മറ്റാര്‍ക്കുമെതിരേ ഉയര്‍ന്നിട്ടില്ല. മുന്നില്‍ വന്നുപെട്ടവരോടെല്ലാം ഇങ്ങനെ പെരുമാറിയിട്ടുള്ള ഒരാള്‍ എങ്ങനെ ജനപ്രതിനിധിയായി തുടരും. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നു മാത്രം മതിയോ രാജി എന്ന ചോദ്യം ഉയരുന്നത് അതുകൊണ്ടാണ്. പഴ്‌സനലായ ഒരു ബ്രേക്ക് അപ്പ് അഥവാ ബന്ധം ഒഴിയലല്ല ഇപ്പോള്‍ പരാതിയായി വന്നിരിക്കുന്നത്. ഒരു മുന്‍പരിചയവും ഇല്ലാത്തവരോടുപോലും സെക്ഷ്വല്‍ ഫേവര്‍ ചോദിച്ചു എന്ന ആരോപണമാണ്. ഇത്തരം സ്വഭാവമുള്ളവരെയാണ് പെര്‍വേര്‍ട്ടുകള്‍ എന്നു വിളിക്കുന്നത്. അവര്‍ ജനപ്രതിനിധിയായി തുടരാന്‍ ഒരു കാരണവശാലും അര്‍ഹരല്ല. അതു മാനസിക പ്രശ്‌നമാണെങ്കില്‍ ചികില്‍സിച്ച് മാറ്റണം. അതുവരെ മാറിനില്‍ക്കട്ടെ. അതല്ല, ക്രിമിനല്‍ മാനസികാവസ്ഥയില്‍ ഉള്ളവരാണെങ്കില്‍ എക്കാലത്തേക്കും മാറ്റി നിര്‍ത്തുകയും വേണം.