

രാഷ്ട്രീയത്തിലെ സ്ത്രീകള്‍ക്ക് എന്തു തെളിച്ചമാണ്. ഉമാ തോമസും ഷാനിമോള്‍ ഉസ്മാനും കെ.കെ രമയും ബിന്ദു കൃഷ്ണയുമൊക്കെ എത്ര നേര്‍രേഖയിലാണ് കാര്യങ്ങള്‍ പറഞ്ഞത്. പുരുഷകേസരികള്‍ അവിടെയും ഇവിടെയും തൊടാതെ സംഘനൃത്തം കളിച്ചപ്പോള്‍ ഒറ്റയ്‌ക്കൊറ്റയ്ക്കു വന്ന് എത്ര ആര്‍ജവത്തോടെയാണ് നമ്മുടെ വനിതകള്‍ പ്രതികരിച്ചത്. ഈ തുറന്നുപറച്ചിലുകള്‍ക്കു മുഴുവന്‍ തുടക്കമിട്ട റിനി ആന്‍ ജോര്‍ജ് എത്ര പക്വതയോടെയാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രതികരിച്ചത്. എന്നിട്ടും ഈ സ്ത്രീകള്‍ക്കെതിരേ പാഴ് പുരുഷന്മാര്‍ കാണിച്ച സൈബര്‍ വെപ്രാളമുണ്ടല്ലോ, അതാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വൃത്തികേട്. അമ്മ എന്ന സംഘടനയില്‍ ഇപ്പോള്‍ സംഭവിച്ച തിരുത്തുണ്ടല്ലോ, ഒരുപറ്റം സ്ത്രീകള്‍ നേതൃസ്ഥാനത്തേക്കു വന്നത്. അത് പൊതുസമൂഹത്തിലും ഉണ്ടാകുന്ന കാലം അനതിവിദൂരമല്ല. അമ്മ എന്ന സംഘടനയില്‍ അത്തരമൊരു സ്ഥിതി ഉണ്ടായത് എന്തുകൊണ്ടാണ്? അധികാരമത്തുപിടിച്ച പുരുഷന്മാര്‍ക്കു തലഉയര്‍ത്തി നില്‍ക്കാന്‍ വയ്യാത്ത അവസ്ഥയുണ്ടായി. മാന്യന്മാരായ പുരുഷന്മാര്‍ സ്ത്രീകളെ മുന്നില്‍ നിര്‍ത്തി അവര്‍ക്കു പിന്തുണ പ്രഖ്യാപിച്ചു. ഒരിക്കലും ഒരു വനിത മുഖ്യമന്ത്രിയാകാതെ പോയ കേരളത്തില്‍ ഒരുപറ്റം സ്ത്രീകള്‍ അധികാരത്തിലേക്കു കടന്നുവരുന്ന കാലം ഏറെ അകലെയല്ല.
ഉമാതോമസ് എംഎല്‍എ മൈക്കിനു മുന്നില്‍ വന്നു പറഞ്ഞ വാക്കുകള്‍ മാത്രം മതി വിഷയത്തിന്റെ ഗൗരവമറിയാന്‍. കുറ്റാരോപിതന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണം. ഇനി ഒരു നിമിഷം പോലും തുടരാന്‍ അര്‍ഹതയില്ല. ഇരയായ പെണ്‍കുട്ടികള്‍ പൊലീസില്‍ പരാതി നല്‍കണം. ഇങ്ങനെയൊരാള്‍ ഈ പാര്‍ട്ടിയില്‍ തുടരുന്നത് നല്ലതല്ല. പുറത്താക്കാന്‍ തന്റെ പാര്‍ട്ടിയിലെ നേതാക്കള്‍ തയ്യാറാകുമെന്നാണ് കരുതുന്നത്. ഇതിനപ്പുറം വ്യക്തതയോടെ എങ്ങിനെയാണ് കാര്യങ്ങള്‍ പറയുന്നത്. കോണ്‍ഗ്രസില്‍ നിന്നു പ്രതികരിച്ച ഏതെങ്കിലും പുരുഷന്മാര്‍ ഇത്ര സുത്യാര്യമായി സംസാരിച്ചോ. അതുപോലെ ഷാനിമോള്‍ ഉസ്മാന്റെ വാക്കുകള്‍ കൂടി കേള്‍ക്കണം. പാര്‍ട്ടിയില്‍ നിന്നു മാറണം എന്നു മാത്രമല്ല ഷാനിമോള്‍ ഉസ്മാന്‍ ആവശ്യപ്പെട്ടത്, രാഷ്ട്രീയത്തില്‍ നിന്നുതന്നെ മാറിനില്‍ക്കണം എന്നാണ്. ഇങ്ങനെയുള്ള പുരുഷന്മാര്‍ പൊതുപ്രവര്‍ത്തന രംഗത്തു വേണ്ട എന്നാണ് ആ പറഞ്ഞതിന്റെ അര്‍ത്ഥം. രാഹുലിനെ പുറത്താക്കണമെന്ന് കെപിസിസിയോടും എഐസിസിയോടും ആവശ്യപ്പെട്ടെന്നും ഷാനിമോള്‍ ഉസ്മാന്‍ തുറന്നുപറഞ്ഞു. സമാനമായ ആവശ്യമാണ് ബിന്ദുകൃഷ്ണയും മുന്നോട്ടുവച്ചത്. ആരോപണങ്ങളൊന്നും കുറ്റാരോപിതന്‍ നിഷേധിച്ചിട്ടില്ല. മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്നു തന്നെ മാറിനില്‍ക്കണം. ഉടന്‍ രാജിവയ്ക്കുകയും വേണം. ഇവിടെ അതിജീവിതകള്‍ക്കൊപ്പം മാത്രമേ നില്‍ക്കാന്‍ കഴിയൂ എന്നാണ് കെ.കെ. രമ പ്രതികരിച്ചത്. കോണ്‍ഗ്രസിലും യുഡിഎഫിലുമുള്ള സ്ത്രീകളെല്ലാം ശക്തമായി തന്നെ സമാനമായ അഭിപ്രായങ്ങള്‍ പറഞ്ഞു. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ സ്ത്രീകള്‍ പ്രതികരിച്ചില്ല എന്നല്ല. അവരുടെ പ്രതികരണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നു വിലയിരുത്തും. അതുകൊണ്ടാണ് കോണ്‍ഗ്രസ് പാര്‍ട്ടിയിലും ഐക്യമുന്നണിയിലുമുള്ള സ്ത്രീകളുടെ പ്രതികരണങ്ങള്‍ എടുത്തുപറഞ്ഞത്.
പുറത്തുവന്ന ശബ്ദരേഖകള്‍ നോക്കുക. അതിലൊക്കെ അയാള്‍ എത്ര പരുഷമായാണ് തന്റെ ഇരകളോട് സംസാരിക്കുന്നത്. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചത് മാത്രമല്ല പ്രശ്‌നം. അതൊക്കെ മനസാക്ഷി തരിമ്പുമില്ലാത്ത പുരുഷന്മാരുടെ പൊതുരീതിയാണ്. കൊന്നുകളയാന്‍ നിമിഷണങ്ങള്‍ മതി എന്ന ആ പ്രയോഗം നോക്കുക. മുന്‍പൊക്കെ സിനിമകളില്‍ ബാലന്‍ കെ. നായരും ജോസ് പ്രകാശുമൊക്കെ അവതരിപ്പിച്ചിരുന്ന കഥാപാത്രങ്ങള്‍ക്കായി തിരക്കഥാകൃത്തുക്കള്‍ എഴുതിയുണ്ടാക്കുന്ന വാചകങ്ങളാണ്. അവരൊക്കെ വ്യക്തിപരമായി നല്ല മനുഷ്യരായിരുന്നു. അവരുടെ കഥാപാത്രങ്ങള്‍ മാത്രമാണ് ഇങ്ങനെയൊക്കെ പെരുമാറിയിരുന്നത്. കൊല്ലാന്‍ എത്ര സമയം വേണം എന്ന ചോദ്യത്തിലും വലിയ മനുഷ്യത്വമില്ലായ്മ വേറേയില്ല. ഇതിനൊക്കെ അപ്പുറത്ത് മറ്റൊന്നുണ്ട്. സ്വന്തം ഇരകളെ അഭിസംബോധന ചെയ്യാന്‍ ഉപയോഗിച്ച പദങ്ങള്‍. തെറികള്‍ അന്‍പതു ശതമാനവും സ്ത്രീ വിരുദ്ധമാണ്. ശേഷിക്കുന്ന അന്‍പതു ശതമാനം പിന്നാക്ക വിരുദ്ധവും. സ്ത്രീകളെയും അരികുവല്‍ക്കരിക്കപ്പെട്ടവരേയും അപമാനിക്കാന്‍ ഉണ്ടാക്കിയതാണ് തെറികളുടെ പദാവലിതന്നെ. ആ പദാവലികളില്‍ നിന്നുള്ള വാക്കുകളാണ് ഒരു ലോഭവും കൂടാതെ തൊടുത്തുവിടുന്നത്. തെറികള്‍ ഉപയോഗിച്ച് അറപ്പും വെറുപ്പും തീര്‍ന്നവര്‍ക്കു മാത്രമേ ഇങ്ങനെ അടിക്കടി എടുത്തുപ്രയോഗിക്കാന്‍ കഴിയൂ. നിത്യജീവിതത്തില്‍ ഇത്രയും തെറികള്‍ ഉപയോഗിക്കുന്നയാള്‍ എങ്ങനെ ഒരു ജനപ്രതിനിധിയാകും. അതുതന്നെയാണ് അയാളുടെ മനുഷ്യരോടുള്ള നിലപാടിന്റെ തെളിവും. കടുവയുടെ കയ്യില്‍ കുടല്‍ കഴുകാന്‍ കൊടുക്കുക എന്നൊരു പഴഞ്ചൊല്ലുണ്ട്. അതുപോലെയാണ് ഇങ്ങനെയുള്ള ആളുകളുടെ മുന്നില്‍ വന്നുപെടുന്ന സ്ത്രീകളുടെയും അരികുവല്‍ക്കരിക്കപ്പെട്ടവരുടേയും അവസ്ഥ.
പാമ്പിന് പാലുകൊടുത്താലും തുപ്പുന്നത് വിഷമാണ് എന്നും പറയാറുണ്ട്. ഇത്തരം വിഷജീവികള്‍ കിടക്കേണ്ടത് മനുഷ്യര്‍ വസിക്കുന്ന ഇടങ്ങളിലല്ല, കല്‍ത്തുറുങ്കുകളിലാണ്. ഗ്ലോറിഫൈഡ് ഗോവിന്ദച്ചാമി എന്നല്ലാതെ മറ്റൊരു വിശേഷണവും ഇവര്‍ക്കൊന്നും ചേരില്ല. ഇനി സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങളില്‍ നിന്ന് അല്‍പനേരമൊന്നു മാറി നിന്ന് നോക്കാം. അപ്പോള്‍ കാണുക വിശ്വാസ വഞ്ചനയുടെ പരമ്പരതന്നെയാണ്. ഇയാള്‍ പുറമെകാണിക്കുന്ന സ്‌നേഹത്തില്‍ വിശ്വസിച്ചവരാണ് വഞ്ചിക്കപ്പെട്ടതെല്ലാം. ഓരോരോ സ്ഥലങ്ങളിലേക്ക് വിളിച്ചുവരുത്തുമ്പോള്‍ ഇരകള്‍ കരുതുന്നത് തങ്ങളോട് മാത്രമുള്ള സ്‌നേഹം എന്നാണ്. കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നുവരെ പരാതികളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നു. എഐസിസിക്ക് ഒന്‍പതു പരാതികളാണ് കിട്ടിയത്. പുറത്തുവരാത്ത വേറെയും കേസുകളുണ്ടെന്നാണ് ഇരകള്‍ തന്നെ പറയുന്നത്. പലരും വഞ്ചിക്കപ്പെട്ടത് അറിയുന്നത് ഇങ്ങനെയുള്ള പരാതികള്‍ പുറത്തുവരുമ്പോഴാണ്. വേറേയും ഇരകള്‍ ഉണ്ടെന്നു കണ്ട് ഓരോരുത്തരും നിസ്സഹായരാവുകയായിരുന്നു. ഇപ്പോള്‍ ശരിക്ക് വഞ്ചിക്കപ്പെട്ടത് കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയാണ്. ഇങ്ങനെ ഒരു എംഎല്‍എയെ ചുമക്കേണ്ടി വരുന്നതിനാല്‍ പൊതുജനങ്ങള്‍ക്കു മുന്നില്‍ മറ്റു നേതാക്കള്‍ക്കു തലയുയര്‍ത്തി നില്‍ക്കാന്‍ കഴിയുന്നില്ല. എംഎല്‍എ സ്ഥാനം രാജിവച്ചാല്‍ ഉപതെരഞ്ഞെടുപ്പ് വരുമോ എന്ന ആശങ്കയുണ്ട്. ഒരുവര്‍ഷത്തില്‍ താഴെയുള്ള കാലത്തേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ പാടില്ല എന്നാണ് ചട്ടം. പക്ഷേ, തെരഞ്ഞെടുപ്പ് കമ്മിഷന്‍ എല്ലായിപ്പോഴും ആ ചിട്ട പിന്തുടരാറില്ല. ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലം എന്ന നിലയില്‍ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കാം എന്നാണ് ഇപ്പോള്‍ നേതാക്കള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. അങ്ങനെ തെരഞ്ഞെടുപ്പ് വന്നാല്‍ തിരിച്ചടിയുണ്ടാകുമെന്നും പറയുന്നു. അതിനുവേണ്ടി എന്താണ് ചെയ്യുന്നത്. മുന്നണിക്കുപോലും അനഭിമതനായ ഒരാളെ ജനങ്ങള്‍ക്കു ചുമക്കാന്‍ വിട്ടുകൊടുക്കുകയാണ്.
പൊതുസമൂഹം മൊത്തത്തില്‍ നവീകരിക്കപ്പെട്ട കാലമാണിത്. വഞ്ചകര്‍ക്കും കള്ളന്മാര്‍ക്കും പണ്ടേപ്പോലെ അവസരങ്ങള്‍ കിട്ടുന്നില്ല. എന്താണ് വേണ്ടതെന്ന് സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും നല്ല ബോധ്യമുണ്ട്. അങ്ങനെയുള്ള കാലത്തും ഇതുപോലെ ചില കള്ളനാണങ്ങള്‍ പ്രവര്‍ത്തിക്കും. നമ്മള്‍പോലും അറിയാതെ നമ്മുടെ പൊതുരംഗത്തു വന്നു നിന്നു വിലസും. ഇത് മൊബൈല്‍ഫോണ്‍ വഴി ഏതാനും സന്ദേശങ്ങള്‍ അയച്ചതിന്റെ മാത്രം പ്രശ്‌നമല്ല. സന്ദേശം അയയ്ക്കുന്നത് കുറ്റകരമല്ല എന്നല്ല പറയുന്നത്. അത് വലിയ കുറ്റംതന്നെയാണ്. അതിനപ്പുറം വലിയ ക്രിമിനല്‍ പ്രവൃത്തി തന്നെ നടന്നു. സന്ദേശങ്ങള്‍ അയച്ചത് ഇരകളെ വീഴ്ത്താന്‍ വേണ്ടിയാണ്, അവരുടെ നിലപാട് അറിയുന്നതിനാണ്. ആത്യന്തികമായി ലൈംഗികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുക എന്നതാണ് കുറ്റാരോപിതന്റെ ലക്ഷ്യം. ഗര്‍ഭച്ഛിദ്രമൊക്കെ പുരുഷന്‍ തീരുമാനിക്കേണ്ട കാര്യമല്ല. സ്വന്തം ശരീരത്തില്‍ വളരുന്ന ജീവനെ നശിപ്പിക്കണമോ എന്നു തീരുമാനിക്കേണ്ടത് അതു പേറുന്നവരാണ്. അവരെ നിര്‍ബന്ധിക്കാന്‍ ലോകത്ത് ഒരു പുരുഷനും അവകാശമില്ല. ഇത്തരം ശബ്ദരേഖകള്‍ കേള്‍ക്കുമ്പോള്‍ പതിനെട്ടും പത്തൊന്‍പതും നൂറ്റാണ്ടുകളിലാണോ നമ്മളെന്നു തോന്നിപ്പോകും. മാടമ്പിമാരും ജന്മിമാരുമായവര്‍ സ്വന്തം അടിമ സ്ത്രീകളെ കൈകാര്യം ചെയ്തിരുന്ന രീതിയാണിത്. ആ കാലമൊക്കെ പോയി എന്ന് ഇപ്പോള്‍ തലയുയര്‍ത്തി നിന്നു പറയുന്നത് ഒരു പറ്റം സ്ത്രീകളാണ്.