കരാര്‍ ലംഘിച്ച് വിഴിഞ്ഞത്ത് നടക്കുന്നത് അദാനി രാജോ?

സെബിയുടെ അനുമതി കിട്ടിയ ശേഷമേ ഔദ്യോഗികമായി സര്‍ക്കാറിനെ അറിയിക്കേണ്ടതുള്ളൂ എന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്
കരാര്‍ ലംഘിച്ച് വിഴിഞ്ഞത്ത് നടക്കുന്നത് അദാനി രാജോ?
Published on
Updated on

കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് കരുത്തേകാന്‍ 2025 മെയ് മാസത്തില്‍ യാഥാര്‍ത്ഥ്യമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇപ്പോള്‍ വലിയൊരു വിവാദത്തിന് തിരിതെളിച്ചിരിക്കുകയാണ്. തുറമുഖത്തിന്റെ 49 ശതമാനം ഓഹരികള്‍ ആഗോള ഷിപ്പിംഗ് ഭീമനായ 'മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിക്ക്' കൈമാറാന്‍ അദാനി ഗ്രൂപ്പ് തീരുമാനിച്ചത് വലിയ ആശങ്കകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. 2015-ലെ കരാര്‍ പ്രകാരം സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഇത്തരമൊരു ഓഹരി കൈമാറ്റം പാടില്ലെന്നിരിക്കെ, സര്‍ക്കാരിനെ അറിയിക്കാതെ അദാനി ഗ്രൂപ്പ് മുന്നോട്ട് പോയതാണ് പ്രധാന തര്‍ക്കവിഷയം. ഈ നടപടി കരാര്‍ ലംഘനമാണെന്ന് സര്‍ക്കാര്‍ വിലയിരുത്തുമ്പോള്‍, നിയമപരമായ നടപടിക്രമങ്ങള്‍ മാത്രമാണ് തങ്ങള്‍ പാലിച്ചതെന്നാണ് അദാനി ഗ്രൂപ്പിന്റെ വാദം. സര്‍ക്കാരും അദാനി ഗ്രൂപ്പും തമ്മിലുള്ള ഈ തര്‍ക്കം തുറമുഖത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങളെയും സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങളെയും എങ്ങനെ ബാധിക്കുമെന്നത് ഇപ്പോള്‍ രാഷ്ട്രീയമായും സാമ്പത്തികമായും വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

വിഴിഞ്ഞത്ത് അദാനി രാജോ?

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ 49 ശതമാനം ഓഹരികള്‍ ആഗോള ഷിപ്പിങ് ഭീമനായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി എന്ന എംഎസ്‌സിക്ക് കൈമാറാനാണ് അദാനി ഗ്രൂപിന്റെ തീരുമാനം. സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായ എംഎസ്‌സിയുടെ കണ്ടെയ്നര്‍ ടെര്‍മിനല്‍ വിഭാഗമായ ടെര്‍മിനല്‍ ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ് എന്ന ടിഐഎല്‍ ആണ് ഓഹരി വാങ്ങുന്നത്. 13,220 കോടി രൂപയാണ് ടിഐഎല്‍ നിക്ഷേപിക്കുക. എന്നാലിതിന് സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. സര്‍ക്കാറിനെ അറിയിക്കേണ്ട ഘട്ടം ആയിട്ടില്ലെന്നായിരുന്നു അതിന് അദാനി ഗ്രൂപിന്റെ മറുപടി. ഇതിനു പിന്നാലെയാണ് കമ്പനി പ്രതിനിധികള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തന്‍ ഖേല്‍ക്കര്‍, വിഴിഞ്ഞം ഇന്റര്‍നാഷനല്‍ സീപോര്‍ട്ട് ലിമിറ്റഡ് എം.ഡി ജെറോമിക് ജോര്‍ജ് എന്നിവര്‍ക്ക് ഓഹരി കൈമാറ്റ അനുമതിക്കുള്ള അപേക്ഷ നല്‍കിയത്. എംഎസ്‌സിയുമായുള്ള കരാര്‍ വ്യവസ്ഥകളും അപേക്ഷയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓഹരി കൈമാറ്റത്തില്‍ ചട്ടലംഘനമില്ലെന്നാണ് കമ്പനിയുടെ വാദം. നടപടികള്‍ക്ക് സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന കാര്യവും അദാനി കമ്പനി നിഷേധിക്കുന്നു. ഓഹരി കൈമാറ്റം സംബന്ധിച്ച് ആദ്യം അറിയിക്കേണ്ടത് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയെ ആണ്. ആ നടപടിക്രമമാണ് പൂര്‍ത്തിയാക്കിയത്. സെബിയുടെ അനുമതി കിട്ടിയ ശേഷമേ ഔദ്യോഗികമായി സര്‍ക്കാറിനെ അറിയിക്കേണ്ടതുള്ളൂ എന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നു.

ഓഹരികൈമാറ്റം കരാറിന്റെ ലംഘനം

വിഴിഞ്ഞം തുറമുഖ ഓഹരി എംഎസ്‌സിക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പ് തീരുമാനം സംസ്ഥാന സര്‍ക്കാരുമായുള്ള കരാറിന്റെ ലംഘനമാണെന്ന് രേഖകള്‍ വെളിപ്പെടുത്തുന്നുണ്ട്. 2015-ലെ കരാര്‍ പ്രകാരം പ്രവര്‍ത്തന സജ്ജമായി ഒരു വര്‍ഷത്തിനുശേഷം 74 ശതമാനം ഓഹരി മറ്റൊരു കമ്പനിക്ക് കൈമാറാമെങ്കിലും അതിന് സംസ്ഥാനസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ട്. എന്നാല്‍ എംഎസ്‌സിയുമായുള്ള ഓഹരിപങ്കാളിത്തത്തിന് അനുമതി തേടി ബുധനാഴ്ചയാണ് അദാനി ഗ്രൂപ്പ് സംസ്ഥാന തുറമുഖവകുപ്പ് സെക്രട്ടറിക്ക് കത്തു നല്‍കിയത്. തുറമുഖ നടത്തിപ്പിന് എംഎസ്‌സിയുടെ ടെര്‍മിനല്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡുമായി ജൂണ്‍ 29-ന് കരാറുണ്ടാക്കിയിട്ടുണ്ടെന്നും അതിന് അനുമതി നല്‍കണമെന്നുമാണ് ജൂലായ് ഒന്നിനു നല്‍കിയ കത്തിലെ ആവശ്യം. ഈ കത്ത് തന്നെ കരാര്‍ ലംഘനത്തിന്റെ ഉത്തമ ഉദാഹരണമാണ്.

സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെയും മുന്‍കൂര്‍ അനുമതി വാങ്ങാതെയുമുള്ള നീക്കത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഗൗതം അദാനിയെ അതൃപ്തി അറിയിച്ചുകഴിഞ്ഞു. വിഴിഞ്ഞം പോര്‍ട്സ് കമ്പനിയായ എവിവിപിഎല്‍ നിലവില്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ഹോള്‍ഡിങ് കമ്പനിക്ക് കീഴിലുള്ള പല കമ്പനികളും ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഓഹരി കൈമാറ്റത്തിന്റെ വിവരം അദാനി 'സെബി'യെ അറിയിച്ചത്. മാത്രമല്ല, 25 ശതമാനത്തില്‍ കൂടുതല്‍ ഓഹരികള്‍ കൈമാറുന്നത് ഉടമസ്ഥാവകാശത്തിലുള്ള മാറ്റമായാണ് പരിഗണിക്കുക. പ്രാഥമിക കരാര്‍ വെയ്ക്കുന്നതിനു മുന്‍പ് ഇക്കാര്യം അറിയിക്കേണ്ടതായിരുന്നില്ലേ എന്ന ചോദ്യമാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്.

നിയമപരമായ നടപടികളിലേക്ക് കടക്കുമോ

മുന്‍കൂര്‍ അനുമതി വാങ്ങാതെ വിദേശ നിക്ഷേപം സ്വീകരിച്ച് ഓഹരി കൈമാറാനുള്ള അദാനി വിഴിഞ്ഞം പോര്‍ട്ടിന്റെ നടപടി കരാര്‍ ലംഘനമായി സര്‍ക്കാര്‍ അംഗീകരിച്ചാല്‍ കരാര്‍ റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നിയമപരമായ മാര്‍ഗ്ഗങ്ങളാണ് മുന്‍പിലുള്ളത്. എന്നാല്‍, ഓഹരി കൈമാറ്റം ഇതുവരെ നടന്നിട്ടില്ലെന്നതിനാല്‍ സാങ്കേതികത്വത്തിന്റെ പേരില്‍ കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങിയേക്കില്ല. എംഎസ്സി കമ്പനിക്ക് കീഴിലെ ടിഐഎഫ്ലുമായി പ്രാഥമിക കരാര്‍ വെയ്ക്കാനിടയായ സാഹചര്യം സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ അദാനി പോര്‍ട്സിന് അവസരം നല്‍കുമെന്നാണ് അറിയുന്നത്. കരാര്‍ പ്രകാരം നിശ്ചിത സമയത്തിനുള്ളില്‍ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കാത്തതിന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ അദാനി പോര്‍ട്സിന് നോട്ടീസ് നല്‍കുകയും പിന്നീട് ഒത്തുതീര്‍പ്പിലൂടെ അത് പരിഹരിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ വിദേശ നിക്ഷേപം സ്വീകരിക്കുന്ന നടപടി കരാര്‍ ലംഘനമാണോ എന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ നിയമോപദേശം അനിവാര്യമായിത്തീര്‍ന്നിരിക്കുകയാണ്.

വിഴിഞ്ഞം തുറമുഖ കമ്പനിയുടെ 49 ശതമാനം ഓഹരി എംഎസ്‌സിക്ക് കൈമാറാന്‍ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് ഉടമ്പടി വച്ചത് മുഖ്യമന്ത്രി വി.ഡി. സതീശന്റെ അറിവോടെയാണെന്ന ആരോപണം പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്.. ഇതിനിടെ സംസ്ഥാന സര്‍ക്കാരിന്റെയോ ബന്ധപ്പെട്ട അധികൃതരുടെയോ മുന്‍കൂര്‍ അനുമതിയില്ലാതെ ഒരു ബഹുരാഷ്ട്ര കമ്പനിക്ക് തുറമുഖത്തിന്റെ ഓഹരികള്‍ കൈമാറിയത് എങ്ങനെയെന്ന് വ്യക്തമാക്കാന്‍ അദാനി ഗ്രൂപ്പിന് ബാധ്യതയുണ്ടെന്ന് പറഞ്ഞ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വിവാദത്തിന് എരിവ് പകര്‍ന്നതും ശ്രദ്ധേയമായി.

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിന് കടമ്പകളേറെ

വിഴിഞ്ഞം ഓഹരി കൈമാറ്റം സംബന്ധിച്ച് തുറമുഖ നടത്തിപ്പുകാരായ അദാനി കമ്പനി സര്‍ക്കാറിന് നല്‍കിയ അപേക്ഷയില്‍ അന്തിമ തീരുമാനത്തിലെത്താന്‍ കടമ്പകളേറെയാണ്. സംസ്ഥാന സര്‍ക്കാറിന്റെ മാത്രമല്ല, വിദേശനിക്ഷേപം സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിന്റെ വിവിധ ഏജന്‍സികളുടെയും അനുമതി ലഭ്യമായാലേ ഓഹരി കൈമാറ്റവുമായി കമ്പനിക്ക് മുന്നോട്ടുപോകാനാവൂ. സംസ്ഥാന സര്‍ക്കാറിനു ലഭിച്ച അപേക്ഷ ആദ്യം പരിശോധിക്കുക ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ്. സമിതിയുടെ ശുപാര്‍ശ പരിഗണിച്ചാണ് വിഴിഞ്ഞത്ത് വിദേശ നിക്ഷേപത്തിന് അംഗീകാരം നല്‍കണമോ എന്ന് മന്ത്രിസഭ തീരുമാനിക്കുക. വിദേശനിക്ഷേപത്തില്‍ പ്രതിപക്ഷ നേതാവടക്കം ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തില്‍ രാജ്യസുരക്ഷ, പൊതുജന താല്‍പര്യം തുടങ്ങിയ കാര്യങ്ങള്‍ അടക്കം പരിഗണിച്ചേ സംസ്ഥാന സര്‍ക്കാറിന് നിലപാടെടുക്കാനാവൂ. സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഇത്തരത്തില്‍ കരാറില്‍ ഏര്‍പ്പെടാന്‍ അദാനി ഗ്രൂപ്പിന് എങ്ങനെ ധൈര്യം വന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ചോദിക്കുന്നു.

ആശങ്കകള്‍ ദുരീകരിക്കണം

ലോകത്തെ വന്‍കിട ഷിപ്പിങ് കമ്പനികളില്‍ ഒന്നായ എംഎസ്‌സിക്ക് വിഴിഞ്ഞം പോലെ നിര്‍ണായകമായ തുറമുഖത്തിന്റെ കുത്തക കവരാന്‍ അവസരം നല്‍കുന്നത് ഭാവി വികസനം പ്രതിസന്ധിയിലാക്കുമെന്ന ആശങ്കയാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. എംഎസ്‌സി ക്ക് നിര്‍ണായക ഓഹരിയുള്ള തുറമുഖത്തില്‍ മറ്റ് ഷിപ്പിങ് കമ്പനികള്‍ക്കുള്ള പ്രവേശനം തടസ്സപ്പെടുകയാണെങ്കില്‍ വാണിജ്യ തുറമുഖമെന്ന നിലയില്‍ വരുമാനത്തെയും അത് ബാധിക്കും. മിഷന്‍സമുദ്ര പദ്ധതിയുടെ ഭാഗമായി കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്‍ തുടങ്ങിയവ വിഴിഞ്ഞത്ത് ലോജിസ്റ്റിക്, വെയര്‍ ഹൗസ് സംരംഭം തുടങ്ങാന്‍ തയ്യാറെടുത്തുകഴിഞ്ഞു. ആഗോള വമ്പന്‍മാര്‍ വിപണി കൈയടക്കിയാല്‍ മറ്റുള്ള സംരംഭകര്‍ വിഴിഞ്ഞം മുന്‍നിര്‍ത്തി കേരളത്തില്‍ നിക്ഷേപത്തിന് എത്തുമോയെന്നതും ആശങ്കയാണ്. ഈ സാഹചര്യത്തില്‍ സംശയങ്ങളും ആശങ്കകളും ദൂരീകരിക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ട്. സംസ്ഥാന താല്‍പര്യം ബലികഴിക്കാതെ ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

News Malayalam 24x7
newsmalayalam.com