
വോട്ട്‌കൊള്ള നടന്നിരുന്നില്ലെങ്കില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമായിരുന്നോ? വോട്ട് മോഷ്ടിച്ചു എന്ന് ആരോപിക്കുന്ന 48 സീറ്റുകള്‍ ഏതൊക്കെയാണ്? ബെംഗളൂരു സെന്‍ട്രല്‍ എന്ന പേരു മാത്രമാണ് ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. അവിടെ 32,707 വോട്ടിനാണ് ബിജെപിയുടെ പി സി മോഹനന്‍ ജയിച്ചത്. തോറ്റത് കോണ്‍ഗ്രസിന്റെ മന്‍സൂര്‍ അലി ഖാനും. പക്ഷേ, ഇതിനൊക്കെ അപ്പുറം ചില വസ്തുതകള്‍ ഈ തെരഞ്ഞെടുപ്പിലുണ്ട്. 2024ലെ തെരഞ്ഞെടുപ്പില്‍ 13 കോടി 67 ലക്ഷം വോട്ടാണ് കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തില്‍ മാത്രം വീണത്. അതിനൊപ്പം വെറും 9 ലക്ഷത്തി 450 വോട്ട് കൂടി കിട്ടിയിരുന്നെങ്കില്‍ ഇന്ത്യാ മുന്നണിയുടെ സീറ്റുകള്‍ 46 എണ്ണം കൂടി വര്‍ദ്ധിക്കുമായിരുന്നു. 48 മുതല്‍ 35,000 വരെയുള്ള വോട്ടുകള്‍ക്ക് ഇന്ത്യാമുന്നണിക്ക് നഷ്ടപ്പെട്ടതാണ് ഈ സീറ്റുകള്‍. ബിജെപിക്ക് അത്രയും സീറ്റുകള്‍ കുറഞ്ഞാല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയും ആകുമായിരുന്നു. ഇവ കൂടി നഷ്ടപ്പെട്ടിരുന്നെങ്കില്‍ ബിജെപിയുടെ സീറ്റുകളുടെ എണ്ണം 194 എന്ന നിലയിലേക്കു വീഴുമായിരുന്നു.
രാഹുല്‍ ഗാന്ധി ആ 48 സീറ്റുകള്‍ എട്ടു ഘട്ടമായി പുറത്തുവിടുമെന്നാണ് പറഞ്ഞത്. വോട്ട് കൊള്ള ആരോപിക്കാന്‍ കൃത്യമായ തെളിവുകള്‍ വേണം. എന്നാല്‍ ബിജെപി ജയിച്ച ചില സീറ്റുകളും അവയിലെ ഭൂരിപക്ഷവും ഒന്നു പരിശോധിക്കാം. പറയുന്നത് വസ്തുതയാണ് എന്ന് അറിയിക്കുന്നതിനായി ആ മണ്ഡലങ്ങളുടെ പേരും അവിടെ ബിജെപിക്കു ലഭിച്ച് ഭൂരിപക്ഷവും കാണുക. ജയ്പൂര്‍ 1,587, ജയ്പൂര്‍ റൂറല്‍ 1,615, കരിംഗഞ്ച് 18,360, അരരിയ 20,094, സരണ്‍ 13,661, പഠാന്‍ 31,876, കുരുക്ഷേത്ര 29,021, സാത്തര 31,771, കണ്ഡമാല്‍ 21,371, ഭുവനേശ്വര്‍ 35,152, അംരോഹ 28,670, മീററ്റ് 10,585, അലിഗഡ് 15,647, ബരേലി 34,804, ഹര്‍ദോയ് 27,856, മിസ്രിഖ് 33406, ഉന്നാവോ 35,818, ഫാറൂഖാബാദ് 2678, കാന്‍പൂര്‍ 20,968, ഫൂല്‍പൂര്‍ 4,332, മഹാരാജ്ഗഞ്ച് 35,451, ദേവരിയ 3,150, ബലൂര്‍ഗഡ് 10,386, ബിഷ്ണുപൂര്‍ 5567, പുരൂലിയ 17,079, കാന്‍കര്‍ 1,884, മെഹബൂബ നഗര്‍ 4,500. ഈ സീറ്റുകളിലെല്ലാം മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ മൂന്നര ശതമാനത്തില്‍ താഴെ മാത്രമാണ് ബിജെപിക്കു കിട്ടിയ ഭൂരിപക്ഷം. 10 ലക്ഷം വോട്ട് പോള്‍ ചെയ്യുന്ന മണ്ഡലത്തില്‍ 35,000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടിയാല്‍ പോലും മൂന്നര ശതമാനമേ ആകുന്നുള്ളു. ഒരു കാര്യം ശ്രദ്ധിക്കണം, മൊത്തം പോള്‍ ചെയ്ത വോട്ടാണ് നമ്മള്‍ പറയുന്നത്, ആകെ വോട്ടര്‍മാരുടെ എണ്ണമല്ല. ഇവിടെ ഇപ്പോള്‍ പറഞ്ഞത് 27 സീറ്റുകളുണ്ട്. ഈ 27 സീറ്റുകളും ബിജെപി ജയിച്ചവയാണ്. ഇതിനു പുറമെ ബിജെപിയുടെ സഖ്യകക്ഷികള്‍ ജയിച്ച സീറ്റുകളുണ്ട്. അവയുടെ കണക്കു കൂടി എടുത്താല്‍ മൂന്നര ശതമാനത്തില്‍ താഴെ മാത്രം ഭൂരിപക്ഷത്തിന് ജയിച്ചവയുടെ എണ്ണം പിന്നെയും കൂടും.
ബിജെപിയുടെ ചിഹ്നത്തില്‍ ഇത്തവണ വീണത് 36.56 ശതമാനം വോട്ട് മാത്രമാണ്. എന്‍ഡിഎയില്‍ ബഹുഭൂരിപക്ഷം സീറ്റുകളും ബിജെപി ഒറ്റയ്ക്കാണ് മല്‍സരിച്ചത് എന്നു മറക്കാനാവില്ല. 240 സീറ്റ് നേടിയ ബിജെപിക്ക് 36.56 ശതമാനം വോട്ട്. 99 സീറ്റ് മാത്രം ജയിച്ച കോണ്‍ഗ്രസിന് 21.19 ശതമാനം വോട്ട്. ഇന്ത്യാ മൂന്നണിയില്‍ കോണ്‍ഗ്രസ് മത്സരിച്ചത് പകുതി സീറ്റുകളില്‍ പോലുമില്ല എന്നുകൂടി ഓര്‍ക്കുക. പശ്ചിമബംഗാളിലൊക്കെ സഖ്യംപോലും ഉണ്ടായിരുന്നില്ല. തമിഴ്‌നാട്ടില്‍ ഡിഎംകെയും ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയുമൊക്കെയാണ് മുഖ്യകക്ഷികള്‍. മഹാരാഷ്ട്രയില്‍ മൂന്നിലൊന്നുമാത്രമാണ് കോണ്‍ഗ്രസ്. ഇത്രയും വസ്തുതകള്‍ പറഞ്ഞാല്‍ തന്നെ തോറ്റത് വലിയ വ്യത്യാസത്തിലല്ല എന്നു കോണ്‍ഗ്രസിന് സാധിക്കും. ഇപ്പോള്‍ ബിഹാറില്‍ നടത്തുന്ന റാലി നോക്കുക. അതിന്റെ വിഷയം വോട്ട് ചോരിയാണ്, അഥവാ വോട്ട് കൊള്ളയാണ്. ഭാരത് ജോഡോ യാത്ര നടത്തിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇത്രവലിയ കുതിപ്പ് ഇന്ത്യ മുന്നണിക്ക് ലഭിച്ചത്. രാഹുല്‍ ഗാന്ധിയുടെ ആ യാത്ര ഉണ്ടാക്കിയ സ്വാധീനം അളക്കുന്നതില്‍ ബിജെപി സംവിധാനം വലിയ തോതില്‍ പരാജയപ്പെട്ടു എന്നാണ് ഫലം വന്നപ്പോള്‍ വ്യക്തമായത്. ഇപ്പോള്‍ ബിഹാറില്‍ നടക്കുന്ന റാലിയുടെ നേട്ടമുണ്ടാവുക കോണ്‍ഗ്രസിനാകില്ല, ആര്‍ജെഡിക്കാകും. പക്ഷേ, രാഹുല്‍ ഗാന്ധി ഉന്നയിക്കുന്ന വോട്ട് ചോരി ബിഹാറില്‍ വലിയ വിഷയമാണ്. കാരണം അവിടെ വോട്ടര്‍ പട്ടികയില്‍ നിന്നു പുറത്തായത് 65 ലക്ഷം പേരാണ്. അവരുടെ ഇടയിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ യാത്ര.
ബിഹാറില്‍ പട്ടികയില്‍ നിന്നു പുറത്തുപോയവരെ നോക്കിയിട്ടുണ്ടോ? അവരുടെ പേര് വായിക്കുമ്പോള്‍ തന്നെ ഒരു കാര്യം വ്യക്തമാകും. ബഹുഭൂരിപക്ഷവും മുസ്ലിംകളാണ്. പതിറ്റാണ്ടുകളായി ബിഹാറില്‍ ജീവിച്ചുവരുന്നവരാണ്. രാഷ്ട്ര വിഭജന കാലത്തു തന്നെ ബിഹാറില്‍ ഉണ്ടായിരുന്നവരാണ്. അവരൊക്കെയാണ് ഇനി പൌരത്വം തെളിയിച്ച് പട്ടികയിലേക്കു മടങ്ങിവരേണ്ടത്. അവര്‍ക്കിടയിലൂടെയാണ് രാഹുല്‍ ഗാന്ധി യാത്ര നടത്തുന്നത്. അതുണ്ടാക്കാന്‍ പോകുന്ന സ്വാധീനം പ്രവചനാതീതമാണ്. വോട്ട് ചോരീ യാത്രയിലെ ജനങ്ങളുടെ പങ്കാളിത്തം തന്നെയാണ് ആ യാത്ര വിജയിച്ചു കഴിഞ്ഞൂ എന്നു പറയാന്‍ കാരണം. ആ ജനങ്ങളാണ് വോട്ട് ചെയ്യാന്‍ പോകുന്നത്. ഇപ്പോള്‍ നമ്മുടെ തെരഞ്ഞെടുപ്പ് പ്രക്രിയ വന്നു പെട്ട ഒരു സ്ഥിതിയുണ്ട്. സമ്പൂര്‍ണമായും സംശയത്തിന്റേയും അവിശ്വാസത്തിന്റേയും നിഴലിലാണ് വോട്ടെടുപ്പ്. മുന്‍കാലങ്ങളിലൊക്കെ വോട്ടിങ് യന്ത്രത്തെക്കുറിച്ച് സംശയം ഉന്നയിക്കാറുണ്ട്. അതൊന്നും താഴെത്തട്ടിലുള്ള ജനങ്ങളിലേക്ക് എത്താറില്ല. എന്നാല്‍ ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്ന വോട്ട്‌കൊള്ള ഓരോരുത്തരും തൊട്ടറിയുന്ന വിഷയമാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ 65 ലക്ഷം വോട്ടര്‍മാരെ ഒറ്റയടിക്ക് വെട്ടി നീക്കുക. ചോദ്യംചെയ്യുന്ന പ്രതിപക്ഷത്തെ പരിഹസിക്കുക. ഇതൊക്കെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയ എന്ന നിലയില്‍ ഇപ്പോള്‍ രാജ്യത്തു നടക്കുന്നത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ഉപയോഗിച്ച ഭാഷയുണ്ട്. ഇംഗ്‌ളീഷിലുള്ള ചോദ്യങ്ങള്‍ വരുമ്പോള്‍ പോലും ഹിന്ദിയില്‍ ആയിരുന്നു സംസാരം. കാന്‍പൂര്‍ ഐഐടിയില്‍ പഠിച്ച ഹാര്‍വാഡില്‍ ഉപരിപഠനം നടത്തിയ ഗ്യാനേഷ് കുമാര്‍ സ്വന്തം പേരിനെക്കുറിച്ചു പറയുന്ന കാര്യമുണ്ട്. ഗ്യാനേഷ് അല്ല, മലയാളത്തില്‍ ജ്ഞാനേഷ് ആണെന്നാണ് ആ അഭിമാനത്തോടെയുള്ള വര്‍ത്തമാനം. ഈ കമ്മിഷണര്‍ക്ക് എന്തെങ്കിലും ജ്ഞാനമുണ്ടോ എന്ന സംശയമാണ് വാര്‍ത്താസമ്മേളനം കണ്ട ബഹുഭൂരിപക്ഷത്തിനും ഉണ്ടായത്. എസ് കൃഷ്ണകുമാര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാലം എറണാകുളം ജില്ലാ കലക്ടര്‍ ആയിരുന്നതിന്റെ റെക്കോഡ് ഗ്യാനേഷ് കുമാറിനാണ്. ദര്‍ബാര്‍ ഹാള്‍ മൈതാനത്തിലെ പുല്‍ത്തകിടിയൊക്കെ തന്റെ ഭാവനയില്‍ വിരിഞ്ഞ പദ്ധതികളാണെന്ന് ഗ്യാനേഷ് അവകാശപ്പെടാറുണ്ട്. ഹിന്ദിയിലും ഇംഗ്‌ളീഷിലും മലയാളത്തിലും മാത്രമില്ല, അത്യാവശ്യം ഫ്രഞ്ചു വരെ അറിയാവുന്നയാളാണ്. ഭാഷ അറിഞ്ഞിട്ടു കാര്യമില്ല. എന്തു പറയുന്നു എന്നതിലാണ് കാര്യം. ഏതു ചോദ്യം വന്നാലും ആദ്യം പറഞ്ഞതു തന്നെ ഹിന്ദിയില്‍ ആവര്‍ത്തിച്ചുകൊണ്ടേ ഇരുന്നത് എന്തിനുവേണ്ടിയാണ്. വോട്ട് ചോരിയെക്കുറിച്ച് രാഹുല്‍ ഗാന്ധി ഉന്നയിച്ച ഒരുകാര്യത്തിനും മറുപടി ഉണ്ടായില്ല. അതോടെ ബിഹാറില്‍ രാഹുല്‍ ഗാന്ധി നടത്തുന്ന യാത്രയുടെ പ്രസക്തി പലമടങ്ങു വര്‍ദ്ധിച്ചു. ഇന്ത്യയുടെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇത്രയും അപഹാസ്യമായ സ്ഥിതി മുന്‍പ് ഉണ്ടായിട്ടില്ല. ബിജെപിയുടെ പാര്‍ട്ടി ഓഫീസില്‍ നിന്നെന്നതുപോലെയായിരുന്നു സംസാരമെന്നാണ് ഉയര്‍ന്ന വിമര്‍ശനം. ഈ രാജ്യത്തു ജനാധിപത്യം നിലനില്‍ക്കുന്നു എന്നു തോന്നുന്നത് ഈ വോട്ടെടുപ്പ് നടക്കുന്നതുകൊണ്ടുമാത്രമാണ്. അതുകൂടി സംശയമറയിലായാല്‍ പിന്നെ പാവങ്ങള്‍ക്ക് പ്രതീക്ഷയ്ക്ക് ഒരു വകയും ബാക്കിയില്ലെന്നു പറയേണ്ടി വരും.