നിയമസഭയിൽ എന്നെത്തും സ്ത്രീ നീതി..?

സംസ്ഥാനത്തെ മൂന്ന് മുന്നണികളുംകൂടി 48 വനിതകളെമാത്രമേ മത്സരരംഗത്തിറക്കിയിട്ടുള്ളൂ
നിയമസഭയിൽ എന്നെത്തും സ്ത്രീ നീതി..?
Published on
Updated on

കേരളത്തിൽ എന്ന് വനിത മുഖ്യമന്ത്രി ഉണ്ടാകും എന്നത് കാലങ്ങളായി കേട്ടുപഴകിയ ചോദ്യമാണ്. രണ്ടുതവണ കേരള നിയമസഭാ ചരിത്രത്തിൽ ആ സ്വപ്‌നത്തിന് തൊട്ടടുത്തെത്തിയിരുന്നെങ്കിലും ചുണ്ടിനും കപ്പിനുമിടയിൽ അവ തുളുമ്പിപ്പോയി. ഇപ്പോഴിതാ വീണ്ടും ഒരു നിയമസഭ തെരഞ്ഞെടുപ്പിന്റെ പടിവാതിക്കൽ ആണ് നാം. നിയമസഭയിലേക്ക് മത്സരിക്കുന്ന വനിതകളുടെ എണ്ണം ഇത്തവണയും പേരിനുമാത്രമാണ്. സംസ്ഥാനത്തെ മൂന്ന് മുന്നണികളുംകൂടി 48 വനിതകളെമാത്രമേ മത്സരരംഗത്തിറക്കിയിട്ടുള്ളൂ. അതും പല വനിത സ്ഥാനാർഥികൾക്കും ജയിക്കാൻ പ്രയാസമുള്ള മണ്ഡലങ്ങളാണ് കൊടുത്തത് എന്ന ആരോപണവും ഉയരുന്നുണ്ട്.

ഇതിനിടെ വനിതകളുടെ പ്രാതിനിധ്യവും സംവരണവും സംബന്ധിച്ച് സുപ്രധാന ബിൽ പാർലമെന്റിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. രാജ്യത്ത് 2011ൽ നടത്തിയ സെൻസസ് അടിസ്ഥാനമാക്കി ലോക്സഭ, നിയമസഭാ സീറ്റുകളുടെ എണ്ണം 50 ശതമാനം വർദ്ധിപ്പിക്കാനും മൊത്തം സീറ്റിന്റെ മൂന്നിലൊന്ന് വനിതകൾക്ക് സംവരണം ചെയ്യാനുമുള്ള ഭേദഗതിക്ക് കേന്ദ്രസർക്കാർ നീക്കം തുടങ്ങിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ ബിൽ പരിഗണനക്ക് എടുക്കുമെന്നാണ് ഔദ്യോഗിക വിവരം. അങ്ങനെയായാൽ 2029ലെ പൊതുതിരഞ്ഞെടുപ്പിൽ സംവരണം നടപ്പാകുമെന്നാണ് പ്രതീക്ഷ.

നിയമസഭയിൽ എന്നെത്തും സ്ത്രീ നീതി ?

2026 മാർച്ച് 13 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്തെ സ്ത്രീ വോട്ടർമാരുടെ എണ്ണം 1.38 കോടിയിലേറെ വരും. പുരുഷ വോട്ടർമാരുടെ എണ്ണം 1.32 കോടിയിലേറെയും. 1957 മുതൽ 2021 വരെയുള്ള കണക്ക് പരിശോധിക്കുമ്പോൾ 100 വനിതകളാണ് നിയമസഭയിൽ അംഗമായത്. അതിൽ കൂടുതലും സി.പി.എം പ്രതിനിധികളാണ് - 41 പേർ. കോൺഗ്രസിന് 28 ഉം സി.പി.ഐക്ക് 22ഉം എം.എൽ.എമാരെ സഭയിലെത്തിക്കാനായി. അതിൽ 11 പേരാണ് മന്ത്രിമാരായത്. 126 അംഗങ്ങളുണ്ടായിരുന്ന 1957 ലെ ആദ്യ കേരളാ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെ ഉണ്ടായിരുന്നത് ആറ് വനിത എംഎൽഎമാരാണ്. അവരിൽ കെ. ആർ ഗൗരിയമ്മ , കേരളത്തിലെ ആദ്യ വനിതാ മന്ത്രിയായി ചരിത്രം കുറിച്ചു.

1967ലെയും 1977ലെയും കേരള നിയമസഭയിലെ വനിത പ്രാതിനിധ്യം ഒന്നിലൊതുങ്ങി. 1967ൽ കെ.ആർ. ഗൗരിയമ്മയും 1977ൽ സി.പി.ഐയുടെ ഭാർഗവി തങ്കപ്പനുമാണ് നിയമസഭയിലെത്തിയത്.1996ൽ വനിതകളുടെ എണ്ണം 13 ആയിരുന്നു. എന്നാൽ 2026 ൽ ഏഴ് നൂറ്റാണ്ടിന് അപ്പുറം, ഇപ്പോൾ നിയമസഭയിലുള്ളത് വെറും 12 വനിതകൾ. ഇവരിൽ മൂന്ന് പേർ മാത്രം മന്ത്രിമാരായി. 2021 ലെ പൊതുതെരഞ്ഞെടുപ്പിൽ വിവിധ പാർട്ടികളിൽ നിന്നായി ആകെ മത്സരിച്ചത് 103 വനിതാ സ്ഥാനാർത്ഥികൾ മാത്രമായിരുന്നു.

എന്ന് വരും വനിത മുഖ്യമന്ത്രി

'കേരം തിങ്ങും കേരള നാട് കെ ആർ ഗൗരി ഭരിച്ചീടും' എന്ന മുദ്രാവാക്യം ഉയർന്നു കേട്ട 1987ലെ തെരഞ്ഞെടുപ്പിലും അതിനുമുൻപ് 1980ലും കേരളത്തിനു വനിതാ മുഖ്യമന്ത്രി സ്ഥാനം കയ്യെത്തും ദൂരത്തായിരുന്നു. ഇഎംഎസ് നമ്പൂതിരിപ്പാട് നയിച്ച മന്ത്രിസഭയിൽ അംഗമായിരുന്ന, ഇടക്കാലത്ത് മുഖ്യമന്ത്രിയുടെ ചുമതല പോലും വഹിച്ചിരുന്ന അന്നത്തെ അതിശക്തയായ റവന്യൂ മന്ത്രിയായിരുന്ന ഗൗരിയമ്മക്ക് ,ആദ്യ വനിതാ മുഖ്യമന്ത്രിയിലേക്ക് എത്താനുള്ള ദൂരം അധികമൊന്നും ഇല്ലായിരുന്നു. എന്നാൽ സിപിഐഎമ്മിനകത്തെ ഉൾപാർട്ടി രാഷ്ട്രീയവും വിഭാഗിയതയും അടക്കം വിവിധ ഘടകങ്ങൾ ഒത്തുചേർന്നപ്പോൾ ഗൗരിയമ്മയിൽ നിന്ന് മുഖ്യമന്ത്രി കസേര വഴുതിപ്പോയി.

പിന്നീട് മാരാരിക്കുളത്തു നിന്ന് അച്യുതാനന്ദൻ പരാജയപ്പെട്ട 1996 ലെ തെരഞ്ഞെടുപ്പിനെത്തുടർന്നുള്ള മുഖ്യമന്ത്രി ചർച്ചയിൽ, മുതിർന്ന നേതാക്കളിലൊരാളായ സുശീലാ ഗോപാലന്റെ പേര് ഉയർന്ന് വന്നിരുന്നു. എന്നാൽ നറുക്ക് വീണത് നായനാർക്കായിരുന്നു എന്നത് ചരിത്രം. ഈയടുത്ത കാലത്ത് കെ.കെ. ശൈലജയുടെ പേരും മുഖ്യമന്ത്രി സ്ഥാനാർഥിയായി ചിലർ മുന്നോട്ടുവെച്ചു. കേരളത്തിന് ഒരു വനിതാ മുഖ്യമന്ത്രിയെ സമ്മാനിച്ചില്ലെന്ന പേരിൽ ഇടതുപക്ഷത്തെ വിമർശിക്കുമ്പോൾ കോൺഗ്രസിനകത്ത് ആ സ്ഥാനത്തേക്ക് ഒരു പേര് ഉയർത്തിക്കാണിക്കാൻ പോലും വയ്യാത്ത ദയനീയ അവസ്ഥയായിരുന്നു.

2026 നിയമസഭ തെരഞ്ഞെടുപ്പ്

ഈ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മൂന്ന് മുന്നണികളുംകൂടി 48 വനിതകളെ മാത്രമേ മത്സരരംഗത്തിറക്കിയിട്ടുള്ളൂ. 95 സീറ്റുകളിൽ മത്സരിക്കുന്ന കോൺഗ്രസിന്റെ സ്ഥാനാർഥിപ്പട്ടികയിൽ ഒൻപത് വനിതകളേയുള്ളൂ. 86 സീറ്റുകളിൽ മത്സരിക്കുന്ന സിപിഎമ്മിന് വനിതാസ്ഥാനാർഥികൾ പന്ത്രണ്ടുമാത്രം. ബിജെപിയുടെ തൊണ്ണൂറ്റിയെട്ടു സ്ഥാനാർഥികളിൽ വനിതകൾ പതിനഞ്ച്.ജയസാധ്യത കണക്കിലെടുക്കുമ്പോൾ പലേടത്തും വനിതകൾ പരിഗണനയ്ക്കു പുറത്താകുന്നുവെന്നാണ് പാർട്ടികേന്ദ്രങ്ങളും രാഷ്ട്രീയനിരീക്ഷകരും പറയുന്നത്.

ചില വനിതാസ്ഥാനാർഥികൾക്ക് മണ്ഡലം അനുവദിച്ചതിൽപ്പോലും അവഗണനയും അശ്രദ്ധമല്ലാത്ത കണക്കുകൂട്ടലുകളും ഉണ്ടെന്ന് വ്യക്തമാണ്. പ്രമുഖനേതാവായ കെ.കെ. ശൈലജയ്ക്ക് സിപിഐഎം. നൽകിയത് പൊരുതിനേടേണ്ട മണ്ഡലമാണ് എന്നത് ഇതിനകം വിവാദമായിട്ടുണ്ട്. കോൺഗ്രസ്സിന്റെ വനിതാസ്ഥാനാർഥികളിലൊരാൾ നിയോഗിക്കപ്പെട്ടതാകട്ടെ, എൽഡിഎഫിന്റെ ഉലയാത്ത ശക്തികേന്ദ്രമായ എലത്തൂരിൽ. ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ഇത്തവണ രണ്ടു വനിതകളെ മത്സരരംഗത്തേക്കു കൊണ്ടുവന്നെങ്കിലും അവർക്ക് അനുവദിച്ച മണ്ഡലങ്ങൾ എൽഡിഎഫിന്റെ സ്വാധീന മേഖലകളാണ് എട്ടുസീറ്റിൽ മത്സരിക്കുന്ന കേരള കോൺഗ്രസ്സിന് വനിതാസ്ഥാനാർഥികളേയില്ല. പന്ത്രണ്ടുസീറ്റിൽ മത്സരിക്കുന്ന കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ പട്ടികയിലുള്ളത് ഒരു വനിത ഈ തെരഞ്ഞെടുപ്പിലും വനിതാ മണ്ഡലങ്ങളുടെ ദിശ ഇങ്ങിനെയൊക്കെയാണ്.

പ്രതീക്ഷ 2029 പൊതുതിരഞ്ഞെടുപ്പ്

2023-ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നൂറ്റിയാറാം ഭരണഘടനാഭേദഗതിയും അതിന്റെ ചുവടുപിടിച്ചുള്ള വനിതാസംവരണനിയമവുമനുസരിച്ച് ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും മുപ്പത്തിമുന്നു ശതമാനം സീറ്റുകൾ വനിതകൾക്കു സംവരണം ചെയ്യണം. ഇത് 2029ലെ പൊതുതിരഞ്ഞെടുപ്പിൽ നടപ്പാക്കാനാണ് വ്യവസ്ഥ ചെയ്തിരുന്നത്. അതിന് അടിസ്ഥാനമാക്കേണ്ടത് 2026ലെ സെൻസസ് ആണെന്നും നിഷ്‌കർഷിച്ചിരുന്നു. ഇത് നടപ്പാക്കേണ്ടത്, മണ്ഡല പുനർനിർണയം പൂർത്തിയാക്കിയശേഷം മതിയെന്ന് നിയമത്തിൽത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അടിസ്ഥാന സെൻസസ് വർഷം 2011 ആക്കാനുദ്ദേശിച്ച ഭരണഘടനാ ഭേദഗതി നീക്കമാണ് ഇപ്പോൾ നടക്കുന്നത്.

നടപ്പായാൽ കേരളത്തിലെ ലോക്സഭാ സീറ്റുകൾ 20ൽ നിന്ന് 30ആയും നിയമസഭാ സീറ്റുകൾ 140ൽ നിന്ന് 210ആയും വർദ്ധിച്ചേക്കും. വനിതാ സംവരണ ബിൽ ഭേദഗതിക്ക് പാർലമെന്റിന്റെ മൂന്നിൽ രണ്ട് ഭൂരിപക്ഷം അനിവാര്യമായതിനാൽ കേന്ദ്ര സർക്കാർ, പ്രതിപക്ഷത്തിന്റെ സഹകരണം തേടിയിട്ടുണ്ട്. പ്രതിപക്ഷ സഹകരണത്തോടെ നടപ്പ് സമ്മേളനത്തിൽ ബിൽ കൊണ്ടുവരാനാണ് നീക്കം നടക്കുന്നത്. വിദ്യാഭ്യാസത്തിലും സാമൂഹികവികാസത്തിലും കേരളം നേടിയ മുന്നേറ്റം സ്ത്രീകളുടെ രാഷ്ട്രീയശാക്തീകരണത്തിൽ പ്രതിഫലിക്കുന്നില്ല എന്നതൊരു യാഥാർഥ്യമാണ്. സംവരണം ഏർപ്പെടുത്തിയപ്പോൾ മാത്രമാണ് നമ്മുടെ തദ്ദേശഭരണസമിതികളിൽ വനിതാപ്രാതിനിധ്യം വർധിച്ചത്. അതിനാൽ നിയമഭേദഗതി യാഥാർഥ്യമായാൽ മാത്രമേ വനിതകളോടുള്ള ഈ സാമൂഹിക നീതികേടിന് അൽപമെങ്കിലും പരിഹാരമാകൂ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com