ജാതി സെൻസസ് വെളിച്ചം കാണുമോ ?

1948ലെ സെൻസസ് ആക്‌ട് അനുസരിച്ച് വിജ്‌ഞാപനം ചെയ്‌ത ചോദ്യാവലിയിൽ വ്യക്‌തിഗതവും സാമൂഹികവുമായ വിവരങ്ങളാണ് ചോദിക്കുന്നത്. എന്നാൽ ഇത്തവണ പതിവ് തെറ്റിയിരിക്കുന്നു.
ജാതി സെൻസസ് വെളിച്ചം കാണുമോ ?
Published on
Updated on

ജനസംഖ്യാ കണക്കെടുപ്പിന്റെ രണ്ടാം ഘട്ടത്തിനുള്ള ചോദ്യാവലി കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തപ്പോൾ ഒരു കാര്യം ഏറെക്കുറെ വ്യക്തമായി. ജാതി സെൻസസും ജനസംഖ്യാ കണക്കെടുപ്പിനൊപ്പം നടക്കുമെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടു....ഇന്ത്യയിൽ അവസാനമായി ഔദ്യോഗികമായി ജാതി തിരിച്ചുള്ള പൂർണ്ണമായ കണക്കെടുപ്പ് നടന്നത് ബ്രിട്ടീഷ് ഭരണകാലത്ത് 1931-ൽ ആണ്. പിന്നീട് സ്വാതന്ത്ര്യത്തിന് ശേഷം, 2011-ൽ കേന്ദ്ര സർക്കാർ 'സാമൂഹിക-സാമ്പത്തിക ജാതി സെൻസസ്' നടത്തിയിരുന്നു. എന്നാൽ, ഡേറ്റയിലെ അപാകതകൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി, ഇതിലെ ജാതി സംബന്ധിച്ച വിവരങ്ങൾ പൂർണമായി പുറത്തുവിട്ടിരുന്നില്ല. അടുത്തിടെ ബീഹാർ ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ സ്വന്തം നിലയിൽ ജാതി സർവേകൾ നടത്തിയിട്ടുണ്ട്. എന്നാൽ, രാജ്യവ്യാപകമായി ഒരു പുതിയ ജാതി സെൻസസ് കേന്ദ്ര സർക്കാർ ഇതുവരെ നടത്തിയിട്ടില്ല. ജാതി സെൻസസ് നടത്തണമെന്ന ആവശ്യം രാജ്യത്ത് ഇപ്പോൾ ശക്തമായി ഉയർന്നുവന്ന സാഹചര്യത്തിലാണ് ഇപ്പോൾ ജനസംഖ്യ കണക്കെടുപ്പിനൊപ്പം ​ജാതി കൂടി രേഖപ്പെടുത്തുന്നത്. കേരളത്തിൽ അടുത്ത വർഷമാണ് രണ്ടാം ഘട്ട ജനസംഖ്യ കണക്കെടുപ്പ് നടക്കുക. അതേസമയം വ്യക്തികളോട് ചോദിച്ച് അവർ പറയുന്ന ജാതിപ്പേരുകൾ അതേപടി രേഖപ്പെടുത്തുന്നതിൽ ആശങ്ക ഉന്നയിച്ച് പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ രംഗത്തെത്തി.

ജാതി സെൻസസ് ഒടുവിൽ വെളിച്ചം കാണുമോ?

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആദ്യമായി വരാനിരിക്കുന്ന സെൻസസിന്റെ രണ്ടാം ഘട്ടത്തിൽ ജനങ്ങളുടെ ജാതി വിവരങ്ങൾ ഔദ്യോഗികമായി രേഖപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നു. പോപ്പുലേഷൻ എന്യൂമറേഷൻ എന്ന് അറിയപ്പെടുന്ന ഈ ഘട്ടത്തിൽ, സെൻസസ് ഉദ്യോഗസ്ഥർ നൽകുന്ന മുൻകൂട്ടി തയ്യാറാക്കിയ പട്ടികകളിൽ നിന്ന് തിരഞ്ഞെടുക്കുന്നതിന് പകരം, ഓരോ വ്യക്തിയും വെളിപ്പെടുത്തുന്ന ജാതി പേര് അതേപടി ഒരു കോളത്തിൽ രേഖപ്പെടുത്തുന്ന രീതിയാണ് സ്വീകരിക്കുന്നത്.

സെൻസസിന്‍റെ രണ്ടാം ഘട്ടത്തിൽ ചോദ്യങ്ങളിൽ ജാതിയും ഉൾപ്പെടുത്തി കോവിഡ് വാക്സിനേഷൻ എടുത്ത സ്ഥലം ഉൾപ്പെടെ 40 ചോദ്യങ്ങളാണ് കേന്ദ്രം വിജ്ഞാപനം ചെയ്തത്. ഇതിൽ പത്താമത്തെ കോളത്തിലാണ് ജാതി സംബന്ധിച്ച ചോദ്യം ഉള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് കമ്മിറ്റി ഓൺ പൊളിറ്റിക്കൽ അഫയേഴ്‌സ് ആണ് ജാതി വിവരങ്ങൾ സെൻസസിൽ ഉൾപ്പെടുത്താൻ തീരുമാനമെടുത്തത്. 1948ലെ സെൻസസ് ആക്‌ട് അനുസരിച്ച് വിജ്‌ഞാപനം ചെയ്‌ത ചോദ്യാവലിയിൽ വ്യക്‌തിഗതവും സാമൂഹികവുമായ വിവരങ്ങളാണ് ചോദിക്കുന്നത്. എന്നാൽ ഇത്തവണ പതിവ് തെറ്റിയിരിക്കുന്നു.

ജാതിപ്പേരുകളിലെ വെല്ലുവിളികൾ

ആളുകളുടെ ജാതിവിവരങ്ങൾ കൃത്യമായി എങ്ങനെ ശേഖരിക്കണമെന്നത് സർക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളിയാണ്. സാങ്കേതികവും ഭരണപരവുമായ നിരവധി പ്രശ്നങ്ങൾ മറികടന്നുവേണം രാജ്യവ്യാപകമായി ജാതി കണക്കെടുപ്പ് പൂർത്തിയാക്കാൻ.ആളുകൾ സ്വന്തം ജാതിപ്പേര് പറയുകയും അത് അതേപടി രേഖപ്പെടുത്തുകയും ചെയ്യുന്ന ‘ഓപ്പൺ എൻഡഡ്’ രീതിയാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ ഈ രീതിയെക്കുറിച്ച് ആശങ്കകൾ നേരത്തേ തന്നെ ഉയർന്നിരുന്നു. 2011-ലെ സാമൂഹ്യ-സാമ്പത്തിക-ജാതി സെൻസസിലും സ്വയം നൽകിയ ജാതിപ്പേരുകൾ ശേഖരിച്ചിരുന്നു. പിന്നീട് ജാതി, ഉപജാതി തുടങ്ങിയ വ്യത്യസ്ത വിഭാഗങ്ങളിലായിഏകദേശം 46 ലക്ഷം രേഖപ്പെടുത്തലുകളാണ് ലഭിച്ചത്. ഇവയെ ഏകീകരിച്ച് കൃത്യമായ ജാതിവിഭാഗങ്ങളാക്കി മാറ്റുക വലിയ വെല്ലുവിളിയായി. സാങ്കേതിക പിഴവുകൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കാരണം ഈ ജാതിവിവരങ്ങൾ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന അന്തിമ ഡേറ്റയായി അംഗീകരിച്ചുമില്ല.

മറ്റൊരു മാർഗം സർക്കാർ മുൻകൂട്ടി തയ്യാറാക്കുന്ന അംഗീകൃത ജാതിപ്പട്ടികയിൽനിന്ന് ആളുകൾക്ക് തങ്ങളുടെ ജാതി തിരഞ്ഞെടുക്കാൻ അവസരം നൽകുന്ന ‘ഡ്രോപ്പ്-ഡൗൺ’ രീതിയാണ്.അതായത് ജാതിയിൽ ക്ലിക്ക് ചെയ്താൽ താഴേക്ക് ഓപ്ഷനുകളുടെ ഒരു ചെറിയ പട്ടിക തുറന്നുവരുന്ന രീതിയാണിത്. എന്നാൽ OBC വിഭാഗങ്ങളുടെ പട്ടിക സംസ്ഥാനങ്ങൾക്കനുസരിച്ച് വ്യത്യസ്തമാണ്. മാത്രമല്ല, പട്ടികകളിൽ കാലാകാലങ്ങളിൽ മാറ്റങ്ങളും ഉണ്ടാകുന്നുണ്ട്. ഇതുകൊണ്ടുതന്നെ രാജ്യത്താകെ ഒരേ പട്ടിക ഉപയോഗിക്കുന്ന ഡ്രോപ്പ്-ഡൗൺ രീതി പ്രായോഗികമാകില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അതിനാൽ OBC വിഭാഗങ്ങൾക്ക് ഓപ്പൺ എൻഡഡ് രീതിയാണ് കൂടുതൽ അനുയോജ്യമെന്നാണ് വിലയിരുത്തൽ. 2027-ലെ സെൻസസിൽ പൂർണമായും ഡിജിറ്റൽ സംവിധാനവും സാങ്കേതികവിദ്യയും ഉപയോഗിച്ച് ഈ വിവരങ്ങൾ ക്രോഡീകരിക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷ.പക്ഷേ ചോദ്യം അവശേഷിക്കുന്നു: സാങ്കേതികവിദ്യയുടെ സഹായത്തോടെ ലക്ഷക്കണക്കിന് വ്യത്യസ്ത ജാതിപ്പേരുകളെ കൃത്യമായി ഏകീകരിക്കാനാകുമോ? അതോ പുതിയൊരു കണക്കെടുപ്പ് ആശയക്കുഴപ്പത്തിന് വഴിയൊരുക്കുമോ?

ജാതി സെൻസസിന്‍റെ ദുർഘട വഴികൾ

രാഷ്ട്രീയ എതിർപ്പുകൾക്കൊപ്പം നിരവധി സാങ്കേതിക വെല്ലുവിളികളും സെൻസസ് ഉദ്യോഗസ്ഥർ നേരിടുന്നുണ്ട്. കേന്ദ്രത്തിന്റെയും വിവിധ സംസ്ഥാനങ്ങളുടെയും ഒ.ബി.സി, മറ്റ് പിന്നാക്ക ജാതിപ്പട്ടികകൾ തമ്മിലുള്ള വ്യത്യാസം ജാതിവിവരങ്ങളുടെ ഏകീകരണം സങ്കീർണമാക്കുന്നു. ജാതി വളരെ വൈകാരികവും രാഷ്ട്രീയപ്രാധാന്യമുള്ളതുമായ വിഷയമായതിനാൽ കണക്കെടുപ്പിലെ ചെറിയ പിഴവുകൾ പോലും വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കാം.

അതേസമയം സെൻസസ് വിവരങ്ങൾ ഭാവിയിൽ പൗരത്വവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് ഉപയോഗിക്കപ്പെടുമോ എന്ന ആശങ്കയും ചില രാഷ്ട്രീയ കക്ഷികൾ ഉയർത്തുന്നുണ്ട്. ആധാർ, വോട്ടർ ഐഡി, പാസ്‌പോർട്ട്, മാതാപിതാക്കളുടെ വിവരങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾപ്പെട്ടതും ഈ ആശങ്കയ്ക്ക് കാരണമാണ്. എന്നാൽ സെൻസസ് നിയമപ്രകാരം ശേഖരിക്കുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും സ്ഥിതിവിവരക്കണക്കുകൾക്കും ആസൂത്രണത്തിനുമാണ് ഉപയോഗിക്കുകയെന്നും സർക്കാർ വ്യക്തമാക്കുന്നു.രാജ്യത്തുടനീളം 30 ലക്ഷത്തിലധികം എൻയുമറേറ്റർമാരും സൂപ്പർവൈസർമാരും മറ്റ് ഉദ്യോഗസ്ഥരും കണക്കെടുപ്പിൽ പങ്കെടുക്കും. മൊബൈൽ ആപ്ലിക്കേഷൻ വഴി വിവരശേഖരണം നടക്കുന്നതിനൊപ്പം, പൗരന്മാർക്ക് സൗകര്യമുള്ള സമയത്ത് വിവരങ്ങൾ ഓൺലൈനായി നൽകാനുള്ള ‘സെൽഫ്-എന്യൂമറേഷൻ’ സൗകര്യവുമുണ്ട്. 16 ഭാഷകളിൽ ഈ സംവിധാനത്തിലൂടെ വിവരങ്ങൾ നൽകാം.

ജനസംഖ്യാ പ്രാതിനിധ്യം ലഭിക്കുന്നുണ്ടോ?

1891 മുതൽ ബ്രിട്ടീഷ് ഭരണകാലത്തെ വിവിധ സെൻസസുകളിൽ ജാതിവിവരങ്ങൾ ശേഖരിച്ചിരുന്നെങ്കിലും, 1931-ലാണ് അവസാനമായി വിശദമായ ജാതി കണക്കുകൾ പ്രസിദ്ധീകരിച്ചത്. സ്വാതന്ത്ര്യാനന്തരം പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളെ ഒഴികെ മറ്റു ജാതികളുടെ കണക്കെടുപ്പ് സെൻസസിൽ നിന്ന് ഒഴിവാക്കി. ഇതോടെ രാജ്യത്തെ വിവിധ ജാതികളുടെ യഥാർഥ ജനസംഖ്യയും അധികാരം, തൊഴിൽ, വിദ്യാഭ്യാസം, സമ്പത്ത്, വിഭവങ്ങൾ എന്നിവയിലെ അവരുടെ പങ്കും കൃത്യമായി അളക്കാനുള്ള സാഹചര്യം ഇല്ലാതായി.1979-ൽ മൊറാർജി ദേശായി സർക്കാർ ബി.പി. മണ്ഡലിന്റെ നേതൃത്വത്തിൽ മണ്ഡൽ കമ്മീഷൻ രൂപീകരിച്ചു. 1980-ൽ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഒരു ദശാബ്ദത്തോളം നടപ്പായില്ല. ഒടുവിൽ 1990-ൽ വി.പി. സിംഗ് സർക്കാർ കേന്ദ്രസർക്കാർ ജോലികളിൽ ഒ.ബി.സികൾക്ക് 27 ശതമാനം സംവരണം നടപ്പാക്കി. ശക്തമായ പ്രതിഷേധങ്ങൾക്കിടയിലും മണ്ഡൽ തീരുമാനം പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ പ്രതിനിധാനത്തിൽ വലിയ മാറ്റത്തിന് വഴിതുറന്നു. ഇന്നും വിവിധ ജാതികളുടെ ജനസംഖ്യയും അധികാരത്തിലും വിഭവങ്ങളിലും അവർക്കുള്ള പങ്കും തമ്മിലുള്ള അന്തരം കൃത്യമായി അറിയാൻ കഴിയുന്നില്ല. അതുകൊണ്ടുതന്നെ ഒരു അടിസ്ഥാന ചോദ്യം നിലനിൽക്കുന്നു: ജനസംഖ്യയിൽ എത്രയുണ്ടോ, അതനുസരിച്ചുള്ള അവകാശവും പ്രാതിനിധ്യവും ആ ജനസമൂഹങ്ങൾക്ക് ലഭിക്കുന്നുണ്ടോ?

ജാതി സെൻസസ് രാഷ്ട്രീയ മുദ്രാവാക്യം മാത്രമല്ല

2011-ലെ സാമൂഹ്യ-സാമ്പത്തിക-ജാതി സെൻസസിൽ ജാതിവിവരങ്ങൾ ശേഖരിച്ചെങ്കിലും അവ പൂർണമായി പുറത്തുവന്നില്ല. കർണാടകയിലെ ജാതി സർവേയും വർഷങ്ങളോളം പുറത്തുവരാതെ കിടന്നു. എന്നാൽ ബിഹാർ 2023-ൽ ജാതി സർവേയുടെ ഫലം പുറത്തുവിട്ട് ഈ ചർച്ചയ്ക്ക് പുതിയ രാഷ്ട്രീയ മാനം നൽകി.ഇതോടെ രാജ്യത്തെ സാമൂഹിക ഘടനയും വിഭവവിതരണവും കൃത്യമായി മനസ്സിലാക്കാൻ ജാതി അടിസ്ഥാനത്തിലുള്ള കണക്കുകളുടെ ആവശ്യകത ഇതോടെ കൂടുതൽ ശക്തമായി. ജാതി സെൻസസ് അടുത്തകാലത്ത് ശക്തമായ രാഷ്ട്രീയ ആവശ്യമാകുന്നതിന് മുമ്പ് പല രാഷ്ട്രീയ പാർട്ടികളും നേതാക്കളും ഈ വിഷയം വളരെ ജാഗ്രതയോടെയായിരുന്നു സമീപിച്ചത്. ഒടുവിൽ 2025 ഏപ്രിലിൽ കേന്ദ്രമന്ത്രിസഭ അടുത്ത ജനസംഖ്യാ സെൻസസിൽ ജാതി കണക്കെടുപ്പ് ഉൾപ്പെടുത്താൻ തീരുമാനിച്ചു. ഇപ്പോഴാണ് സെൻസസ് 2027-ന്റെ രണ്ടാം ഘട്ടത്തിൽ ജാതിവിവരങ്ങൾ ശേഖരിക്കുമെന്ന വിവരം പുറത്തുവിട്ടത്. അതിനാൽ ഇനി ചോദ്യം ജാതി സെൻസസ് ഉണ്ടാകുമോ എന്നതല്ല. കണക്കുകൾ എത്ര സുതാര്യമായി പുറത്തുവരും? അവയുടെ അടിസ്ഥാനത്തിൽ അധികാരവും വിഭവങ്ങളും അവസരങ്ങളും കൂടുതൽ നീതിപൂർവം പങ്കിടുമോ? എന്നതാണ്. ജാതി സെൻസസ് അതുകൊണ്ട് ഒരു രാഷ്ട്രീയ മുദ്രാവാക്യം മാത്രമല്ല; സാമൂഹ്യനീതിക്കുള്ള അടിസ്ഥാന രേഖയാണ്.

News Malayalam 24x7
newsmalayalam.com