വോട്ടില്‍ നഷ്ടമാകുമോ പ്രവാസി ഫാക്ടര്‍ ?

ഏപ്രില്‍ ഒന്‍പതിന് ബൂത്തുകളില്‍ പ്രവാസി വോട്ടര്‍മാരുടെ സാന്നിധ്യം എത്രത്തോളമുണ്ടാകുമെന്ന് കണ്ടറിയുക തന്നെ വേണം
  വോട്ടില്‍ നഷ്ടമാകുമോ പ്രവാസി ഫാക്ടര്‍ ?
Published on
Updated on

കേരള രൂപീകരണത്തിനുശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും വിദേശ മലയാളികള്‍, പ്രത്യേകിച്ച് ഗള്‍ഫ് മലയാളികള്‍, നിര്‍ണായക സ്വാധീനമായിരുന്നു.. മലബാറിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയയെ വലിയ തോതില്‍ സ്വാധീനിക്കുന്നതില്‍ ഗള്‍ഫ് മലയാളികള്‍ക്ക് പങ്കുണ്ട്. പക്ഷേ പ്രവാസി വോട്ടുകള്‍ ഇത്തവണ പോളിങ്് ബൂത്തില്‍ എത്തുമോ എന്ന ആശങ്കയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍....പശ്ചിമേഷ്യയില്‍ പുകയുന്ന ഇറാന്‍ - ഇസ്രായേല്‍ യുദ്ധഭീതിയും ഇതിനെത്തുടര്‍ന്ന് വ്യോമയാന മേഖല നേരിടുന്ന കടുത്ത പ്രതിസന്ധിയുമാണ് പ്രവാസികളുടെ 'വോട്ട് വിമാന'ങ്ങളുടെ ചിറകരിയുന്നത്. മലബാറിലെ പല മണ്ഡലങ്ങളിലും ജയ പരാജയങ്ങള്‍ നിശ്ചയിക്കാറുള്ള പ്രവാസിവോട്ടുകള്‍ നിലവില്‍ ലഭിച്ചുവരുന്നതിനേക്കാള്‍ പകുതിയായേക്കുമെന്ന സൂചനകളും വരുന്നുണ്ട്. യുദ്ധമേഘങ്ങള്‍ ജനാധിപത്യത്തിന് കരിനിഴല്‍ വീഴ്ത്താനിടയുണ്ടെന്ന ആശങ്കയും ഇന്ന് നിലനിൽക്കുന്നു.

'വോട്ടില്‍ നഷ്ടമാകുമോ പ്രവാസി ഫാക്ടര്‍ '?

സംസ്ഥാനത്ത് 2.69 കോടി വോട്ടര്‍മാരില്‍ 2,23,558 പേരാണ് പ്രവാസി വോട്ടര്‍മാരായി ഉള്ളത്. ഇതില്‍ 1,90,090 പേര്‍ പുരുഷന്മാരും 33,458 പേര്‍ സ്ത്രീകളുമാണ്. 10 ഭിന്നലിംഗക്കാരുമുണ്ട്. വോട്ടര്‍പട്ടിക സമഗ്ര പരിഷ്‌കരണത്തിന് ശേഷം പബ്ലിക് റിലേഷന്‍സ് വകുപ്പ് പുറത്തിറക്കിയ കണക്കാണിത്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവുമധികം പ്രവാസി വോട്ടര്‍മാരുള്ളത്. 51,419 പുരുഷന്മാരും 6,256 സ്ത്രീകളും ഉള്‍പ്പെടെ 57,679 പേരാണ് കോഴിക്കോട് ജില്ലയില്‍ മാത്രമുള്ളത്. മലപ്പുറം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 39,501 പേര്‍. കുറവ് പ്രവാസി വോട്ടര്‍മാരുള്ളത് ഇടുക്കിയിലാണ്. 607 പേര്‍. കാസര്‍കോട് -11,462, കണ്ണൂര്‍-52,163, വയനാട്-2129, പാലക്കാട്-8300, തൃശൂര്‍-22,249, എറണാകുളം-7426, കോട്ടയം-3124, ആലപ്പുഴ-3472, പത്തനംതിട്ട-3685, കൊല്ലം-6876, തിരുവനന്തപുരം-4885 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്.

അതായത് പ്രവാസി വോട്ടര്‍മാരില്‍ ഏതാണ്ട് 66.29% കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ്. ഏറ്റവും കൂടുതല്‍ പ്രവാസി വോട്ടര്‍മാരുള്ള കേരളത്തിലെ മണ്ഡലം കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയാണ്. 16,002 പേര്‍. പിന്നീട് വരുന്ന മണ്ഡലങ്ങള്‍ നാദാപുരം ,തിരൂര്‍, കല്യാശ്ശേരി തുടങ്ങിയവയാണ്. ഏറ്റവും കുറവ് പ്രവാസി വോട്ടര്‍മാരുള്ള മണ്ഡലങ്ങളില്‍ പലതും തെക്കന്‍ കേരളത്തിലാണ്.

പശ്ചിമേഷ്യന്‍ വ്യോമയാന പ്രതിസന്ധി

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പ്രവാസി വോട്ടര്‍മാരുടെ വരവില്‍ ആശങ്ക ഉയര്‍ന്നതോടെ മുന്നണികള്‍ നിരാശയിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം പ്രത്യേക വിമാനങ്ങള്‍ ഏര്‍പ്പെടുത്തി വോട്ടര്‍മാരെ നാട്ടിലെത്തിച്ചിരുന്നു. ഇത്തവണയും ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയപ്പോഴാണ് ഗള്‍ഫില്‍ സ്ഥിതി മാറിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടന്‍ ടിക്കറ്റ് ബുക്ക് ചെയ്ത് നാട്ടില്‍ വന്ന് സമ്മതിദാനാവകാശം വിനിയോഗിച്ച് തിരിച്ചുപോകുന്ന പ്രവാസികളാണധികവും. തെരഞ്ഞെടുപ്പും മധ്യവേനലവധിയും ഉള്‍പ്പെടെ തിരക്ക് പരിഗണിച്ച് കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പോലുള്ള കമ്പനികള്‍ക്ക് താല്‍ക്കാലിക അനുമതി നല്‍കിയിട്ടുണ്ടെങ്കിലും വിമാനങ്ങളുടെ ലഭ്യതക്കുറവ് വെല്ലുവിളിയാണ്.

രാഷ്ട്രീയ പാര്‍ട്ടികളും പ്രവാസി സംഘടനകളും ചേര്‍ന്ന് വോട്ടര്‍മാരെ എത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ആലോചിച്ചിരുന്നെങ്കിലും, യുദ്ധസാഹചര്യം കാരണം വിമാനങ്ങള്‍ കിട്ടാനില്ലാത്തതും ഇന്‍ഷുറന്‍സ് തുക വര്‍ദ്ധിച്ചതും തിരിച്ചടിയായി. ഗള്‍ഫ് രാജ്യങ്ങളിലെ പ്രധാന നഗരങ്ങളില്‍ വോട്ടര്‍മാരെ സഹായിക്കാനും ടിക്കറ്റ് ബുക്കിംഗ് ഏകോപിപ്പിക്കാനും രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രത്യേക ഹെല്‍പ്പ് ഡെസ്‌കുകള്‍ തുറന്നിട്ടുണ്ട്. യുദ്ധസാഹചര്യം കാരണം ഗള്‍ഫിലെ പല കമ്പനികളും ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന അവധി പരിമിതപ്പെടുത്തിയതും തിരിച്ചടിയാണ്. സുരക്ഷാ മുന്‍കരുതലുകള്‍ കണക്കിലെടുത്ത് ജോലിയില്‍ തുടരാന്‍ പലരും നിര്‍ബന്ധിതരായി. യുദ്ധസാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കുടുംബങ്ങളെ വിട്ട് നാട്ടിലേക്ക് വരാന്‍ പല പ്രവാസികളും മടിക്കുന്നു. സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ യാത്ര ഒഴിവാക്കാന്‍ പലരും തീരുമാനിച്ചതും വോട്ടിങിനെ ബാധിച്ചേക്കും.

വിമാന നിരക്കില്‍ പൊള്ളി പ്രവാസികള്‍

വിമാനങ്ങളുടെ എണ്ണം കുറഞ്ഞതും ഇന്ധനച്ചെലവ് വര്‍ദ്ധിച്ചതും കാരണം ടിക്കറ്റ് നിരക്ക് നാലിരട്ടി വരെ വര്‍ദ്ധിച്ചിട്ടുണ്ട്. സാധാരണ നിരക്കിനേക്കാള്‍ 300% മുതല്‍ 500% വരെ വര്‍ദ്ധനവാണ് പല സെക്ടറുകളിലും വന്നത്. 8,000 മുതല്‍ 15,000 രൂപ വരെ ഉണ്ടായിരുന്ന വണ്‍-വേ ടിക്കറ്റുകള്‍ക്ക് ഇപ്പോള്‍ 60,000 രൂപയ്ക്ക് മുകളിലാണ് നിരക്ക്. ഇറാന്‍ വ്യോമപാത ഒഴിവാക്കി വിമാനങ്ങള്‍ പറക്കുന്നതിനാല്‍ യാത്രാ സമയം 2 മുതല്‍ 3 മണിക്കൂര്‍ വരെ വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് ഇന്ധനച്ചെലവ് കൂടാന്‍ കാരണമാവുകയും ഈ അധിക ചെലവ് ടിക്കറ്റ് നിരക്ക് വര്‍ധനക്ക് കാരണമാവുകയും ചെയ്തു. ദമാമില്‍ നിന്ന് കണ്ണൂരിലേക്കുള്ള ടിക്കറ്റുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ ഈടാക്കുന്ന സാഹചര്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദുബൈയില്‍ നിന്ന് കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് 12,000 രൂപ മുതല്‍ 15,000 രൂപ വരെ ആയിരുന്നത് 65,000 മുതല്‍ 85,000 രൂപ വരെ ആയി വര്‍ധിച്ചു. ദമാമില്‍ നിന്ന് കണ്ണൂര്‍,കോഴിക്കോട ് എന്നിവിടങ്ങളിലേക്ക് യാത്രാത്തുക 80,000 രൂപ മുതല്‍ 1,10,000 വരെയും ഖത്തറില്‍ നിന്നുള്ള യാത്രാച്ചെലവ് 70,000 രൂപക്ക് മുകളിലായും ആണ് വര്‍ധിച്ചത്. നേരിട്ടുള്ള വിമാനങ്ങളില്‍ സീറ്റുകള്‍ ഏതാണ്ട് പൂര്‍ണ്ണമായും ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു. കണക്ഷന്‍ ഫ്‌ലൈറ്റുകള്‍ക്ക് പോലും ഭീമമായ തുകയാണ് ഈടാക്കുന്നത്. സുരക്ഷാ കാരണങ്ങളാല്‍ എമിറേറ്റ്‌സ്, ഇത്തിഹാദ്, ഖത്തര്‍ എയര്‍വേയ്സ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികള്‍ കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ചു. കൊച്ചി വിമാനത്താവളത്തില്‍ മാത്രം ഒരു ദിവസം 45-ഓളം വിമാനങ്ങള്‍ റദ്ദാക്കിയ സാഹചര്യമുണ്ടായി.

പ്രകടന പത്രികയിലും പ്രവാസിക്ഷേമ മുന്‍ഗണന

പ്രവാസി വോട്ട് മുന്നില്‍കണ്ട്, വിപുലമായ പുനരധിവാസ-ക്ഷേമ പദ്ധതികളുമായി രാഷ്ട്രീയ മുന്നണികള്‍ സജീവമായി രംഗത്തുണ്ട്. പതിറ്റാണ്ടുകളായി പ്രവാസി വോട്ടവകാശം എന്ന ആവശ്യം ഫയലുകളില്‍ വിശ്രമിക്കുമ്പോഴാണ് ഇടത്-വലത് മുന്നണികള്‍ ക്ഷേമത്തിനും പുനരധിവാസത്തിനും വന്‍ പദ്ധതികള്‍ ഇത്തവണയും പ്രകടനപത്രികയില്‍ നിരത്തുന്നത്. പെന്‍ഷന്‍ പരിഷ്‌കരണം, തൊഴില്‍ സുരക്ഷ, വ്യവസായ സംരംഭങ്ങള്‍ക്കുള്ള സഹായം എന്നിവയില്‍ ഊന്നല്‍ നല്‍കുന്നതാണ് പ്രഖ്യാപനങ്ങള്‍. പുതിയ നിയമനിര്‍മാണങ്ങളിലൂടെയും ഭരണ പരിഷ്‌കാരങ്ങളിലൂടെയും പ്രവാസികളെ സഹായിക്കുമെന്നാണ് യുഡിഎഫ് വാഗ്ദാനം. തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി സമഗ്രമായ പുനരധിവാസ പാക്കേജ്, സ്വത്ത് സംരക്ഷിക്കാന്‍ പ്രത്യേക ട്രൈബ്യൂണല്‍, പ്രവാസികള്‍ക്കും മാതാപിതാക്കള്‍ക്കും നോര്‍ക്ക കെയര്‍ വഴി ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ തുടങ്ങിയവയാണ് വാഗ്ദാനങ്ങളില്‍ പ്രധാനം. അതേസമയം, നവകേരള നിര്‍മാണത്തില്‍ പ്രവാസി മലയാളികളുടെ പങ്കാളിത്തം ഉറപ്പാക്കി അവരുടെ ക്ഷേമം മുന്‍നിര്‍ത്തിയുമുള്ള വിപുലമായ പദ്ധതികളാണ് എല്‍ഡിഎഫിന്റെ പ്രകടനപത്രിക അവതരിപ്പിക്കുന്നത്. പ്രവാസികളുടെ പുനരധിവാസത്തിനായുള്ള പ്രത്യേക പാക്കേജാണ് പ്രധാന ആകര്‍ഷണം.

വോട്ടുറപ്പിക്കാനാകുമോ പ്രവാസികള്‍ക്ക്'?

2016- ലെയും 2021-ലെയും തിരഞ്ഞെടുപ്പുകളില്‍ മുസ്‌ലിം ലീഗ് മത്സരിച്ച പല മണ്ഡലങ്ങളിലും പ്രവാസി വോട്ടര്‍മാര്‍ ചെയ്ത വോട്ട് വിജയത്തില്‍ നിര്‍ണായകമായിരുന്നു. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ മാത്രം ഏതാണ്ട് 35,793 പ്രവാസി വോട്ടര്‍മാര്‍ വോട്ട് ചെയ്തു എന്നാണ് കണക്ക്. എന്നാല്‍ 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയൊരു ഭാഗം പ്രവാസി വോട്ടര്‍മാര്‍ക്കും പങ്കെടുക്കാന്‍ അവസരം ലഭിക്കില്ല എന്ന ഭീതി രാഷ്ട്രീയ- സാംസ്‌കാരിക സംഘടനകള്‍ പങ്കുവയ്ക്കുന്നുണ്ട്. മലബാറിലെ പല മണ്ഡലങ്ങളിലും നേരിയ ഭൂരിപക്ഷത്തിനാണ് വിജയികള്‍ തീരുമാനിക്കപ്പെടുന്നത് എന്നിരിക്കെ നഷ്ടമാകുന്ന പ്രവാസിവോട്ടുകള്‍ തീര്‍ച്ചയായും നിര്‍ണായകമാകും. ഏപ്രില്‍ ഒന്‍പതിന് ബൂത്തുകളില്‍ പ്രവാസി വോട്ടര്‍മാരുടെ സാന്നിധ്യം എത്രത്തോളമുണ്ടാകുമെന്ന് കണ്ടറിയുക തന്നെ വേണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com