തുടരുന്ന 'ഇന്ധന വിധി'ക്കുരുക്ക്'

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പേരില്‍ രാജ്യത്ത് കടുത്ത സാമ്പത്തിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് കേന്ദ്രം
തുടരുന്ന 'ഇന്ധന വിധി'ക്കുരുക്ക്'
Published on
Updated on

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 3 രൂപ വീതം വര്‍ധിപ്പിച്ചിരിക്കുന്നു. 10 ദിവസത്തിനിടെ മൂന്നാമത്തെ വര്‍ധനവാണിത്. അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ധനവിന്റെ പേര് പറഞ്ഞ് എണ്ണക്കമ്പനികള്‍ സാധാരണക്കാരന്റെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുകയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പേരില്‍ രാജ്യത്ത് കടുത്ത സാമ്പത്തിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ . രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു. ജനങ്ങളോട് വിദേശയാത്രകള്‍ ഒഴിവാക്കാന്‍ ഉപദേശിച്ചതിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി അഞ്ച് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ തിരിച്ചു എന്നത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് വെളിവാക്കുന്നുണ്ട്.

'തുടരുന്ന 'ഇന്ധന വിധി'ക്കുരുക്ക്'

പുതുക്കിയ നിരക്ക് പ്രകാരം ഡല്‍ഹിയില്‍ പെട്രോളിന് 97.77 രൂപയും ഡീസലിന് 99.67 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 110.76 രൂപയും ഡീസലിന് 99.35 രൂപയുമായി. മേയ് പതിനഞ്ചാം തീയതിയായിരുന്നു ആദ്യ വര്‍ധന. അന്ന് മൂന്നുരൂപ വീതമാണ് പെട്രോളിനും ഡീസലിനും കൂട്ടിയത്. പിന്നാലെ മേയ് 19-ന് രണ്ടാമതും വില കൂട്ടി. 90 പൈസ വീതമായിരുന്നു അന്നത്തെ വില വര്‍ധനവ്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയിലുണ്ടായ കുത്തനെയുള്ള വര്‍ധനവുമാണ് വീണ്ടും ഇന്ധനവില കൂടാന്‍ പ്രധാന കാരണം. എണ്ണക്കമ്പനികളുടെ നഷ്ടം നികത്തുന്നതിനായി, അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റത്തിന്റെ ഭാരം ഘട്ടംഘട്ടമായി ജനങ്ങളിലേക്ക് കൈമാറുന്നതിന്റെ ഭാഗമായാണ് എണ്ണ വില വര്‍ധിപ്പിച്ചതെന്ന വിലയിരുത്തലുമുണ്ട്. സമുദ്ര വ്യാപാര പാതയായ ഹോര്‍മുസ് കടലിടുക്കില്‍ ഉപരോധവും നിയന്ത്രണങ്ങളും തുടരുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വിവിധ സംസ്ഥാനങ്ങളിലെ സീസണല്‍ കാര്‍ഷിക, വിളവെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തമായതോടെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉപഭോഗത്തില്‍ ഗണ്യമായ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

റഷ്യന്‍ എണ്ണ ഉപരോധ ഇളവുകള്‍ നീട്ടില്ല

റഷ്യന്‍ എണ്ണയ്‌ക്കെതിരേയുള്ള താല്‍ക്കാലിക ഉപരോധ ഇളവുകള്‍ നീട്ടേണ്ടതില്ലെന്ന യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റിനെ തീരുമാനവും എണ്ണവില വര്‍ധനവിന് പ്രേരകമായി. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തെ തുടര്‍ന്ന് ആഗോള ഊര്‍ജ വിപണിയില്‍ ഉണ്ടായ വിതരണ പ്രതിസന്ധിയും വിലക്കയറ്റവും താല്‍ക്കാലികമായി നിയന്ത്രിക്കുന്നതിനാണ് ട്രംപ് ഭരണകൂടം ഒരു മാസത്തേയ്ക്കുള്ള അടിയന്തര ഇളവ് അനുവദിച്ചിരുന്നത്. ഇളവ് നിലവില്‍ ഉണ്ടായിരുന്ന കാലത്ത് ഇന്ത്യ പ്രതിദിനം 2.3 ദശലക്ഷം ബാരല്‍ റഷ്യന്‍ അസംസ്‌കൃത എണ്ണ വാങ്ങിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇളവ് അവസാനിച്ചതോടെ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഇനി പകരം ഇന്ധന സ്രോതസുകള്‍ തേടേണ്ട സാഹചര്യമുണ്ടാകും. അമേരിക്കയുടെ പുതിയ കര്‍ശന നിലപാടിനെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണ വിതരണം വീണ്ടും കുറയാനും ഇന്ധന വില വീണ്ടും ഉയരാനുമുള്ള സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

വഴിത്തിരിവായി യുഎഇ സന്ദര്‍ശനം

യുഎഇയുടെ 30 ദശലക്ഷം ബാരല്‍ വരെ ക്രൂഡ് ഓയില്‍ ഇന്ത്യയുടെ സ്ട്രാറ്റജിക് റിസര്‍വിന്റെ ഭാഗമാക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക കരാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദര്‍ശന വേളയില്‍ ഒപ്പിട്ടിരുന്നു.. ഇതിന്റെ ഭാഗമായി 30 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ യു.എ.ഇ കൈമാറും.... വിശാഖപട്ടണം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും, ഒഡീഷയിലെ ചാന്‍ഡികോള്‍ എന്നയിടത്തെ നിര്‍ദ്ദിഷ്ട റിസര്‍വ് പ്രൊജക്ടിന്റെ ഭാഗമായും ഇത് സൂക്ഷിക്കാനും ധാരണ ആയിട്ടുണ്ട്. ക്രൂഡ് റിസര്‍വ് ഭീമമായ തോതില്‍ ഉയരുന്നത് ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് വലിയ നേട്ടമാണ് ഉണ്ടാക്കുക. എല്‍.പി.ജി സപ്ലൈ സംബന്ധിച്ചും ഇരു രാജ്യങ്ങളും തമ്മില്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയില്‍

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന സൂചനകള്‍ ശക്തമാക്കി ആഗോള വിപണിയില്‍ അമേരിക്കന്‍ ഡോളറിനെതിരേ ഇന്ത്യന്‍ രൂപ വന്‍ തകര്‍ച്ചയിലാണ്. രൂപയുടെ മൂല്യം കഴിഞ്ഞ ദിവസം 96.56 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയിരുന്നു. നിലവില്‍ അല്‍പം ഭേദപ്പെട്ട് 95.70 എന്ന നിരക്കിലാണ്. ഇറാന്‍ യുദ്ധം ആരംഭിച്ച ഫെബ്രുവരി മുതല്‍ രൂപയുടെ മൂല്യത്തില്‍ ഇതുവരെ ആറ് ശതമാനത്തോളം ഇടിവുണ്ടായി. രാജ്യത്തിന്റെ സാമ്പത്തികാടിത്തറയില്‍ വിള്ളലുകള്‍ രൂപപ്പെടുന്നുവെന്ന ആശങ്കയെ കൂടുതല്‍ ശക്തമാക്കിക്കൊണ്ടാണ് വിപണിയില്‍ അമേരിക്കന്‍ ഡോളറിനെതിരേ ഇന്ത്യന്‍ രൂപ ഏറ്റവും വലിയ ഇടിവിലേക്ക് പതിക്കുന്നത്.

ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ ഏപ്രില്‍ മാസത്തെ സാമ്പത്തിക കണക്ക് പുറത്തുവന്നപ്പോള്‍, യു.കെ ഇന്ത്യയെ മറികടന്ന് വീണ്ടും ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറി. ഇന്ത്യ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതിന് പ്രധാന കാരണം രൂപയുടെ മൂല്യ ഇടിവാണ്. ഹോര്‍മുസ് പ്രതിസന്ധിയോടെ, ക്രൂഡ് ഓയിലിനും പ്രകൃതിവാതകത്തിനും വന്‍തോതില്‍ ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ആഗോളാഘാതങ്ങള്‍ നേരിടാന്‍ കഴിയാത്ത വിധം അതീവ ദുര്‍ബലമാണെന്ന യാഥാര്‍ഥ്യം വീണ്ടും തെളിഞ്ഞു.

സമ്പദ്‌വ്യവസ്ഥ ദുര്‍ബലം

ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി രാജ്യത്തെ സമ്പദ്‌വ്യവസ്ഥയോടുള്ള ആഗോള വിശ്വാസത്തിന്റെ ഇടിവാണ്. വിദേശ നിക്ഷേപം പിന്മാറുകയും രൂപ തുടര്‍ച്ചയായി ദുര്‍ബലമാവുകയും ചെയ്യുന്നത് സാമ്പത്തികഘടനയിലെ ദൗര്‍ബല്യങ്ങളെയാണ് തുറന്നുകാട്ടുന്നത്...വളര്‍ച്ചയ്ക്കും വര്‍ധിച്ചുവരുന്ന ഇറക്കുമതി ചെലവുകള്‍ക്കും ആവശ്യമായ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ ഇന്ത്യക്ക് കഴിയുന്നില്ല. പശ്ചിമേഷ്യയില്‍നിന്ന് ഇന്ത്യ വന്‍തോതില്‍ ഊര്‍ജം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍ ഈ പ്രശ്നം കൂടുതല്‍ ഗുരുതരമാവുന്നു. നയപരമായ അനിശ്ചിതത്വം, തൊഴിലില്ലായ്മ, ആഭ്യന്തര ആവശ്യകതയിലെ കുറവ്, വിദേശ നിക്ഷേപത്തിലെ ഇടിവ് എന്നിവ ചേര്‍ന്ന് സമ്പദ്‌വ്യവസ്ഥയെ ദുര്‍ബലമാക്കുന്നു. നിക്ഷേപസൗഹൃദാന്തരീക്ഷം, സ്ഥിരതയുള്ള നയങ്ങള്‍, തൊഴിലവസരങ്ങള്‍ തുടങ്ങിയവയിലൂടെയാണ് സമ്പദ്‌വ്യവസ്ഥയുടെ വിശ്വാസ്യത തിരിച്ചുപിടിക്കേണ്ടത്. രൂപയുടെ മൂല്യം സംരക്ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം കൃത്രിമനിയന്ത്രണങ്ങളല്ല; വിശ്വാസം സൃഷ്ടിക്കുന്ന സാമ്പത്തിക നയങ്ങളാണ്.

പ്രധാനമന്ത്രി രാജ്യങ്ങള്‍ ചുറ്റുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകള്‍ക്കെതിരെ കടുത്ത ആരോപണങ്ങളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിക്കഴിഞ്ഞു. ഇന്ധന ഉപയോഗം കുറയ്ക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്വന്തം വാഹനവ്യൂഹം വെട്ടിച്ചുരുക്കി 'ചെലവുചുരുക്കല്‍' നാടകം കളിക്കുകയാണെന്നാണ് ഉയരുന്ന ആക്ഷേപം . വാഹനങ്ങളുടെ എണ്ണം പകുതിയാക്കാന്‍ എസ്പിജിക്ക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, ജനങ്ങളോട് വിദേശയാത്രകള്‍ ഒഴിവാക്കാന്‍ ഉപദേശിച്ചതിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി അഞ്ച് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ തിരിച്ചത് വിമര്‍ശനങ്ങള്‍ക്കിടയാക്കി. യുഎഇയുമായി ഉണ്ടാക്കിയ നിര്‍ണായക കരാര്‍ ഉയര്‍ത്തിക്കാട്ടിയാണ് ഭരണപക്ഷം വിമര്‍ശനത്തെ പ്രതിരോധിക്കുന്നത്.

മുമ്പില്‍ വന്‍ വിലവര്‍ധനവ്

അടുപ്പിച്ചുള്ള ഇന്ധന വിലവര്‍ധനവിനെത്തുടര്‍ന്ന് ഗതാഗതച്ചെലവ് കൂടുമെന്നതിനാല്‍ വൈകാതെ നിത്യോപയോഗ വസ്തുക്കളുടെ വിലയെ ഇത് ബാധിച്ചുതുടങ്ങും. പച്ചക്കറികള്‍, ഫലവര്‍ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയുടെയെല്ലാം വില ഇനിയും വര്‍ധിച്ചേക്കും. കൂടാതെ കെട്ടിട നിര്‍മാണ വസ്തുക്കള്‍, വ്യാവസായിക ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെ എല്ലാ വസ്തുക്കളടെയും വില കൂടിത്തുടങ്ങിയിട്ടുണ്ട്. ഈ വിലക്കയറ്റം രാജ്യത്തെ പൊതുവിലുള്ള പണപ്പെരുപ്പം കുതിച്ചുയരാന്‍ കാരണമാവും. ഈ അവസ്ഥ നിയന്ത്രിക്കാന്‍ പലിശ നിരക്ക് ഉയര്‍ത്താനും വിപണിയിലെ പണലഭ്യത കുറക്കാനും റിസര്‍വ് ബാങ്ക് നിര്‍ബന്ധിതമാവും. ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ ഗുരുതര പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക.

മുന്നറിയിപ്പുകളെ അവഗണിക്കാനാവില്ല

രാജ്യം നേരിടുന്ന പ്രതിസന്ധി ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിക്ക് നേരെയുള്ള ഒരു നിര്‍ണായക മുന്നറിയിപ്പാണ്. ഈ പ്രതിസന്ധി പെട്ടെന്നുണ്ടായതല്ല. എണ്ണ ഇറക്കുമതിയിലേയും സ്വര്‍ണ ഉപഭോഗത്തിലേയും അതിരൂക്ഷ ആശ്രിതത്വം, രൂപയുടെ ദൗര്‍ബല്യം, ആഭ്യന്തര ഉല്‍പാദന മേഖലയിലെ പരിമിത വളര്‍ച്ച, നഗര ഗതാഗത ഊര്‍ജ സംവിധാനങ്ങളിലെ അസന്തുലിതാവസ്ഥ. ഇവയെല്ലാം വര്‍ഷങ്ങളായി മുന്നറിയിപ്പുകള്‍ നല്‍കിയിരുന്ന പ്രശ്നങ്ങളാണ്. എന്നാല്‍ ദീര്‍ഘകാല സാമ്പത്തിക പദ്ധതികള്‍ക്ക് പകരം, സര്‍ക്കാര്‍ കൂടുതലായും ശ്രദ്ധകൊടുത്തത് പ്രതിച്ഛായാ രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പ് കേന്ദ്രീകൃത തീരുമാനങ്ങളിലുമായിരുന്നു. അതിനാല്‍ കേവലം 'ഓട്ടയടക്കല്‍' നടപടികള്‍ കൊണ്ട് തൃപ്തിപ്പെട്ടതിന്റെ അത്യന്തിക ദുരന്തമാണ് ജനം അഭിമുഖീകരിക്കുന്നത്. ദീര്‍ഘകാല വ്യവസായ നയം, തൊഴിലവസര സൃഷ്ടി, നവീന ഊര്‍ജ നിക്ഷേപം, സാമ്പത്തിക അസമത്വം കുറക്കുന്ന വളര്‍ച്ചാമാതൃക തുടങ്ങിയവ കൊണ്ടാണ് ഈ പ്രതിസന്ധി മറികടക്കേണ്ടത്. അതിനുള്ള നടപടികളാണ് ആവശ്യം. ഇതോടുകൂടി സ്‌പോട്ട്‌ലൈറ്റ് സമാപിക്കുന്നു.

News Malayalam 24x7
newsmalayalam.com