റേഞ്ച് റോവർ : ചട്ടവിരുദ്ധമോ? മാധ്യമ സൃഷ്ടിയോ ?

സർക്കുലറുകളുടെ കാര്യം എടുത്തുപറഞ്ഞ മന്ത്രി ഒരു പക്ഷേ 1989-ലെ കേരള മോട്ടോർ വാഹന നിയമം ചട്ടം 92എ പ്രകാരവും, 2015-ലെ ഭേദഗതി ഉത്തരവുകൾ കണ്ടിരിക്കില്ല. അല്ലെങ്കിൽ അതേക്കുറിച്ച് മിണ്ടിയില്ല എന്ന് ആക്ഷേപിക്കേണ്ടിവരും
 റേഞ്ച് റോവർ : ചട്ടവിരുദ്ധമോ? മാധ്യമ സൃഷ്ടിയോ ?
Published on: 
Updated on: 

ബൾഗേറിയൻ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ മന്ത്രി കെഎം ഷാജി, റേഞ്ച് റോവർ ഉപയോഗത്തിൽ ചട്ടവിരുദ്ധമായി ഒന്നുമില്ലെന്നും സ്വകാര്യ വാഹനങ്ങള്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും ആവർത്തിക്കുകയാണ്. മന്ത്രി ഉപയോഗിക്കുന്ന വാഹനം ഔദ്യോഗികമാവണം എന്ന് സർക്കാർ നിർദേശമില്ലെന്നും മന്ത്രിമാർക്ക് സ്വകാര്യ വാഹനങ്ങൾ സർക്കാർ കാര്യങ്ങൾക്ക് ഉപയോഗിക്കാമെന്നും മറിച്ച് ഉത്തരവ് ഉണ്ടെങ്കിൽ കൊണ്ടുവരാനും മാധ്യപ്രവർത്തകരെ വെല്ലുവിളിക്കുക കൂടി ചെയ്തിരിക്കുന്നു, മന്ത്രി. ചില സർക്കുലറുകളുടെ കാര്യം എടുത്തുപറഞ്ഞ മന്ത്രി ഒരു പക്ഷേ 1989-ലെ കേരള മോട്ടോർ വാഹന നിയമം ചട്ടം 92എ പ്രകാരവും, 2015-ലെ ഭേദഗതി ഉത്തരവുകൾ കണ്ടിരിക്കില്ല. അല്ലെങ്കിൽ അതേക്കുറിച്ച് മിണ്ടിയില്ല എന്ന് ആക്ഷേപിക്കേണ്ടിവരും.​മേൽ സർക്കുലറുകളിൽ സ്വകാര്യ വാഹനങ്ങൾ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നതിൽ കർശന നിയ​ന്ത്രണം പറയുന്നുണ്ട്.

റേഞ്ച് റോവർ : ചട്ടവിരുദ്ധമോ? മാധ്യമ സൃഷ്ടിയോ ?

ബഹുമാനപ്പെട്ട തദ്ദേശവകുപ്പ് മന്ത്രി അറിയാനായി രണ്ട് സർക്കുലറുകളെപ്പറ്റി പറഞ്ഞുകൊണ്ട് തുടങ്ങാം.1989-ലെ കേരള മോട്ടോർ വാഹന നിയമം ചട്ടം 92എ പ്രകാരവും, 2015-ലെ ഭേദഗതി ഉത്തരവുകൾ അനുസരിച്ചും ഔദ്യോഗിക അനുമതിയില്ലാത്ത സ്വകാര്യ വാഹനങ്ങളിൽ 'ഗവൺമെന്റ്' ബോർഡുകളോ ഔദ്യോഗിക ചിഹ്നങ്ങളോ ഉപയോഗിക്കുന്നത് പൂർണ്ണമായും നിയമവിരുദ്ധം തന്നെയാണ്. ഗവൺമെന്റ് ബോർഡുകളും പ്രത്യേക രജിസ്ട്രേഷൻ നമ്പറുകളും അനുവദിക്കുന്നത് പൂർണ്ണമായും സർക്കാർ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്ക് മാത്രമാണ്. അതിന് മുഖ്യമന്ത്രിയുടെ അനുമതി വേണം. കൃത്യമായ വാടകക്കരാറുള്ള വാഹനങ്ങൾക്കും ചട്ടപ്രകാരം സർക്കാരിന്റെ ഒദ്യോഗിക ബോർഡുകൾ അനുവദിക്കാം. ഏതെങ്കിലും പ്രത്യേക സാഹചര്യത്തിൽ ഒരു സ്വകാര്യ വാഹനത്തിൽ ഇത്തരം ബോർഡ് ഉപയോഗിക്കണമെങ്കിൽ, അതിന് മുഖ്യമന്ത്രിയുടെ പ്രത്യേക അനുമതിയോടെ പൊതുഭരണ വകുപ്പ് പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കേണ്ടതുണ്ട്. അനുമതിയില്ലാതെ 'ഗവൺമെന്റ്' ബോർഡുകൾ സ്ഥാപിക്കുന്നവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് കർശന പിഴയും നിർദേശിക്കുന്നു. ഏതെങ്കിലും പ്രത്യേക യാത്രകൾക്കായി മുഖ്യമന്ത്രിയുടെ പ്രത്യേക അനുമതിയോടെ പൊതുഭരണ വകുപ്പ് നൽകുന്ന താൽക്കാലിക ഉത്തരവുകളെ, ഒരു സ്വകാര്യ വാഹനം സ്ഥിരമായി ഔദ്യോഗിക വാഹനമായി ഉപയോഗിക്കാനുള്ള അംഗീകാരമായി വ്യാഖ്യാനിക്കാൻ കഴിയില്ലെന്ന് നിയമവിദഗ്ധർ വ്യക്തമാക്കുന്നുണ്ട്. സംസ്ഥാനത്തിന് പുറത്തേക്ക് പോകുമ്പോൾ ഇത്തരം ഉത്തരവ് ആവശ്യമായതിനാൽ ഷാജിയുടെ കുടക് യാത്രക്ക് ഈ അനുമതി വാങ്ങിയിട്ടുമുണ്ട്. പക്ഷേ അത് സ്വകാര്യ വാഹനം ഉപയോഗിക്കാനുള്ള അംഗീകാര പത്രമായി ഷാജി വ്യാഖ്യാനിക്കുകയായിരുന്നു​െവന്നാണ് ആ​രോപണം.

റേഞ്ച് റോവർ വിവാദ പശ്ചാത്തലം

സർക്കാർ അനുവദിച്ച ഇന്നോവ ക്രിസ്റ്റയ്ക്ക് പകരം കണ്ണൂർ തില്ലങ്കേരി സ്വദേശിയും കെഎംസിസി നേതാവുമായ യാക്കൂബിൻ്റെ റേഞ്ച് റോവർ കാർ മന്ത്രി കെ.എം ഷാജി ഔദ്യോഗിക വാഹനമായി ഉപയോഗിച്ചതാണ് ആദ്യം വിവാദത്തിന് തിരികൊളുത്തിയത്. സുഹൃത്തിൻ്റെ കാറിൽ സർക്കാർ ബോർഡും നമ്പറും വച്ച് യാത്ര ചെയ്തത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചു. സർക്കാർ അനുമതിയോടെയാണ് ബോർഡ് വച്ചതെന്ന് മന്ത്രി ന്യായീകരിച്ചിരുന്നെങ്കിലും ഒരു യാത്രയ്ക്ക് മാത്രമാണ് അനുമതി നൽകിയതെന്ന് പിന്നീട് വ്യക്തമായി. വിവാദം കടുത്തതോടെ കഴിഞ്ഞ ദിവസം റേഞ്ച് റോവർ തിരികെ ഏൽപ്പിക്കുകയും ബൾഗേറിയയിലേക്ക് സന്ദർശനത്തിന് പോവുകയും ചെയ്തു. വേൾഡ് മലയാളി ഫോറത്തിൻ്റെ ക്ഷണം അനുസരിച്ചുള്ള സ്വകാര്യ സന്ദർശനമാണ് താൻ നടത്തിയതെന്ന് ഷാജി പിന്നീട് വ്യക്തമാക്കി.

മന്ത്രി കെ.എം. ഷാജി ഔദ്യോഗിക ആവശ്യങ്ങൾക്കായി സുഹൃത്തിന്റെ ആഡംബര റേഞ്ച് റോവർ കാർ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ ആദ്യം നേരിട്ട ആരോപണം സത്യപ്രതിജ്ഞ ലംഘനം എന്നതായിരുന്നു. മന്ത്രിയായിരിക്കെ സ്വകാര്യ വ്യക്തിയുടെ ആഡംബര വാഹനം ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചത് ഭരണഘടനാപരമായ സത്യപ്രതിജ്ഞാ ലംഘനമാണെന്ന് പ്രതിപക്ഷവും ഡിവൈഎഫ്ഐ നേതാക്കളും ആരോപിച്ചിരുന്നു. സ്വന്തമായി വിലകൂടിയ ഇന്നോവ ഹൈക്രോസ്, നിസ്സാൻ മൈക്ര എന്നീ കാറുകൾ സ്വന്തമായിരിക്കേയാണ് രണ്ടുകോടി വിലവരുന്ന സുഹൃത്തിന്റെ റേഞ്ച് റോവർ കാർ ഔദ്യോഗിക വാഹനമാക്കി ഷാജി യാത്ര ചെയ്തത്. സ്വന്തം വണ്ടികൾ അറ്റകുറ്റപണിയിലായതിനാലാണ് സുഹൃത്തിന്റെ കാർ ഉപയോഗിച്ചതെന്നായിരുന്നു ന്യായം. സൗദി അറേബ്യയിൽ വ്യവസായിയായ കണ്ണൂർ തില്ലങ്കേരി സ്വദേശി യാക്കൂബിന്റെ കാർ ഉപയോഗിച്ചത് ഏതെങ്കിലും തരത്തിലുള്ള പ്രത്യുപകാരമാണോ എന്നതിൽ ആരോപണങ്ങളും ഉയർന്നു.

സ്വകാര്യ വാഹനം ഉപയോഗിക്കരുത് എന്ന ചട്ടമില്ലേ​​?

സ്വകാര്യ വാഹനത്തിൽ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന രജിസ്ട്രേഷൻ പ്ലേറ്റും ഔദ്യോഗിക പതാകയും ഘടിപ്പിച്ചു യാത്ര ചെയ്തത് നിയമവിരുദ്ധമാണെന്നും ഇത് ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണെന്നും ആക്ഷേപമുയർന്നു. എന്നാൽ കുടകിലെ മെർക്കാറയിലേക്ക് സ്വകാര്യവാഹനത്തിൽ പോകാനായി സർക്കാരിന്റെ അനുമതി വാങ്ങിയിരുന്നെന്നും അതിനായാണ് വാഹനം ഉപയോഗിച്ച​തെന്നാണ് ഷാജി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കിയത്..ഈ വിവാദങ്ങളെത്തുടർന്ന് ഹൈക്കോടതി അഭിഭാഷകൻ സർക്കാരിനും മോട്ടോർ വാഹന കമ്മീഷണർക്കും എതിരെ പരാതി നൽകുകയും, പ്രതിഷേധങ്ങൾ ശക്തമായതോടെ മന്ത്രി പിന്നീട് ഈ വാഹനം തിരികെ നൽകുകയും ചെയ്തിരുന്നു. താൻ വർഷങ്ങളായി ഈ വാഹനം ഉപയോഗിക്കാറുണ്ടെന്നും ഇതിൽ യാതൊരുവിധ നിയമവിരുദ്ധതയും ഇല്ലെന്നുമാണ് മന്ത്രി വാർത്തസമ്മേളത്തിൽ മറുപടി നൽകിയത്.

മന്ത്രി സഞ്ചരിക്കുന്ന വാഹനമാണ് മന്ത്രി വാഹനം എന്നാണ് നിയമമെന്ന് മന്ത്രി നിയമവ്യാഖ്യാനം നടത്തി തീർപ്പുകൽപ്പിക്കുന്നുമുണ്ട്. അതായത് സ്വകാര്യ കാർ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. മറ്റൊരാളുടെ കാർ മന്ത്രി ഔദ്യോഗികമായി ഉപയോഗിക്കാൻ പാടില്ല എന്ന നിയമവുമില്ല. അതിനാൽ സുഹൃത്തിന്റെ കാർ ഉപയോഗിച്ചതിൽ തെറ്റില്ല. അത് തെറ്റാണെന്ന് തെളിയിക്കുന്ന നിയമവുമില്ല. കാർ വിഷയത്തിൽ തന്നെ പ്രതിക്കൂട്ടിൽ കയറ്റണമെങ്കിൽ പുതിയ ചട്ടം ഉണ്ടാക്കേണ്ടിവരും. മന്ത്രി ഉപയോഗിക്കുന്ന വാഹനം ഔദ്യോഗികമാവണം എന്നതിൽപോലും സർക്കാരിൽ നിന്നും കൃത്യമായ നിർദേശങ്ങളില്ല . എന്തെങ്കിലും 'ഫേവർ' ചെയ്യരുതന്നേ ഉള്ളൂ. അത് വരുമ്പോൾ നോക്കാമെന്നും ഷാജി പറഞ്ഞു. മറ്റു മൂന്നു മന്ത്രിമാർ അനുമതി വാങ്ങിയതും കീഴ്‌വഴക്കം പരിഗണിച്ചു​കൊണ്ട് മാ​ത്രമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ധാർമ്മികതയുടെ പ്രശ്നം ഉണ്ടെന്ന് സമ്മതിച്ച് ഷാജി

കാർ ഉപയോഗത്തിൽ ഒരു നിയമപ്രശ്‌നവും ഇല്ലെങ്കിലും അതിൽ ധാർമ്മികതയുടെ പ്രശ്നം ഉണ്ടെന്ന് മന്ത്രി കെ.എം ഷാജി സമ്മതിക്കുന്നുണ്ട്. ഭാവിയിൽ സ്വകാര്യവാഹനം ഉപയോഗിക്കുമോ എന്ന ചോദ്യം തന്നെ തെറ്റാണെന്നും സർക്കാർ വിരുദ്ധവും നിയമവിരുദ്ധവും ആയ ഒരു കാര്യവും തന്നിൽ നിന്നും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിക്ക് ജാഗ്രതക്കുറവുണ്ടായെന്നായിരുന്നു മുസ്‍ലിം ലീഗ് നേതൃത്വവും വിലയിരുത്തിയിരുന്നു. പാർട്ടി പ്രവർത്തകർക്ക് വിഷമം ഉണ്ടായത് മാത്രമാണ് തന്നെ അലട്ടിയ പ്രശ്നമെന്ന് ഷാജി പറയുന്നുണ്ട്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലൂടെയും പവർ കട്ട് പോലുള്ള പ്രശ്നങ്ങളിലൂടെയും കടന്നുപോകുമ്പോൾ ഒരു മന്ത്രി ആഡംബര കാറിൽ യാത്ര ചെയ്തതു മാത്രമല്ല, ഇനിയും യാത്ര ചെയ്യും എന്ന വെല്ലുവിളി കൂടിയായിരുന്നു റേഞ്ച് റോവർ വിവാദത്തിന് എരിവ് പകർന്നത്. മുഖ്യമന്ത്രിയു​ടെ സ്പോൺസേഡ് വിമാനയാത്ര കൂടിയായതോ​ടെ ഉയർന്ന വിവാദങ്ങൾ യുഡിഎഫിനെ കടുത്ത പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

വിവാദം ഒടുങ്ങിയിട്ടില്ല

മുൻമന്ത്രി കെ.ടി ജലീൽ തിരികൊളുത്തിയ വിവാദം അവസാനിച്ചു എന്ന് പറയാനാവില്ല...ഈ വിവാദം തുടരുക തന്നെ ചെയ്യും. അദ്ദേഹം വാർത്തമ്മേളനത്തിൽ ഒരു വെടിയും കൂടി പൊട്ടിച്ചിട്ടുണ്ട്. 13,000ത്തോളം അനധികൃത നിയമനങ്ങൾ സിപിഐഎം ഭരണകാലത്ത് തദ്ദേശ വകുപ്പിൽ നടന്നുവെന്നും അവ റദ്ദ് ചെയ്യുമെന്നായിരുന്നു അത്. ഓരോ വകുപ്പിലുമുള്ള എംപാനൽ നിയമനങ്ങൾ പരിശോധിക്കുമെന്നും കടുത്ത അഴിമതിയാണ് ഓരോ വകുപ്പിലും ഉള്ളതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഒരുപാട് അതിഗുരുതര ​പ്രതിസന്ധികളിലൂടെയാണ് തദ്ദേശ വകുപ്പ് കടന്നുപോകുന്നത്. വിദേശയാത്രാ തിരക്കുകൾ ഒഴിഞ്ഞതോടെ അത്തരം കാര്യങ്ങളിൽ കൂടുതൽ കാര്യക്ഷമമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

News Malayalam 24x7
newsmalayalam.com