SPOTLIGHT | കള്ളന്മാരെ വളര്‍ത്തുന്ന ദേവസ്വം ആവാസ വ്യവസ്ഥ

ശബരിമലയെക്കുറിച്ച് സകലതും അറിയാവുന്ന ഉണ്ണികൃഷ്ണന്‍പോറ്റിയും ഉദ്യോഗസ്ഥരും നടത്തിയ ഗൂഢാലോചനയാണ് ഇത്തരം പദ്ധതികള്‍ക്കെല്ലാം പിന്നില്‍
സ്പോട്ട്ലൈറ്റ്
സ്പോട്ട്ലൈറ്റ്
Published on

ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ച വിശാലമായ ഒരു ഗുഢസംഘത്തെയാണ് വെളിപ്പെടുത്തുന്നത്. ദുരൂഹ ഇടപാടുകളെല്ലാം നടക്കുമ്പോള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്കു കുടപിടിച്ചു നിന്നത് ചില സ്ഥിരം ഉദ്യോഗസ്ഥരാണ്. ഇപ്പോള്‍ പ്രതിസ്ഥാനത്തുള്ള മുരാരി ബാബു മാത്രമല്ല മറ്റുപലരും ഈ ഇടപാടുകളെല്ലാം നടക്കുമ്പോള്‍ ശബരിമലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. സംശയകരമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ച ഇവരെല്ലാം എല്ലാ സീസണിലും ഒന്നല്ലെങ്കില്‍ മറ്റൊരു പദവിയില്‍ ശബരിമലയിലുണ്ട്. മേല്‍ശാന്തിമാര്‍ക്ക് ഒരു വര്‍ഷം മാത്രമാണ് ചുമതലയെങ്കില്‍ മറ്റുള്ളവരെല്ലാം പതിവുകാരാണ്. കീഴ്ശാന്തിയുടെ സഹായിയായി നാലു വര്‍ഷമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ ജോലി ചെയ്തത്. ആ നാലുവര്‍ഷംകൊണ്ട് ഉണ്ടാക്കിയെടുത്ത ബന്ധങ്ങളാണ് സ്‌പോണ്‍സര്‍ ആകാനുള്ള വഴിയൊരുക്കിയത്. കയ്യില്‍ നിന്നു കാല്‍ക്കാശ് മുടക്കാതെ കുറെ പദ്ധതികളുടെ സ്‌പോണ്‍സര്‍ ആയി. എന്നു മാത്രമല്ല, ആ പേരില്‍ വലിയ തോതിലുള്ള പിരിവ് നടത്തുകയും ചെയ്തുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സഹായകരമായി വര്‍ത്തിച്ച ഒരു ഉദ്യോഗസ്ഥ സംഘമുണ്ട്. ആര് ഭരിച്ചാലും ചില പ്രത്യേക വഴികളിലൂടെ ഇവരെല്ലാം ശബരിമലയില്‍ വന്നെത്തും. അതുകൊണ്ടാണ് ദേവസ്വം ബോര്‍ഡുകളെല്ലാം പിരിച്ചുവിടണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെപ്പോലുള്ളവര്‍ ആവശ്യപ്പെടുന്നത്.

കള്ളന്മാരെ വളര്‍ത്തുന്ന ദേവസ്വം ആവാസ വ്യവസ്ഥ

ഉണ്ണികൃഷ്ണന്‍ പോറ്റി സ്‌പോണ്‍സര്‍ ആയതിനു പിന്നില്‍ത്തന്നെ ഗൂഢാലോചനയുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ശബരിമലയെക്കുറിച്ച് സകലതും അറിയാവുന്ന ഉണ്ണികൃഷ്ണന്‍പോറ്റിയും ഉദ്യോഗസ്ഥരും നടത്തിയ ഗൂഢാലോചനയാണ് ഇത്തരം പദ്ധതികള്‍ക്കെല്ലാം പിന്നില്‍. ഉദ്യോഗസ്ഥര്‍ക്കും ദേവസ്വം ബോര്‍ഡിനുമെതിരേ ഗുരുതര ആരോപണങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ഒന്നു മുതല്‍ പത്തുവരെ പ്രതികള്‍ക്ക് കൂട്ടുത്തരവാദിത്തമാണെന്നാണ് എസ് ഐ ടി പറയുന്നത്. ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബു, മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീ, മുന്‍ തിരുവാഭരണം കമ്മിഷണര്‍മാരായ കെ എസ് ബൈജു, ആര്‍ ജി രാധാകൃഷ്ണന്‍, മുന്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍മാരായ ജി സുധീഷ് കുമാര്‍, വിഎസ് രാജേന്ദ്ര പ്രസാദ്, അസിസ്റ്റന്റ് എന്‍ജിനിയര്‍ കെ സുനില്‍കുമാര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍മാരായ എസ് ശ്രീകുമാര്‍, കെ രാജേന്ദ്രന്‍ നായര്‍ എന്നിവരാണ് ആ പത്തുപേര്‍. പ്രതിപ്പട്ടികയുടെ ഈ വിശാലത തന്നെയാണ് ബോര്‍ഡ് തന്നെ പ്രതിയാണെന്നു പറയാന്‍ കാരണം. ബോര്‍ഡുകള്‍ ചക്കരക്കുടമാണെന്നും അതില്‍ കയ്യിട്ടു നക്കാത്തവര്‍ ഇല്ലെന്നും വെളളാപ്പള്ളി നടേശനെപ്പോലുള്ളവരെക്കൊണ്ടു പറയിക്കുന്നത് ഈ പട്ടികയാണ്. ഇത്രയും ഉദ്യോഗസ്ഥരില്‍ ഒരാളെങ്കിലും വിചാരിച്ചിരുന്നെങ്കില്‍ ഈ തട്ടിപ്പ് ശബരിമലയില്‍ നടക്കുമായിരുന്നില്ല. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കയ്യില്‍ പാളികള്‍ കൊടുത്തുവിടാന്‍ പാടില്ല എന്നത് ഏവര്‍ക്കും അറിയാവുന്ന ചട്ടമാണ്. ഒന്നല്ല, പലതവണയാണ് അത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തു വിട്ടത്. അത് പാടില്ല എന്ന് ഈ ഉദ്യോഗസ്ഥരില്‍ ഒരാളെങ്കിലും പറഞ്ഞിരുന്നെങ്കില്‍ കഥ മാറുമായിരുന്നു.

പുറംവരുമാനം ഉണ്ടാകുന്ന വഴികള്‍

ശബരിമലയില്‍ മേല്‍ശാന്തിക്കും തന്ത്രിമാര്‍ക്കും ശമ്പളത്തിനു പുറമെ ദക്ഷിണ കിട്ടും. വലിയ ധനികരായ തീര്‍ത്ഥാടകര്‍ എത്തുമ്പോള്‍ വലിയ തുകയൊക്കെയാകും ഇങ്ങനെ ലഭിക്കുന്നത്. ഇതുപോലെ മറ്റ് മേഖലകളില്‍ ജോലി ചെയ്യുന്ന പലരും സമാന്തരമായ വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്തുന്നുണ്ട്. കാണിക്ക എണ്ണുന്നതിനിടെ പണം അപഹരിക്കുന്ന കേസുകള്‍ സിസിടിവി വന്നിട്ടും കുറവില്ല എന്ന് മുന്‍ മണ്ഡലകാലങ്ങളില്‍ കണ്ടതാണ്. പലരും പിടിയിലായ വാര്‍ത്തകള്‍ പതിവായി പുറത്തുവരാറുണ്ട്. നെയ്യഭിഷേകത്തിനും അപ്പവും അരവണയും വാങ്ങാനുമെല്ലാം സൗകര്യം ചെയ്തുകൊടുക്കുന്ന ഗൂഢസംഘങ്ങള്‍ ശബരിമലയിലുണ്ട്. ദേവസ്വം ജീവനക്കാര്‍ തന്നെയാണ് ഇങ്ങനെ വഴിയൊരുക്കുന്നത്. വരിനില്‍ക്കാതെ ഇതു നടത്തിക്കൊടുക്കുന്നതിന് അവരും വാങ്ങുന്നുണ്ട് ദക്ഷിണപോലൊരു തുക. അന്നദാന കൗണ്ടര്‍ മുതല്‍ വിരിവയ്പു കേന്ദ്രങ്ങളില്‍ വരെ ഇങ്ങനെ വരുമാനം ഉണ്ടാക്കുന്നവര്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ശബരിമലയില്‍ സത്യസന്ധരായ ഉദ്യോഗസ്ഥര്‍ ഇല്ല എന്നല്ല. അങ്ങനെയുള്ളവരെ പ്രത്യേക ജോലികളിലേക്ക് ഒതുക്കി നിര്‍ത്തിയാണ് മറ്റുള്ളവര്‍ വാഴുന്നത്. ഇങ്ങനെ ഉന്നത ഉദ്യോഗസ്ഥര്‍ വരുമാനമുണ്ടാക്കാന്‍ കണ്ടെത്തുന്ന മാര്‍ഗങ്ങളാണ് സ്വര്‍ണംപൂശലും വലിയ വഴിപാടുകളുമൊക്കെ. ഊഴംതെറ്റിച്ചും മുന്‍ഗണന മാറ്റിയുമൊക്കെ അവരും പണം കണ്ടെത്തുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം സ്വര്‍ണംപൊതിഞ്ഞ പാളികള്‍ കൊടുത്തുവിട്ടതിലെ ചട്ടലംഘനങ്ങള്‍ റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. പോറ്റി ഇവ ആദ്യം ബെംഗളൂരുവിലേക്കു കൊണ്ടുപോയി. അവിടെ നിന്നു ഹൈദരാബാദിലേക്കു കൊണ്ടുപോയി. പിന്നീടാണ് ചെന്നൈയില്‍ എത്തിച്ചത്. ഇതിലെ ഏറ്റവും വലിയ ദുരൂഹത എന്തെന്നാല്‍ ഹൈദരാബാദിലേയും ചെന്നൈയിലേയും സ്ഥാപനങ്ങള്‍ ഒരേ ഉടമസ്ഥതയിലുള്ളതാണെന്നാണ്.

മടക്കയാത്രയിലെ പൂജകളും പിരിവും

പൊതിഞ്ഞ സ്വര്‍ണം ഹൈദരാബാദില്‍ വച്ച് വേര്‍തിരിച്ചെടുത്ത ശേഷമാണ് ഇവ ചെന്നൈയില്‍ എത്തിച്ചതെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. സ്വര്‍ണം പൂശിയ ശേഷം ചെന്നൈയിലും ബെംഗളൂരുവിലും കേരളത്തിലുമുള്ള വീടുകളില്‍ പൂജയ്ക്കായി എത്തിച്ചു. ഇതുവഴിയും വലിയതോതില്‍ വരുമാനമുണ്ടാക്കി. ശബരിമലയില്‍ നിന്ന് ഇളക്കിയെടുത്ത പാളികള്‍ ഇങ്ങനെ കൊണ്ടുനടക്കാന്‍ അനുവദിച്ചത് ആരാണ്. ശബരിമലയിലേക്കു കൊണ്ടുവരുന്ന പുതിയ വാതില്‍ അവരുടെ ഇഷ്ടപ്രകാരം കൊണ്ടുവരുന്നത് എന്തെങ്കിലും ആകട്ടെ എന്നുവയ്ക്കാം. കാരണം അതു സ്‌പോണ്‍സര്‍മാര്‍ പുതിയതായി നിര്‍മിച്ചതാണ്. എന്നാല്‍ ശബരിമലയില്‍ നിന്ന് അഴിച്ചുകൊണ്ടുപോയവ ഇങ്ങനെ കൊണ്ടുനടക്കാന്‍ അനുവദിച്ച ഉദ്യോഗസ്ഥരുടെ ധൈര്യത്തെ അപാരം എന്നല്ലാതെ മറ്റൊരു തരത്തിലും വിളിക്കാന്‍ കഴിയില്ല. ബോര്‍ഡിന്റേയും സര്‍ക്കാരിന്റേയും പോലും ഉന്നതരുടെ അറിവില്ലാതെ സാധ്യമാകുന്നതല്ല ഈ തട്ടിപ്പ്. ചെന്നൈ സ്മാര്‍ട് ക്രിയേഷന്‍സ് ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം തന്നെ സംശയനിഴലിലാണ്. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ ചെന്ന് സ്വര്‍ണം തിരികെ വാങ്ങിയ കല്‍പേഷ് ആരാണെന്നുപോലും പലര്‍ക്കും അറിയില്ല. ഈ കല്‍പേഷ് ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലെ സംശയം. റിമാന്‍ഡ് റിപ്പോര്‍ട്ട് ആരോപിക്കുന്ന കുറ്റങ്ങള്‍ ഓരോന്നും ശ്രദ്ധ കൊടുക്കേണ്ടവയാണ്. 1998ല്‍ ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞ കാര്യം അറിയാവുന്ന മുരാരി ബാബു 2019ലും 2024ലും പാളികള്‍ ചെമ്പെന്നു രേഖപ്പെടുത്തി. എക്‌സിക്യൂട്ടീവ് ഓഫിസര്‍ സുധീഷ്‌കുമാര്‍ സ്ഥലത്തില്ലാത്തവരുടെ പേരുകള്‍ എഴുതിച്ചേര്‍ത്ത് വ്യാജ മഹസര്‍ ഉണ്ടാക്കി. പാളി ഏറ്റുവാങ്ങുന്നു എന്ന് എഴുതിയ ശേഷം പോറ്റിക്കുവേണ്ടി ഒപ്പിട്ടത് സുഹൃത്തുക്കളാണ്. ഇങ്ങനെ ഇതുവരെ പുറത്തുവരാത്ത നിരവധി വിവരങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.

എല്ലാം എല്ലാവരും അറിഞ്ഞുതന്നെ!

ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് സ്വര്‍ണപ്പാളികള്‍ കല്‍പേഷാണ് ഏറ്റുവാങ്ങുന്നതെന്ന് ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നുവെന്നാണ് മൊഴി. കട്ടിളപ്പാളി സ്വര്‍ണംപൂശിയപ്പോള്‍ മൂന്നുലക്ഷം രൂപ കൈക്കാശു പോയി എന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഒരു മൊഴി. അത്രയും നഷ്ടം വന്ന അതേ ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് പിന്നീട് അന്നദാനത്തിന് ആറരലക്ഷം രൂപ സംഭാവന ചെയ്തതായി പറയുന്നത് എന്ന വിചിത്രമായ കാര്യവുമുണ്ട്. ഇവിടെയും കഴിഞ്ഞില്ല, കയ്യില്‍ കുറച്ചു സ്വര്‍ണം ബാക്കിയുണ്ടെന്ന് ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിന് കത്തെഴുതിയതും ഇതേ ഉണ്ണികൃഷ്ണന്‍ പോറ്റിയാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കയ്യില്‍ നിന്നു നഷ്ടമായ തുക നികത്താനായി കണ്ടെത്തിയ വഴിയായിരുന്നു ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശല്‍. ഇതിന് ഉദ്യോഗസ്ഥര്‍ പൂര്‍ണ സഹായവും ചെയ്തു. നാടുനീളെ കൊണ്ടുനടന്ന് പോറ്റിക്ക് പിരിവു നടത്താന്‍ അനുവാദം നല്‍കുക എന്നാല്‍ അതിന്റെ വിഹിതം ഉദ്യോഗസ്ഥര്‍ക്കു കൂടി ലഭിക്കുക എന്നാണ്.

ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്ന് ഉദ്യോഗസ്ഥരിലേക്കു പോയ പണത്തിന്റെ കണക്കാകും ഈ കേസില്‍ ഇനി നിര്‍ണായകമാവുക. സ്‌പോണ്‍സറെ ഏല്‍പ്പിച്ചാല്‍ ദേവസ്വത്തിനു നഷ്ടമില്ലല്ലോ എന്ന സിംപിള്‍ ലോജിക്ക് പറഞ്ഞാണ് ഈ ഗൂഢസംഘം പ്രവര്‍ത്തിച്ചത്. പക്ഷേ അതിന്റെ പേരില്‍ ദേവസ്വത്തിന്റെ സ്വര്‍ണം നഷ്ടമായത് ഒന്നാമത്തെ കാര്യം. സ്‌പോണ്‍സര്‍ഷിപ്പിന്റെ പേരില്‍ കണക്കില്ലാതെ പണം പിരിച്ചു എന്നത് രണ്ടാമത്തെ കുറ്റം. ശബരിമലയില്‍ കുറ്റവാളികള്‍ ഒന്നും രണ്ടുമല്ല, ഒരുപാടുണ്ട്. ദേവസ്വംബോര്‍ഡിലെ ശബരിമലയിലുള്ള ഉദ്യോഗസ്ഥര്‍ മാത്രമല്ല സംശയനിഴലില്‍, തിരുവനന്തപുരത്തുള്ളവര്‍ കൂടിയാണ്. ശബരിമലയിലേക്ക് അഴിമതിയുടെ ഭാഗമായ ഉദ്യോഗസ്ഥരേയും ജീവനക്കാരേയും എത്തിക്കാന്‍ തന്നെ കൈക്കൂലി വാങ്ങുന്നവരുണ്ട്. ഒരു സീസണില്‍ ജോലികിട്ടിയാല്‍ തന്നെ ലക്ഷങ്ങള്‍ ഉണ്ടാക്കാം എന്നു കണക്കുകൂട്ടി വരുന്നവരുണ്ട്. അത്തരക്കാരുടെ കൂടും കുടുക്കയും വരെ പൊട്ടിച്ചു പരിശോധിച്ചാല്‍ മാത്രമേ ശബരിമലയിലെ അഴിമതി അവസാനിക്കുകയുള്ളു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com