SPOTLIGHT | ഫ്രാൻസിലെ കലാപത്തിൻ്റെ കാരണങ്ങളും ഭാവിയും

പാരിസ് കമ്യൂൺ സംഭവിച്ച് ഒന്നര നൂറ്റാണ്ട് പിന്നിടുമ്പോൾ ഫ്രാൻസ് വീണ്ടും പ്രക്ഷോഭത്തീയിൽ കത്തുകയാണ്. എന്തൊക്കെയാണ് ഈ പ്രക്ഷോഭത്തിൻ്റെ അടിസ്ഥാന കാരണങ്ങൾ ?
SPOTLIGHT | ഫ്രാൻസിലെ കലാപത്തിൻ്റെ കാരണങ്ങളും ഭാവിയും
Published on: 
Updated on: 

എല്ലാ വിപ്ലവങ്ങളുടെയും മാതാവ് എന്നാണ് 1789ലെ ഫ്രഞ്ച് വിപ്ലവത്തെ വിശേഷിപ്പിക്കുന്നത്. പരമമായ രാജാധികാരത്തിന് അന്ത്യം കുറിച്ച ബൂർഷ്വാ ലിബറൽ വിപ്ലവമായിരുന്നു അത്. ലൂയി പതിനാറാമൻ്റെ രാജഭരണത്തെ അട്ടിമറിച്ച് നെപ്പോളിയോൻ ബോണപ്പാർട്ട് അധികാരം പിടിച്ചെടുത്തു. കാൾ മാർക്സ് ആ വിപ്ലവത്തെ വിശേഷിപ്പിച്ചത് ബൂർഷ്വാ വിപ്ലവം എന്നായിരുന്നു. ഫ്യൂഡൽ വ്യവസ്ഥയ്ക്ക് അന്ത്യം കുറിച്ച് ആധുനിക വ്യാവസായിക മുതലാളിത്തത്തിന് തുടക്കമിട്ട ചരിത്രത്തിലെ അനിവാര്യതയായിരുന്നു ഫ്രഞ്ച് വിപ്ലവമെന്നും മാർക്സ് എഴുതി. രാജാധികാരത്തിൻ്റെ ശിരച്ഛേദം ചെയ്ച ആ വിപ്ലവത്തിനും ഒരു നൂറ്റാണ്ട് കഴിഞ്ഞ്, അതായത് 1871ൽ ക്യാപിറ്റലിസ്റ്റ് ഫ്രാൻസിൽ ഒരു വിപ്ലവം കൂടി ഉണ്ടായി, പാരിസ് കമ്യൂൺ! ഫ്രഞ്ച് വിപ്ലവം ഇടത്തട്ടുകാരുടേതും ബൂർഷ്വാസികളുടേതുമായിരുന്നെങ്കിൽ പാരിസ് കമ്യൂൺ തൊഴിലാളി വർഗത്തിൻ്റേതായിരുന്നു.

അധിനിവേശ പ്രഷ്യൻ സൈന്യവും ഭരണകൂട മേധാവി അഡോൾഫെ തിയേയും ധനാഡ്യരായ വ്യവസായ പ്രഭുക്കളുമായിരുന്നു അവരുടെ ശത്രുക്കൾ. സോഷ്യലിസ്റ്റ് തൊഴിലാളി ഭരണകൂടം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറിയ പാരിസ് കമ്യൂൺ അധികം വൈകാതെ നിഷ്ഠൂരമായി അടിച്ചമർത്തപ്പെട്ടു. എങ്കിലും പാരിസ് കമ്യണിൽ ചിന്തിയ ചോര വെറുതെയായില്ല. അത് ലോക്രകമത്തെ മാറ്റിമറിക്കുന്ന ഒരു പ്രസ്ഥാനമായി ആഗോള സമൂഹത്തെയാകെ ആവേശിച്ചു. ഇരുപതിനായിരം പേർ ജീവൻ കൊടുത്ത പാരിസ് കമ്യൂൺ, മാർക്സിസം എന്ന അതിശക്തമായ ആശയത്തിൻ്റെ ബ്ലൂ പ്രിൻ്റായി. പാരിസ് കമ്യൂൺ സംഭവിച്ച് ഒന്നര നൂറ്റാണ്ട് പിന്നിടുമ്പോൾ ഫ്രാൻസ് വീണ്ടും പ്രക്ഷോഭത്തീയിൽ കത്തുകയാണ്. എന്തൊക്കെയാണ് ഈ പ്രക്ഷോഭത്തിൻ്റെ അടിസ്ഥാന കാരണങ്ങൾ? എന്തായിരിക്കും ഈ പ്രക്ഷോഭത്തിൻ്റെ അനന്തരഫലങ്ങൾ? ഈ വിഷയമാണ് ഇന്ന് സ്പോട്ട്ലൈറ്റ് പരിശോധിക്കുന്നത്. ഫ്രാൻസിലെ കലാപത്തിന്‍റെ കാരണങ്ങളും ഭാവിയും...

സ്കൂളുകളിൽ നിന്ന് തെരുവുകളിലേക്ക്

ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഫ്രാൻസിൽ ഹൈസ്കൂൾ വിദ്യാർഥികൾ പ്രക്ഷോഭം ആരംഭിക്കുന്നത്. പാരിസ് നഗര പ്രാന്തപ്രദേശങ്ങളിൽ അധ്യാപക ക്ഷാമത്തിനും അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകൾക്കുമെതിരെ ആരംഭിച്ച പ്രക്ഷോഭം രാജ്യമാകെ പടർന്നുപിടിക്കുകയായിരുന്നു. സ്കൂൾ വിദ്യാർഥികളിൽ നിന്ന് സമരം സർവകലാശാല വിദ്യാർത്ഥികളും തൊഴിലാളി യൂണിയനുകളും പരിസ്ഥിതിവാദികളും ഏറ്റെടുത്തു. ഫ്രഞ്ച് വിപ്ലവം രാജാധികാരത്തിനും ഫ്യൂഡലിസത്തിനും, പാരിസ് കമ്യൂൺ ബൂർഷ്വാ മുതലാളിത്തത്തിനും വൈദേശിക അധിനിവേശത്തിനുമെതിരായ പോരാട്ടവുമായിരുന്നെങ്കിൽ, ഇന്ന് പാരിസിൽ നടക്കുന്ന പ്രക്ഷോഭം വ്യവസ്ഥയുടെ ജീർണതയ്ക്കും കെടുകാര്യസ്ഥതയ്ക്കും എതിരായാണ് തുടങ്ങിയത്. ഫ്രഞ്ച് വിപ്ലവത്തിൽ ഉയർത്തപ്പെട്ടത് ഫ്രഞ്ച് ത്രിവർണ പതാകയും.. പാരിസ് കമ്യൂണിൽ ചെങ്കൊടിയുമാണെങ്കിൽ.. ഇന്ന് ഫ്രാൻസിൻ്റെ തെരുവുകളിൽ നിറയുന്നത് മഞ്ഞക്കോട്ടുധാരികളും വ്യവസ്ഥാ വിരുദ്ധ ഗ്രഫിറ്റികളും ബാസ്റ്റീൽ പിടിച്ചെടുക്കുന്നതിനേക്കുറിച്ചുള്ള മുദ്രാവാക്യങ്ങളുമാണ്.

അടിസ്ഥാന കാരണങ്ങൾ

സമീപ വർഷങ്ങളിൽ ഫ്രഞ്ച് ഹൈ-മിഡിൽ സ്കൂളുകളിൽ വിദ്യാർഥികൾക്ക് നഷ്ടമായ പഠനസമയം 20 ദശലക്ഷം മണിക്കൂറുകളാണ്. പകുതിയിലധികം സ്കൂളുകളിൽ അധ്യാപക ക്ഷാമം രൂക്ഷമായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ക്ലാസ് മുറികൾ തിങ്ങിനിറഞ്ഞിരുന്നു. ലീസേ എന്ന് വിളിക്കപ്പെടുന്ന ഫ്രഞ്ച് ഹൈസ്കൂൾ ക്ലാസുകളിൽ ഒരു മുറിയിൽ 30 വിദ്യാർഥികൾ വരെയുണ്ടായിരുന്നു. ഇത് യൂറോപ്യൻ ശരാശരിയിൽ ഏറ്റവും ഉയർന്ന നിരക്കാണ്. സ്കൂൾ കെട്ടിടങ്ങൾ ചോർന്നൊലിക്കുന്നവയായിരുന്നു. പായലും പൂപ്പലും കീടബാധയും രൂക്ഷമായിരുന്നു, ശൗചാലയങ്ങൾ തകർന്നവയായിരുന്നു, ചൂട് നിയന്ത്രിക്കുന്ന സംവിധാനങ്ങൾ തകരാറിലായിരുന്നു, താപനില അസഹനീയമായ അവസ്ഥയിലെത്തിയിരുന്നു... ഇത് കൂടാതെ ടൈം ടേബിളുകൾ അശാസ്ത്രീയവും അബദ്ധജടിലവുമായിരുന്നു.

യുവജനരോഷത്തിൻ്റെ മൂർച്ഛാകേന്ദ്രമായി മാറിയ മറ്റൊരു വസ്തുത, പാക്കൂർസൂപ് എന്നറിയപ്പെടുന്ന സർവകലാശാല പ്രവേശന സംവിധാനത്തിലെ പ്രതിസന്ധികളായിരുന്നു. ഇതിലെ അതാര്യതയും കഠിനതയും വിദ്യാർഥികളിൽ സമ്മർദ്ദം രൂക്ഷമാക്കി. ഇതൊന്നും പുതിയ പ്രശ്നങ്ങളല്ല. അധ്യാപക ക്ഷാമം വർഷങ്ങളായി അധ്യാപക സംഘടനകൾ ഉന്നയിക്കുന്ന കാര്യമാണ്. 2008ലേതിനെ അപേക്ഷിച്ച് വിദ്യാർഥികളുടെ എണ്ണം ഗണ്യമായി ഉയർന്നിട്ടും 2026ലെ ബജറ്റിൽ അധ്യാപക നിയമനത്തിനായുള്ള ചെലവ് വെട്ടിക്കുറച്ചു. ഫ്രാൻസിൻ്റെ പൊതുകടം ഉയർന്നതാണ് വെട്ടിക്കുറയ്ക്കലിന് കാരണമായത്. ശമ്പളമടക്കം വെട്ടിക്കുറച്ച് സർക്കാർ അരമുറുക്കിയപ്പോൾ.. യുവാക്കൾക്ക് ലഭിച്ച സന്ദേശം പൊതുമേഖലാ സ്ഥാപനങ്ങളെയും സേവനങ്ങളെയും സർക്കാർ കയ്യൊഴിയുന്നു എന്നതായിരുന്നു.

പ്രക്ഷോഭകർക്ക് വേണ്ടതെന്ത്?

വിദ്യാർഥികളും സമരസംഘടനകളും 10 ഇന ആവശ്യങ്ങളുടെ ഒരു പട്ടിക ഇമ്മാനുവേൽ മക്രോൺ നയിക്കുന്ന സർക്കാരിന് മുന്നിൽവച്ചു. പൊതുവിദ്യാഭ്യാസ മേഖലയിൽ കൂടുതൽ നിക്ഷേപിക്കുക എന്നതാണ് ആദ്യത്തേത്. ഇത് ഏകദേശം 10 ബില്യൺ യൂറോ വരുമെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ അധ്യാപകർ, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, താമസസൗകര്യങ്ങൾ അല്ലെങ്കിൽ അതിനുള്ള സാമ്പത്തിക സഹായം, സർവകലാശാല പ്രവേശന സംവിധാനങ്ങൾ പരിഷ്കരിക്കൽ, വിദ്യാഭ്യാസത്തിലൂടെ തുല്യതയ്ക്കുള്ള അവസരം ഉറപ്പാക്കുക എന്നിങ്ങനെയാണ് ആ ആവശ്യങ്ങൾ.

പ്രക്ഷോഭത്തിൻ്റെ ഗതി

ഇന്ന് ഫ്രാൻസിൽ കാട്ടുതീ പോലെ പടരുന്ന പ്രക്ഷോഭത്തിൻ്റെ ആദ്യ തീപ്പൊരി വീണത് പാരിസിലെ തൊഴിലാളി വർഗ മേഖലയായ 'ക്രെതെ'യിലെ 'സാന്ത് എക്സൂപെറി' എന്ന സ്കൂളിൽ നിന്നാണ്. സമൂഹമാധ്യമങ്ങൾ ആ തീപ്പൊരി ഊതിക്കക്കത്തിച്ചു. സെപ്റ്റംബർ 17നും 21നും ഇടയിൽ തുടങ്ങിയ ആ സമരം ദിവസങ്ങൾക്കകം ഫ്രാൻസിലെങ്ങുമുള്ള ആയിരക്കണക്കിന് ഹൈസ്കൂളുകളിലേക്ക് ആളിപ്പിടിച്ചു. ബ്ലോക്കേഡുകളും പ്രതിഷേധ മാർച്ചുകളും പൊതുവേദികൾ കയ്യേറലുമായിരുന്നു സമരതന്ത്രങ്ങൾ. മാർച്ചുകളിൽ വൻ ജനപങ്കാളിത്തമുണ്ടായി. ഒക്ടോബർ 17നായിരുന്നു പ്രക്ഷോഭം വിശാലമായ ദിനം. ജീവിതച്ചെലവ് വർധനയും വിലക്കയറ്റവും അടക്കമുള്ള പ്രശ്നങ്ങൾ ഉയർത്തി മഞ്ഞക്കോട്ടുകാരും പ്രക്ഷോഭത്തിൽ അണിനിരന്നതോടെ ഫ്രാൻസിലെ കലാപത്തീയുടെ ചൂട് ലോകമറിഞ്ഞു. അഞ്ചര ലക്ഷത്തോളമാളുകളാണ് തെരുവുകളിലിറങ്ങിയത്.

പ്രതിഷേധ പരിപാടികൾ മിക്കതും സമാധാനപരമായിരുന്നെങ്കിലും മുന്നേറ്റത്തിൽ വലിയ നിലയിലുള്ള അതിക്രമങ്ങളുമുണ്ടായി. സ്കൂളുകളും ചരിത്രസ്മാരകങ്ങളും അഗ്നിക്കിരയാക്കി. കൊള്ളയും കൊള്ളിവയ്പ്പും രൂക്ഷമായി. പൊലീസും പ്രക്ഷോഭകരും പലയിടത്തും ഏറ്റുമുട്ടി. ലാൻസിൽ ഗ്രനേഡ് പൊട്ടി പതിനഞ്ചുകാരൻ്റെ കൈ നഷ്ടമായി. കൗമാരക്കാരായ പ്രക്ഷോഭകർക്കെതിരായ പൊലീസ് നടപടിക്കെതിരെ വൻവിമർശനമുയർന്നു. ഇതോടെ പ്രക്ഷോഭകരെ നേരിടാൻ സ്ഫോടക വസ്തുക്കൾ ഉപയോഗിക്കില്ലെന്ന് സർക്കാർ തീരുമാനിച്ചു. അതേസമയം ആയിരങ്ങൾ അറസ്റ്റിലായി. നൂറുകണക്കിനാളുകൾക്ക് പരിക്കേറ്റു.

പ്രക്ഷോഭത്തിൻ്റെ പ്രത്യാഘാതവും ഭാവിയും

ഇമ്മാനുവേൽ മക്രോണിൻ്റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സർക്കാർ പ്രക്ഷോഭകരുടെ ചില ആവശ്യങ്ങളുടെ സാധുത ശരിവച്ചെങ്കിലും, അതിക്രമങ്ങൾക്ക് പിന്നിൽ തീവ്ര ഇടതുപക്ഷമാണെന്ന വിമർശനമുയർത്തി. "ഫ്രാൻസ് അൺബോവ്ഡ്" പോലെയുള്ള സംഘങ്ങൾ പ്രക്ഷോഭത്തെ ചൂഷണം ചെയ്യുകയാണെന്ന് സർക്കാർ കുറ്റപ്പെടുത്തി. പ്രക്ഷോഭത്തെ തണുപ്പിക്കാൻ പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലുകോർണു അടക്കമുള്ളവർ വിദ്യാർഥികളുമായി നേരിട്ട് ചർച്ച നടത്തി. അത്യാവശ്യമുള്ള സ്കൂളുകളിൽ അദ്യ ഘട്ടത്തിൽ അടിയന്തരമായി മൂവായിരം അധ്യാപകരെ നിയമിക്കാമെന്ന് ഉറപ്പുനൽകി. പക്ഷേ ഇതൊന്നും പോരെന്ന നിലപാടിൽ സമരവുമായി വിദ്യാർഥികൾ മുന്നോട്ട് പോയി. രാഷ്ട്രീയമായും സാമൂഹികമായും ഫ്രഞ്ച് സർക്കാരിനെ പ്രക്ഷോഭം വലിയ സമ്മർദ്ദത്തിലാക്കി. സാമ്പത്തിക ഞെരുക്കത്തിൽ വലയുന്ന മക്രോൺ സർക്കാരിൻ്റെ അന്ത്യ ദിനങ്ങളാണിതെന്നാണ് വിശകലനങ്ങൾ സൂചിപ്പിക്കുന്നത്. ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കപ്പെടുന്നത് വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് വിദ്യാർഥികളുടെ നിലപാട്. കടത്തിൽ മുങ്ങിനിൽക്കുന്ന ഫ്രഞ്ച് സർക്കാരിന് ഇക്കാര്യത്തിൽ ഒരു സമവായ നീക്കത്തിന് ഇടമില്ല എന്നതാണ് യാഥാർഥ്യം.

ചോര തിളപ്പിക്കുന്ന കാലാവസ്ഥ

കാലാവസ്ഥയ്ക്ക് രാഷ്ട്രീയത്തിൽ നിർണായക സ്ഥാനമുണ്ടെന്ന് കൂടി തെളിയിക്കുന്ന പ്രക്ഷോഭമാണ് ഫ്രാൻസിലേത്. അതിരൂക്ഷമായ താപതരംഗം യൂറോപ്പിൻ്റെ വ്യവസ്ഥാപരമായ ജീർണതയെ വെളിവാക്കി. 40 ഡിഗ്രി സെൽഷ്യസ് വരെയുർന്ന താപനില ക്ലാസ് മുറികളെ അസഹനീയമാക്കി. കൊടിയ ചൂടിൽ വിദ്യാർഥികളും അധ്യാപകരും മോഹാലസ്യപ്പെട്ട് വീണു. പലരുടെയും മൂക്കിൽ നിന്ന് ചോരവന്നു. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ അസാധ്യമായി. ഇവിടെയാണ് പ്രക്ഷോഭത്തിലെ പരിസ്ഥിതി പ്രവർത്തകരുടെ സാന്നിധ്യത്തിൻ്റെ പ്രസക്തി. ഫ്രഞ്ച് പ്രക്ഷോഭത്തിലെ 'ഗ്രെറ്റ തുൻബെർഗി'ൻ്റെ സാന്നിധ്യം ഇവിടെയാണ് അർത്ഥവത്താകുന്നത്. ലോകരാജ്യങ്ങളെ നയിക്കുന്നവർ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ വേണ്ട നടപടികളെടുത്തില്ലെങ്കിൽ ജനകീയ പ്രക്ഷോഭത്തിൻ്റെ അഗ്നിയിൽ അവർ ഇല്ലാതാകുമെന്ന പാഠം കൂടിയാണ് ഫ്രാൻസിൻ്റെ തെരുവുകൾ നൽകുന്നത്.

News Malayalam 24x7
newsmalayalam.com