കോണ്‍ഗ്രസില്‍ ഇനിയും പോര് തുടരും

മുമ്പ് പലതവണ അര്‍ഹതയുണ്ടായിട്ടും തന്നെ മാറ്റിനിര്‍ത്തുന്ന സാഹചര്യമുണ്ടായെന്നും ഇത്തവണ ദളിത് വിഭാഗത്തില്‍ നിന്നുള്ള പരിചയസമ്പന്നനായ നേതാവ് എന്ന നിലയില്‍ പരിഗണിക്കണമെന്നുമാണ് സുരേഷിന്റെ ആവശ്യം
കോണ്‍ഗ്രസില്‍ ഇനിയും പോര് തുടരും
Published on
Updated on

മുഖ്യമന്ത്രി ആരാകണമെന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് പിന്നാലെ പുതിയ കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തിനും മന്ത്രിമാര്‍ ആരാകണം എന്നത് സംബന്ധിച്ചും കോണ്‍ഗ്രസില്‍ തിരക്കിട്ട ചര്‍ച്ചകള്‍ സജീവമായി. നിയുക്ത എംഎല്‍എ സണ്ണി ജോസഫ് മന്ത്രിയാകുന്നതോടെ കെപിസിസി അദ്ധ്യക്ഷന്‍ ആരാകുമെന്നാണ് നിലവിലെ ചര്‍ച്ച. മുഖ്യമന്ത്രി ചര്‍ച്ചകളെത്തുടര്‍ന്ന് ഇടക്കാലത്ത് ക്ഷയിച്ചുപോയ ഗ്രൂപ്പുകള്‍ വ്യക്തികളുടെ പേരിലാണെങ്കിലും ചേരിതിരിഞ്ഞ് കോണ്‍ഗ്രസില്‍ ശക്തിയാര്‍ജിച്ചത് ചര്‍ച്ചകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഘടകക്ഷികള്‍ക്ക് മന്ത്രിസ്ഥാനങ്ങള്‍ വീതം വെക്കുന്നതും തലവേദന സൃഷ്ടിക്കും എന്ന് ഉറപ്പാണ്.

കോണ്‍ഗ്രസില്‍ ഇനിയും പോര് തുടരും

മുഖ്യമന്ത്രി ചര്‍ച്ചകള്‍ തീര്‍ത്ത അനിശ്ചിതത്വത്തിന്റെ തലവേദനക്ക് ശേഷം കെപിസിസി അധ്യക്ഷ പദവിയിലും അവകാശവാദങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. ഔദ്യോഗിക ചര്‍ച്ചകളിലേക്ക് പാര്‍ട്ടി നേതൃത്വം കടക്കുന്നതിന് മുന്‍പാണ് ഈ നിര്‍ണായക നീക്കം. മുന്‍പ് സാമുദായിക പരിഗണനകള്‍ അടക്കം വിലയിരുത്തിയാണ് നിലവിലെ അധ്യക്ഷനെ തിരഞ്ഞെടുത്തത്. അന്ന് ആദ്യഘട്ടത്തില്‍ തന്നെ തഴയപ്പെട്ട നേതാക്കളടക്കം ഇപ്പോള്‍ വീണ്ടും അധ്യക്ഷപദത്തിനായി രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് വരും എന്നത് കെപിസിസി അധ്യക്ഷന്‍ ആരാകണമെന്നുള്ള തീരുമാനത്തെയും സ്വാധീനിക്കാന്‍ ഇടയുണ്ട്. എങ്കിലും നിലവില്‍ ബെന്നി ബഹനാന്‍, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, ഷാഫി പറമ്പില്‍ തുടങ്ങിയവടെ പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. അതിനിടെ കെപിസിസി അധ്യക്ഷസ്ഥാനത്തില്‍ അവകാശവാദവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് പുതിയ വാര്‍ത്ത. മുമ്പ് പലതവണ അര്‍ഹതയുണ്ടായിട്ടും തന്നെ മാറ്റിനിര്‍ത്തുന്ന സാഹചര്യമുണ്ടായെന്നും ഇത്തവണ ദളിത് വിഭാഗത്തില്‍ നിന്നുള്ള പരിചയസമ്പന്നനായ നേതാവ് എന്ന നിലയില്‍ പരിഗണിക്കണമെന്നുമാണ് സുരേഷിന്റെ ആവശ്യം.

കോണ്‍ഗ്രസില്‍ ഇനിയും പോര് തുടരും
മുഖ്യനെ കാത്ത് കേരളം..

കെപിസിസി പ്രസിഡന്റ് സ്ഥാനത്തിന് ന്യൂനപക്ഷ പരിഗണന

ന്യൂനപക്ഷ വിഭാഗത്തില്‍നിന്നായിരിക്കും കെപിസിസി പ്രസിഡന്റ് എന്നത് ഏറെക്കുറെ ഉറപ്പാണ്. കേരളത്തിലെ നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ ആശയവിനിമയത്തില്‍ മേല്‍ക്കൈ കിട്ടിയത് ആ നിര്‍ദേശത്തിനായിരുന്നു. എ.കെ. ആന്റണി സജീവ നേതൃത്വത്തില്‍നിന്ന് പിന്മാറുകയും ഉമ്മന്‍ ചാണ്ടി അന്തരിക്കുകയും ചെയ്തതിനുശേഷം ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്ന് മുന്‍നിര നേതാക്കളില്ലെന്നത് പോരായ്മയാണെന്ന വിലയിരുത്തലിലാണ് കഴിഞ്ഞ ടേമില്‍ സണ്ണിജോസഫിന് നറുക്ക്വീണത്. പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ പേര് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് അവസാന നിമിഷം വരെ പരിഗണിച്ചിരുന്നെങ്കിലും കെ. സുധാകരനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് സുധാകരന്റെ അടുത്ത അനുയിയായ സണ്ണി ജോസഫ് നിയമിക്കപ്പെട്ടത്. ഇത്തവണ സണ്ണി ജോസഫിന് പകരം ബെന്നി ബെഹനാനെ പരിഗണിക്കണമെന്ന ആവശ്യമാണ് കോണ്‍ഗ്രസ് എ ഗ്രൂപ്പിലെ നേതാക്കള്‍ ഉന്നയിക്കുന്നത്. എ ഗ്രൂപ്പിന്റെ പ്രമുഖ നേതാവും മുന്‍ യുഡിഎഫ് കണ്‍വീനറുമായിരുന്നു ബെന്നി ബെഹനാന്‍. ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വിശ്വസ്തനായ നേതാവായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. കെപിസിസി അധ്യക്ഷ പദവി ഒഴിയുന്ന സണ്ണി ജോസഫ് മന്ത്രിസഭയിലേക്ക് പ്രവേശിക്കും. പ്രസിഡന്റ് പദവിയിലിരുന്ന നേതാവായതിനാല്‍ അദ്ദേഹത്തിന് പ്രാധാന്യമുള്ള വകുപ്പു തന്നെ നല്‍കാനാണ് പാര്‍ട്ടി നീക്കം. അതേസമയം ഷാഫി പറമ്പിലിന്റെ പേര് കെ.സി. വേണുഗോപാല്‍ പക്ഷം മുന്നോട്ടുവെയ്ക്കുന്നുണ്ട്.

കോണ്‍ഗ്രസില്‍ ഇനിയും പോര് തുടരും
കിഫ്ബിയെ തള്ളിപ്പറയാന്‍ യുഡിഎഫിനാകുമോ..?

മന്ത്രിമാരില്‍ ഏകദേശ ധാരണ

മുഖ്യമന്ത്രി ചര്‍ച്ചകളെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ കെ.സി വേണുഗോപാല്‍, വി.ഡി.സതീശന്‍, രമേശ് ചെന്നിത്തല ഗ്രൂപ്പ് പ്രവര്‍ത്തനം കൂടുതല്‍ ശക്തമായിട്ടുണ്ട്. കൂടെ നിന്ന എംഎല്‍എമാര്‍ക്ക് മന്ത്രി സ്ഥാനം നേടിക്കൊടുക്കാനുള്ള സമ്മര്‍ദവും നേതാക്കള്‍ പയറ്റുന്നുണ്ട്. ഇതോടെ മന്ത്രിമാരുടെ തെരഞ്ഞെടുപ്പ് ഏറെ പ്രയാസകരമാകും. മുഖ്യമന്ത്രി ആരാകുമെന്നതിനെകൂടി ആശ്രയിച്ചാകും കോണ്‍ഗ്രസിലെ മറ്റ് മന്ത്രിമാരുടെ പട്ടിക നിശ്ചയിക്കപ്പെടുക. വനിത, പിന്നാക്ക വിഭാഗ, സാമുദായിക, പ്രാദേശിക പ്രാതിനിധ്യങ്ങള്‍ വലിയ വെല്ലുവിളിയാകും. സംസ്ഥാന മന്ത്രിസഭാ രൂപവത്കരണം സംബന്ധിച്ച് ഘടകകക്ഷികളുമായി കോണ്‍ഗ്രസ് നേതൃത്വം ഉടന്‍ ചര്‍ച്ച ആരംഭിക്കും. സുപ്രധാനമായ ചില വകുപ്പുകള്‍ വെച്ചുമാറുന്നത് സംബന്ധിച്ചും ഘടകകക്ഷികളുമായി ചര്‍ച്ച നടത്തും. അതേസമയം, അഞ്ച് എംഎല്‍എമാര്‍ക്ക് ഒരു മന്ത്രിയെന്ന രീതിയിലായിരിക്കും മന്ത്രിസഭാ രൂപീകരണം എന്നാണ് വിവരം. 63 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന് 12 മന്ത്രിസ്ഥാനവും സ്പീക്കര്‍ പദവിയും ലഭിച്ചേക്കാം. ധനകാര്യം ഉള്‍പ്പെടെയുള്ള പ്രധാന വകുപ്പുകള്‍ കോണ്‍ഗ്രസ് തന്നെ കൈവശം വെക്കുമെന്നാണ് സൂചന. 22 സീറ്റുകള്‍ നേടിയ മുസ്ലിം ലീഗിന് അഞ്ചു മന്ത്രിസ്ഥാനം ലഭിച്ചേക്കാം. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും , ആര്‍എസ്.പി, സിഎംപി, കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം എന്നിവര്‍ക്ക് ഓരോ മന്ത്രിസ്ഥാനം വീതവും കിട്ടിയേക്കും.

പ്രമുഖര്‍ മന്ത്രിമാരായി എത്തും

പുതിയ മന്ത്രിസഭയടക്കം രൂപീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തുകയാണ് യുഡിഎഫ്. സീനിയോരിറ്റി കൊണ്ടും സ്ഥാനം കൊണ്ടും പ്രഥമ പരിഗണയില്‍പ്പെടുന്ന പേരുകള്‍ സ്വാഭാവികമായും സണ്ണി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. മുരളീധരന്‍ എന്നിവരുടെത് ആകും. ഷാനിമോള്‍ ഉസ്മാനോ, ബിന്ദു കൃഷ്ണയോ വനിതാ പ്രാതിനിധ്യമായി കടന്നുവരാം. പി.സി. വിഷ്ണുനാഥ്, എ.പി. അനില്‍കുമാര്‍, എം. ലിജു, വി.ടി. ബല്‍റാം, ടി. സിദ്ദിഖ്, ചാണ്ടി ഉമ്മന്‍, എന്‍. ശക്തന്‍, മാത്യു കുഴല്‍നാടന്‍, ടി.ജെ. വിനോദ്, എം. വിന്‍സെന്റ് എന്നിവരുടെ പേരുകളും നേതൃത്വത്തിന്റെ മുമ്പില്‍ എത്തിയിട്ടുണ്ട്. ഇത്തവണ വിദ്യാഭ്യാസ വകുപ്പ് മുസ്ലിം ലീഗില്‍നിന്ന് ഏറ്റെടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാണ്. പകരം ലീഗിന് ആരോഗ്യവകുപ്പ് വിട്ടുനല്‍കാമെന്ന് അവര്‍ പറയുന്നു. ആഭ്യന്തരം, ധനകാര്യം, റവന്യൂ, വനം, ദേവസ്വം, ഊര്‍ജം, ടൂറിസം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ കോണ്‍ഗ്രസ് ഘടകകക്ഷികള്‍ക്ക് വിട്ടുനല്‍കില്ലെന്നാണ് വിവരം. വ്യവസായം, തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത് എന്നിവയാണ് മുസ്ലിം ലീഗ് ഉറപ്പിച്ച വകുപ്പുകള്‍. ജലസേചനം, കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യ സിവില്‍ സപ്ലൈസ്, ഫിഷറീസ്, തൊഴില്‍, ഗതാഗതം തുടങ്ങിയ വകുപ്പുകള്‍ ആണ് മറ്റ് ഘടക കക്ഷികള്‍ക്ക് നല്‍കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്.

ഘടക കക്ഷികള്‍ക്ക് പരിഗണന ലഭിച്ചേക്കും

യുഡിഎഫിലെ എല്ലാ ഘടകകക്ഷികളെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. 2001ല്‍ കോണ്‍ഗ്രസിന് മാത്രം 62 സീറ്റ് ലഭിച്ചപ്പോഴും എല്ലാ ഘടക കക്ഷികള്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കിയിരുന്നു. ്അന്ന് ഘടകകക്ഷികളെ ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസിന് സീറ്റുകള്‍ വിട്ടുകൊടുക്കേണ്ടിവന്നു. 20 അംഗ ആന്റണി മന്ത്രിസഭയില്‍ മുഖ്യമന്ത്രിയടക്കം ഒന്‍പതു മന്ത്രിമാരിലേക്ക് കോണ്‍ഗ്രസ് ഒതുങ്ങി. 2001ലെ 21 അംഗ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഉണ്ടായിരുന്ന അതേ പ്രാതിനിധ്യമാണ് ഇത്തവണയും ഘടകകക്ഷികള്‍ ആവശ്യപ്പെടുന്നത്. ലീഗിന് അഞ്ച്, കേരള കോണ്‍ഗ്രസിന് മന്ത്രിസ്ഥാനവും ചീഫ് വിപ് പദവിയും, ആര്‍.എസ്.പി, കേരള കോണ്‍ഗ്രസ് ജേക്കബ്, സി.എം.പി, മാണി .സി. കാപ്പന്റെ കെ.ഡി.പി എന്നിവക്ക് ഓരോ മന്ത്രിസ്ഥാനം എന്ന ഫോര്‍മുലയാണ് പരിഗണിക്കുന്നത്. ഏകാംഗകക്ഷികള്‍ക്ക് പകുതി ടേം വീതം നല്‍കിയാല്‍ മതിയെന്ന നിര്‍ദേശം ചില കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്. എന്നാല്‍ അവരില്‍ മാണി സി.പി കാപ്പന്‍ ഒഴികെ കേരള കോണ്‍ഗ്രസ് ജേക്കബും സി.എം.പിയും ദീര്‍ഘകാലമായി യു.ഡി.എഫിന്റെ ഭാഗമാണ്. 10 വര്‍ഷം പുറത്തുനിന്ന ശേഷം അധികാരത്തില്‍ തിരിച്ചെത്തുമ്പോള്‍ അവരെ മാറ്റിനിറുത്തുന്നത് ഉചിതമല്ലെന്നാണ് മറുവാദം.

അഞ്ച് മന്ത്രി സ്ഥാനം ഉറപ്പിച്ച് ലീഗ്

മുസ്ലിം ലീഗില്‍ അന്തിമ മന്ത്രി നിര്‍ണയം കോണ്‍ഗ്രസുമായുള്ള വകുപ്പ് ചര്‍ച്ചകളില്‍ തീരുമാനമായ ശേഷം മാത്രമെന്നാണ് സൂചനകള്‍. പുറത്ത് ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുമ്പോഴും നേതൃത്വം നിഗമനത്തിലെത്തിയ പേരുകളില്‍ പാര്‍ട്ടിക്ക് ലഭിക്കുന്ന വകുപ്പനുസരിച്ച് മാറ്റങ്ങളുണ്ടാകും. ലീഗിന് ഉറപ്പായ നാലുമന്ത്രിസ്ഥാനങ്ങളില്‍ ആളെ നിശ്ചയിച്ചു കഴിഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടിക്കു പുറമേ, പി.കെ. ബഷീര്‍, കെ.എം. ഷാജി, എന്‍. ഷംസുദ്ദീന്‍ എന്നിവരാണ് മന്ത്രിമാരാകുക. അഞ്ചാം മന്ത്രിസ്ഥാനം ലഭിക്കുകയാണെങ്കില്‍ കാസര്‍ഗോഡ് നിന്നുള്ള എ.കെ.എം. അഷറഫിന് അവസരം ലഭിച്ചേക്കും. കെ.എം. ഷാജി വേങ്ങരയില്‍ നിന്നാണ് ജയിച്ചതെങ്കിലും കോഴിക്കോടിന്റെ പ്രാതിനിധ്യം എന്നനിലയിലാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഷംസുദ്ദീന്‍ പാലക്കാട് ജില്ലാ പ്രതിനിധിയാണ്. അഞ്ചാം മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കില്‍ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ് സ്ഥാനങ്ങളിലൊന്ന് ലീഗ് ആവശ്യപ്പെട്ടേക്കും. എം.കെ. മുനീറിനും കെ.പി.എ. മജീദിനും ഔദ്യോഗിക പദവികളെന്തെങ്കിലും ഉറപ്പാക്കണമെന്ന നിര്‍ദേശവും ലീഗ് മുന്നോട്ടുവെയ്ക്കുന്നു.

യുഡിഎഫില്‍ അധികാരക്കൈമാറ്റത്തിന്റെ ചര്‍ച്ചകള്‍ തുടരുകയാണ്. മുഖ്യമന്ത്രി ചര്‍ച്ചകളുടെ അലയൊലികള്‍ അടങ്ങിയിട്ടില്ല. വിലപേശാനുള്ള അണിയറനീക്കങ്ങള്‍ സജീവമായിക്കഴിഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിലെ അനിശ്ചിതത്വത്തിന് ശേഷമെത്തുന്ന കെപിസിസി അധ്യക്ഷ സ്ഥാനവും മന്ത്രിസഭാ രൂപീകരണവും അധികം വൈകില്ലെന്ന് പ്രതീക്ഷിക്കാം.

News Malayalam 24x7
newsmalayalam.com