

വ്യക്തിപരമായ ലൈംഗിക ആരോപണങ്ങള്‍ തെരഞ്ഞെടുപ്പില്‍ മുന്നണിയെ ബാധിക്കുമോ? ബാധിച്ചിട്ടുണ്ട് എന്നാണ് ചരിത്രം പറയുന്നത്. സോളാര്‍ കേസിലെ ആരോപണങ്ങളില്‍ 2011ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തരിപ്പണമാകുന്നതു കണ്ടു. 100 സീറ്റുമായി അധികാരത്തിലെത്തിയ 2001ലെ എ കെ ആന്റണി-ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഐസ്‌ക്രീം പാര്‍ലര്‍ ആരോപണത്തിനു പിന്നാലെ ഛിന്നഭിന്നമാകുന്നതുകണ്ടു. 1996ലെ ഇകെ നായനാര്‍ മന്ത്രിസഭയുടെ കാലത്ത് വനം ഗതാഗത മന്ത്രിയായിരുന്ന എ നിലലോഹിതദാസന്‍ നാടാര്‍ക്കെതിരായായിരുന്നു സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി. സൂര്യനെല്ലി കേസിലെ ആരോപണത്തിനു പിന്നാലെ പി ജെ കുര്യനും തെരഞ്ഞെടുപ്പില്‍ തോറ്റു. പി ടി ചാക്കോയ്‌ക്കെതിരായ ആരോപണത്തിനു ശേഷം 1965ലും 67ലും ഭരണത്തിലെത്താനാകാതെ നാശകോലമായ കോണ്‍ഗ്രസിനേയും കണ്ടു. ഈ ആരോപണങ്ങളൊന്നും തെളിയിക്കപ്പെടുകയോ കോടതികളില്‍ ശിക്ഷിക്കപ്പെടുകയോ ചെയ്തില്ല. എ നീലലോഹിതദാസന്‍ നാടാര്‍ക്കെതിരായ പരാതിയില്‍ മാത്രമാണ് വിചാരണക്കോടതി മൂന്നു മാസത്തെ ശിക്ഷ വിധിച്ചത്. അപ്പീലില്‍ വെറുതെ വിടുകയും ചെയ്തു. കോടതികളില്‍ നിന്ന് ശിക്ഷ കിട്ടിയിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ഇവയെല്ലാം തിരിച്ചടികള്‍ക്കു കാരണമായിട്ടുണ്ട്. മറ്റൊരു തെരഞ്ഞെടുപ്പിന് കാഹളം ഉയരുമ്പോഴാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ആരോപണങ്ങള്‍ ഉണ്ടാകുന്നത്.
എന്താണ് തെളിവ്, ആര്‍ക്കാണ് പരാതി, തന്റെ പേര് ആരെങ്കിലും പറഞ്ഞോ? പൊതുസമൂഹത്തിനു മുന്നില്‍ നിന്ന് യുവതി സ്വന്തം അനുഭവം പറഞ്ഞപ്പോള്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ ഇങ്ങനെയായിരുന്നു. ഇങ്ങനെ ചോദ്യങ്ങളുയരുന്ന കാലത്തു നിന്നാണ് രാഷ്ട്രീയ നൈതികതയെക്കുറിച്ച് സംസാരിക്കേണ്ടത്. ഇത് മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികര്‍ പറയുന്ന സത്യാനന്തര കാലമൊന്നുമല്ല. അതൊക്കെ 1960കളില്‍ തന്നെ ലോകത്ത് സംഭവിച്ചു കഴിഞ്ഞതാണ്. ആരു പറയുന്നതാണ് നുണ, ആരുപറയുന്നതാണ് സത്യം എന്നറിയാതെ ജനത നക്ഷത്രമെണ്ണുന്ന അനേകം അനുഭവങ്ങള്‍ പതിറ്റാണ്ടുകളായി നമുക്കു മുന്നിലുണ്ട്. പ്രത്യയശാസ്ത്രപരമായ നില്‍പ്പാണ് നമ്മുടെ ബോധ്യത്തെ തീരുമാനിക്കുന്നത്. സമ്പൂര്‍ണ ഇടതുപക്ഷക്കാരനായ ഒരാള്‍ രാഹുല്‍ മാങ്കൂട്ടത്തിലെനെതിരായ ആരോപണം പൂര്‍ണമായും വിശ്വസിക്കും. സമ്പൂര്‍ണ കോണ്‍ഗ്രസുകാരനായ ഒരാള്‍ രാഹുല്‍ അങ്ങനെയൊന്നും ചെയ്യില്ല എന്നും വിശ്വസിക്കും.
അന്ധമായ രാഷ്ട്രീയ വിധേയത്വമുള്ളവര്‍ക്ക് സ്വന്തം നേതൃത്വം പറയുന്നതിനപ്പുറമൊരു സത്യമുണ്ടാവില്ല. എന്നാല്‍ വ്യക്തിപരമായ കോമണ്‍സെന്‍സ് പ്രവര്‍ത്തിപ്പിക്കുന്നവരുണ്ട്. സ്വന്തം ചിന്തകൂടി എരിച്ച് തീരുമാനങ്ങളെടുക്കുന്നവര്‍. അവര്‍ എത്തിച്ചേരുന്ന നിഗമനങ്ങളാണ് തെരഞ്ഞെടുപ്പ് വിജയിയെ തീരുമാനിക്കുക. അവര്‍ക്കു മുന്നില്‍ ആരോപണവിധേയന്‍ കുറ്റക്കാരനാണ് എന്ന പ്രതിച്ഛായ വന്നാല്‍ പിന്നെ രക്ഷയില്ല. ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് ഇങ്ങനെയുള്ളവര്‍ക്കു തോന്നിയാല്‍ അതായിരിക്കും വരാന്‍ പോകുന്ന വിധി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് എന്നാല്‍ 21,900 വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് എന്നാണര്‍ത്ഥം. ആ ഓരോ വാര്‍ഡിലും കുറഞ്ഞത് മൂന്നുപേര്‍ എങ്കിലും മല്‍സരിക്കുന്നു എന്നു കണക്കാക്കിയാല്‍ തന്നെ ഒരേസമയം അറുപത്തിയയ്യാരം വ്യക്തികളെയാണ് വിലയിരുത്തുന്നത്. അങ്ങനെയൊരു തെരഞ്ഞെടുപ്പിനെ ഇപ്പോഴത്തെ രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദം ബാധിക്കുമോ?
വാര്‍ഡുകളിലേക്കും ഡിവിഷനുകളിലേക്കും മല്‍സരിക്കുന്നവരെ വ്യക്തിപരമായി തന്നെ വോട്ടര്‍മാര്‍ക്കു പരിചയമുള്ളതാണ്. അങ്ങനെയൊരു തെരഞ്ഞെടുപ്പില്‍ പൊതു വിഷയങ്ങള്‍ ബാധകമാകാനുള്ള സാധ്യത കുറവാണ്. പക്ഷേ, തരംഗമായി ഒരു ആരോപണം നിലനിന്നാല്‍ തീര്‍ച്ചയായും കുറച്ച് വോട്ടര്‍മാരെയെങ്കിലും അതു സ്വാധീനിക്കും. അന്‍പതില്‍ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയം നിര്‍ണയിക്കുന്നവയാണ് ഭൂരിപക്ഷം വാര്‍ഡുകളും. അവിടെ 25 പേരെങ്കിലും ഇത്തരം വിഷയങ്ങളില്‍ മാറിചിന്തിച്ചാല്‍ ഫലവും മറിയും. പൊതുവെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളെ സംസ്ഥാന വിഷയം ബാധിക്കില്ല എന്നു പറയാറുണ്ടെങ്കിലും അതു പൂര്‍ണമായും ശരിയല്ല എന്നാണ് അനുഭവങ്ങള്‍. സംസ്ഥാനം ഭരിക്കുന്ന അതത് മുന്നണികള്‍ക്കെതിരായ വികാരങ്ങള്‍ കുറച്ച് വോട്ടര്‍മാരെയെങ്കിലും ബാധിക്കാറുണ്ട്.
രാജിവച്ചപ്പോഴെങ്കിലും ഒരു മാന്യത ആളുകള്‍ പ്രതീക്ഷിച്ചു. എന്റെ പേരെടുത്തു പറഞ്ഞ് പരാതിയില്ലെങ്കിലും ധാര്‍മികതയുടെ പേരില്‍ ഞാന്‍ രാജിവയ്ക്കുകയാണ് എന്നു പറയുമെന്നായിരുന്നു നിഷ്‌കളങ്കര്‍ പ്രതീക്ഷിച്ചത്
നവംബറിലോ ഡിസംബര്‍ ആദ്യമോ പോളിങ് ബൂത്തിലേക്കു പോകുന്നവയാണ് വാര്‍ഡുകള്‍. അവിടെ ഒരു ശതമാനം വോട്ടര്‍മാരെയെങ്കിലും വിഷയം ബാധിച്ചാല്‍ പത്ത് വോട്ടുകളെ സ്വാധീനിക്കപ്പെട്ടു എന്നാണര്‍ത്ഥം. ബുത്തിലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെടാന്‍ പലപ്പോഴും അതു മതിയാകും. പക്ഷേ, കഴിഞ്ഞ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുണ്ട്. അവിടെ ഏറ്റവും കൂടുതല്‍ ഉയര്‍ന്ന ആരോപണം സ്വര്‍ണക്കടത്തായിരുന്നു. യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ ഏതാണ്ടു മുഴുവന്‍ സമയവും വിനിയോഗിച്ചത് ആ വിഷയം വിവരിക്കാനാണ്. ഫലം വന്നപ്പോള്‍ ഇടതുമുന്നണി 99 സീറ്റുമായി അധികാരത്തിലെത്തി. രണ്ടു പ്രതിപക്ഷ മുന്നണികളും കണക്കാക്കിയതുപോലെ മുഖ്യമന്ത്രി പിണറായി വിജയന്റേയോ എല്‍ഡിഎഫിന്റേയോ പ്രതിച്ഛായ തകര്‍ക്കാന്‍ ആ വിഷയത്തിന് കഴിഞ്ഞില്ല. അങ്ങനെയുള്ള സംഭവങ്ങളും തെരഞ്ഞെടുപ്പില്‍ ധാരാളമുണ്ട്.
പൊതുപ്രവര്‍ത്തകന്‍ എപ്പോഴും ശുദ്ധജലം പോലെ സുതാര്യമാകണം എന്നു പറയും. ചെയ്തികളൊന്നും മറച്ചുവയ്ക്കാതെ ഇരുന്നാല്‍ മാത്രം പോര, വിഷമയമാവുകയുമരുത്. അത്തരമൊരു സുതാര്യതയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇല്ലാതാക്കിയത്. ഇതു മറച്ചുവയ്ക്കാന്‍ കഴിയുന്ന കാര്യമല്ല. ഇന്നാട്ടില്‍ ജീവിക്കുന്ന നിരവധി പേരേ ബാധിച്ച വിഷയമാണ്. ഇനി ഒരാളെ മാത്രം ബാധിച്ചതാണെങ്കിലും താദാത്മ്യപ്പെടുക എന്നൊരു സംഗതി സമൂഹത്തിലുണ്ട്. ഒരാള്‍ സത്യസന്ധമായാണ് ഉന്നയിക്കുന്നത് എന്നു തോന്നിയാല്‍ മറ്റുള്ളവരും അവര്‍ക്കൊപ്പം ചേരും. രാഹുല്‍ മാങ്കൂട്ടത്തില്‍ വെറുമൊരു എംഎല്‍എ മാത്രമല്ല. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനുമാണ്. നാട്ടിലെ യുവജനങ്ങളില്‍ നല്ലൊരു പങ്കിനെ പ്രതിനിധീകരിക്കുന്നയാളാണ്. അങ്ങനെയൊരാളാണ് ചോദ്യവും ഉത്തരവും ഇല്ലാതെ മണിക്കൂറുകളോളം ഇരുട്ടില്‍ തുടര്‍ന്നത്. ഒടുവില്‍ പുറത്തുവന്നപ്പോള്‍ കണ്ടിരുന്നവരെ മുഴുവന്‍ അപഹാസ്യരാക്കിയത്. രാജിവച്ചപ്പോഴെങ്കിലും ഒരു മാന്യത ആളുകള്‍ പ്രതീക്ഷിച്ചു. എന്റെ പേരെടുത്തു പറഞ്ഞ് പരാതിയില്ലെങ്കിലും ധാര്‍മികതയുടെ പേരില്‍ ഞാന്‍ രാജിവയ്ക്കുകയാണ് എന്നു പറയുമെന്നായിരുന്നു നിഷ്‌കളങ്കര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ അതുണ്ടായില്ല. ആദ്യം തെളിവുകൊണ്ടുവരാനാണ് ആവശ്യപ്പെട്ടത്. പിന്നെ തന്റെയൊരു ഔദാര്യംപോലെ രാജി പ്രഖ്യാപിച്ചു. രാഷ്ട്രീയ മൂല്യങ്ങളുടെ മാറ്റുരയ്ക്കപ്പെടുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. അവിടെ അപമാനിക്കപ്പെട്ടത് പരാതി ഉയര്‍ത്തിയവരല്ല. വോട്ട് ചെയ്തു ജയിപ്പിച്ചവരാണ്.
രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസിനൊരു ബാധ്യതയാണ്. ഇടതുമുന്നണിക്കെതിരേ സര്‍വ കച്ചയുംകെട്ടി പോരില്‍ മുന്നേറി വരികയായിരുന്നു. ചോര്‍ന്ന കത്തിന്റെ പേരില്‍ സിപിഐഎം നേതാക്കള്‍ വിശദീകരിച്ച് വശംകെട്ട് നില്‍ക്കുകയുമായിരുന്നു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് കത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ നേരിട്ടത്. പക്ഷേ, ആ കത്ത് ഇപ്പോള്‍ വിഷയമല്ലാതായി. അതിനു കാരണക്കാരന്‍ രാഹുല്‍ മാങ്കൂട്ടത്തിലാണ്. രാഹുല്‍ പാലക്കാടു നിന്ന് ജയിച്ചു കയറിയിട്ടേയുള്ളൂ. അടുത്ത തെരഞ്ഞെടുപ്പിലും സ്വാഭാവികമായും പാലക്കാട് നിന്നു തന്നെ മല്‍സരിക്കേണ്ടതായിരുന്നു. ആ സാധ്യതയുടെ ശോഭയാണ് ഈ വിവാദത്തിലൂടെ കെട്ടത്. ഇനി രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് മല്‍സരിച്ചാല്‍ വിഷയം പാലക്കാട് മാത്രമല്ല ഉയര്‍ന്നുവരിക. 140 മണ്ഡലങ്ങളിലും എല്‍ഡിഎഫും എന്‍ഡിഎയും ഉയര്‍ത്തും. ആരോപണ വിധേയരെ കോണ്‍ഗ്രസ് ഇങ്ങനെ സംരക്ഷിക്കുകയാണെന്ന് ചൂണ്ടിക്കാണിക്കും. അതുണ്ടാക്കാന്‍ പോകുന്ന ആഘാതം ചില്ലറയാകില്ല. ഒരു ലക്ഷം വോട്ട് പോള്‍ ചെയ്യുന്ന മണ്ഡലത്തില്‍ ഒരു ശതമാനം ആളുകളെ സ്വാധീനിച്ചാല്‍ തന്നെ ഫലം മാറാം. ത്രികോണ മല്‍സരം നടക്കുന്ന മണ്ഡലങ്ങളിലൊക്കെ ആയിരം വോട്ടിനൊക്കെയായിരിക്കും വിധി നിര്‍ണയിക്കുക. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു കേസില്‍ നിന്നല്ല, ഒരുപാടു കേസുകളില്‍ നിന്ന് കുറ്റവിമുക്തനാകണം. ദിവസവും കേസുകളുടെ എണ്ണം കൂടിവരികയുമാണ്. അതിനു കഴിഞ്ഞില്ലെങ്കില്‍ പാലക്കാട് കോണ്‍ഗ്രസിനു പുതിയ സ്ഥാനാര്‍ത്ഥിയെ മല്‍സരിപ്പിക്കേണ്ടി വരും.