Israel-Iran Conflict| ഇറാന്‍-ഇസ്രായേല്‍ യുദ്ധത്തില്‍ ഇന്ത്യ എവിടെ നില്‍ക്കും?

ഇസ്രയേലുമായി ഇന്ത്യക്ക് ഇപ്പോള്‍ പ്രതിരോധ മേഖലയില്‍ ആഴത്തിലുള്ള ബന്ധമുണ്ട്. എണ്ണയിലും തുറമുഖങ്ങളിലും ഇറാനുമായും അടുത്ത ബന്ധമാണ്
ഇസ്രയേൽ-ഇറാൻ യുദ്ധം, ഇസ്രയേൽ ഇറാൻ സംഘർഷം
സ്പോട്ട്ലൈറ്റ് News Malayalam 24x7
Published on

ഇസ്രയേല്‍ ഇറാന്‍ യുദ്ധത്തില്‍ ഇന്ത്യ എവിടെ നില്‍ക്കുന്നു? ഏതുപ്രതിസന്ധിയിലും വ്യാപാരബന്ധം ഉണ്ടായിരുന്ന ഇറാനൊപ്പമോ? അതോ ഇപ്പോഴത്തെ അടുപ്പക്കാരായ ഇസ്രയേലിനൊപ്പമോ? പക്ഷംചേര്‍ന്നാലും ഇല്ലെങ്കിലും യുദ്ധത്തിന്റെ ആഘാതം കൂടുതല്‍ ഉണ്ടാകാന്‍ പോകുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. എണ്ണവില കുതിച്ചുയരുകയാണ് എന്നതാണ് ഒന്നാമത്തെ കാരണം. വീപ്പയ്ക്ക് 90 ഡോളറിനു മുകളിലേക്കാണു വിലയുടെ പോക്ക്. യുദ്ധത്തിനു മുന്‍പ് 63 ഡോളര്‍ ആയിരുന്നെങ്കില്‍ 50 ശതമാനം വര്‍ദ്ധനയാണ് കണ്‍മുന്നില്‍ തെളിയുന്നത്. യുദ്ധം മുറുകുന്നതോടെ കപ്പലുകള്‍ക്കെല്ലാം പാത മാറ്റേണ്ടിവരും. 14 ദിവസം അധികം സഞ്ചരിക്കണമെന്നതിനാല്‍ ഷിപ്പിങ് നിരക്കും കുത്തനെ ഉയരും. ആത്യന്തികമായി രാജ്യത്തെ ഓരോ ഉത്പന്നത്തേയും ബാധിക്കും. മാത്രമല്ല സര്‍ക്കാരും ഞെരുക്കത്തിലാകും. ഇപ്പോള്‍ എണ്ണയില്‍ നിന്നു കിട്ടുന്ന കനത്ത നികുതിയാണ് സര്‍ക്കാരിനെ പിടിച്ചു നിര്‍ത്തുന്നത്. വില ഏറെ വര്‍ധിപ്പിക്കാന്‍ കഴിയില്ല എന്നതിനാല്‍ നികുതി കുറയ്‌ക്കേണ്ടിവരും. മാത്രമല്ല എണ്ണകമ്പനികളുടെ ലാഭം കുറയും. അതിനാല്‍ സര്‍ക്കാരിനുള്ള ലാഭവിഹിതവും കുത്തനെ ഇടിയും.

ചരിത്രപരമായി തന്നെ ഇസ്രയേല്‍-ഇറാന്‍ വിഷയത്തില്‍ ഇന്ത്യയുടെ പ്രതികരണങ്ങളെല്ലാം ഇങ്ങനെതന്നെയായിരുന്നു

ഇറാന്‍-ഇസ്രായേല്‍ യുദ്ധത്തില്‍ ഇന്ത്യ എവിടെ നില്‍ക്കും?

ഇറാന്‍-ഇസ്രായേല്‍ പ്രശ്‌നത്തില്‍ ഇന്ത്യ ഇതുവരെ സ്വീകരിച്ചിരിക്കുന്ന നയം വ്യക്തമാണ്. നിഷ്പക്ഷമായി നില്‍ക്കുക എന്നതാണത്. യുദ്ധം മുറുകാതിരിക്കാനും ഇന്ത്യയുടെ താല്‍പര്യങ്ങള്‍ രക്ഷിക്കാനും മാത്രമുള്ള ഇടപെടലുകള്‍ നടത്തുക എന്നതാണ് ആ നയം. ഇസ്രയേലുമായി ഇന്ത്യക്ക് ഇപ്പോള്‍ പ്രതിരോധ മേഖലയില്‍ ആഴത്തിലുള്ള ബന്ധമുണ്ട്. എണ്ണയിലും തുറമുഖങ്ങളിലും ഇറാനുമായും അടുത്ത ബന്ധമാണ്. അതുകൊണ്ട് ഇരുരാജ്യങ്ങളെയും രമ്യതയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ക്കൊപ്പമാണ് സ്വാഭാവികമായും ഇന്ത്യ നിലയുറപ്പിക്കേണ്ടത്. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഇന്ത്യ ഒരു കക്ഷിയാകേണ്ടിവന്നത് 2012ല്‍ ആണ്. അന്ന് ഡല്‍ഹിയില്‍ ഇസ്രയേല്‍ നയതന്ത്ര കാര്യാലയത്തിലെ കാറില്‍ ബോംബ് സ്‌ഫോടനം ഉണ്ടായി. ആ സമയത്ത് ഇറാനാണ് പിന്നില്‍ എന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചു. ഇന്ത്യയുടെ പ്രതികരണം ശ്രദ്ധയോടെയായിരുന്നു. രണ്ടുരാഷ്ട്രങ്ങളേയും പ്രതിസ്ഥാനത്തു നിര്‍ത്താതെയാണ് ഇന്ത്യ പ്രതികരിച്ചത്. ഗാസ യുദ്ധം തുടങ്ങിയപ്പോഴും അതായിരുന്നു സ്ഥിതി. കഴിഞ്ഞവര്‍ഷം ഇരുരാഷ്ട്രങ്ങളും പരസ്പരം മിസൈലുകള്‍ വര്‍ഷിച്ചപ്പോഴും ഇന്ത്യ പേരെടുത്തു പറഞ്ഞില്ല.'WE URGE ALL SIDES TO EXERCISE RESTRAINT' ഇതായിരുന്നു പേരെടുത്തു പറയാതെ ഈ സന്ദര്‍ഭങ്ങളിലെല്ലാം ഇന്ത്യ നടത്തിയ പ്രതികരണം. ചരിത്രപരമായി തന്നെ ഇസ്രയേല്‍-ഇറാന്‍ വിഷയത്തില്‍ ഇന്ത്യയുടെ പ്രതികരണങ്ങളെല്ലാം ഇങ്ങനെതന്നെയായിരുന്നു. 2012ലെ എംബസി വിഷയത്തില്‍ പോലും ഭീകരാക്രമണം എന്നൊരു പ്രയോഗം മാത്രമാണ് ഇന്ത്യ നടത്തിയത്. അന്വേഷണ റിപ്പോര്‍ട്ടില്‍ ഒരിടത്തും ഇറാന്റെ പേര് ഉണ്ടായിരുന്നില്ല. അത് മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലമായിരുന്നു. നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷമാണ് ഇസ്രായേലുമായി പ്രതിരോധ സഹകരണം ശക്തമാക്കിയത്. അതുകൊണ്ടു മാത്രം ഇന്ത്യ നിലപാട് മാറ്റുമോ?

ഇസ്രയേൽ-ഇറാൻ യുദ്ധം, ഇസ്രയേൽ ഇറാൻ സംഘർഷം
SPOTLIGHT | ഇസ്രയേല്‍ നടത്തുന്ന വംശഹത്യാപരമ്പര

മുന്‍ഗണന പൗരന്മാരുടെ സുരക്ഷയ്ക്ക്

ഈ യുദ്ധത്തില്‍ ഇന്ത്യ ആര്‍ക്കൊപ്പം നില്‍ക്കും? റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുവശത്തും ചേരാതെയാണ് പ്രസ്താവന നടത്തിയത്. മാത്രമല്ല മോസ്‌കോ സന്ദര്‍ശിച്ച് മാസം രണ്ടു തികയും മുന്‍പ് പ്രധാനമന്ത്രി യുക്രെയ്‌നും സന്ദര്‍ശിച്ചു. ഇന്ത്യ റഷ്യയുടെ കൂടെയാണോ എന്നു സംശയിച്ചവര്‍ക്കു ശ്വാസം വിടാന്‍ സമയംകിട്ടും മുന്‍പായിരുന്നു ആ യുക്രെയ്ന്‍ സന്ദര്‍ശനം. പ്രധാനമന്ത്രി യുക്രെയ്ന്‍ സന്ദര്‍ശിച്ചെങ്കിലും ഒരു പച്ചപ്പരമാര്‍ത്ഥം ബാക്കിയുണ്ടായിരുന്നു. അമേരിക്കയും യൂറോപ്യന്‍ രാഷ്ട്രങ്ങളും ഉപരോധം പ്രഖ്യാപിച്ച റഷ്യയില്‍ നിന്ന് ഇന്ത്യ നിര്‍ബാധം എണ്ണ വാങ്ങി. റഷ്യയുമായി എല്ലാത്തരത്തിലുള്ള വ്യാപാരവും തുടര്‍ന്നു. അതുവരെ ഇറാന്‍ ആയിരുന്നു ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ എണ്ണ നല്‍കിയിരുന്നത്. യുദ്ധം തുടങ്ങിയതോടെ റഷ്യയായി ഇന്ത്യയുടെ വലിയ വ്യാപാര പങ്കാളി. ഉപരോധ സമയത്ത് സധൈര്യം റഷ്യയെ സഹായിച്ചതുപോലെ മുന്‍പ് ഇറാനെ സഹായിച്ച ചരിത്രവും ഇന്ത്യക്കുണ്ട്. ആഗോള ഉപരോധം നിലനില്‍ക്കെ അമേരിക്കയെ പോലും ധിക്കരിച്ച് ഇറാനില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങി. 2012 വരെ വാങ്ങിയ എണ്ണയുടെ വില കൊടുത്തുതീര്‍ത്തത് 2018ല്‍ മാത്രമാണ്. അതുമാത്രമല്ല സംഭവിച്ചത്. ഇറാന്‍ പട്ടിണിയിലേക്കു നീങ്ങുമെന്ന ഘട്ടത്തില്‍ ഇന്ത്യ വലിയതോതില്‍ ഗോതമ്പ് നല്‍കി. ആ പണവും പിന്നീട് ഏറെക്കഴിഞ്ഞാണ് ഇന്ത്യ വാങ്ങിയത്.

ഇപ്പോള്‍ ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം തുടങ്ങിയ ശേഷമുള്ള ഇന്ത്യയുടെ നിലപാട് തന്നെ നോക്കുക. 10 രാഷ്ട്രങ്ങളുള്ള ഷാങ്ഹായി സഹകരണ സംഘടനയുടെ പ്രസ്താവനയില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു

ഇറാനുമായി സഹകരണം തുടരുമോ?

ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷമുണ്ടായപ്പോള്‍ അയത്തുള്ള അലി ഖമനേയിയുടെ പ്രസ്താവന ശ്രദ്ധേയമാണ്. ഇരുരാഷ്ട്രങ്ങളും എത്രയും വേഗം സമാധാനത്തിലെത്തട്ടെ എന്നായിരുന്നു ആ പ്രത്യാശ. ഇപ്പോള്‍ ഇറാന് സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് പാകിസ്താന്‍ രംഗത്തു വന്നിട്ടുണ്ട്. പാകിസ്താന്റെ ഈ നടപടി ഇന്ത്യയുടെ നയം മാറ്റുമെന്ന് കരുതാന്‍ വയ്യ. ഇപ്പോള്‍ ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം തുടങ്ങിയ ശേഷമുള്ള ഇന്ത്യയുടെ നിലപാട് തന്നെ നോക്കുക. 10 രാഷ്ട്രങ്ങളുള്ള ഷാങ്ഹായി സഹകരണ സംഘടനയുടെ പ്രസ്താവനയില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു. ഇറാനിലെ പൗരന്മാരെ ആക്രമിക്കുന്നതില്‍ നിന്നും ഊര്‍ജോത്പാദന കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതില്‍ നിന്നും ഇസ്രയേല്‍ പിന്മാറണം എന്നായിരുന്നു സംഘടന ആവശ്യപ്പെട്ടത്. ചൈനയും റഷ്യയും പാകിസ്താനും ഖസാക്സ്ഥാനുമെല്ലാമുള്ള സംഘടനയില്‍ ഇറാനുമുണ്ട്. ഭൂപ്രദേശത്തില്‍ ലോകത്തിലെ ഏറ്റവും വലിയ സംഘടനയുമാണിത്. ആ സംഘടന നടത്തിയ പ്രസ്താവനയില്‍ നിന്ന് വിട്ടുനിന്ന ഏകരാജ്യമാണ് ഇന്ത്യ. യുദ്ധത്തില്‍ പക്ഷം ചേരേണ്ടി വന്നാല്‍ ഇന്ത്യ ഒഴികെ ഈ ഒന്‍പതുരാജ്യങ്ങളും ഇറാനൊപ്പം നിന്നേക്കാം. ഇന്ത്യ അപ്പോഴും നിഷ്പക്ഷത തുടരാനാണ് സാധ്യത.

യുദ്ധം ഇന്ത്യയെ ബാധിക്കുന്ന വിധം

ഈ യുദ്ധം നീണ്ടു നിന്നാല്‍ ഇന്ത്യയില്‍ വിലക്കയറ്റമാണ് ആദ്യത്തെ പ്രത്യാഘാതം. കപ്പലിലെ ചരക്കിനുള്ള നിരക്കെല്ലാം കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അഞ്ചുദിവസം മുന്‍പുണ്ടായിരുന്നതിനേക്കാള്‍ 25 ശതമാനം വരെയാണ് നിരക്ക് വര്‍ധിച്ചത്. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടയ്ക്കും എന്നാണ് സൂചന. അതോടെ ചരക്കു നീക്കം പിന്നെയും പ്രതിസന്ധിയിലാകും. ലോകത്തെ എണ്ണയുടെ 25 ശതമാനവും കടന്നുപോകുന്നത് ഇതുവഴിയാണ്. ഖത്തറില്‍ നിന്നും യുഎഇയില്‍ നിന്നുമുള്ള ദ്രവീകൃത പ്രകൃതി വാതകം കടന്നുവരുന്ന മാര്‍ഗമാണിത്. ഖത്തറാണ് ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ പ്രകൃതിവാതകം നല്‍കുന്നത്. ഇറാനിലെ എണ്ണ ഉത്പാദനം ഏറെക്കുറെ നിലയ്ക്കും എന്നത് ഇന്ത്യയില്‍ മാത്രമല്ല ലോകമെങ്ങും അലകളുണ്ടാക്കും. ഇന്ധനവില കൂട്ടാന്‍ ഇന്ത്യ നിര്‍ബന്ധിതമായാല്‍ അതിവിടെ ഉണ്ടാക്കുന്ന അസ്വസ്ഥത ചില്ലറയായിരിക്കില്ല. ഇപ്പോള്‍ തന്നെ പെട്രോളിന് 108 രൂപ കൊടുക്കാന്‍ കെല്‍പ്പില്ലാത്തവരാണ് ഏറെയും. പാചകവാതക വിലയും വര്‍ദ്ധിക്കും. ചരക്കുനീക്കത്തിനും ചെലവേറും. ഈ യുദ്ധത്തില്‍ ഇന്ത്യ എവിടെ നില്‍ക്കുന്നു എന്നതിനേക്കാള്‍ വലിയൊരു ചോദ്യമുണ്ട്. വിലക്കയറ്റം ഇന്ത്യ എങ്ങനെ നേരിടാന്‍ പോകുന്നു എന്നാണത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com