
ഇത്രയും വലിയ അടിത്തറയുണ്ടായിട്ടും കേരളത്തില്‍ എന്തുകൊണ്ട് ബിജെപി വളരുന്നില്ല? അതിനുള്ള ഉത്തരം സുവ്യക്തമായി പറയുകയാണ് കന്യാസ്ത്രീകളുടെ അറസ്റ്റ്. ആത്യന്തികമായി ബിജെപി ഒരു ഹിന്ദുത്വപാര്‍ട്ടിയാണ്. മാത്രമല്ല, ഹിന്ദുരാഷ്ട്രത്തിനായി പ്രവര്‍ത്തിക്കുകയാണ് അതിന്റെ ധര്‍മം. ഉത്തരേന്ത്യ മുഴുവന്‍ അത് അജയ്യരായി തുടരുന്നത് ഹിന്ദു ഏകീകരണത്തിലൂടെയാണ്. അവിടെ ന്യൂനപക്ഷവിരുദ്ധ സമീപനം സ്വീകരിക്കാതെ ബിജെപിക്കു നിലനില്‍പ്പില്ല. ബജ്രംഗ്ദളും വിശ്വഹിന്ദുപരിഷത്തും ഹനുമാന്‍ സേനയും ലക്ഷ്മണപരിവാറും അനേകമനേകം മറ്റ് ഹിന്ദുസഭകളും ആണ് വോട്ടിന്റെ അടിസ്ഥാനം. ഇത്തരം പാര്‍ട്ടികളെല്ലാം നിലനില്‍ക്കുന്നത് ന്യൂനപക്ഷ വേട്ട ഒന്നുകൊണ്ടുമാത്രമാണ്. കേരളം പോലെ എല്ലാ മതജാതി വിഭാഗങ്ങള്‍ക്കും തുല്യപ്രാധാന്യമുള്ള സമൂഹത്തിനായി വേറൊരു നയം സ്വീകരിക്കാന്‍ ബിജെപിക്കു കഴിയില്ല. അങ്ങനെ സ്വീകരിച്ചാല്‍ ഉത്തരേന്ത്യയിലെ ബഹുഭൂരിപക്ഷവും പാര്‍ട്ടിയെ വിട്ടുപോകും. ദേശീയഭരണം തന്നെ തുലാസിലാകും. ഇതിനെ ബിജെപി വന്നുപെട്ട പ്രതിസന്ധി എന്നൊന്നും നിസ്സാരവല്‍ക്കരിക്കാന്‍ കഴിയില്ല. ഇന്ത്യന്‍ ജനതയുടെ തലവഴി ഒഴിച്ചുകൊണ്ടിരിക്കുന്ന വര്‍ഗീയതയുടെ കാളകൂട വിഷമാണിത്.
കന്യാസ്ത്രീകളും പരിവാര്‍ സംഘടനകളും
മലയാളികളായ ആ രണ്ടു കന്യാസ്ത്രീകളും തിരുവസ്ത്രത്തിലായിരുന്നു. ജപമാല കഴുത്തിലുണ്ടായിരുന്നു. അവര്‍ കന്യാസ്ത്രീകളല്ല എന്ന നാട്യം ഒരിടത്തും ഉണ്ടായിരുന്നില്ല. അതുതന്നെയാണ് അവര്‍ നേര്‍വഴിക്കാണ് പ്രവര്‍ത്തിച്ചത് എന്നതിന്റെ തെളിവ്. ഛത്തീസ്ഗഡിലെ ക്രിസ്ത്ര്യന്‍ കുടുംബത്തില്‍ നിന്നുള്ള മൂന്നു പെണ്‍കുട്ടികളെ ഒപ്പം കൂട്ടാനാണ് അവര്‍ പോയത്. ആ പെണ്‍കുട്ടികള്‍ക്ക് മഠം വക ആശുപത്രിയിലാണ് ജോലി നല്‍കിയത്. പെണ്‍കുട്ടികളില്‍ ഒരാളുടെ സഹോദരന്‍ അവര്‍ക്കൊപ്പം എത്തിയിരുന്നു. വീട്ടുകാര്‍ തന്നെ അയച്ചതാണെന്ന് ആ പെണ്‍കുട്ടികള്‍ മൊഴിയും നല്‍കി. എന്നിട്ടും ബജ്‌റംഗ്ദള്‍ പറഞ്ഞതാണ് അവിടെ പൊലീസ് മുഖവിലയ്‌ക്കെടുത്തത്. ആര്‍എസ്എസുകാരനായിരുന്ന ടിടിഇയാണ് ബജ്‌റംഗ്ദളുകാരെ വിളിച്ചുവരുത്തിയത്. ബജ്‌റംഗദളുകാര്‍ വളഞ്ഞ് പൊലീസിന് പരാതി നല്‍കി. അവര്‍ ചൂണ്ടിക്കാണിച്ചത് രണ്ടുകാര്യമാണ്. ഒന്ന് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നു. രണ്ട് മനുഷ്യക്കടത്തു നടത്തുന്നു. രണ്ടും ജാമ്യം കിട്ടാത്ത കുറ്റമാണ്. ആ രണ്ടു വകുപ്പും ചേര്‍ത്ത് പൊലീസ് കേസും എടുത്തു. 93.25 ശതമാനവും ഹിന്ദുക്കളായ സംസ്ഥാനമാണ് ഛത്തീസ്ഗഡ്. അവിടെ രണ്ടു ശതമാനമാണ് മുസ്ലിംകള്‍. 1.9 ശതമാനമാണ് ക്രിസ്ത്യാനികള്‍. 93 ശതമാനം വരുന്ന ഹിന്ദുക്കളേയും ഒന്നിപ്പിച്ചു നിര്‍ത്താന്‍ ഉപയോഗിക്കുന്ന ഇരകളാണ് രണ്ടുശതമാനം വീതം വരുന്ന ക്രിസ്ത്യാനികളും മുസ്ലിംകളും. ക്രിസ്ത്യാനികളും മുസ്ലിംകളും നിയമവിരുദ്ധമായി എന്തോ ചെയ്യാന്‍ ശ്രമിക്കുന്നു എന്നു ധ്വനിപ്പിക്കുകയാണ് അവിടെ നടക്കുന്ന ഏക രാഷ്ട്രീയ പ്രവര്‍ത്തനം. ഛത്തീസ് ഗഢില്‍ മാത്രമല്ല, ഉത്തരേന്ത്യയില്‍ മുഴുവന്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതാണ്.
സഭാ വസ്ത്രങ്ങള്‍ ഉപേക്ഷിക്കണോ?
ളോഹയും തിരുവസ്ത്രങ്ങളും ഉപേക്ഷിച്ചുവേണം ഉത്തരേന്ത്യയില്‍ മിഷണറി പ്രവര്‍ത്തനമെന്ന് സമീപകാലത്ത് നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നു. ഒളിച്ചും പാത്തും വേണം സുവിശേഷ പ്രവര്‍ത്തനം എന്ന നിലയിലേക്ക് ഉത്തരേന്ത്യ മാറിയത് ഇന്നോ ഇന്നലെയോ അല്ല. തൊപ്പിവച്ചും താടിനീട്ടീയും കന്നുകാലികളെ വാങ്ങാന്‍ വരുന്നവരെ തച്ചുകൊല്ലുന്ന ഇടങ്ങളാണ്. ബിഷപ്പുമാര്‍ പോലും സഭാവസ്ത്രങ്ങള്‍ ഉപേക്ഷിച്ച് പാന്റ്‌സും ഷര്‍ട്ടുമിട്ട് പുറത്തിറങ്ങേണ്ട നാടുകള്‍. എവിടെ നിന്നാണ്, എപ്പോഴാണ് ആക്രമണം വരികയെന്ന് ഒരുറപ്പുമില്ല. ഇപ്പോള്‍ അറസ്റ്റിലായ രണ്ടു കന്യാസ്ത്രീകളുടെ കാര്യം തന്നെ എടുക്കുക. അവര്‍ തിരുവസ്ത്രങ്ങളില്‍ തന്നെ വന്നത് ചെയ്യുന്നത് നൂറുശതമാനം സത്യസന്ധമായ തൊഴിലാണ് എന്ന ഉറപ്പിലാണ്. അവരെ പൊടുന്നനെ മനുഷ്യക്കടത്തുകാരും മതപരിവര്‍ത്തനക്കാരുമാക്കുകയാണ്. കന്യാസ്ത്രീകള്‍ക്കൊപ്പം പോകാന്‍ എത്തിയ മൂന്നു പെണ്‍കുട്ടികളും പതിനെട്ടുവയസ്സു പൂര്‍ത്തിയാക്കിയവരാണ്. സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കാന്‍ കഴിയുന്നവരാണ്. അവര്‍ ഒരു ജോലിക്ക് പോവുകയല്ലാതെ മറ്റൊന്നും അവിടെ ചെയ്തിട്ടുമില്ല. എന്നിട്ടും ആ കന്യാസ്ത്രീകള്‍ വലിയ നിയമലംഘനം നടത്തി എന്ന മട്ടിലാണ് ഉത്തരേന്ത്യയില്‍ നിന്നു വരുന്ന വാര്‍ത്തകളെല്ലാം. ബിജെപി കേരള ഘടകം ഇടപെടുന്നതു തന്നെ ഏതു നിലയ്ക്കാണ്. നിയമപരമായി അകത്തുകിടക്കേണ്ടവരാണ് കന്യാസ്ത്രീകള്‍, അവരെ ഞങ്ങളുടെ ശക്തി ഉപയോഗിച്ച് പുറത്തുകൊണ്ടുവരികയാണ് എന്നാണ് നടിക്കുന്നത്. രണ്ടു കന്യാസ്ത്രീകള്‍ അറസ്റ്റിലായതിന് ആ സംസ്ഥാനത്തെ മുഖ്യമന്ത്രിയെ കാണേണ്ട കാര്യമില്ലല്ലോ. കോടതിയില്‍ ചെന്ന്, കാണിച്ചത് ശുദ്ധതോന്യാസമാണെന്ന്, ബോധിപ്പിച്ചാല്‍ പോരേ.
കന്യാസ്ത്രീകള്‍ ഉത്തരേന്ത്യക്കാര്‍ ആയിരുന്നെങ്കിലോ?
ഛത്തീസ്ഗഡില്‍ അറിസ്റ്റിലായ കന്യാസ്ത്രീകള്‍ ഉത്തരേന്ത്യക്കാരാണ് എന്ന് ധരിക്കുക. ഇപ്പോള്‍ സംഭവിക്കുന്ന എന്തെങ്കിലും അനക്കം പിന്നീട് ഉണ്ടാകുമോ. ബിജെപിയുടെ ഏതെങ്കിലും ഒരു സംസ്ഥാന ഘടകം അവരുടെ മോചനത്തിനായി ഇറങ്ങുമോ. ഇറങ്ങില്ല എന്നു മാത്രമല്ല കന്യാസ്ത്രീകള്‍ക്കെതിരേ പ്രസ്താവനകളുടെ പ്രളയമായിരിക്കും. ഇപ്പോള്‍ ഛത്തീസ്ഗഡിലേയും അയല്‍സംസ്ഥാനങ്ങളിലേയും ബിജെപി ഘടകങ്ങള്‍ പറഞ്ഞതുതന്നെ കേരളം വരെയുള്ള ഘടകങ്ങളും പറയും. ഹിന്ദുക്കള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥിതി ഉണ്ടാക്കുകയാണ് ക്രിസ്ത്യാനികള്‍ എന്നാണ് ആ പറച്ചില്‍. പാവംപിടിച്ച ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്തി കൊണ്ടുപോകുന്നു എന്നായിരിക്കും അപ്പോള്‍ വരുന്ന വ്യാഖ്യാനം. ആ ഹിന്ദുക്കള്‍ എന്തുകൊണ്ട് ദരിദ്രരും പാവങ്ങളുമായി തുടരുന്നു എന്നാണ് ചോദ്യം. ജാതിശ്രേണിയില്‍ ഏറ്റവും താഴെത്തട്ടിലുള്ള അവര്‍ക്കു ജീവിക്കാന്‍ പോലും ഗതിയില്ല. ജാതിമേലാളന്മാരുടെ വീതംവയ്പുകഴിഞ്ഞ് താഴേക്ക് ഒന്നും ചെല്ലുന്നില്ല. ഈ താഴെത്തട്ടിലുള്ളവരുടേയും വോട്ട് വാങ്ങാന്‍ ഉപയോഗിക്കുന്ന മാര്‍ഗങ്ങളിലൊന്നാണ് മതപരിവര്‍ത്തന ആരോപണം. മിഷനറി പ്രവര്‍ത്തനമെന്നാല്‍ മതപരിവര്‍ത്തനമാണെന്ന ധ്വനി അന്നാടുകളിലാകെ ഉണ്ടാക്കി കഴിഞ്ഞു. അതുകൊണ്ടുതന്നെയാണ് ഇവിടെ കേരളത്തിലേക്കു വരുമ്പോള്‍ ബിജെപി എന്ന പാര്‍ട്ടിക്ക് മറ്റൊരു പ്രതിച്ഛായ അസാധ്യമായി മാറുന്നത്. ആട്ടിന്‍തോല്‍ അണിഞ്ഞെത്തിയാലും കുഞ്ഞാടുകളെ തിരിച്ചറിയാന്‍ ബോധമുള്ളവര്‍ക്ക് സാധിക്കും.
ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍
ഹിന്ദുസന്യാസിമാരും സന്യാസിനിമാരും ഉള്ളതുപോലെ തന്നെ ക്രിസ്ത്യാനികള്‍ക്ക് അച്ചന്‍മാരും കന്യാസ്തീകളുമുണ്ട്. അവരുടെ മതജീവിതത്തിന്റെ ഭാഗമാണ് തിരുവസ്ത്രം. അതുപേക്ഷിച്ച് സാധാരണക്കാരെപ്പോലെ ജീവിക്കേണ്ട സ്ഥിതി അവര്‍ക്കുവന്നാല്‍ എന്താണര്‍ത്ഥം? ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ മതപ്രവര്‍ത്തനം ഇന്ത്യയില്‍ അസാധ്യമായി എന്നാണ്. ഇന്ത്യഅതിവേഗം ഹിന്ദുരാഷ്ട്രമായിക്കൊണ്ടിരിക്കുന്നുവെന്നാണ്. ഏറ്റവും അപകടകരമാണ് ആ സ്ഥിതി. എല്ലാ വൈവിധ്യങ്ങളേയും അതിന്റെ പൂര്‍ണഭംഗിയില്‍ കാണിക്കാന്‍ കഴിയുന്ന ഒരു രാജ്യത്തിനു മാത്രമാണ് നിലനില്‍പ്പുള്ളത്. മണിപ്പൂരില്‍ സംഭവിച്ചതെന്തോ അത് രാജ്യമെങ്ങും ആവര്‍ത്തിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ കാണുന്നത്. ഛത്തീസ്ഗഡിലേത് അത്തരമൊരു നീക്കത്തിന്റെ തുടക്കം മാത്രമാണ്. റയില്‍വേയും പൊലീസും സര്‍ക്കാരുമെല്ലാം എങ്ങനെ ഹിന്ദുത്വയുടെ ഭാഗമായി എന്നാണ് ഛത്തീസ്ഗഡ് കാണിച്ചു തരുന്നത്. ഹിന്ദുവല്ലാത്തതൊന്നും നിലനില്‍ക്കേണ്ടതില്ല എന്നല്ലാതെ മറ്റെന്താണ് ആ പ്രഖ്യാപനത്തിന്റെ അര്‍ത്ഥം.