SPOTLIGHT | യുപിയിൽ കിതയ്ക്കുമോ ബിജെപി?

തുടർച്ചയായ മൂന്നാം ഭരണം ഉറപ്പിക്കാൻ മിഷൻ 260 പ്ലസ് ആണ് ബിജെപിയുടെ ലക്ഷ്യം. ബിജെപിയുടെ പുത്തൻ തന്ത്രങ്ങളും അവർ നേരിടുന്ന വെല്ലുവിളികളും ഏതൊക്കെയാണെന്ന് പരിശോധിക്കുന്നു.
SPOTLIGHT | യുപിയിൽ കിതയ്ക്കുമോ ബിജെപി?
Published on: 
Updated on: 

ദേശീയ രാഷ്ട്രീയത്തിൽ പൊതുവേ പറയാറുണ്ട് .. ഡൽഹിയിലേക്കുള്ള അധികാര വഴി യുപിയിലൂടെയാണെന്ന്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിലെ രാഷ്ട്രീയ ചലനങ്ങൾ എപ്പോഴും ഡൽഹിയിലെ അധികാരത്തെ സ്വാധീനിക്കാറുണ്ട്. ഇപ്പോൾ യുപി മറ്റൊരു നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. അടുത്ത വർഷം ഫെബ്രുവരി മാർച്ച്‌ മാസങ്ങളിലായി വോട്ടെടുപ്പ് നടക്കുമെന്നിരിക്കെ തെരഞ്ഞെടുപ്പിനു ഇനി 100 ദിവസത്തിൽ താഴെ മാത്രമാണ് ബാക്കി. തുടർച്ചയായ മൂന്നാം ഭരണം ഉറപ്പിക്കാൻ മിഷൻ 260 പ്ലസ് ആണ് ബിജെപിയുടെ ലക്ഷ്യം. ബിജെപിയുടെ പുത്തൻ തന്ത്രങ്ങളും അവർ നേരിടുന്ന വെല്ലുവിളികളും ഏതൊക്കെയാണെന്ന് പരിശോധിക്കുന്നു.

ബിജെപിയുടെ മിഷൻ 260 പ്ലസ്

403 അംഗങ്ങളുള്ള യുപി നിയമസഭ. അവിടെ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 202 സീറ്റുകളാണ്. 2017ൽ പ്രചാരണം തുടങ്ങുമ്പോൾ മിഷൻ 265 പ്ലസ് ആയിരുന്നു ബിജെപി ലക്ഷ്യം. പ്രചാരണം കൊടിമ്പിരി കൊണ്ടപ്പോൾ ലക്ഷ്യം ഇത്തവണ മൂന്നൂറിനു മുകളിൽ എന്നാക്കി. വോട്ടെണ്ണിയപ്പോൾ 312 സീറ്റുമായി ലക്ഷ്യത്തെക്കാൾ വലിയ വിജയം നേടി. 2022ൽ 2017ലേതു പോലുള്ള വിജയം ആവർത്തിക്കാൻ ആയില്ലെങ്കിലും ബിജെപി സഖ്യം വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തി. ഇത്തവണ മിഷൻ 260 പ്ലസ് എന്നത് ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പാർട്ടിയുടെ ലക്ഷ്യം അതുതന്നെ. ഇതിനായി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുകയോ, സമാജ്‌വാദി പാർട്ടി ജയിക്കുകയോ ചെയ്ത തൊണ്ണൂറിലധികം മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തന്ത്രങ്ങൾ മെനഞ്ഞിരിക്കുന്നത്.

'ത്രീ എസ്' ഫോർമുല

മിഷൻ 260 പ്ലസ് നേടാനായി ബിജെപി മുന്നോട്ടുവയ്ക്കുന്ന പ്രധാന തന്ത്രം 'ത്രീ എസ്' ഫോർമുലയാണ്. സംഘടന, സർക്കാർ, സഖ്യകക്ഷികൾ എന്നീ അർത്ഥം വരുന്ന സംഘടൻ, സർക്കാർ, സഹയോഗി എന്നീ മൂന്നു കാര്യങ്ങളിലാണ് ശ്രദ്ധ. താഴെത്തട്ടിലുള്ള ബൂത്ത് കമ്മിറ്റികളെ ശക്തിപ്പെടുത്തുകയാണ് ആദ്യപടി. ഇതിനായി ആർഎസ്‌എസും രംഗത്തുണ്ട്. യോഗി സർക്കാരിന്റെ ഭരണംനേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് രണ്ടാമത്തെ ലക്ഷ്യം. മൂന്നാമത്തേത് അപ്നാദൾ, അർഎൽഡി, സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി തുടങ്ങിയ സഖ്യകക്ഷികളുമായി ചേർന്ന് പ്രാദേശിക, ജാതി സമവാക്യങ്ങൾ ഉറപ്പിക്കുക എന്നതാണ്. ഇതിനു പുറമെ ഭരണവിരുദ്ധ വികാരം മറികടക്കാൻ നിലവിലുള്ള പല സിറ്റിംഗ് എംഎൽഎമാർക്കും സീറ്റ്‌ നൽകിയേക്കില്ല. സർവേകളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും സ്ഥാനാർത്ഥി നിർണ്ണയം.

ബിജെപിക്ക് മുന്നിലുള്ള വെല്ലുവിളി

എന്നാൽ മിഷൻ 260 പ്ലസ് എന്ന ലക്ഷ്യത്തിലേക്കുള്ള ബിജെപിയുടെ യാത്ര അത്ര എളുപ്പമായിരിക്കില്ല. 2024 ലോക്സഭാ തെരെഞ്ഞെടുപ്പിലെ തിരിച്ചടി തന്നെ അതിന് ഉദാഹരണം. യുപിയിലേറ്റ ആഘാതം കേന്ദ്രത്തിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നഷ്ടപ്പെടുന്നതിനു പ്രധാന കാരണമായി. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിലാണ് അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിലടക്കം ബിജെപി തോൽവിയറിഞ്ഞത്. നാന്നൂറിന് മുകളിൽ സീറ്റ് നേടിയാൽ ബിജെപി ഭരണഘടനയും സംവരണവും മാറ്റിയെഴുതുമെന്ന പ്രതിപക്ഷത്തിൻ്റെ പ്രചാരണവും, യുവാക്കളെ നേരിട്ടു ബാധിച്ച യുപി പൊലീസ് കോൺസ്റ്റബിൾ പരീക്ഷ പേപ്പർ ചോർച്ചയും തൊഴില്ലായ്മയുമൊക്കെ അന്ന് ബിജെപിയുടെ തിരിച്ചടിക്ക് കാരണമായി. അഖിലേഷ് യാദവ് മുന്നോട്ടുവച്ച പിന്നാക്ക-ദളിത്-ന്യൂനപക്ഷ സമവാക്യവും കോൺഗ്രസുമായുള്ള എസ്‌പി സഖ്യവും ബിജെപിക്ക് ക്ഷീണമുണ്ടാക്കി. 2017ൽ നിന്നു 2027ലെത്തുമ്പോൾ പത്തു വർഷത്തെ ഭരണം തന്നെയാണ് യോഗിയും കൂട്ടരും നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളി. പാർട്ടിയുടെ തന്നെ ആഭ്യന്തര സർവേകളിൽ 140ലധികം മണ്ഡലങ്ങളിൽ ശക്തമായ ഭരണവിരുദ്ധ വികാരം നേരിടുന്നുണ്ട്. ഇതിനു പുറമെ നാലു പ്രധാനഘടകങ്ങൾ കനത്തവെല്ലുവിളിയായി ബിജെപി തന്നെ വിലയിരുത്തിയിട്ടുമുണ്ട്. യുജിസി നയങ്ങൾ, യുവാക്കൾക്കിടയിലെ രോഷം, സംവരണ വിഷയത്തിലുള്ള മുന്നാക്ക വിഭാഗങ്ങളുടെ അകൽച്ച, ഒപ്പം പാർട്ടി പ്രവർത്തകർക്ക് ഉണ്ടായ മടുപ്പ് തുടങ്ങിയവ..

ഒറ്റക്കെട്ടായി നിൽക്കാൻ ആഹ്വാനം

പാർട്ടിക്കുള്ളിലെ ആഭ്യന്തര ഭിന്നതകളും ബിജെപിക്ക് തലവേദനയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥരെ അമിതമായി ആശ്രയിക്കുന്നുവെന്നും പാർട്ടി പ്രവർത്തകരെ അവഗണിക്കുന്നു എന്നുമാണ് പ്രധാന വിമർശനം. സംഘടനയ്ക്കുള്ളിലെ അതൃപ്‍തിക്ക് എത്രത്തോളം വ്യാപ്തിയുണ്ടെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാക്കുകളിൽ തന്നെ വ്യക്തം. ലഖ്‌നൗവിൽ ചേർന്ന പാർട്ടി യോഗത്തിൽ നിങ്ങളുടെ മനസ്സിലുള്ള നിരാശയും നീരസവും ഗോമതി നദിയിൽ ഒഴുക്കി തുടർഭരണത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നായിരുന്നു ആഹ്വാനം. അയോദ്ധ്യ സംഭാവനകൊള്ള അടക്കമുള്ള വിവാദങ്ങൾ എങ്ങനെ തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രതിഫലിക്കുമെന്നതും അറിയേണ്ടതുണ്ട്.

പ്രതിപക്ഷത്തും വിള്ളൽ

മറുഭാഗത്ത് പ്രതിപക്ഷ നിരയിലും നിർണ്ണായക നീക്കങ്ങളാണ് നടക്കുന്നത്. പിഡിഎ സഖ്യത്തെ താഴെത്തട്ടിൽ കൂടുതൽ ശക്തമാക്കുകയാണ് അഖിലേഷ് യാദവും സമാജ്‌വാദി പാർട്ടിയും. എന്നാൽ പ്രതിപക്ഷ വോട്ടുകളിൽ വിള്ളൽ വീഴ്ത്താൻ സാധ്യതയുള്ള ഒരു പുതിയ മുന്നണി യുപിയിൽ രൂപം കൊണ്ടിട്ടുണ്ട്. അസദുദീൻ ഒവൈസിയുടെ AIMIMഉം ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടിയും കൈകോർത്ത സഖ്യമാണത്. ഇവർ ന്യൂനപക്ഷ ദളിത് വോട്ടുകൾ ഭിന്നിപ്പിച്ചേക്കുമെന്ന വിലയിരുത്തൽ സമാജ്‌വാദി കോൺഗ്രസ്സ്‌ സഖ്യത്തിനു വെല്ലുവിളിയാണ്.

ചുരുക്കത്തിൽ വരാനിരിക്കുന്ന യുപി തെരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ചെടുത്തോളം ഒരു നിയമസഭാ തെരെഞ്ഞെടുപ്പ് മാത്രമല്ല 2029ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുൻപുള്ള സെമി ഫൈനൽ കൂടിയാണ്. തുടർച്ചയായ മൂന്നാം തവണയും ബിജെപിക്ക് അധികാരത്തിൽ എത്താൻ സാധിച്ചാൽ അത് കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാരിനും എൻഡിഎയ്ക്കും നൽകുന്ന ആത്മവിശ്വാസവും രാഷ്ട്രീയ ആധിപത്യവും ചെറുതാകില്ല. തെരഞ്ഞെടുപ്പ് എഞ്ചിനീയറിംഗിലൂടെയും ജാതി സമവാക്യങ്ങളുടെയും താഴെതട്ടിലുള്ള ഭരണവിരുദ്ധ വികാരത്തെ മറികടക്കാൻ കഴിയുമോ എന്നതാണ് ബിജെപി നേരിടുന്ന യഥാർത്ഥ പരീക്ഷണം.

മറുഭാഗത്ത് 2024ലേത് ഒരു താൽക്കാലിക പ്രതിഭാസമല്ലെന്ന് തെളിയിക്കേണ്ടത് പ്രതിപക്ഷത്തിൻ്റേയും നിലനിൽപ്പിൻ്റെ പ്രശ്നമാണ്. അതുകൊണ്ടു തന്നെ ഭരണനേട്ടങ്ങൾക്കും വികസന മുദ്രാവാക്യങ്ങൾക്കും അപ്പുറം സംഘടനാ കരുത്തും സാമൂഹിക സമവാക്യങ്ങളും തന്നെയാകും ഇത്തവണ ഉത്തർപ്രദേശിൽ വിധി നിർണ്ണയിക്കുക. തന്ത്രങ്ങളുടെ കരുത്തിൽ ബിജെപി മിഷൻ 260 പ്ലസ് എന്ന ലക്ഷ്യം മറികടക്കുമോ? അതോ ഉത്തർപ്രദേശത്തിൽ പുതിയൊരു രാഷ്ട്രീയ മാറ്റത്തിന് കളമൊരുങ്ങുമോ? കാത്തിരിക്കാം..