ദേശീയതലത്തിൽ എൻഡിഎയും ഇന്ത്യ സഖ്യവും കഴിഞ്ഞാൽ വിവിധ കക്ഷികളെ കോർത്തിണക്കി വിജയകരമായി രാഷ്ട്രീയ സഖ്യം നയിച്ചിരുന്ന നേതാവായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ദേശീയതലത്തിൽ ഇന്ത്യ സഖ്യത്തിന് ഒപ്പം നിൽക്കുമ്പോഴും തമിഴ്നാട്ടിൽ ഒരു ഡസനിൽ അധികം പാർട്ടികൾ ഭാഗമായ മതേതര പുരോഗമന സഖ്യത്തിന്റെ നേതാവ് .പക്ഷെ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി സഖ്യത്തെ അപ്പാടെ തകർത്തു . ഒന്നിന് പുറകെ ഒന്നായി പാർട്ടികൾ മുന്നണി വിട്ടു . ഏറ്റവും ഒടുവിൽ വൈകോയുടെ എംഡിഎംകെ കൂടി സഖ്യം ഉപേക്ഷിച്ചതോടെ ഡിഎംകെയ്ക്കൊപ്പം എൽഎൽഎമാരുള്ള പാർട്ടിയായി അവശേഷിക്കുന്നത് പ്രേംലത വിജയ്കാന്തിന്റെ ഡിഎംഡികെ മാത്രമാണ്. വിശ്വസ്ത സഖ്യകക്ഷിയെന്ന് സ്റ്റാലിൻ ഒരിക്കൽ വിശേഷിപ്പിച്ച സിപിഐഎമ്മുമായി തുറന്ന പോരിലുമാണ് ഇപ്പോൾ ഡിഎംകെ.
തോറ്റാൽ മുന്നണി തകരുമോ?
മുന്നണി തകരാൻ കാരണങ്ങൾ പലതാണ് . ആദ്യം പറഞ്ഞതുപോലെ അധികാരം നഷ്ടപ്പെട്ടു എന്നത് തന്നെയാണ് മുഖ്യകാരണം. അതോടെ ഡിഎംകെയുമായി ഒട്ടും സുഖത്തിൽ അല്ലാതിരുന്ന കോൺഗ്രസ് ആദ്യം മറുകണ്ടം ചാടി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിവികെയ്ക്ക് കേവല ഭൂരിപക്ഷം ഇല്ലാതെ പോയതായിരുന്നു രണ്ടാമത്തെ കാരണം .ഇതോടെ കുതിരക്കച്ചവടമോ ഗവർണറുടെ ഇടപെടലോ ഒഴിവാക്കാൻ സിപിഐഎം ,സിപിഐ ,മുസ്ലിം ലീഗ് ,വിസികെ തുടങ്ങിയ കക്ഷികൾക്ക് ടിവികെയെ പിന്തുണയ്‌ക്കേണ്ടി വന്നു .ഇതിൽ വിസികെയും ലീഗും പിന്നീട് സർക്കാരിൽ ചേർന്നപ്പോൾ പുറമെ നിന്നുള്ള പിന്തുണയാണ് ഇടതു പാർട്ടികൾ നൽകുന്നത്. കോൺഗ്രസ് സഖ്യം വിട്ട രീതി പിന്നിൽ നിന്നുള്ള കുത്താണെന്ന് വിമർശിച്ചപ്പോഴും മാന്യമായ ഇടപെടൽ എന്നായിരുന്നു രണ്ടു കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും നടപടിയെ ഡിഎംകെ വിശേഷിപ്പിച്ചത്.
എന്നിട്ടും സിപിഐഎമ്മും ഡിഎംകെയും എങ്ങനെ തുറന്ന പോരിലായി?
ടിവികെ സർക്കാർ രൂപീകരിക്കാതിരിക്കാൻ എഐഎഡിഎംകെയെ ഡിഎംകെ പിന്തുണച്ചേയ്ക്കുമെന്നുള്ള ചർച്ചകൾ ഉയർന്നപ്പോൾ തന്നെ ഇടതു പാർട്ടികൾക്ക് വിയോജിപ്പ് ഉണ്ടായിരുന്നു . ടിവികെ സർക്കാർ അധികാരത്തിൽ ഇരിക്കുന്നത് ഡിഎംകെ സഖ്യകക്ഷികളുടെ കാരുണ്യം കൊണ്ടും ഡിഎംകെയുടെ അനുമതിയോടെ ആണെന്നും സ്റ്റാലിൻ അടക്കമുള്ള നേതാക്കൾ പറഞ്ഞത് പ്രകോപനവുമായി. വിജയ് സർക്കാർ മൂന്നു മാസത്തിൽ അധികം തികയ്ക്കില്ലെന്ന സ്റ്റാലിന്റെയും എടപ്പാടി പളനി സ്വാമിയുടെയും നിലപാടുകളെ സിപിഐഎം സംസ്ഥാന സെക്രട്ടറി പി. ഷണ്മുഖം പരസ്യമായി വിമർശിച്ചു. ഒപ്പം ഡിഎംകെ നയിക്കുന്ന മതേതര പുരോഗമന സഖ്യം ഇപ്പോൾ ഇല്ലെന്ന പ്രഖ്യാപനവും നടത്തി.
അവിടെയും തീർന്നില്ല. ഡിഎംകെ സർക്കാർ കൈക്കൊണ്ട സാമ്പത്തിക നയങ്ങളെ വിമർശിച്ചു പാർട്ടി മുഖപത്രമായ തീക്കതിരിൽ ലേഖനം എഴുതി. നവ ലിബറൽ സാമ്പത്തിക നയങ്ങളോടുള്ള ജനങ്ങളുടെ കടുത്ത അതൃപ്തിയും പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളും തോൽവിക്ക് മുഖ്യ കാരണമായതായി പറഞ്ഞു വച്ചു . ഇതോടെയാണ് ജോൺ ബ്രിട്ടാസിൻ്റെ ഇന്ത്യ സഖ്യ യോഗത്തിലെ പ്രസംഗം അടക്കം ഉൾപ്പെടുത്തി കോൺഗ്രസിനെ അടിച്ച വടികൊണ്ട് ഡിഎംകെ മുഖപത്രമായ മുരശൊലി സിപിഐഎമ്മിനെതിരെ തിരിഞ്ഞത്.ഷണ്മുഖത്തിനെതിരെ വ്യക്തിപരമായി ആക്രമിച്ച് ലേഖന പരമ്പര തന്നെ എഴുതിയ മുരശൊലി ഇപ്പോൾ സ്റ്റാലിൻ്റെ പ്രിയപ്പെട്ട കോമ്രേഡ് പിണറായിക്കും കഴിഞ്ഞ ഇടതു സർക്കാരിനുമെതിരായ വിമർശനത്തിൽ എത്തി നിൽക്കുന്നു. പാർട്ടി സ്ഥാനാർഥികളെ ഡിഎംകെയുടെ ഉദയ സൂര്യൻ ചിഹ്നത്തിൽ മത്സരിപ്പിച്ചു . എഐഎഡിഎംകെയുമായി ഡിഎംകെ പിന്നാമ്പുറ ചർച്ച നടത്തി മതേതര ജനവിധിയെ വഞ്ചിച്ചു തുടങ്ങിയ പരാതിയാണ് ഒൻപതു വർഷത്തിന് ശേഷം മുന്നണി വിട്ട വൈകോയുടെ എംഡിഎംകെയ്ക്ക്. ഒഴുക്കിനു അനുസരിച്ച് വൈകോയും നിലപാട് മാറ്റിയെന്ന് വ്യക്തം.
ഡിഎംകെ നീക്കമെന്ത്?
സഖ്യകക്ഷികൾ കൈവിട്ടെങ്കിലും സർക്കാരിനെതിരെ തുറന്ന പോര് പ്രഖ്യാപിച്ചു കഴിഞ്ഞു ഡിഎംകെ.ആറ് മാസം കാത്തിരിക്കും എന്ന നിലപാട് ആദ്യ ദിവസങ്ങളിൽ തന്നെ മാറ്റിവച്ചു. ക്രമസമാധാനം അടക്കമുള്ള വിഷയങ്ങൾ ഉയർത്തിയായിരുന്നു ആദ്യ വിമർശനമെങ്കിലും ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിലേക്ക് സമരവും പ്രതിഷേധവും ഉടനടി വ്യാപിപ്പിച്ചു. തുടർച്ചയായി ഉണ്ടാകുന്ന വൈദ്യുതി മുടക്കവും കർഷകർ നേരിടുന്ന പ്രതിസന്ധിയും ഉയർത്തി പ്രാദേശിക തലം മുതൽ സംസ്ഥാന തലം വരെ സമരപാതയിലാണ് ഡിഎംകെ. നടപ്പ് നിയമസഭാ സമ്മേളനം സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള തുറന്ന പോരിന് വേദിയുമായി.ഐപിഎൽ മത്സരത്തിനിടെ വിവാദ വീഡിയോയിൽ മന്ത്രി ഡി. ശരത്കുമാറിന്റെ രാജി ആവശ്യവും ഡിഎംകെ ശക്തമായി ഉന്നയിക്കുന്നുണ്ട് .
സ്റ്റാലിനെ വിടാതെ വിജയ്
ഡിഎംകെയാണ് ടിവികെയുടെ രാഷ്ട്രീയ എതിരാളിയെന്ന് പ്രചാരണ യോഗങ്ങളിൽ മാത്രമല്ല മുഖ്യമന്ത്രിയായ ശേഷവും വിജയ് ആവർത്തിച്ചിട്ടുണ്ട് . അതിന് കാരണവുമുണ്ട് . അധികാരത്തിന് പുറത്തായെങ്കിലും 31 ശതമാനത്തിൽ അധികം വോട്ട് ഉണ്ട് ഡിഎംകെ സഖ്യത്തിന്. താഴെ തട്ടുവരെ സുശക്തമായ സംഘടനാ സംവിധാനമുള്ള ഒരു കേഡർ പാർട്ടി . എംജിആറിന്റെ കാലത്തും ജയലളിതയുടെ കാലത്തും ഒന്നിൽ കൂടുതൽ തവണ പുറത്തിരിക്കേണ്ടി വന്ന രാഷ്ട്രീയകക്ഷി . വെറും ആൾക്കൂട്ടമല്ലെന്ന് തെളിയിച്ച് പിന്നീട് അവർ തിരിച്ചുവന്നത് സംഘടനാ ബലം ഒന്ന് കൊണ്ട് മാത്രമാണ് . അതിനാൽ എഐഎഡിഎംകെ അല്ല ഡിഎംകെ തന്നെയാകും ഇനിയുള്ള നാളുകളിലും സർക്കാരിനെ പ്രതിരോധത്തിലാക്കുക എന്ന ഉറച്ച ബോധ്യം വിജയ്ക്ക് ക്കുണ്ട് . അതുകൊണ്ടു തന്നെയാണ് നിയമസഭയിൽ ഇല്ലാതിരുന്നിട്ടും എം.കെ. സ്റ്റാലിനെയും പ്രതിപക്ഷ നേതാവും മകനുമായ ഉദയനിധിയെയും വിജയ് വിടാതെ പിന്തുടരുന്നതും രാഷ്ട്രീയമായി ലക്ഷ്യം വയ്ക്കുന്നതും .
വിജയ്ക്കും സ്റ്റാലിനും നിർണായകമായ ഉപതെരഞ്ഞെടുപ്പ്
ഇന്നത്തെ രാജി ഉൾപ്പെടെ അഞ്ചു മാസത്തിനകം ഏഴു ഉപതെരഞ്ഞെടുപ്പുകൾക്കാണ് തമിഴകം സാക്ഷ്യം വഹിക്കാൻ പോകുന്നത് . വിജയ് ഒഴിഞ്ഞ തിരുച്ചിറപ്പള്ളി ഈസ്റ്റിലും അണ്ണാഡിഎംകെ എംഎൽഎമാർ രാജിവച്ച ആറ് മണ്ഡലങ്ങളിലും. നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴകം അറിഞ്ഞു തന്ന ജനവിധിയെന്ന് ഉറപ്പിക്കാനും സഭയിലെ മാന്ത്രിക നമ്പറായ നൂറ്റി പതിനെട്ടിനു അടുത്തെത്താനും ടിവികെയ്ക്ക് ജയിച്ചേ തീരൂ . നിലവിൽ 107 ആണ് ടിവികെയുടെ അംഗ ബലം . ഏഴിലും ജയിക്കാൻ ആയാൽ പാർട്ടി എംഎൽഎമാരുടെ എണ്ണം 114 ആകും. കൊളത്തൂരിൽ തോറ്റ സ്റ്റാലിനാകട്ടെ സഭയിലേക്ക് മടങ്ങി വരാനുള്ള അവസരമാണ് ഉപതെരഞ്ഞെടുപ്പ്. ജയിച്ചാൽ ഡിഎംകെയ്ക്കും അണികൾക്കും നൽകുന്ന ആത്മവിശ്വാസവും ഏറെ വലുതാകും. തിരുച്ചിറപ്പള്ളി ഈസ്റ്റ് , മധുരാന്തകം ,ധാരാപുരം ,പെരുന്തുറൈ ,വിരാളിമലൈ, അംബാസമുദ്രം,കരൂർ എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ളത്.
ഇതിൽ ധാരാപുരവും പെരുന്തുറൈയും കരൂരും എഐഎഡിഎംകെയ്ക്ക് ഇപ്പോഴും ശക്തമായ സ്വാധീനമുള്ള പടിഞ്ഞാറൻ തമിഴ്നാട്ടിലെ മണ്ഡലങ്ങൾ . വിരാളിമലൈ അടുത്തിടെ എഐഎഡിഎംകെ വിട്ട മുൻമന്ത്രി സി. വിജയഭാസ്കറിന്റെയും അംബാസമുദ്രം ഇസാക്കി സുബ്ബയ്യയുടെയും ശക്തികേന്ദ്രം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയ് ഇരുപത്തിയേഴായിരത്തിൽ അധികം വോട്ടുകൾക്ക് വിജയിച്ചുവെങ്കിലും നിലവിൽ ഒഴിവുള്ള മണ്ഡലങ്ങളിൽ ഏറ്റവും വിജയ സാധ്യത കല്പിക്കപ്പെടുന്നത് തിരുച്ചിറപ്പള്ളി ഈസ്റ്റിൽ തന്നെയാണ്. ഡിഎംകെയുടെ സംഘടനാ സംവിധാനത്തിന് ഒപ്പം കെഎൻ നെഹ്‌റു ,അൻപിൽ മഹേഷ് തുടങ്ങിയ നേതാക്കളുടെ തട്ടകം കൂടിയാണ് തിരുച്ചിറപ്പള്ളി .സ്റ്റാലിനെ വൈകാതെ സഭയിൽ കാണാമെന്ന് പറഞ്ഞത് തിരുച്ചിറപ്പള്ളി വെസ്റ്റ് എംഎൽഎകൂടിയായ കെഎൻ നെഹ്രുവാണ് . സ്റ്റാലിനാകട്ടെ മത്സര സാധ്യത തള്ളിയതുമില്ല . സ്റ്റാലിൻ തിരുച്ചിറപ്പള്ളി ഈസ്റ്റ് തെരഞ്ഞെടുക്കുകയാണെങ്കിൽ അതിനു മറ്റൊരു കാരണം കൂടിയുണ്ട് . ടിവികെയ്ക്ക് കൃത്യമായ രാഷ്ട്രീയ സന്ദേശം നൽകുക. ടിവികെ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെങ്കിലും നടനും സംവിധായകനുമായ രാഘവ ലോറൻസ് ടിവികെ സ്ഥാനാർഥിയാകുമെന്ന അഭ്യൂഹം ഏറെ നാളായി അന്തരീക്ഷത്തിലുണ്ട് .സ്റ്റാലിൻ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്തുകയും ടിവികെ രാഘവ ലോറൻസിനെ പ്രഖ്യാപിക്കുകയും ചെയ്താൽ മറ്റൊരു തീപാറും പോരാട്ടത്തിന് കൂടി തമിഴകം സാക്ഷിയാകും.