മാന്ദ്യഭീതിയില്‍ രാജ്യം; ദുഷ്‌കരമാകുമോ അതിജീവനം

അല്‍പം വൈകിയെങ്കിലും പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 'മുണ്ട് മുറുക്കിയുടുക്കാന്‍' പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നു
Source: News Malayalam 24x7
Source: News Malayalam 24x7
Published on
Updated on

പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന് രാജ്യം അതിഗുരുതര പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. അല്‍പം വൈകിയെങ്കിലും പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 'മുണ്ട് മുറുക്കിയുടുക്കാന്‍' പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നു. സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കുക, വിദേശയാത്രകള്‍ മാറ്റിവെക്കുക, വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറുക എന്നിവ ഈ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. പശ്ചിമേഷ്യയിലെ ദീര്‍ഘകാല സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിതരണ ശൃംഖലകള്‍ സമ്മർദത്തിനായതിനാൽ വിദേശനാണ്യ ശേഖരം സംരക്ഷിക്കാനും ഇന്ധന ഉപഭോഗം കുറയ്ക്കാനും ഇന്ത്യ ശ്രദ്ധിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ പ്രധാന മുന്നറിയിപ്പ്. ഓഹരിവിപണിയില്‍ കനത്ത തകര്‍ച്ച നേരിട്ടതും രൂപയുടെ മൂല്യം ഇടിഞ്ഞതും ഉള്‍പ്പെടെ കനത്ത പ്രത്യാഘാതങ്ങളാണ് ഇതേത്തുടര്‍ന്ന് ഉണ്ടായത്. രാജ്യം ഇന്ധന പ്രതിസന്ധിയിലാണെന്നും ഇന്ധനവില ഉടന്‍ വര്‍ധിച്ചേക്കുമെന്ന സൂചനകള്‍ ആ പ്രസംഗത്തില്‍ നിന്ന് വായിച്ചെടുക്കാം. അതിഗുരുതര പ്രതിസന്ധി രാജ്യം അഭിമുഖീകരിച്ച് തുടങ്ങിയിട്ട് കുറച്ച് ഏറെ നാളായി. നിയമസഭാ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് നടന്ന മഹാ റാലികള്‍ ഉള്‍പ്പെടെ ആഘോഷങ്ങള്‍ നടന്നപ്പോഴൊന്നും പ്രധാനമന്ത്രിയില്‍ നിന്ന് ഇന്ധന കരുതല്‍ നിര്‍ദേശങ്ങള്‍ ഒന്നും വന്നിട്ടില്ല. ഈ കരുതല്‍ എന്തേ ഇത്ര വൈകിയത് എന്നാണ് ഉയരുന്ന ചോദ്യം.

മാന്ദ്യഭീതിയില്‍ രാജ്യം; ദുഷ്‌കരമാകുമോ അതിജീവനം

ജനങ്ങളോട് ചെലവ് ചുരുക്കാന്‍ ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങള്‍ വലിയ ചര്‍ച്ചയ്ക്കാണ് വഴിവച്ചിരിക്കുന്നത്. രാജ്യത്തെ വിദേശനാണ്യ ശേഖരം സംരക്ഷിക്കാനായി വിദേശയാത്രകളും വിദേശത്ത് നടത്തുന്ന വിവാഹങ്ങളും ഒഴിവാക്കണമെന്നും അത്യാവശ്യമില്ലാതെ സ്വര്‍ണം വാങ്ങരുതെന്നുമായിരുന്നു അഭ്യര്‍ഥന. ഇന്ധന ഉപഭോഗം കുറയ്ക്കാന്‍ മെട്രോ ട്രെയിനുകളും മറ്റ് പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗിക്കണം. കാര്‍ പൂളിംഗ് പ്രോത്സാഹിപ്പിക്കണം. ചരക്കുനീക്കത്തില്‍ റെയില്‍വേയ്ക്ക് മുന്‍ഗണന നല്‍കണം. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കണം. വര്‍ക്ക് ഫ്രം ഹോം, വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

തകര്‍ന്ന് ഓഹരിവിപണിയും രൂപയും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെത്തുടര്‍ന്ന് വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ 6 ലക്ഷം കോടി രൂപയുടെ വിറ്റൊഴിക്കലാണ് ഒറ്റദിവസം ഓഹരിവിപണിയില്‍ നടത്തിയത്. വര്‍ക് ഫ്രം ഹോമിന് ജനങ്ങളെ പ്രേരിപ്പിക്കുന്ന മോദിയുടെ അഭ്യര്‍ഥനയെ ഏറെ ആശങ്കയോടെയാണ് ഓഹരി വിപണി വരവേറ്റത്. എന്തോ വലിയ ദുരന്തം വരുന്നുവെന്ന ഭീതിയോടെ ജനങ്ങള്‍ പ്രമുഖ കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കുകയായിരുന്നു. വിദേശയാത്രകള്‍ കുറയ്ക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ തുടര്‍ന്ന് യാത്രയുമായി ബന്ധപ്പെട്ട ഓഹരികളും തകര്‍ച്ച നേരിട്ടു. പശ്ചിമേഷ്യന്‍ പ്രതിസന്ധിയും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകളും പടരുന്നതിനിടെ ഓഹരിവിപണിയില്‍ ചൊവ്വാഴ്ചയും വില്‍പ്പന സമ്മർദം നേരിട്ടു. വ്യാപാരം ആരംഭിച്ചതിന് പിന്നാലെ സെന്‍സെക്‌സ് 700 പോയന്റ് ഇടിഞ്ഞു. ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധന, രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്, ഭൗമരാഷ്ട്രീയ ആശങ്കകള്‍ എന്നിവയാണ് വിപണിക്ക് തിരിച്ചടിയായത്. ഡോളറുമായുള്ള വിനിമയത്തില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രൂപക്ക് കനത്ത നഷ്ടമുണ്ടായി. തിങ്കളാഴ്ച 79 പൈസയുടെയും ചൊവ്വാഴ്ച 35 പൈസയുടെയും അധിക നഷ്ടമാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച ഡോളറൊന്നിന് ഒരു ഘട്ടത്തില്‍ 95.34 രൂപയിലേക്ക് വരെ ഇടിഞ്ഞിരുന്നു. ഒടുവില്‍ 95.28 രൂപയെന്ന നിലയിലാണ് വ്യാപാരം നിർത്തിയത്. ചൊവ്വാഴ്ച രേഖപ്പെടുത്തിയത് ഡോളറിന് 95.63 എന്ന റെക്കോര്‍ഡ് തകര്‍ച്ചയാണ് .

രാജ്യം ഇന്ധന പ്രതിസന്ധിയിലേക്കോ?

പശ്ചിമേഷ്യയിലെ സംഘര്‍ഷം ശക്തമായതിന് പിന്നാലെ ഇന്ത്യയുടെ ഇന്ധന ഇറക്കുമതി ചെലവ് കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കിലെ തടസങ്ങള്‍ തുടരുകയാണെങ്കില്‍ എണ്ണവില മാസങ്ങളോളം ഉയര്‍ന്ന നിലയില്‍ തുടരാനിടയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. വിലവര്‍ധനവുമായി ബന്ധപ്പെട്ട് എണ്ണക്കമ്പനികളും, ധനകാര്യ-പെട്രോളിയം മന്ത്രാലയങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ നഷ്ടം ഒരുലക്ഷം കോടി രൂപ കടന്നുവെന്നാണ് എണ്ണ കമ്പനികളുടെ വാദം. വര്‍ധന കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചാല്‍, പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് ഏകദേശം അഞ്ച് രൂപ വരെ ഉയരും. ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ 40-50 രൂപ വരെ വര്‍ധനവ് ഉണ്ടായേക്കാം. ഇതിനിടെ എല്‍പിജി ഗാര്‍ഹിക സിലിണ്ടറിനുള്ള സബ്‌സിഡി നിര്‍ത്തലാക്കുമെന്ന് കാണിച്ച് ഉപയോക്താക്കള്‍ക്ക് എണ്ണക്കമ്പനികളുടെ സന്ദേശം ലഭിച്ചു. കഴിഞ്ഞ ആറുവര്‍ഷമായി സാധാരണക്കാര്‍ക്ക് ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് യാതൊരുവിധ സബ്‌സിഡിയും കേന്ദ്രസര്‍ക്കാര്‍ നല്‍കാത്ത സാഹചര്യത്തിലാണ് എണ്ണക്കമ്പനികളില്‍ നിന്ന് ഇത്തരമൊരു അറിയിപ്പ് എത്തുന്നത്.

സ്വര്‍ണം വാങ്ങുന്നതില്‍ വേണം നിയന്ത്രണം

രാജ്യതാൽപ്പര്യം മുന്‍നിര്‍ത്തി ഒരു വര്‍ഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആഹ്വാനം ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. അസംസ്‌കൃത എണ്ണ കഴിഞ്ഞാല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ വസ്തുവാണ് സ്വര്‍ണം. സ്വര്‍ണം വാങ്ങുന്നത് വര്‍ധിക്കുമ്പോള്‍ ഇറക്കുമതി ചെലവ് ഉയരുകയും അത് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തെ ബാധിക്കുകയും ചെയ്യും. ഈ പശ്ചാത്തലത്തിലാണ് രൂപയുടെ മൂല്യം ഇടിയുന്നത് തടയാനും വിദേശനാണ്യ കരുതല്‍ ശേഖരം നിലനിര്‍ത്താനും സ്വര്‍ണം വാങ്ങുന്നത് കുറയ്ക്കുവാനും പ്രധാനമന്ത്രി നിര്‍ദേശിച്ചത്. 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതിച്ചെലവ് 72 ബില്യണ്‍ ഡോളറില്‍ എത്തിയതായാണ് കണക്കുകള്‍. പ്രധാനമന്ത്രിയുടെ പ്രസ്താവന സ്വര്‍ണത്തിൻ്റെ ആഗോള വിലയെ ബാധിക്കാനിടയില്ലെങ്കിലും ആഭ്യന്തര വിപണിയില്‍ ഉപഭോക്തൃ വികാരത്തെ ഇത് സാരമായി ബാധിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. വിവാഹ സീസണുകളിലും ഉത്സവ വേളകളിലും സ്വര്‍ണത്തിന് ലഭിക്കുന്ന വലിയ ഡിമാന്‍ഡ് കുറയുന്നത് ജ്വല്ലറി ഗ്രൂപ്പുകളുടെ വരുമാനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് നിക്ഷേപകര്‍. വൈകാതെ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കൂട്ടിയേക്കും എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

ഹോട്ടല്‍ ഭക്ഷണത്തിന് പൊള്ളും വില

പാചകവാതക പ്രതിസന്ധിയെത്തുടര്‍ന്ന് സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണത്തിന് വിലയേറിയത് ജനജീവിതം ദു:സ്സഹമാക്കിക്കഴിഞ്ഞു . ചായക്കും ഊണിനും വരെ വില കൂടിയത് നിത്യവേതനക്കാരും, വിദ്യാര്‍ഥികളും ഉള്‍പ്പടെ സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വാണിജ്യ സിലിണ്ടറുകളുടെ വില കുതിച്ചുയര്‍ന്നതോടെ ഹോട്ടല്‍ മെനുവിലും വലിയ മാറ്റം വന്നിട്ടുണ്ട്. 10 മുതല്‍ 12 രൂപയായിരുന്ന ചായയ്ക്ക് പലയിടത്തും ഇപ്പോള്‍ 15 രൂപയാണ്. ഉച്ചയൂണിനാകട്ടെ 10 മുതല്‍ 15 രൂപ വരെയാണ് വില കൂടിയത്. ഇതോടെ ഹോട്ടല്‍ ഭക്ഷണത്തെ കൂടുതല്‍ ആശ്രയിച്ചിരുന്ന തൊഴിലാളികളും വിദ്യാര്‍ഥികളും വലയുകയാണ്. വിലക്കയറ്റം തടയാന്‍ ഹോട്ടലുകള്‍ വിഭവങ്ങളുടെ എണ്ണവും വെട്ടിക്കുറച്ചിട്ടുണ്ട്. ചെറുകിട ഹോട്ടലുകളെയാണ് പ്രതിസന്ധി ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. ഈ ഘട്ടത്തില്‍ പാചകവാതകത്തിന് സബ്‌സിഡി അനുവദിക്കുകയോ, വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുകയോ ചെയ്യണമെന്ന ആവശ്യം ശക്തമാവുകയാണ്.

വേണ്ടത് ആത്മാര്‍ഥ നടപടികള്‍

യുദ്ധസാഹചര്യത്തില്‍ സംസ്ഥാനത്തെ നിര്‍മാണ മേഖലയിലെ സാമഗ്രികളുടെ വിലയും കുതിച്ചുയരുകയാണ്. പലയിടത്തും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ സ്തംഭിച്ചു. കാലവര്‍ഷത്തിന് മുന്നോടിയായി ലഭിച്ച മഴയില്‍ കാര്‍ഷിക മേഖല ഉണര്‍ന്നെങ്കിലും രാസവളത്തിൻ്റെ വിലക്കയറ്റം കര്‍ഷകരെ പൊള്ളിക്കുന്നുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ചരക്ക് ഗതാഗതത്തെ ബാധിച്ചതാണ് വിലക്കയറ്റത്തിന് കാരണം. വിലവര്‍ധന നെല്ല്, തെങ്ങ്, റബര്‍ കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ജനങ്ങളോട് ചെലവ് ചുരുക്കാന്‍ ആവശ്യപ്പെട്ട പ്രധാനമന്ത്രി അത് കഴിഞ്ഞ് നേരെ പോയത്, ഗുജറാത്തിലെ ജാംനഗറിലെ സോമനാഥ ക്ഷേത്രത്തിലേക്കാണ്. രണ്ട് കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള റോഡ് ഷോ നടത്തിക്കൊണ്ടായിരുന്നു മോദിയുടെ ക്ഷേത്രപ്രവേശനം. വിമാനങ്ങളില്‍ നിന്നുള്ള പുഷ്പവൃഷ്ടി അടക്കമുള്ള കോടിക്കണക്കിന് രൂപയുടെ പാഴ്ച്ചെലവുകളാണ് ഇതേത്തുടര്‍ന്ന് ഉണ്ടായതെന്ന ആരോപണം ഉയരുന്നുണ്ട്. പ്രധാനമന്ത്രിയുടെ കരുതല്‍ നിര്‍ദേശങ്ങള്‍ എല്ലാം സ്വാഗതാര്‍ഹം തന്നെയാണ്. അവ നടപ്പാക്കാനുള്ള ആത്മാര്‍ഥ ശ്രമങ്ങളും പ്രതിസന്ധി പരിഹാര മാര്‍ഗങ്ങളും ജനങ്ങളുടെ ഭാഗത്തുനിന്നും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുണ്ട്.

News Malayalam 24x7
newsmalayalam.com