

ലോകം വിശ്വാസ്യതയുടെ പ്രതീകമായി കണ്ടിരുന്ന ജർമ്മൻ ബാങ്കിങ് ഭീമനായ ഡോയ്ചെ ബാങ്കിന്റെ അകത്തളങ്ങളിൽ അരങ്ങേറിയ ആഗോള സാമ്പത്തിക ലോകത്തെ ഞെട്ടിക്കുന്ന വമ്പൻ കൊള്ളയുടെ കഥ പുറത്തുവരികയാണ്.കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ഇരുണ്ട ഇടപാടുകളും സംശയാസ്പദമായ സാമ്പത്തിക നീക്കങ്ങളും ബാങ്കിന്റെ നിയന്ത്രണ സംവിധാനങ്ങളെ എങ്ങനെ മറികടന്നുവെന്നതിന്റെ ഞെട്ടിക്കുന്ന രേഖകളാണ് ഇപ്പോൾ ലോകം ചർച്ച ചെയ്യുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ജെഫ്രി എപ്സ്റ്റീന് ഡോയ്ചെ ബാങ്ക് ചുവപ്പുപരവതാനി വിരിച്ചുനൽകിയതിന്റെ അണിയറക്കഥകൾ, ഡൊണാൾഡ് ട്രംപിന്റെ സാമ്പത്തിക ഇടപാടുകളും നികുതി വിവരങ്ങളുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ, റഷ്യൻ പ്രഭുക്കന്മാരുടെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ. ഇങ്ങനെ ആഗോളതലത്തിൽ വിവാദമായ നിരവധി വിഷയങ്ങൾ ഉൾപ്പെടുന്ന ഒന്നരക്കോടിയിലധികം രഹസ്യ രേഖകളാണ് 'ഇൻസൈഡ് ഡോയ്ചെ ബാങ്ക്' എന്ന അന്താരാഷ്ട്ര മാധ്യമ അന്വേഷണത്തിലൂടെ പുറത്തുവന്നിട്ടുള്ളത്. മലയാളി മാധ്യമപ്രവർത്തകൻ ജോസി ജോസഫിനും ദക്ഷിണാഫ്രിക്കൻ മാധ്യമപ്രവർത്തക ഖദീജ ഷരീഫിനുമാണ് വിസിൽബ്ലോവേഴ്സ് വഴി ഈ രേഖകൾ ആദ്യം ലഭിച്ചത്. തുടർന്ന്, ബാരക്കുഡ മീഡിയയുടെ ഏകോപനത്തിലും ജർമ്മനിയിലെ ഡാറ്റ ആൻഡ് റിസർച്ച് സെന്ററിന്റെ സാങ്കേതിക സഹായത്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇരുനൂറിലധികം മാധ്യമപ്രവർത്തകർ മാസങ്ങളോളം രേഖകൾ പരിശോധിച്ച് അന്വേഷണം നടത്തി. അതിന്റെ കണ്ടെത്തലുകളാണ് 'ഇൻസൈഡ് ഡോയ്ചെ ബാങ്ക്' എന്ന പേരിൽ പുറത്തുവന്നത്.
ഡോയ്ചെ ബാങ്ക് രേഖകളിലെ ഇരുളറകൾ
ലോക ബാങ്കിങ് ചരിത്രത്തെത്തന്നെ പിടിച്ചുകുലുക്കിയ 'ഇൻസൈഡ് ഡോയിച്ചെ ബാങ്ക്' എന്ന അന്താരാഷ്ട്ര മാധ്യമ അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തലുകൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ ചർച്ചചെയ്യുമ്പോൾ ആ ടീമിന്റെ അമരക്കാരനായി പ്രമുഖനായ ഒരു മലയാളി ജേണലിസ്റ്റ് ഉണ്ട്. ചേർത്തല സ്വദേശി ജോസി ജോസഫ്. ബാങ്കിനുള്ളിലെ നിയമവിരുദ്ധ ഇടപാടുകളും റഷ്യൻ അതിസമ്പന്നരുമായുള്ള രഹസ്യബന്ധങ്ങളും പുറത്തുകൊണ്ടുവരാൻ തീരുമാനിച്ച രണ്ട് രഹസ്യവിവരദാതാക്കൾ, അഥവാ വിസിൽബ്ലോവർമാർ, ബാങ്കിന്റെ സെർവറുകളിൽ നിന്നും ഒന്നരക്കോടിയിലധികം രഹസ്യരേഖകളാണ് പകർത്തിയെടുത്ത് ജോസി ജോസഫിനും, ദക്ഷിണാഫ്രിക്കൻ മാധ്യമപ്രവർത്തക ഖദീജ ഷെരീഫിനും കൈമാറിയത്. ഈ ഭീമൻ ഡാറ്റാ ശേഖരം വിശകലനം ചെയ്യുന്നതിനായി ദക്ഷിണാഫ്രിക്ക കേന്ദ്രീകരിച്ച് 'ബാരക്കുഡ മീഡിയ' എന്ന നോൺ-പ്രോഫിറ്റ് സ്ഥാപനം രൂപീകരിക്കുകയും, ജർമ്മനിയിലെ 'ഡാറ്റ ആൻഡ് റിസർച്ച് സെന്റർ' സാങ്കേതിക സഹായം നൽകുകയും ചെയ്തു. തുടർന്ന്, 'ദി ന്യൂയോർക്ക് ടൈംസ്', 'ഫിനാൻഷ്യൽ ടൈംസ്' തുടങ്ങിയ ലോകോത്തര മാധ്യമങ്ങൾ ഉൾപ്പെടെ അമ്പതിലധികം രാജ്യങ്ങളിൽ നിന്നുള്ള ഇരുന്നൂറിലേറെ മാധ്യമപ്രവർത്തകർ ഒരു കുടക്കീഴിൽ അണിനിരന്നതോടെയാണ് 'ഇൻസൈഡ് ഡോയ്ചെ ബാങ്ക്' എന്ന കൂട്ടായ്മ യാഥാർത്ഥ്യമായത്. മാസങ്ങൾ നീണ്ട അതീവ രഹസ്യമായ പരിശോധനകൾക്കൊടുവിലാണ് ഈ സംഘം ലോകത്തെ ഞെട്ടിച്ച സത്യങ്ങൾ പുറത്തുകൊണ്ടുവന്നത്. എപ്സ്റ്റീനും ഡോയ്ചെ ബാങ്കും തമ്മിൽ നടന്നത് ഏകദേശം 582 ദശലക്ഷം ഡോളറിന്റെ - അതായത് 4800 കോടിയിലധികം രൂപയുടെ സംശയാസ്പദമായ മൂവായിരത്തോളം പണമിടപാടുകളാണെന്നാണ് 'ഇൻസൈഡ് ഡോയിച്ചെ ബാങ്കിന്റെ അന്വേഷണ റിപ്പോർട്ടിൽ പുറത്തുവരുന്നത്.
അറിഞ്ഞുകൊണ്ടുള്ള നിയമലംഘനം
2013 ഓഗസ്റ്റിലാണ് ഡോയ്ചേ ബാങ്ക് ജെഫ്രി എപ്സ്റ്റീനെ തങ്ങളുടെ ഇടപാടുകാരനായി സ്വീകരിക്കുമ്പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ എപ്സ്റ്റീൻ കുറ്റസമ്മതം നടത്തുകയും, ലൈംഗിക കുറ്റവാളിയായി രജിസ്റ്റർ ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇതേ കാരണത്താൽ ജെ.പി. മോർഗൻ ചേസ് എന്ന പ്രമുഖ ബാങ്ക് , എപ്സ്റ്റീനുമായുള്ള ബന്ധം അവസാനിപ്പിച്ച സമയമായിരുന്നു അത്. 2013 ഓഗസ്റ്റിൽ 100 മുതൽ 500 ദശലക്ഷം ഡോളർ വരെ ആസ്തിയുള്ള അതിസമ്പന്നനായ എപ്സ്റ്റീന്റെ ക്രിമിനൽ പശ്ചാത്തലം അറിഞ്ഞുകൊണ്ടുതന്നെ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥർ അദ്ദേഹത്തിന് വേണ്ടി പച്ചപരവതാനി വിരിച്ചു. കുറ്റകൃത്യങ്ങളിലെ പ്രധാന പങ്കാളിയായ ഗിസ്ലെയ്ൻ മാക്സ്വെല്ലിനെ സഹ-ഗൂഢാലോചകയെന്ന് ബാങ്ക് ഉദ്യോഗസ്ഥർ തന്നെ വിശേഷിപ്പിച്ചിട്ടും, നേരിട്ടുള്ള ഇടപാടുകാരിയല്ലെന്ന ന്യായത്തിൽ അവരുടെ ഇടപാടുകൾക്കും ബാങ്ക് അംഗീകാരം നൽകി. തുടർന്ന് ഇടനിലക്കാർക്കും കൂട്ടാളികൾക്കും ചാരിറ്റി സ്ഥാപനങ്ങൾക്കുമായി ലക്ഷക്കണക്കിന് ഡോളറാണ് ഈ അക്കൗണ്ടുകൾ വഴി കൈമാറ്റം ചെയ്യപ്പെട്ടത്. 2018 ഡിസംബറിൽ എപ്സ്റ്റീനുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്ന് ബാങ്ക് അറിയിച്ചെങ്കിലും, ശേഷിച്ച രണ്ട് അക്കൗണ്ടുകൾ പൂർണമായി അടച്ചത് 2019 ജൂലൈയിൽ അദ്ദേഹത്തിന്റെ അറസ്റ്റിന് ശേഷമാണ്.
ഡോണൾഡ് ട്രംപും റഷ്യൻ ഇടപാടുകളും
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഡോയ്ചെ ബാങ്കും തമ്മിലുള്ള ഇടപാടുകളാണ് ഈ റിപ്പോർട്ടിൽ ഏറെ ചർച്ചയാകുന്നത്. പ്രതിസന്ധി കാലത്ത് മറ്റ് പ്രമുഖ ബാങ്കുകളെല്ലാം കൈവിട്ട സമയത്താണ് ട്രംപ് ഡോയ്ചെ ബാങ്കിന്റെ സേവനങ്ങൾ ഉപയോഗിച്ചത്. എന്നാൽ, 2017-ൽ ട്രംപ് പ്രസിഡന്റായിരുന്ന സമയത്ത് ബാങ്കിന് വലിയൊരു അബദ്ധം സംഭവിച്ചു. ട്രംപിന്റെ അതീവ രഹസ്യമായ ഒരു നികുതി രേഖ, മറ്റൊരു ഇടപാടുകാരന്റെ അക്കൗണ്ടന്റിന് , ബാങ്ക് മാറി അയച്ചുകൊടുത്തു. ഇത്രയും ഗുരുതരമായ ഒരു പിഴവ് സംഭവിച്ചിട്ടും, ബാങ്ക് ഈ വിവരം വൈറ്റ് ഹൗസിനെ അറിയിക്കാതെ മറച്ചുവെച്ചു. എന്നാൽ, ഇപ്പോൾ ഈ രഹസ്യരേഖകൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് തികച്ചും നിയമവിരുദ്ധമാണെന്നാണ് ട്രംപ് പ്രതികരിച്ചിരിക്കുന്നത്.
റഷ്യൻ അതിസമ്പന്നരുമായും, റഷ്യൻ വിപണിയുമായും ബാങ്ക് നടത്തിയ രഹസ്യ നീക്കങ്ങളാണ് റിപ്പോർട്ടിലെ മറ്റൊരു പ്രധാന പ്രധാന വിവരം. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി അടുത്ത ബന്ധമുള്ള ഒലെഗ് ഡെറിപാസ്ക, വിക്ടർ വെക്സൽബർഗ് തുടങ്ങിയ കോടീശ്വരന്മാർക്ക് കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള ആരോപണങ്ങളുണ്ടെന്ന് ബാങ്കിന്റെ തന്നെ ആഭ്യന്തര റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ലാഭം മാത്രം ലക്ഷ്യമിട്ട് ബാങ്ക് ഈ മുന്നറിയിപ്പുകൾ അവഗണിച്ചു. അന്താരാഷ്ട്ര ഉപരോധങ്ങൾ ഭയന്ന്, ഈ റഷ്യൻ കോടീശ്വരന്മാരുടെ അക്കൗണ്ടുകൾ കർശനമായ ബാങ്ക് രഹസ്യനിയമങ്ങളുള്ള സ്വിറ്റ്സർലൻഡിലേക്കും ലക്സംബർഗിലേക്കും ബാങ്ക് രഹസ്യമായി മാറ്റി. 2022-ൽ റഷ്യ യുക്രെയ്ൻ അധിനിവേശം നടത്തുന്നതിന് തൊട്ടുമുൻപ് പോലും, സിഇഒ ക്രിസ്റ്റ്യൻ സെവിങ് ഉൾപ്പെട്ട സംഘം റഷ്യയിലെ ബിസിനസ്സ് വിപുലീകരിക്കാനാണ് ശ്രമിച്ചത്. യുദ്ധം തുടങ്ങിയ ശേഷം റഷ്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്ന് ബാങ്ക് പ്രഖ്യാപിച്ചെങ്കിലും, 2025 അവസാനത്തിലും അവിടെ 162 ജീവനക്കാരുണ്ടെന്നും 61 ദശലക്ഷം യൂറോ ലാഭമുണ്ടാക്കിയെന്നുമാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ബാങ്കിനേറ്റ കനത്ത തിരിച്ചടി
എപ്സ്റ്റീനുമായുള്ള ഇടപാടിലൂടെ ഡോയ്ചെ ബാങ്ക് പ്രതീക്ഷിച്ചത് പ്രതിവർഷം 2 മുതൽ 4 ദശലക്ഷം ഡോളർ വരെയുള്ള വരുമാനമായിരുന്നു. എന്നാൽ, ആ ലാഭക്കൊതി ബാങ്കിന് വരുത്തിവെച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടും കോടികളുടെ നഷ്ടവുമാണ്. എപ്സ്റ്റീനുമായുള്ള ബന്ധം ഉൾപ്പെടെ മൂന്ന് വ്യത്യസ്ത സാമ്പത്തിക നിയന്ത്രണ വീഴ്ചകളുടെ പേരിൽ 2020-ൽ ന്യൂയോർക്ക് റെഗുലേറ്റർമാർക്ക് 150 ദശലക്ഷം ഡോളർ പിഴയൊടുക്കേണ്ടിവന്ന ഡോയ്ചെ ബാങ്ക്, 2023-ൽ എപ്സ്റ്റീൻ ഇരകളുമായുള്ള നിയമപരമായ ഒത്തുതീർപ്പിന്റെ ഭാഗമായി 75 ദശലക്ഷം ഡോളർ കൂടി നൽകേണ്ടിവന്നു. പുതിയ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ, ഫ്രാങ്ക്ഫർട്ട് ഓഹരി വിപണി തുറന്ന് അല്പസമയത്തിനകം തന്നെ ഡോയ്ചെ ബാങ്കിന്റെ ഓഹരി വിലയിൽ ഏകദേശം ആറ് ശതമാനത്തോളം വൻ ഇടിവുണ്ടായി. അതേസമയം, പുറത്തുവന്ന രേഖകൾ വ്യാജമാണെന്ന് ഡോയ്ചെ ബാങ്ക് ആരോപിച്ചിട്ടില്ല. ഇതിൽ പലതും ഇരുപത് വർഷത്തിലേറെ പഴക്കമുള്ള കാര്യങ്ങളാണെന്നും, അക്കാലത്ത് തന്നെ റെഗുലേറ്ററി അതോറിറ്റികളുമായി ചേർന്ന് ഇവ പരിശോധിച്ചിട്ടുള്ളതാണെന്നുമാണ് ബാങ്കിന്റെ വിശദീകരണം.
വിവാദം ചൂടുപിടിക്കുന്നു
2020ൽ നൂറുകണക്കിന് ദശലക്ഷം യൂറോയുടെ സംശയാസ്പദ ഇടപാടുകൾ നടത്തിയ കള്ളപ്പണ ശൃംഖലയെക്കുറിച്ച് ബാങ്കിനുള്ളിൽ മുന്നറിയിപ്പ് ഉയർന്നതായി റിപ്പോർട്ട് പറയുന്നു. എന്നാൽ ബാങ്കിന്റെ സുരക്ഷാ സംവിധാനങ്ങൾക്കും നിരീക്ഷണ സംവിധാനങ്ങൾക്കും വർഷങ്ങളോളം ഈ ഇടപാടുകളുടെ പൂർണ സ്വഭാവം തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് ബാങ്കിനകത്തെ ചില ആശയവിനിമയങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ബാങ്കിന്റെ നിലവിലെ ചീഫ് എക്സിക്യൂട്ടീവ് ക്രിസ്റ്റ്യൻ സെവിങ് 2017ൽ അയച്ചതെന്ന് പറയുന്ന ഇമെയിലും വിവാദമായിട്ടുണ്ട്. കർശനമായ ഉപയോക്തൃ പരിശോധനകളും ചട്ടങ്ങളും ബാങ്കിന്റെ ബിസിനസ് പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്ന തരത്തിലുള്ള പരാമർശങ്ങളാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഇതോടെ ബാങ്കിന്റെ മുൻകാല നിയന്ത്രണ സംവിധാനങ്ങളെയും നേതൃത്വത്തിന്റെ നിലപാടുകളെയും കുറിച്ച് ചോദ്യങ്ങൾ ഉയർന്നിരിക്കുകയാണ്. ആഗോള ബാങ്കിങ് മേഖലയിലെ ധാർമ്മികതയെയും നിയന്ത്രണ സംവിധാനങ്ങളുടെ വിശ്വാസ്യതയെയും ചോദ്യം ചെയ്യുന്നതാണ് 'ഇൻസൈഡ് ഡോയ്ചെ ബാങ്ക്' പുറത്തുവിട്ട ഈ വിവരങ്ങൾ. നിയമങ്ങളെയും സുരക്ഷാ മുന്നറിയിപ്പുകളെയും മറികടന്ന്, കേവലം ലാഭം മാത്രം ലക്ഷ്യമിട്ട് പ്രമുഖ ധനകാര്യ സ്ഥാപനങ്ങൾ നടത്തുന്ന വിട്ടുവീഴ്ചകൾ എത്രത്തോളം അപകടകരമാണെന്ന് ഈ അന്വേഷണം അടിവരയിടുന്നു.