

ജനാധിപത്യത്തില്‍ പരമോന്നത അധികാരം പൗരസമൂഹത്തിലാണെന്ന് പറയുന്നത് വോട്ട് ചെയ്യാനുള്ള അവകാശത്തിൻ്റെ പുറത്താണ്. ഓരോ അഞ്ച് കൊല്ലം കൂടുമ്പോഴും തങ്ങളെ ഭരിക്കേണ്ടത് ആരാണെന്ന് തീരുമാനിക്കുന്നതിനുള്ള ഈ അവകാശമാണ് ജനാധിപത്യത്തിൻ്റെ ആണിക്കല്ല്. അതുകൊണ്ടാണ് ഏറ്റവും സുപ്രധാനമായ ഭരണഘടനാ സ്ഥാപനങ്ങളിലൊന്നായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇന്ത്യന്‍ ജനാധിപത്യത്തിൻ്റെ കാവലാളാകേണ്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍, ഭരണകൂടത്തിൻ്റെ ചട്ടുകമായി മാറുന്നുവോ എന്നത് രാജ്യം ഗൗരവമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയുള്ള പരാതികളില്‍ അര്‍ഥഗര്‍ഭമായ മൗനം പാലിക്കുകയും, പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കെതിരേ ലഭിച്ച പരാതിയില്‍ അതിവേഗം നടപടിയെടുക്കുകയും ചെയ്യുന്ന കമ്മീഷൻ്റെ രീതികള്‍ 'ഇരട്ടനീതി'തന്നെയാണ്. സുതാര്യവും ജനാധിപത്യപരവുമായി നിലനില്‍ക്കാന്‍ ഭരണഘടന അനുശാസിക്കുന്ന സ്ഥാപനം , മോദി ഭരണകാലത്ത് സ്വതന്ത്ര സ്വഭാവം വെടിഞ്ഞ് കേന്ദ്ര സര്‍ക്കാരിൻ്റെ ഏജന്‍സിയായി മാറിയിരിക്കുന്നു. നിഷ്പക്ഷവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് എന്നത് ഭരണഘടനയുടെ അടിസ്ഥാന ശിലയാണെന്നിരിക്കെ, ആ പവിത്രതയെ തകര്‍ക്കുന്ന സമീപനമാണ് തുടര്‍ച്ചയായി കമ്മീഷൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
'എതിര്‍ക്കപ്പെടണം തെരഞ്ഞെടുപ്പ് കമീഷൻ്റെ ഇരട്ട നീതി'
വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം എന്നിവ സംബന്ധിച്ച ബില്ലുകള്‍ ലോക്സഭയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ദൂരദര്‍ശനിലൂടെയും സംസദ് ടിവിയിലൂടെയും പ്രധാനമന്ത്രി നടത്തിയ പ്രസംഗം പെരുമാറ്റച്ചട്ടത്തിൻ്റെ നഗ്‌നമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ കക്ഷികള്‍ പരാതി നല്‍കിയിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ കോണ്‍ഗ്രസ്, ഡിഎംകെ, തൃണമൂല്‍ തുടങ്ങിയ കക്ഷികളെ കടന്നാക്രമിച്ച പ്രസംഗത്തില്‍ വോട്ടര്‍മാര്‍ അവരെ ശിക്ഷിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, ദിവസങ്ങള്‍ പിന്നിട്ടിട്ടും ഈ പരാതിയില്‍ ഒരു പ്രാഥമിക പ്രതികരണം പോലും നടത്താന്‍ കമ്മീഷന്‍ തയാറായിട്ടില്ല.
അതേസമയം, ബുധനാഴ്ച ബിജെപി നേതാക്കള്‍ ഖാര്‍ഗെയ്ക്കെതിരേ പരാതി നല്‍കിയപ്പോള്‍ 24 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്ന നോട്ടീസുമായി കമ്മീഷന്‍ രംഗത്തെത്തിയതിലെ ഇരട്ട നീതിയാണ് ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. തമിഴ്നാട് തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ ബിജെപിയുമായി സഖ്യം ചേര്‍ന്നതിനെ വിമര്‍ശിക്കവെയായിരുന്നു ഖാര്‍ഗെയുടെ വിവാദ പരാമര്‍ശം. അണ്ണാദുരൈയുടെ ചിത്രം ഉപയോഗിക്കുന്ന എഐഎഡിഎംകെ എങ്ങനെ നരേന്ദ്ര മോദിയെപ്പോലെ ഒരു തീവ്രവാദിയുമായി കൈകോര്‍ക്കുമെന്നും നീതിയിലും സമത്വത്തിലും വിശ്വസിക്കാത്ത ബിജെപി , ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയാണെന്നുമായിരുന്നു പരാമര്‍ശം. ബിജെപി അത് വിവാദമാക്കിയതോടെ ഖാര്‍ഗെ വിശദീകരണവുമായി രംഗത്തെത്തി. താന്‍ പ്രധാനമന്ത്രിയെ വ്യക്തിപരമായി ഒരു തീവ്രവാദി എന്ന് വിളിച്ചിട്ടില്ലെന്നും അദ്ദേഹം ജനങ്ങളെയും രാഷ്ട്രീയ പാര്‍ട്ടികളെയും ഭയപ്പെടുത്തുന്നു എന്നാണ് ഉദ്ദേശിച്ചതെന്നും ഖാര്‍ഗെ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷം
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാറിനെ പദവിയില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് 73 പ്രതിപക്ഷ എംപിമാര്‍ രാജ്യസഭാ സെക്രട്ടറി ജനറലിന് നോട്ടിസ് നല്‍കിയിട്ടുണ്ട്. 2026 മാര്‍ച്ച് 15 ന് ശേഷം ഗ്യാനേഷ് കുമാറിൻ്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും പെരുമാറ്റദൂഷ്യങ്ങളും ചൂണ്ടിക്കാട്ടിയാണ് ഇംപീച്ച് നടപടികള്‍ക്ക് സമാനമായ നോട്ടിസ് നല്‍കിയിരിക്കുന്നത്. ഒമ്പത് കുറ്റാരോപണങ്ങളാണ് നോട്ടിസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പദവിയില്‍ നിന്ന് നീക്കം ചെയ്യാനായി പ്രതിപക്ഷ എംപിമാര്‍ നേരത്തെ നല്‍കിയ ഇംപീച്ച് പ്രമേയം പാര്‍ലമെൻ്റിൻ്റെ ഇരുസഭകളും നേരത്തെ തള്ളിയിരുന്നു. ഭരണഘടന പദവിയുടെ അധികാരം ഗ്യാനേഷ്‌കുമാര്‍ മന:പൂര്‍വം ദുര്‍വിനിയോഗം ചെയ്‌തെന്നും നിഷ്പക്ഷത പാലിക്കുന്നതില്‍ ഗ്യാനേഷ് കുമാര്‍ പരാജയപ്പെട്ടുവെന്നും കുറ്റപ്പെടുത്തിയാണ് മാര്‍ച്ച് 12ന് ഇംപീച്ച് നടപടിക്കുള്ള നോട്ടിസ് നല്‍കിയിരുന്നത്.1968ലെ ജഡ്ജസ് ഇന്‍ക്വയറി നിയമത്തിലെ മൂന്നാം വകുപ്പിൻ്റെ അധികാരം ഉപയോഗിച്ച് പ്രമേയം തളളുകയാണ് എന്നായിരുന്നു രാജ്യസഭാ അധ്യക്ഷനും ലോകസഭാ സ്പീക്കറും ഇരുസഭകളെയും അറിയിച്ചത്.
കമ്മീഷനെതിരെ പരാതി പ്രളയം
തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനുകള്‍ക്ക് നേരെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനമുന്നയിക്കുന്നത് പുതുമയല്ല. കേന്ദ്ര ഭരണാധികാരികള്‍ക്ക് പദ്ധതികള്‍ പ്രഖ്യാപിക്കാനും തുടക്കമിടാനും അവസരം നല്‍കുന്ന തരത്തില്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം ക്രമീകരിക്കുക, മാതൃക പെരുമാറ്റച്ചട്ടം നിലനില്‍ക്കേ ഭരണപക്ഷക്കാരുടെ വര്‍ഗീയ വിദ്വേഷ പരാമാര്‍ശങ്ങള്‍ക്കെതിരെ മൗനം പാലിക്കുക, പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ഏകപക്ഷീയമായി നടപടി സ്വീകരിക്കുക, ഉദ്യോഗസ്ഥരുടെ അനാവശ്യ സ്ഥലംമാറ്റം തുടങ്ങിയ ആരോപണങ്ങള്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെതിരെ ഉയര്‍ന്നിരുന്നു.
വോട്ടര്‍പട്ടിക തയ്യാറാക്കല്‍, എസ്ഐആര്‍, വോട്ടുകൊള്ള തുടങ്ങിയ വിഷയങ്ങളുന്നയിച്ചാണ് പുതിയ കാലത്ത് കമ്മീഷന്‍ കല്ലേറുകള്‍ ഏറെ ഏറ്റുവാങ്ങിയത്. രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് ചോരി ആരോപണങ്ങളെ പൂര്‍ണമായും തള്ളുകയായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്നായിരുന്നു കമ്മീഷന്‍ നിലപാട്. ബിഹാര്‍ , ബംഗാള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ലക്ഷക്കണക്കിന് വോട്ടര്‍മാരെ നീക്കിയതില്‍ ദുരൂഹത ഉണ്ടെന്ന ആരോപണത്തിലും കമ്മീഷന്‍ അനങ്ങിയിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിരോധത്തിലാക്കിയ മറ്റൊരു സംഭവം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തപ്പോള്‍ എടുത്ത നിലപാടാണ്. 2019 മാര്‍ച്ച് 19-ാം തിയതി ഇലക്ഷന്‍ കമ്മീഷന്‍ പുറപ്പെടുവിച്ച കത്തിനൊപ്പമുള്ള സത്യവാങ്മൂലത്തില്‍ ബിജെപി കേരള ഘടകത്തിൻ്റെ സീല്‍ രേഖപ്പെടുത്തിയിരുന്നതും വിവാദമായിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനം
നേരത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നത് പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും സുപ്രീം കോടതി ചീഫ് ജസ്റ്റിസും അടങ്ങുന്ന സമിതിയായിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ ഈ നിയമം ഭേദഗതി ചെയ്ത് ചീഫ് ജസ്റ്റിസിനെ സമിതിയില്‍ നിന്ന് മാറ്റി, പകരം പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന ഒരു കാബിനറ്റ് മന്ത്രിയെ തല്‍സ്ഥാനത്ത് നിയമിച്ചു. സ്വാഭാവികമായും അഭ്യന്തര മന്ത്രി അമിത് ഷായാണ് ആ സ്ഥാനത്ത് എത്തിയത്. എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ തീരുമാനിക്കുന്ന ഘട്ടമെത്തിയത് ഇതേത്തുടര്‍ന്നാണെന്ന ആരോപണം ഉന്നയിച്ചത് പ്രതിപക്ഷമാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ശക്തമായി രംഗത്ത് വന്നിരുന്നു.
നിഷ്പക്ഷ കമ്മീഷന്‍ സ്വപ്‌നമോ..
തെരഞ്ഞെടുപ്പ് കമ്മീഷന് ശരിക്കും മേല്‍വിലാസമുണ്ടാക്കിക്കൊടുത്തത് പാലക്കാട് തിരുനെല്ലായി നാരായണ അയ്യര്‍ ശേഷനെന്ന ടി.എന്‍. ശേഷനാണ്. അദ്ദേഹത്തിന് ശേഷം അതേ വീറോടെ തെരഞ്ഞെടുപ്പ് കമ്മീഷനെ മുന്നോട്ടുകൊണ്ടുപോയ ആളാണ് ജെ.എം. ലിങ്‌ദൊ. 2002 ലെ ഗുജറാത്ത് കലാപത്തിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് ഉടനെ നടത്തണമെന്ന അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ ആവശ്യം ലിങ്‌ദൊ തള്ളിക്കളഞ്ഞു. ജെ.എം. ലിങ്‌ദൊ എന്നാല്‍ ജെയിംസ് മൈക്കിള്‍ ലിങ്‌ദൊ ആണെന്ന് ഇന്ത്യന്‍ ജനതയെ അറിയിക്കുകയാണ് ഇതിന് മറുപടിയായി നരേന്ദ്ര മോദി ചെയ്തത്. അന്ന് പക്ഷേ, മോദിയെ തിരുത്താന്‍ ബിജെപിയില്‍ അടല്‍ ബിഹാരി വാജ്‌പേയി എന്ന പ്രധാനമന്ത്രിയുണ്ടായിരുന്നു. ശേഷനും ലിങ്‌ദൊയും ഇപ്പോള്‍ ഒരു സുവര്‍ണ കാലത്തിൻ്റെ ഓര്‍മകള്‍ മാത്രമാണ്.
സ്വതന്ത്രവും നിഷ്പക്ഷവും നീതിയുക്തവുമായി പ്രവര്‍ത്തിക്കേണ്ട ഭരണഘടനാ സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് ഗോദയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് സംവിധാനത്തെ നിയന്ത്രിക്കേണ്ടവര്‍ പക്ഷം പിടിക്കുന്നത് ജനാധിപത്യത്തിൻ്റെ പരാജയവും. നഷ്ടപ്പെട്ട നിഷ്പക്ഷത കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തിരിച്ചുപിടിക്കുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.