

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തതിന്റെ പേരില്‍ ഡല്‍ഹി പൊലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ഥി നേതാക്കളായ ഷര്‍ജീല്‍ ഇമാം, ഉമര്‍ ഖാലിദ് എന്നിവരുടെ ജാമ്യാപേക്ഷകള്‍ തള്ളിയ സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ വിധിക്കെതിരെ മറ്റ് ജഡ്ജിമാരായ ജസ്റ്റിസ് നാഗരത്നയും ഉജ്വല്‍ ഭുയാനും രൂക്ഷവിമര്‍ശനം നടത്തിയിരിക്കുന്നു. രാജ്യദ്രോഹം, ഭീകരത, ഗൂഢാലോചന, വിദ്വേഷ പ്രസംഗം, പൗരത്വ നിയമത്തിനെതിരായ സമരം തുടങ്ങിയ വന്‍ കുറ്റങ്ങള്‍ ചുമത്തി 2020 സെപ്റ്റംബര്‍ 13ന് ജയിലിലടക്കപ്പെട്ട മറ്റ് വിദ്യാര്‍ഥി നേതാക്കള്‍ക്ക് ജാമ്യം അനുവദിച്ച ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍.വി. അഞ്ജാരിയ എന്നിവരടങ്ങുന്ന ബെഞ്ച് ഇവര്‍ രണ്ടുപേര്‍ക്കും അത് നിഷേധിച്ചു. ഇതിനെതിരെ സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധന ഹര്‍ജിയും പ്രോസിക്യൂഷന്റെ എതിര്‍വാദങ്ങള്‍ കേട്ട കോടതി തള്ളിക്കളയുകയായിരുന്നു. ആ വിധിയെയാണ് ഇപ്പോള്‍ സുപ്രീംകോടതിയുടെ തന്നെ മറ്റൊരു ബെഞ്ച് വിമര്‍ശിച്ചിരിക്കുന്നത്.
യുഎപിഎ പ്രതികള്‍ക്കും ജാമ്യം വേണ്ടേ?
ഭീകരവിരുദ്ധ നിയമമായ യുഎപിഎ ചുമത്തപ്പെട്ട കേസുകളില്‍പ്പോലും 'ജാമ്യം സ്വാഭാവിക നീതിയാണ്' എന്നാണ് സുപ്രീം കോടതി വിധിച്ചത്. ഡല്‍ഹി കലാപക്കേസില്‍ അറസ്റ്റിലായ മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവര്‍ക്ക് ജാമ്യം നിഷേധിച്ച സുപ്രീം കോടതിയുടെ തന്നെ മറ്റൊരു ബെഞ്ചിന്റെ മുന്‍ ഉത്തരവിനെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തിയായിരുന്നു കോടതി ഇങ്ങനൈ നിരീക്ഷണം നടത്തിയത്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അഞ്ച് വര്‍ഷമായി വിചാരണ തടവുകാരനായി കഴിയുന്ന ജമ്മു കശ്മീര്‍ സ്വദേശിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് സുപ്രീംകോടതി ഈ നിലപാട് വ്യക്തമാക്കിയത്.
യുഎപിഎ സെക്ഷന്‍ 43 ഡി 5 പ്രകാരം ഭീകരവാദ കേസുകളില്‍ ജാമ്യം നല്‍കുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ട്. എന്നാല്‍, ഈ നിയന്ത്രണങ്ങള്‍ക്ക് ഭരണഘടനയുടെ അനുച്ഛേദം 21 ഉറപ്പുനല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തെ മറികടക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ നാഗരത്‌നയും ഉജ്ജ്വല്‍ ഭുയാനും വ്യക്തമാക്കി. കുറ്റം ചുമത്തിയത് യുഎപിഎ പ്രകാരമാണ് എന്നതുകൊണ്ട് മാത്രം ജാമ്യം നിഷേധിക്കുന്നത് കോടതികളുടെ ഒരു സ്വാഭാവിക നടപടിയായി മാറരുതെന്ന് ബെഞ്ച് ഓര്‍മ്മിപ്പിച്ചു.
2021-ലെ ചരിത്രപ്രധാനമായ 'യൂണിയന്‍ ഓഫ് ഇന്ത്യ വേഴ്‌സസ് കെ.എ. നജീബ്' കേസ് വിധി കോടതി ചൂണ്ടിക്കാട്ടി. ദ്രുതഗതിയിലുള്ള വിചാരണയ്ക്കുള്ള അവകാശം ലംഘിക്കപ്പെടുന്നത് യുഎപിഎ കേസുകളില്‍പ്പോലും ജാമ്യം അനുവദിക്കാനുള്ള ശക്തമായ കാരണമാണെന്ന് മൂന്നംഗ ബെഞ്ച് അന്ന് വിധിച്ചിരുന്നു. ജുഡീഷ്യല്‍ അച്ചടക്കം മുന്‍നിര്‍ത്തി ഈ നിയമം വലിയ ബെഞ്ചുകള്‍ക്ക് മാത്രമാണോ മാറ്റാന്‍ കഴിയുക എന്ന ചോദ്യത്തിന് ജസ്റ്റിസ് ഭൂഷണ്‍ വ്യക്തമായ മറുപടി നല്‍കി. കൂടുതല്‍ അംഗബലമുള്ള വലിയൊരു ബെഞ്ച് പ്രഖ്യാപിച്ച നിയമം പിന്തുടരാന്‍ ചെറിയ ബെഞ്ചുകള്‍ ബാധ്യസ്ഥരാണ്. ഒരു ചെറിയ ബെഞ്ചിന് വലിയ ബെഞ്ചിന്റെ വിധിന്യായത്തിലെ അടിസ്ഥാന തത്വത്തെ ദുര്‍ബലപ്പെടുത്താനോ, മറികടക്കാനോ, അവഗണിക്കാനോ കഴിയില്ല. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അത് വലിയൊരു ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയാണ് വേണ്ടതെന്നും നിരീക്ഷിച്ചു.
ജാമ്യം നിഷേധിക്കപ്പെട്ട് ഉമര്‍ഖാലിദ്
ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ 2026 ജനുവരി അഞ്ചിന് ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍ വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസില്‍ കൂട്ടുപ്രതിക്കും ജാമ്യം നിഷേധിച്ചു. ഇവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നായിരുന്നു അന്ന് കോടതിയുടെ നിരീക്ഷണം. എന്നാല്‍, കേസിലെ കൂട്ടുപ്രതികള്‍ക്ക് കര്‍ശന വ്യവസ്ഥകളോടെയും ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. മറ്റ് പ്രതികളില്‍ നിന്ന് വ്യത്യസ്തമായ പങ്കാണ് ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ഗൂഢാലോചനയിലുള്ളതെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തിന് പിന്നിലെ പ്രധാന സൂത്രധാരന്മാരില്‍ ഒരാളാണ് ഉമര്‍ ഖാലിദ് എന്നാണ് ഡല്‍ഹി പൊലീസിന്റെ ആരോപണം. കലാപവുമായി ബന്ധപ്പെട്ട് യുഎപിഎ പ്രകാരം 2020 സെപ്റ്റംബര്‍ മുതല്‍ ഉമര്‍ ഖാലിദ് ജയിലില്‍ തുടരുകയാണ്.
എന്താണ് യുഎപിഎ
ദി അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്, 1967 എന്ന നിയമമാണ് യുഎപിഎ എന്ന് ചുരുക്കപേരില്‍ പറയപ്പെടുന്നത്. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും ദേശത്തിന്റെ അഖണ്ഡത നിലനിര്‍ത്തുന്നതിനുമായി ദേശീയോദ്ഗ്രഥന കൗണ്‍സില്‍ നിയമിച്ച കമ്മിറ്റി 1963ല്‍ നല്‍കിയ ശിപാര്‍ശപ്രകാരമാണ് ഈ നിയമം അതേവര്‍ഷം ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടുന്നത്. ഈ നിയമത്തിലൂടെ ഭരണഘടന ഉറപ്പു നല്‍കുന്ന സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്യത്തിനുമുള്ള അവകാശം, സമാധാനപരമായും നിരായുധരായും ഒത്തു ചേരാനുള്ള അവകാശം, സംഘടിക്കാനുള്ള അവകാശം എന്നിവക്കുമേല്‍ ഭരണകൂടത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള അധികാരം നല്‍കുന്നു. രണ്ടാമത് ഭരണകൂടത്തിന് രാജ്യ സുരക്ഷയുടെ പേരില്‍ ഭരണഘടനക്കും മറ്റ് നിയമങ്ങള്‍ക്കും അതീതമായ അധികാരം നല്‍കുന്നു. 1967ല്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കിയ ഈ നിയമം അതേവര്‍ഷം ഡിസംബര്‍ 30ന് രാഷ്ട്രപതി ഒപ്പുവച്ചു. 1969, 1972, 1986, 2004, 2008, 2012 എന്നീ വര്‍ഷങ്ങളില്‍ ഈ ബില്ലില്‍ ഭേദഗതികള്‍ വരുത്തുകയുമുണ്ടായി. 2008ലെ ഭേദഗതിക്കു ശേഷമാണ് സാധാരണ നിയമം പോലെ യുഎപിഎ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത്. മുംബൈ ഭീകരാക്രമണമുണ്ടാകുന്നത് 2008 നവംബര്‍ 26നാണ്. അതിന് മുമ്പ് രാജ്യത്തുണ്ടായിരുന്ന ടാഡ, പോട്ട എന്നീ സമാന നിയമങ്ങള്‍ വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എതിര്‍പ്പൊന്നുമില്ലാതെ 2008 ഡിസംബര്‍ 16ന് പുതിയ ഭേദഗതികള്‍ അവതരിപ്പിക്കപ്പെടുന്നത്.
യുഎപിഎ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ കുറവ്
യുഎപിഎ പ്രകാരമുള്ള കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വളരെ കുറവാണെന്ന വസ്തുതയും സുപ്രീംകോടതി ചൂണ്ടിക്കാട്ടുന്നുണ്ട്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2019 മുതല്‍ 2023 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്താകെ രണ്ടുമുതല്‍ ആറുവരെ ശതമാനം പ്രതികള്‍ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. വിചാരണ തീരുമ്പോള്‍ 94-98 ശതമാനം പ്രതികളും കുറ്റവിമുക്തരാക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും സുപ്രീംകോടതി വെളിപ്പെടുത്തുന്നു. യുഎപിഎ നിയമം ഉപയോഗിച്ച് അറസ്റ്റ് ചെയ്യപ്പെട്ട് വര്‍ഷങ്ങള്‍ക്കു ശേഷമോ പതിറ്റാണ്ടുകള്‍ക്ക് ശേഷമോ തെളിവുകള്‍ ഇല്ലെന്ന് പറഞ്ഞ് കോടതികള്‍ വെറുതെ വിട്ട നിരവധി സംഭവങ്ങള്‍ രാജ്യത്തുണ്ട്.വിചാരണ പോലും തുടങ്ങാതെ 5 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്നവരുടെ എണ്ണം ആയിരങ്ങള്‍ ആണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം ഇന്ത്യയില്‍ നാല് ലക്ഷത്തിലധികം തടവുകാരാണുള്ളത്. അതില്‍ 76% വിചാരണ തടവുകാരാണ്. മുസ്ലിംകള്‍, ദളിതര്‍, ആദിവാസികള്‍ എന്നിവരാണ് ഇതില്‍ അനുപാതത്തില്‍ കൂടുതല്‍.
'ജാമ്യമാണ് പൊതുനിയമം, ജയില്‍ എന്നത് അപവാദമാണ്'
ഭരണകൂടം ചുമത്തുന്ന ഭീകരവിരുദ്ധ നിയമങ്ങള്‍ പൗരന്റെ വ്യക്തിസ്വാതന്ത്ര്യത്തെ അനിശ്ചിതമായി ഹനിക്കാന്‍ ഉപയോഗിക്കരുതെന്ന ശക്തമായ സന്ദേശമാണ് പരമോന്നത കോടതി ഈ വിധിയിലൂടെ നല്‍കുന്നത്. എത്ര കര്‍ശനമായ നിയമമായാലും 'ജാമ്യമാണ് പൊതുനിയമം, ജയില്‍ എന്നത് അപവാദമാണ്' എന്ന അടിസ്ഥാന നിയമതത്വം യുഎപിഎ കേസുകളിലും ബാധകമാണെന്ന് കോടതി അടിവരയിട്ടു വ്യക്തമാക്കുന്നുണ്ട്. അക്രമവും ഭീകരകൃത്യങ്ങളും പ്രതിരോധിക്കാനാണ് ക്രിമിനല്‍ നിയമങ്ങളും നീതിന്യായ സംവിധാനവും. അതേസമയം വിചാരണയില്ലാതെ ദീര്‍ഘകാലം തടവില്‍ കഴിയുന്ന പ്രതികള്‍ക്ക് ആശ്വാസമേകുന്ന സുപ്രധാന വിധിന്യായമാണ് ഇത് എന്നതില്‍ സംശയമില്ല.