പ്രശ്നം വന്ദേ മാതരം അല്ല, സർവകലാശാലകള്‍ കാവി രാഷ്ട്രീയത്തിന്റെ പരീക്ഷണശാലകളായി മാറ്റപ്പെടുന്നതാണ്

അക്കാദമിക നിലവാരം ഉയർത്തേണ്ട സർവകലാശാലകള്‍ ഒരു പ്രത്യേക രാഷ്ട്രീയ ആശയധാരയുടെ പരീക്ഷണശാലകളായി മാറ്റപ്പെടുന്നത് ഫെഡറൽ-മതേതര മൂല്യങ്ങൾക്കുമേലുള്ള നഗ്നമായ കടന്നുകയറ്റം
പ്രശ്നം വന്ദേ മാതരം അല്ല, സർവകലാശാലകള്‍ കാവി രാഷ്ട്രീയത്തിന്റെ  പരീക്ഷണശാലകളായി മാറ്റപ്പെടുന്നതാണ്
Published on: 
Updated on: 

കേന്ദ്ര സര്‍വകലാശാലയില്‍ നടക്കുന്ന വന്ദേമാതരത്തിന്റെ 150--ാം വാര്‍ഷിക ആഘോഷത്തില്‍ ആര്‍എസ്എസ് നേതാവ് പ്രഭാഷണം നടത്തുന്നതിനെതിരെ വിദ്യാര്‍ഥി സംഘടനകൾ ശക്തമായ പ്രതിഷേധത്തിലാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ വന്ദേമാതരം നൽകിയ ആവേശം, അതിന്റെ സാഹിത്യപരവും സാംസ്കാരികവുമായ പ്രാധാന്യം എന്നിവയെക്കുറിച്ച് ചർച്ചകൾ സംഘടിപ്പിച്ച് വിദ്യാര്‍ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുക എന്നതായിരുന്നു ദേശീയ സെമിനാറിന്റെ ലക്ഷ്യം. സർവകലാശാല ലൈബ്രറി ഹാളിൽ നടന്നുവരുന്ന ഈ പരിപാടിയുടെ സഹ സംഘാടകർ സംഘപരിവാർ സംഘടനയായ അഖില ഭാരതീയ സാഹിത്യ പരിഷത്ത് ആയിരുന്നു. ആര്‍എസ്എസ് പ്രചാരകനായ ജെ നന്ദകുമാർ ആയിരുന്നു മുഖ്യപ്രഭാഷകരിൽ ഒരാൾ. ഈ സന്ദർഭത്തിൽ കേരള കേന്ദ്ര സർവകലാശാലയിലെ കാവിവല്‍ക്കരണം ആരോപിച്ച് പ്രതിഷേധിച്ച എസ്എഫ്ഐ, എഐഎസ്എഫ്, കെഎസ്‍യു, എംഎസ്എഫ് സംഘടനകളുടെ സംയുക്ത പ്രക്ഷോഭം അക്രമാസക്തമാകുകയും പൊലീസും വിദ്യാർഥികളുമായുള്ള ഉന്തിലും തള്ളലിലും കലാശിക്കുകയും ചെയ്തു.

കാമ്പസുകളിലെ കാവിവൽക്കരണം തുടർക്കഥയോ?

ഇന്ത്യൻ ഉന്നതവിദ്യാഭ്യാസ മേഖലയുടെ സ്വയംഭരണാവകാശവും മതേതര സ്വഭാവവും കടുത്ത വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കേരള കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരത്തിന്റെ 150-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി അരങ്ങേറുന്ന വിവാദങ്ങൾ. അക്കാദമിക നിലവാരം ഉയർത്തേണ്ട സർവകലാശാലാ അങ്കണങ്ങൾ ഒരു പ്രത്യേക രാഷ്ട്രീയ ആശയധാരയുടെ പരീക്ഷണശാലകളായി മാറ്റപ്പെടുന്നത് രാജ്യത്തിന്റെ ഫെഡറൽ-മതേതര മൂല്യങ്ങൾക്ക് മേലുള്ള നഗ്നമായ കടന്നുകയറ്റമാണ്. ആർഎസ്എസിന്റെ ബൗദ്ധിക വിഭാഗമായി വിശേഷിപ്പിക്കപ്പെടുന്ന പ്രജ്ഞാ പ്രവാഹിന്റെ ദേശീയ കൺവീനർ ജെ നന്ദകുമാർ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷകനായിരുന്നു എന്നതാണ് ​പ്രതിഷേധത്തിനിടയാക്കിയത്. സഹസംഘാടകരായ അഖില ഭാരതീയ സാഹിത്യ പരിഷത്ത് എന്നത് ആര്‍എസ്എസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനയാണ്. ഉയർന്ന അക്കാദമിക നിലവാരം പുലർത്തുന്ന കേന്ദ്ര സർവകലാശാലയെപ്പോലൊരു ഉന്നത വിദ്യാഭ്യാസ സ്ഥാപനം, സഹസംഘടകരായി സംഘപരിവാർ പോഷക സംഘടനകളെ കൂട്ടുപിടിച്ചെന്നാണ് ഉയരുന്ന ആക്ഷേപം.

പ്രശ്നം വന്ദേ മാതരം അല്ല, സർവകലാശാലകള്‍ കാവി രാഷ്ട്രീയത്തിന്റെ  പരീക്ഷണശാലകളായി മാറ്റപ്പെടുന്നതാണ്
തെറ്റ് തിരുത്തല്‍, നവീകരണം, അച്ചടക്ക നടപടി... അടുത്തതെന്ത്? സുരേഷ് ബാബു സിപിഐഎമ്മില്‍ നിന്ന് പുറത്തേക്കോ?

ഭീഷണിയും അടച്ചിട്ട മുറിയിലെ ​സെമിനാറും

വന്ദേമാതര ആലാപനം തടഞ്ഞാൽ വിദ്യാർഥികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന യൂണിവേഴ്സിറ്റി അധികൃതരു​ടെ സർക്കുലർ അവഗണിച്ചായിരുന്നു പ്രതിഷേധം. മൂന്നുവർഷം തടവും പിഴയും ശിക്ഷ ലഭിക്കാമെന്ന നിയമഭേദഗതി ചൂണ്ടിക്കാട്ടിയായിരുന്നു സർക്കുലർ ഭീഷണി. ഈ ഭീഷണി തള്ളിക്കളഞ്ഞ സംഘടനകളുടെ പ്രതിഷേധം ഭയന്ന് വൻ പൊലീസ് സന്നാഹത്തിലായിരുന്നു സെമിനാർ സംഘടിപ്പിച്ചത്. . ലൈബ്രറി വാതിലുകൾ അടച്ചിട്ട് പ്രവേശനം ഡെലിഗേറ്റുകൾക്ക് മാ​ത്രമാക്കിയാണ് വന്ദേമാതരം സെമിനാർ ആരംഭിച്ചത്. സെമിനാർ നടക്കുന്ന ഹാളിലേയ്ക്ക് വിദ്യാർഥികളെ കയറ്റിവിടാതെ പൊലീസ് തടഞ്ഞു. ഇതോടെ വിദ്യാർഥികൾ പ്രതിഷേധം കടുപ്പിച്ചു. 'ജെ നന്ദകുമാർ ​ഗോ ബാക്ക്' വിളിച്ചായിരുന്നു പ്രതിഷേധം. ദേശീയ തലത്തിൽ തന്നെ ആർഎസ്എസ് പ്രചാരകനായ ജെ നന്ദകുമാറിനെ സർവകലാശാല സംഘടിപ്പിക്കുന്ന സെമിനാറിൽ മുഖ്യപ്രഭാഷകനായി കൊണ്ടുവരുന്നത് കാവിവല്‍ക്കരണത്തിന്റെ ഭാ​ഗമായാണെന്ന് വിദ്യാർഥികൾ പറഞ്ഞു. നന്ദകുമാർ പ്രസംഗം തുടങ്ങിയ​പ്പോൾ വലിയ കൂവലോടെ ആയിരുന്നു വിദ്യാർഥികൾ എതിരേറ്റത്.

ദേശീയഗാനമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികം ആഘോഷിക്കുന്നതിൽ തങ്ങൾക്ക് യാതൊരു എതിർപ്പുമില്ലെന്നും, എന്നാൽ അത് വർഗീയ താത്പര്യങ്ങളോടെ ആര്‍എസ്എസ് സ്പോൺസർ ചെയ്യുന്നതിലാണ് തങ്ങൾ പ്രതിഷേധിക്കുന്നതെന്നും വിദ്യാർഥി സംഘടനകൾ വ്യക്തമാക്കി. അതേസമയം, വന്ദേമാതരത്തിന്റെ ചരിത്രപ്രാധാന്യം അനുസ്മരിക്കുന്നതിനോ ദേശീയഗാനത്തിന്റെ ആദ്യ രണ്ട് ചരണത്തിൽ ഉൾപ്പെടുത്തി പരിപാടി നടത്തുന്നതിനോ എതിർപ്പില്ലെന്ന് എസ്എഫ്ഐയും വ്യക്തമാക്കിയിട്ടുണ്ട്. പരിപാടിയുടെ രണ്ടാം ദിനമായ ഒക്ടോബർ ഏഴിന് ഗവർണർ രാജേന്ദ്ര ആർലേക്കർ കാമ്പസിലെത്തും. അന്നേ ദിവസം കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി അംഗമായ കെ.പി. രാമനുണ്ണിയും സെമിനാറിൽ പങ്കെടുക്കുന്നുണ്ട്.

തുടർക്കഥയാണ് കാവിവൽക്കരണ വിവാദങ്ങൾ

ഇത് ഒറ്റപ്പെട്ട സംഭവമല്ല, മാത്രമല്ല, കേരളത്തിലെ മറ്റ് സർവകലാശാലകളിലും സമാനമായ നീക്കങ്ങൾ കണ്ടുവരുന്നുണ്ട്. നെയ്യാറ്റിൻകരയിൽ ആർഎസ്എസ് സംഘടിപ്പിച്ച ‘സങ്കൽപ് 2026’ യുവജന സംഗമത്തിൽ കേരള സർവകലാശാലയുടെ ആക്ടിങ് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ നടത്തിയ പ്രസംഗം അതിന്റെ മറ്റൊരു മുഖമാണ്. .“വന്ദേമാതരത്തെ എതിർക്കുന്നവർ സ്വന്തം അമ്മയെ അറിയാത്തവരാണ്” എന്ന പരാമർശം, ദേശീയതയുടെ പേരിൽ മതപരവും പ്രത്യയശാസ്ത്രപരവുമായ അജണ്ട അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. വിദ്യാർത്ഥി സംഘടനകൾ അതിനെതിരെ ശക്തമായി രംഗത്തുവന്നത് യാദൃശ്ചികമല്ല. ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരത്തിന്റെ പൂർണരൂപം ആലപിക്കുന്നത് സംബന്ധിച്ച് കേരളത്തിൽ രാഷ്ട്രീയ വിവാദങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ സംഭവവും ചർച്ചയായത്. എന്നാൽ തന്റെ പ്രസംഗത്തിലെ അമ്മയെക്കുറിച്ചുള്ള പരാമർശം മാതൃരാജ്യത്തെ ഉദ്ദേശിച്ചുള്ളതാണെന്ന് പിന്നീട് അദ്ദേഹം വിശദീകരിക്കുകയുണ്ടായി. ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിയന്ത്രണം, സ്വയംഭരണാവകാശം, നയപരമായ തീരുമാനങ്ങൾ എന്നിവയി​ലെ ബിജെപി നിലപാട് ഉയർത്തിപ്പിടിക്കുന്ന കേരളത്തിലെ ഗവർണറുടെ നിലപാട് നേരത്തെയും വിവാദമായിട്ടുള്ളതാണ്.

പ്രശ്നം വന്ദേ മാതരം അല്ല, സർവകലാശാലകള്‍ കാവി രാഷ്ട്രീയത്തിന്റെ  പരീക്ഷണശാലകളായി മാറ്റപ്പെടുന്നതാണ്
ജനാധിപത്യത്തെ പരിഹസിക്കുന്ന കൂറുമാറ്റരാഷ്ട്രീയം; തെരഞ്ഞെടുപ്പു കഴിഞ്ഞാൽ വിലപേശാനുള്ള ചര​ക്കാണോ ജനവിധി?

സ്വാതന്ത്ര്യ സമര ചരിത്രം തിരുത്തണോ?

സ്വാതന്ത്ര്യ സമര ചരിത്രം തിരുത്തണമെന്നാണ് ദേശീയ സെമിനാറിൽ ആർഎസ്എസ് നേതാവ് ജെ. നന്ദകുമാർ പ്രസ്താവിച്ചത്. 1905 മുതൽ 1911 വരെ നടന്ന സ്വദേശി പ്രസ്ഥാനത്തിന് ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെയോ നേതാവിന്റെയോ നേതൃത്വമില്ലായിരുന്നിട്ടും, വന്ദേ മാതരം എന്ന മന്ത്രം ഭാരതത്തെ മുഴുവൻ ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ പ്രചോദിപ്പിച്ചതായി നന്ദകുമാർ അഭിപ്രായപ്പെട്ടു. എന്നാൽ ഇപ്പോൾ ഉയരുന്ന ചോദ്യം അതല്ല. വന്ദേ മാതരവും ആർഎസ്എസും തമ്മിൽ എന്ത് ബന്ധം എന്ന് കോൺഗ്രസ്, ചരിത്രം ചൂണ്ടിക്കാട്ടി ചോദിക്കുമ്പോൾ അവഗണിക്കാനാവില്ല. 1896-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൽക്കട്ട സമ്മേളനത്തിലാണ് വന്ദേമാതരം ആദ്യമായി ആലപിച്ചത്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ആയിരക്കണക്കിന് ദേശസ്നേഹികൾ ഈ ഗാനം പാടി ജയിലിലടയ്ക്കപ്പെടുകയും തൂക്കിലേറ്റപ്പെടുകയും ചെയ്തു. 1937-ലാണ് രവീന്ദ്രനാഥ ടാഗോറിന്റെ ഉപദേശപ്രകാരം അതിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ദേശീയ ഗാനമായി സ്വീകരിച്ചത്. എല്ലാ മതസമൂഹങ്ങളെയും ഉൾക്കൊള്ളാനുള്ള ശ്രമമായിരുന്നു അത്.

എന്നാൽ സ്വാതന്ത്ര്യസമരകാലത്ത് ആർഎസ്എസ് തങ്ങളുടെ ഔദ്യോഗിക ഗാനമോ പ്രാർത്ഥന​യോ ആയി വന്ദേമാതരത്തെ സ്വീകരിച്ചിട്ടില്ല. ശാഖകളിൽ പതിവായി ആലപിച്ചിരുന്നതും “നമസ്തേ സദാ വത്സലേ മാതൃഭൂമേ” എന്ന പ്രാർത്ഥനയായിരുന്നു. കോൺഗ്രസ് പോലുള്ള സംഘടനകൾ വന്ദേമാതരത്തെ ബ്രിട്ടീഷുകാർക്കെതിരെയുള്ള പ്രക്ഷോഭത്തിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന കാലത്ത്, ആർഎസ്എസ് അതിനെ തങ്ങളുടെ പ്രധാന ഗാനമായി സ്വീകരിച്ചില്ല എന്ന ആരോപണം കോൺഗ്രസ് നേതാക്കൾ ഇപ്പോഴും ഉയർത്തുന്നുണ്ട്. അതേസമയം സ്വാതന്ത്ര്യ സമര കാലഘട്ടം മുതലേ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രധാന ദേശീയ പ്രതീകങ്ങളിലൊന്നായി വന്ദേമാതരത്തെ കണ്ടിരുന്നു എന്ന് ആർഎസ്എസ് അവകാശപ്പെടുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം വന്ദേ മാതരത്തിന്റെ ആറ് ചരണങ്ങളും പൂർണമായി ആലപിക്കണം എന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ കേരളത്തിലെ കലാലയങ്ങളിലും പ്രതിഫലിച്ചിട്ടുണ്ട്.

നിഷ്പക്ഷതയെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നു

ദേശീയ ഗാനങ്ങളെയും ദേശീയതയെയും മുൻനിർത്തി ആർഎസ്എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്വാധീനം ചെലുത്താൻ ശ്രമിക്കുന്നുവെന്ന് ഒരു വിഭാഗം ആരോപിക്കുമ്പോൾ, ഇത്തരം പരിപാടികൾ ദേശസ്‌നേഹവും സാംസ്‌കാരിക പൈതൃകവും വളർത്താനാണെന്നാണ് ആർഎസ്എസ് അനുകൂലികളുടെ നിലപാട്. പ്രത്യേക ആശയധാരകളുമായി ബന്ധമുള്ള സംഘടനകളും വ്യക്തികളും കേന്ദ്ര സർവകലാശാലയുടെ പരിപാടിയിൽ പങ്കാളികളാകുന്നത് പരിപാടിയുടെ സ്ഥാപനപരമായ നിഷ്പക്ഷതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നതാണ്. കേരള കേന്ദ്ര സർവകലാശാലയിലെ വന്ദേമാതരം സെമിനാർ വിവാദം മുതൽ കാലിക്കറ്റ്, കണ്ണൂർ, കേരള സർവകലാശാലകളിൽ ഗവർണർമാരുടെ ഇടപെടലുകൾക്കെതിരെ നടന്ന സമരങ്ങൾ വരെ വിരൽ ചൂണ്ടുന്നത് ഉന്നതവിദ്യാഭ്യാസ മേഖലയുടെ സ്വയംഭരണാവകാശം കാത്തുസൂക്ഷിക്കേണ്ടതിന്റെ അനിവാര്യതയിലേക്ക് കൂടിയാണ്.

News Malayalam 24x7
newsmalayalam.com