

ഇന്ത്യയുടെ ഗ്രാമവികസന ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ല് എന്ന് വിശേഷിപ്പിച്ചാണ് കേന്ദ്ര ഗവണ്മെന്റ് വി.ബി.ജി. റാം ജി എന്ന് അറിയപ്പെടുന്ന 'വികസിത് ഭാരത്- ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍' സംസ്ഥാനത്ത് നടപ്പിലാക്കിത്തുടങ്ങിയിരിക്കുന്നത്. രണ്ട് പതിറ്റാണ്ടോളമായി രാജ്യത്തെ ഗ്രാമീണ മേഖലയില്‍ നടപ്പാക്കിവന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പുതിയ പദ്ധതി വരുന്നതോടെ വിസ്മൃതിയിലായിക്കഴിഞ്ഞു. 125 ദിവസങ്ങളാണ് പുതിയ പദ്ധതിയില്‍ കേന്ദ്രം ഉറപ്പു പറയുന്ന തൊഴില്‍ ദിനങ്ങള്‍. കേരളത്തിലെ തൊഴിലുറപ്പ് കൂലി നിരക്ക് 401 രൂപയാക്കി പുതുക്കിയിട്ടുമുണ്ട്. 40% സംസ്ഥാന വിഹിതം, തൊഴില്‍ ദിനങ്ങളിലെ അനിശ്ചിതത്വം, 60 തൊഴിലില്ലാ ദിനങ്ങള്‍ തുടങ്ങിയ നിരവധി വിഷയങ്ങളില്‍ ഒട്ടനവധി ആശങ്കളുമായാണ് പദ്ധതി തുടങ്ങിയിട്ടുള്ളത്.
'തൊഴിലില്‍ ഉറപ്പുണ്ടാകുമോ'?
ഒന്നാം യു.പി.എ സര്‍ക്കാര്‍ 2004 ആഗസ്റ്റ് 23നാണ് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സമഗ്ര നിയമനിര്‍മാണമായ 'തൊഴിലുറപ്പ്' പാര്‍ലമെന്റില്‍ ഐകകണ്‌ഠ്യേന പാസാക്കിയത്. അവിദഗ്ധ കായിക തൊഴില്‍ ചെയ്യാന്‍ സന്നദ്ധതയുള്ള ഗ്രാമീണ കുടുംബങ്ങള്‍ക്ക് ഒരു സാമ്പത്തിക വര്‍ഷം 100 തൊഴില്‍ ദിനങ്ങള്‍ അനുവദിക്കുന്ന പദ്ധതിയായിരുന്നു മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. വളരെ പെട്ടെന്ന് കോടിക്കണക്കിന് ഗ്രാമീണ കുടുബങ്ങള്‍ക്ക് ഇത് പ്രധാനവരുമാനമാര്‍ഗമായി മാറി. സ്ത്രീകള്‍ക്കും പാര്‍ശ്വവല്‍കരിക്കപ്പെട്ട ദലിത് വിഭാഗങ്ങള്‍ക്കും പദ്ധതി വലിയ തുണയായി. കേരളത്തിനുള്ള തൊഴിലുറപ്പ് വിഹിതത്തില്‍ കടുംവെട്ടാണ് കേന്ദ്രം കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ നടത്തിയത്. അതിന്റെ ക്ഷീണം വിട്ടുമാറും മുമ്പേ, ഇപ്പോഴിതാ തൊഴിലുറപ്പ് പദ്ധതി പൂര്‍ണമായും ഒഴിവാക്കി, പകരം വി ബി ജി റാം ജി എന്ന പുതിയ പദ്ധതി കേന്ദ്രം കൊണ്ടുവന്നുകഴിഞ്ഞു. ജൂലൈ ഒന്ന് മുതലാണ് പദ്ധതി നടപ്പാക്കിത്തുടങ്ങിയത്.
പദ്ധതിയില്‍ 10.99 കോടി സജീവ തൊഴിലാളികള്‍
'വിബി - ജി റാം ജി പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ തത്സമയ കണക്കുകള്‍ പ്രകാരം, രാജ്യത്തുടനീളം 10.99 കോടി സജീവ തൊഴിലാളികളാണ് നിലവില്‍ ഈ പദ്ധതിയുടെ ഭാഗമായിട്ടുള്ളത്. പദ്ധതിയുടെ പ്രവര്‍ത്തനമികവിലൂടെ രാജ്യത്താകെ 9.11 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 75 ലക്ഷം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം നേരിട്ട് ലഭിച്ചതായും മന്ത്രാലയത്തിന്റെ തത്സമയ പോര്‍ട്ടല്‍ വ്യക്തമാക്കുന്നു. ദേശീയ മൊബൈല്‍ മോണിറ്ററിങ് സംവിധാനം വഴിയുള്ള കണക്കുകള്‍ പ്രകാരം, രാജ്യത്തെ 14,423 തൊഴിലിടങ്ങളിലായി 1,45,867 തൊഴിലാളികളാണ് ഒരേസമയം ജോലി ചെയ്യുന്നത്. പദ്ധതിയുടെ തുടക്ക ദിനങ്ങളില്‍ തന്നെ സംസ്ഥാനത്ത് ഏകദേശം 70,000 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ കേരളത്തിന് സാധിച്ചിട്ടുണ്ട്.
വേതന വര്‍ധനവിലെ അസമത്വം
2026 ജൂലൈ 1-ന് നിലവില്‍ വന്ന 'വികസിത് ഭാരത് - ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് ആജീവീക മിഷന്‍ പ്രകാരം തൊഴിലുറപ്പ് പദ്ധതിയുടെ സ്വഭാവം പാടെ മാറിയിരിക്കുന്നു. പുതിയ ശമ്പള പരിഷ്‌കരണത്തില്‍ ഉത്തരേന്ത്യന്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാര്‍, ഝാര്‍ഖണ്ഡ്, അസം, ത്രിപുര, സിക്കിം, പശ്ചിമ ബംഗാള്‍ എന്നിവയ്ക്ക് 15 ശതമാനത്തിലധികം വേതന വര്‍ദ്ധനവ് ലഭിച്ചിട്ടുണ്ട്. എന്നാല്‍ രാജ്യത്ത് ഏറ്റവും ഉയര്‍ന്ന വേതന നിരക്കുള്ള ഹരിയാനയില്‍ ഇത്തവണ വെറും 2.25 ശതമാനത്തിന്റെ ഏറ്റവും കുറഞ്ഞ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. 409 രൂപയാണ് നിലവില്‍ ഹരിയാനയിലെ വേതന നിരക്ക്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലും വേതന വര്‍ദ്ധനവ് മൂന്ന് ശതമാനമോ അതില്‍ താഴെയോ ആയി ഒതുങ്ങി. പുതുക്കിയ നിരക്കനുസരിച്ച് കേരളത്തില്‍ പ്രതിദിന വേതനം 401 രൂപയാണ്. തമിഴ്‌നാട്ടില്‍ 345 രൂപയും, ആന്ധ്രയില്‍ 312 രൂപയും, തെലങ്കാനയില്‍ 308 രൂപയുമാണ് പുതിയ നിരക്ക്.
കേരളത്തെ എങ്ങനെയെല്ലാം ബാധിക്കും
വി ബി ജി റാം ജിയുടെ മാനദണ്ഡങ്ങള്‍ കേരളത്തിന് വലിയ സാമ്പത്തിക വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. മുന്‍പ് തൊഴിലാളികളുടെ കൂലി മുഴുവനായും കേന്ദ്രം തന്നിരുന്ന സ്ഥാനത്ത്, പുതിയ 60:40 അനുപാതം വരുന്നതോടെ കേരളത്തിലെ തൊഴിലുറപ്പ് ചിലവിന്റെ 40 ശതമാനം സംസ്ഥാന സര്‍ക്കാറിന്റെ ചുമലിലാകും. അതായത് നടപ്പു സാമ്പത്തിക വര്‍ഷം ഏകദേശം 2,090.96 കോടി രൂപ കേരളത്തിന് വി.ബി- ജി.റാം.ജി യ്ക്കായി കണ്ടെത്തേണ്ടി വരും. ഇത് നിലവില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് വലിയ തിരിച്ചടിയാണ്. പുതിയ പദ്ധതി പ്രകാരം തൊഴില്‍ ദിനങ്ങള്‍ 100-ല്‍ നിന്നും 125 ദിവസമായതും, പ്രതിദിന വേതനത്തിലെ നേരിയ വര്‍ധനവും മാത്രമാണ് ജനങ്ങള്‍ക്ക് ആശ്വാസകരമായ മാറ്റങ്ങളായി പറയാനാവുക. പദ്ധതിയുടെ പൂര്‍ണ്ണമായ പ്രത്യാഘാതങ്ങള്‍ വരും മാസങ്ങളിലേ വ്യക്തമാകൂ.
ഒഴിവാക്കിയ പ്രവൃത്തികള്‍ തിരിച്ചടിയായേക്കും
കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ 318 ഇനം പ്രവൃത്തികളുടെ പുതിയ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട പലതും അവിദഗ്ധ തൊഴില്‍ നല്‍കാന്‍ കഴിയുന്നവയാണ്. മാത്രമല്ല, വിതയ്ക്കല്‍, കൊയ്ത്ത് തുടങ്ങിയ പ്രധാന കാര്‍ഷിക സീസണുകളില്‍ 60 ദിവസം വരെ പദ്ധതി നിര്‍ത്തിവെക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ടെന്നതാണ് കേരളത്തെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊരു നിര്‍ദേശം. കേരളത്തിലെ കൃഷികള്‍ പൊതുവെ 'സീസണല്‍' എന്നതിലുപരി വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്നതാണ്. അവര്‍ക്ക് കാര്‍ഷിക സീസണില്‍ മാത്രം ജോലി കിട്ടുമെന്ന് ഒരുറപ്പുമില്ല. ഗ്രാമീണ മേഖലയിലെ സാധാരണക്കാരുടെ ഉപജീവനത്തില്‍ ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. വി ബി ജി റാംജി പദ്ധതിയില്‍ തൊഴിലാളികളുടെ വേതനം തടയുന്നതിനും വ്യവസ്ഥകളില്‍ ദുരുപയോഗത്തിനുമുള്ള സാധ്യതകളും നിരവധിയാണ്. പദ്ധതി നിര്‍വഹണത്തെ സംബന്ധിക്കുന്ന പരാതികളില്‍ പ്രാഥമികമായി വീഴ്ചകള്‍ കണ്ടെത്തിയാല്‍ പോലും ഫണ്ട് തടയാമെന്നതാണ് അതിലെ ഒരു വ്യവസ്ഥ. പ്രാഥമിക വീഴ്ച എന്നത് നിര്‍വചിച്ചിട്ടില്ലാത്തതിനാല്‍ ഈ വ്യവസ്ഥ എങ്ങനെ ഉപയോഗിക്കപ്പെടുമെന്നതും ആശങ്കയാണ്. നിലവില്‍ സംസ്ഥാന തലത്തില്‍ തൊഴിലുറപ്പ് കൗണ്‍സിലാണ് പദ്ധതി ഏകോപിപ്പിക്കുന്നത്. എന്നാല്‍, പുതിയ നിയമത്തില്‍ ഈ കൗണ്‍സിലിന് മുകളില്‍ സ്റ്റേറ്റ് ലെവല്‍ സ്റ്റിയറിങ് കമ്മിറ്റി വരും. മാത്രമല്ല, ഈ കമ്മിറ്റിയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി കൂടി ഉണ്ടാകുമെന്നാണ് വി.ബി ജി റാം ജി പദ്ധതിയുടെ നിയമാവലിയിലുള്ളത്.
തൊഴിലുറപ്പ് വേണം; സംസ്ഥാനത്തിന് താങ്ങും
തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിലാളികള്‍ ആവശ്യപ്പെട്ടാല്‍ തൊഴില്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനായിരുന്നു ബാധ്യസ്ഥത. ഈ വ്യവസ്ഥ പൂര്‍ണമായും ഇല്ലാതാക്കി. അതേസമയം തൊഴില്‍ ആവശ്യപ്പെട്ട് 15 ദിവസത്തിനകം നല്‍കിയില്ലെങ്കില്‍ തൊഴിലില്ലായ്മ വേതനം നല്‍കണമെന്ന വ്യവസ്ഥ വിബി ജി റാം ജി യിലുണ്ട്. മാത്രമല്ല, വേതനം വൈകുന്നതിന് നഷ്ടപരിഹാരവുമുണ്ട്. എന്നാല്‍, ഇനി മുതല്‍ ഇവ പൂര്‍ണമായും സംസ്ഥാനം നല്‍കണമെന്നാണ് പുതിയ വ്യവസ്ഥ. ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനുണ്ടായിരുന്ന പൂര്‍ണ്ണ ബാധ്യതയില്‍ നിന്നുള്ള പിന്മാറ്റമായാണ് വിബി ജി റാം ജി മാറുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനും നൈപുണ്യ വികസനത്തിനും പുതിയ പദ്ധതി ഊന്നല്‍ നല്‍കുമ്പോഴും, ഗ്രാമീണ ദരിദ്രരുടെ ജീവനോപാധി എന്ന നിലയിലുള്ള പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം ദുര്‍ബലപ്പെടുന്നുണ്ടോ എന്ന ആശങ്ക ഉയരുന്നു. സംസ്ഥാനങ്ങളുടെ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് ഫണ്ട് നല്‍കി, വ്യവസ്ഥകളില്‍ ഇളവുകള്‍ അനുവദിച്ചില്ലെങ്കില്‍, കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരുടെ 'തൊഴിലിലെ ഉറപ്പ്' കേവലം കടലാസിലൊതുങ്ങും...