

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് വിമതര്‍ നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി എന്ന എന്‍സിപിഐയില്‍ ലയിക്കാന്‍ നീക്കം നടത്തുകയാണ്. സഭയില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് പിന്തുണ നല്‍കുമെന്ന് വിമത വിഭാഗത്തിന് നേതൃത്വം നല്‍കുന്ന കകോളി ഘോഷ് ദസ്തിദാര്‍ പറയുന്നു. ലോക്സഭയില്‍ തൃണമൂലിന്റെ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് വിമതര്‍ ആദ്യം ആലോചിച്ചതെങ്കിലും നിയമപ്രശ്നങ്ങള്‍ കണക്കിലെടുത്താണ് എന്‍സിപിഐയുമായുള്ള ലയന നീക്കത്തിന് വിമതര്‍ ഒരുങ്ങുന്നത്. ഇന്ത്യന്‍ ജനാധിപത്യം ഒരു 'കോമാളി നാടകമായി' മാറി എന്നാണ് മുതിര്‍ന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ കപില്‍ സിബലിന്റെ വിമത തൃണമൂല്‍ ജനപ്രതിനിധികളുടെ കൂറുമാറ്റം സംബന്ധിച്ചുള്ള പ്രതികരണം. ജനപ്രതിനിധികള്‍ക്ക് നിയമപരമായി സ്വന്തം നിലയില്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ലയിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയ സിബല്‍, വിമതരെ അടിയന്തരമായി അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യന്‍ ജനാധിപത്യം ഒരു കോമാളി നാടകമോ?
ഇന്ത്യന്‍ ജനാധിപത്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും സംഭീതമായ വഴിത്തിരിവുകളിലൂടെയാണ് കടന്നുപോകുന്നത്. അധികാര രാഷ്ട്രീയ മത്സരം ജനാധിപത്യത്തില്‍ സ്വാഭാവികമാണെങ്കിലും, വ്യവസ്ഥയുടെ അടിസ്ഥാന മൂല്യങ്ങള്‍ വെല്ലുവിളിക്കപ്പെടുന്ന സാഹചര്യം ഇപ്പോള്‍ ഉരുത്തിരിയുന്നത് നാം കാണുന്നുണ്ട്. രാഷ്ട്രീയ ധാര്‍മ്മികതയ്ക്ക് പകരം അധികാരക്കൊതിയും പണ സ്വാധീനവും ഇന്ത്യന്‍ ജനാധിപത്യത്തെ എത്രത്തോളം ഗ്രസിച്ചിരിക്കുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ബംഗാളിലെ വിമതരുടെ അനുഭവങ്ങള്‍ നല്‍കുന്നത്. രണ്ടു മണിക്കൂര്‍ കൊണ്ട് ആരെയും ബിജെപിയിലെത്തിക്കാനാകും എന്ന ആന്ധ്രാപ്രദേശിലെ പാര്‍ട്ടി നേതാവും എം.പിയുമായ സി.എം രമേശിന്റെ പ്രസ്താവന സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളുമായി കൂട്ടിവായിക്കാനാവുന്നതാണ്. തൃണമൂല്‍ എംപിമാരെ അടര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചയാളാണ് സി.എം. രമേശ്. അധികാര ലഹരിയും വാരിക്കൂട്ടിയ സമ്പത്തിന്റെ ആളഹന്തയും ആ പ്രസ്താവന വെളിവാക്കുന്നുണ്ട്. 2014 ല്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതുമുതല്‍ തെരഞ്ഞെടുപ്പുകളുടെ ജനവിധിയെ ബിജെപി, പണ സ്വാധീനത്താല്‍ തിരുത്തുന്നത് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കിയും എംഎല്‍എമാരെ വിലക്ക് വാങ്ങിയുമാണ്. ഇ.ഡി പോലുള്ള അന്വേഷണ ഏജന്‍സികളെയും തെരഞ്ഞെടുപ്പ് കമ്മീഷനെ വരെയും അവര്‍ ചട്ടുകമാക്കുന്നു. ഇതിന് പുറമെയാണ് എസ്‌ഐആറിലൂടെയും ഇവിഎമ്മിലൂടെയും ജനവിധിയെ അട്ടിമറിച്ചു എന്ന ആരോപണം ഉയര്‍ന്നത്.
ബംഗാളില്‍ തൃണമൂല്‍ ശുഷ്‌കമാകുന്നു
തൃണമൂലിന്റെ 28 ലോക്സഭാ എംപിമാരില്‍ 20 പേരാണ് നിലവില്‍ വിമത ചേരിയിലുള്ളത്. എന്നാല്‍ രണ്ട് എംപിമാര്‍ കൂടിയെത്തുമെന്ന് വിമതര്‍ അവകാശപ്പെടുന്നുണ്ട്. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത നേരിടാതിരിക്കാനാണ് ഇവര്‍ എന്‍സിപിഐയില്‍ ലയിക്കാന്‍ തീരുമാനിച്ചത്. നിയമപ്രകാരം മൂന്നില്‍ രണ്ട് ഭൂരിപക്ഷം എംപിമാര്‍ മറ്റൊരു പാര്‍ട്ടിയില്‍ ലയിച്ചാല്‍ അവര്‍ക്ക് അയോഗ്യത നേരിടേണ്ടി വരില്ല. അതേസമയം ഒരു നിയമസഭാ കക്ഷിയിലെ വിമതര്‍ക്ക് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ലയിക്കാന്‍ കഴിയില്ലെന്നും ഇവരെ അയോഗ്യരാക്കണമെന്നും കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്. മമതയുടെ വിശ്വസ്തനും മുതിര്‍ന്ന എം.പിയുമായ സുദീപ് ബന്ദോപാദ്ധ്യായയും വിമതര്‍ക്കൊപ്പമാണ്. ലോക്‌സഭയ്ക്ക് പുറമെ പശ്ചിമ ബംഗാള്‍ നിയമസഭയിലും തൃണമൂലിന് സമാനമായ തിരിച്ചടി നേരിട്ടിരുന്നു. ആകെയുള്ള 80 എംഎല്‍എമാരില്‍ 60 പേരും പാര്‍ട്ടി നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് പുറത്താക്കപ്പെട്ട നേതാവായ റിതബ്രത ബാനര്‍ജിക്ക് പിന്തുണ പ്രഖ്യാപിക്കുകയും, അദ്ദേഹത്തെ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തു.
എന്‍സിപിഐയെ അറിയാമോ?
പശ്ചിമ ബംഗാളില്‍ വന്‍ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ച തൃണമൂല്‍ കോണ്‍ഗ്രസിലെ 20 വിമത എം.പിമാര്‍ ചേര്‍ന്ന നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ ഏതാണ് എന്ന അന്വേഷണത്തിലാണ് എല്ലാവരും. അസം, ത്രിപുര, ബംഗാള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സാന്നിദ്ധ്യമുള്ള പാര്‍ട്ടിയാണ് എന്‍സിപിഐ. 2023 ലെ ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കിലും യാതൊരു ചലനവും ഉണ്ടാക്കാനായില്ല. 2023 ജനുവരിയില്‍ ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് മുമ്പാണ് എന്‍സിപിഐ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തത്. പശ്ചിമ ബംഗാള്‍ കേന്ദ്രമായാണ് രജിസ്റ്റര്‍ ചെയ്തതെങ്കിലും പാര്‍ട്ടി ആദ്യമായി ജനവിധി തേടാന്‍ തെരഞ്ഞെടുത്തത് ത്രിപുരയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകള്‍ പ്രകാരം പാര്‍ട്ടിയുടെ ആകെ സംഭാവന വെറും 1.13 ലക്ഷം രൂപ മാത്രമാണ്. പാര്‍ട്ടിയുടെ രജിസ്റ്റര്‍ ചെയ്ത വിലാസം ബംഗാളിലെ ഹൗറ ജില്ലയിലുള്ള ബാനിപൂര്‍ പ്രദേശത്താണ്.ഉത്തിയ കുണ്ഡു പ്രസിഡന്റും ഭാര്യ ശേവ്‌ലി കുണ്ഡു പാര്‍ട്ടിയുടെ ട്രഷററുമാണ്. ശേവ്‌ലി ഇതേ വിലാസത്തില്‍ തന്നെയുള്ള ബിശ്വബസാര്‍ പ്രൈവറ്റ് ലിമിറ്റഡ്, പശ്ചിമ ബംഗാ അസംഗതിത മഹിളാ കര്‍മി അസോസിയേഷന്‍ എന്നീ സംഘടനകളുടെ ഡയറക്ടര്‍ കൂടിയാണ്. കൂടാതെ, പാര്‍ട്ടിയുടെ പ്രസിഡന്റായ ഉത്തിയ കുണ്ഡു, പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവായിരിക്കേ സുവേന്ദു അധികാരിക്കൊപ്പമുള്ള ചിത്രം മുമ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചത് ഇപ്പോള്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയാണ്.
തെരഞ്ഞെടുപ്പിന് ശേഷം ഓഫിസ് പൂട്ടി ബംഗാളിലേക്ക് മടങ്ങി
'നിങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍, രാഷ്ട്രീയ കൂറുമാറ്റക്കാരെ നിരസിക്കുക' എന്നതാണ് എന്‍.സി.പി.ഐയുടെ മുദ്രാവാക്യം എന്നതാണ് രസകരം. ഈ പാര്‍ട്ടിയിലേക്കാണ് ഇപ്പോള്‍ ലോക്‌സഭയിലെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാരുടെ മൂന്നില്‍ രണ്ട് ഭാഗത്തോളം വരുന്ന വലിയൊരു വിഭാഗം വിമതര്‍ കൂട്ടത്തോടെ ചേക്കേറുന്നത്.ത്രിപുര ട്രൈബല്‍ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്റ്റ് കൗണ്‍സില്‍ മേഖലയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഗോത്രവര്‍ഗ്ഗ സമൂഹങ്ങളെ പ്രതിനിധീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാര്‍ട്ടി രൂപീകരിച്ചതെന്ന് എന്‍സിപിഐ നേതാവ് ശന്തനു ഡേ വ്യക്തമാക്കുന്നു. എന്നാല്‍ 2023ല്‍ ത്രിപുരയില്‍ മത്സരിച്ച പാര്‍ട്ടിയുടെ പ്രകടനം അതീവ ദയനീയമായിരുന്നു. ഏഴ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചെങ്കിലും നാല് പേരുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിപ്പോയി. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച ചൗമാനുവില്‍ 536 വോട്ടും, കൈലാസഹറില്‍ 286 വോട്ടും ഉള്‍പ്പെടെ ആകെ 822 വോട്ടുകള്‍ മാത്രമാണ് പാര്‍ട്ടിക്ക് ലഭിച്ചത്. അംബാസയില്‍ പാര്‍ട്ടി പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച കൃഷ്ണകുമാര്‍ ദേബ്ബര്‍മ്മക്ക് 376 വോട്ടുകളും ലഭിച്ചു. തെരഞ്ഞെടുപ്പിന് ശേഷം നേതാക്കള്‍ ഓഫിസ് പൂട്ടി ബംഗാളിലേക്ക് മടങ്ങിയെന്നും പിന്നീട് തങ്ങളുമായി ഒരു ബന്ധവും പുലര്‍ത്തിയില്ലെന്നും ത്രിപുരയിലെ മുന്‍ സ്ഥാനാര്‍ഥികളായ ജഹാംഗീര്‍ അലി, ബര്‍ജേദ ത്രിപുര എന്നിവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. ഈ ലയനം കേവലം ഒരു താല്‍കാലിക നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. യഥാര്‍ത്ഥ ത്രിണമൂല്‍ കോണ്‍ഗ്രസ് തങ്ങളാണെന്നും, ഭാവിയില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പേരും ചിഹ്നവും തങ്ങള്‍ക്ക് ലഭിക്കുമെന്നും ഇവര്‍ അവകാശപ്പെടുന്നു. ഇതിനായി കോടതിയെ സമീപിക്കാനാണ് വിമതരുടെ തീരുമാനം.
ജനാധിപത്യം മരിക്കുന്നത് ഒരൊറ്റ ദിവസത്തിലല്ല
ജനാധിപത്യം എന്നത് കേവലം തിരഞ്ഞെടുപ്പുകളിലൂടെ അധികാരം പിടിച്ചെടുക്കാനുള്ള ഒരു സംവിധാനം മാത്രമല്ല, മറിച്ച് ജനങ്ങളുടെ വിശ്വാസവും ഭരണഘടനാപരമായ ധാര്‍മ്മികതയും കാത്തുസൂക്ഷിക്കേണ്ട അതിപ്രധാനമായ ഒരു വ്യവസ്ഥിതിയാണ്. എന്നാല്‍, പണസ്വാധീനവും അധികാരക്കൊതിയും ഉപയോഗിച്ച് ജനവിധിയെ അട്ടിമറിക്കുന്ന ഇന്നത്തെ പ്രവണതകള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറയെത്തന്നെയാണ് ദുര്‍ബലപ്പെടുത്തുന്നത്.
കൂറുമാറ്റങ്ങളും പാര്‍ട്ടി പിളര്‍പ്പുകളും രാഷ്ട്രീയ കച്ചവടങ്ങളും ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പതിവ് കാഴ്ചകളായി മാറി. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട രാഷ്ട്രീയ ലക്ഷ്യങ്ങള്‍ പിന്നാമ്പുറ ഇടപാടുകളിലൂടെ നേടിയെടുക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യ വിജയമല്ല, മറിച്ച് ജനവിധിയോടുള്ള അനാദരവാണ്.ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുകയും ജനവിധി വിശുദ്ധമായി കണക്കാക്കപ്പെടുകയും ചെയ്യുന്നിടത്തോളം ഇന്ത്യന്‍ ജനാധിപത്യത്തിന് പ്രതീക്ഷയുണ്ട്. അതിന് രാഷ്ട്രീയ പാര്‍ട്ടികളും ഭരണഘടനാ സ്ഥാപനങ്ങളും ജനങ്ങളും ഒരുപോലെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.കാരണം ജനാധിപത്യം മരിക്കുന്നത് ഒരൊറ്റ ദിവസത്തിലല്ല, അതിന്റെ മൂല്യങ്ങള്‍ ഓരോന്നായി നഷ്ടപ്പെടുമ്പോഴാണ്. അധികാരക്കൊതിയുടെ ഈ 'കോമാളിനാടകങ്ങള്‍ക്ക്' മുന്നില്‍ ജനം വെറും കാഴ്ചക്കാരായി ഒതുങ്ങുമ്പോഴാണ്. ജനം അത് തിരിച്ചറിയുക തന്നെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.