

പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഏഴാമത് പരിസ്ഥിതിലോല മേഖലാ അഥവാ ഇഎസ്എ കരട് വിജ്ഞാപനത്തിന്മേൽ പരാതികളും ഭേദഗതി നിർദേശങ്ങളും സമർപ്പിക്കാനുള്ള സമയപരിധി കഴിഞ്ഞിരിക്കുന്നു. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും തോട്ടങ്ങളെയും പൂർണമായി ഒഴിവാക്കി, ഇഎസ്എ പരിധി വനമേഖലയിൽ മാത്രമായി ചുരുക്കണമെന്ന നിർദേശങ്ങളോടെയുള്ള റിപ്പോർട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്. കരട് രേഖയിലെ 131 വില്ലേജുകൾ 98 ആയി കുറയ്ക്കണമെന്നും ഇടുക്കിയിലെ 28 വില്ലേജുകൾ ഉൾപ്പെടെ 33 വില്ലേജുകളെ പട്ടികയിൽ നിന്ന് പൂർണമായി ഒഴിവാക്കണമെന്നും കേരളം ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ നിർദേശങ്ങൾ സമർപ്പിച്ചെങ്കിലും കേന്ദ്രത്തിന്റെ നിലപാടിൽ വ്യക്തത വരാത്തതിനാൽ മലയോര ജനതയെ കടുത്ത ഭീതിയിലാണ്. കേരളത്തിന്റെ നിർദേശങ്ങൾ കേന്ദ്രം പരിഗണിക്കുന്നതിനെയും തുടർന്നുണ്ടാകുന്ന വിജ്ഞാപന നടപടികളെയും ആശ്രയിച്ചായിരിക്കും അന്തിമ അതിർത്തികൾ തീരുമാനിക്കപ്പെടുക.
അന്തിമ പരിസ്ഥിതി രേഖയിൽ കേന്ദ്രം കനിയുമോ?
ജൂലൈ 27ന് പുറത്തിറക്കിയ കരട് കേന്ദ്ര വിജ്ഞാപനത്തിൽ ഇഎസ്എ ആയി നിശ്ചയിച്ച കേരളത്തിലെ 9993.7 ചതുരശ്ര കിലോമീറ്റർ ഭൂമിയിൽ, 9107 ചതുരശ്ര കിലോമീറ്റർ സ്വാഭാവിക വന ഭൂപ്രകൃതിയും 886.7 ചതുരശ്ര കിലോമീറ്റർ ജനവാസ മേഖലകൾ ഉൾപ്പെടുന്ന സാസ്കാരിക ഭൂപ്രകൃതിയുമാണ്. ഇഎസ്എ പരിധി 98 വില്ലേജുകളിലെ 8590.69 ചതുരശ്ര കിലോമീറ്ററായി കുറയ്ക്കണമെന്നാണ് സംസ്ഥാന സർക്കാർ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ഉയർന്ന മലയോരങ്ങളിൽ ജീവിക്കുന്ന ജനങ്ങളെ ഇഎസ്എ നിയന്ത്രണങ്ങൾ എങ്ങനെ ബാധിക്കുമെന്നതാണ് പ്രധാന തർക്കവിഷയവും ആശങ്കയുമായി ഉയർന്നിട്ടുള്ളത്.
ഇഎസ്എയിൽ ഉൾപ്പെട്ട പല പ്രദേശങ്ങളിലും ദീർഘകാലമായി ജനവാസവും കാർഷിക പ്രവർത്തനങ്ങളും വീടുകളുമുണ്ട്. ഉദാഹരണത്തിന് ഇടുക്കിയിൽ, പതിറ്റാണ്ടുകളായി ഏലത്തോട്ട മേഖലകളിൽ ആളുകൾ താമസിച്ചുവരുന്നുണ്ട്. തലമുറകളായി അവിടെ ജീവിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്ന ജനങ്ങൾക്ക് പുതിയ പരിസ്ഥിതി നിയന്ത്രണങ്ങൾ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് കേരളം ചൂണ്ടിക്കാണിക്കുന്നു. ജനവാസ, കൃഷി മേഖലകളെ പൂർണമായും ഒഴിവാക്കിയാണ് പുതിയ റിപ്പോർട്ട് തയ്യാറാക്കിയത്. മുൻ സർക്കാരിന്റെ കാലത്ത് സമർപ്പിച്ച നിർദേശങ്ങളിലെ അവ്യക്തത നീക്കാനുള്ള കേഡസ്ട്രൽ ഭൂപടവും പ്രദേശങ്ങളെ സംബന്ധിച്ച ഷേപ്പ് ഫയലും ഇതിൻ്റെ ഭാഗമായി നൽകിയിട്ടുണ്ട്. മുൻപ് സമർപ്പിച്ച റിപ്പോർട്ടിൽ ഭൂമിശാസ്ത്രപരമായി തുടർച്ചയില്ലെന്ന് കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതി ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനെതിരായുള്ള വാദമുഖങ്ങളും പുതിയ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏലമലക്കാടുകൾ, തോട്ടഭൂമി, ജനവാസപ്രദേശങ്ങൾ ഉൾപ്പെടുന്ന പട്ടയഭൂമി, തണ്ണീർത്തടങ്ങൾ എന്നിവയാണ് ഇഎസ്എ പരിധിയിൽനിന്ന് ഒഴിവാക്കിയത്. ഈ പ്രദേശങ്ങളിലെ ഭൂമിയുടെ ഉപയോഗം നിയന്ത്രിക്കാൻ സംസ്ഥാനത്ത് ശക്തമായ നിയമസംവിധാനങ്ങൾ ഉള്ളതുകൊണ്ടാണിതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിയമം പൂർണമായി പ്രാബല്യത്തിൽ വരുന്നതോടെ ഖനനം, പാറമടകൾ, വലിയ ഡാമുകൾ, മലിനീകരണമുണ്ടാക്കുന്ന ചുവപ്പ് കാറ്റഗറി വ്യവസായങ്ങൾ എന്നിവയ്ക്ക് ഈ പ്രദേശങ്ങളിൽ കർശന നിരോധനം വരും. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഇടപെടലുകൾ മൂലം ഇതിൽ പലതിനും ഇപ്പോൾ തന്നെ പ്രായോഗിക നിയന്ത്രണങ്ങളുണ്ട്.
നിയമനടപടികളുടെ നാൾവഴികൾ
പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി 2010-ൽ കേന്ദ്ര സർക്കാർ പ്രൊഫ. മാധവ് ഗാഡ്‌ഗിലിന്റെ നേതൃത്വത്തിൽ വെസ്റ്റേൺ ഘാട്ട്സ് ഇക്കോളജി എക്സ്പെർട്ട് പാനൽ രൂപീകരിച്ചതോടെയാണ് ഈ വിഷയത്തിലെ നിയമനടപടികൾക്ക് തുടക്കമാകുന്നത്. 2011-ൽ സമർപ്പിക്കപ്പെട്ട ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ട്, പശ്ചിമഘട്ടത്തിന്‍റെ വലിയൊരു ഭാഗം -അതായത് ഏകദേശം 64 ശതമാനം- പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കാൻ ശുപാർശ ചെയ്തു. പശ്ചിമഘട്ടത്തെ പരിസ്ഥിതി പ്രാധാന്യമനുസരിച്ച് വിവിധ മേഖലകളാക്കി തിരിച്ച് കർശനമായ സംരക്ഷണ നിയന്ത്രണങ്ങൾ വേണമെന്നായിരുന്നു അതിലെ നിർദേശം. തുടർന്നുണ്ടായ എതിർപ്പുകളും ആശങ്കകളും പരിഗണിച്ചാണ് 2012ൽ കസ്തൂരിരംഗൻ സമിതിയെ നിയോഗിച്ചത്. പശ്ചിമഘട്ടത്തിന്റെ 37 ശതമാനം -അതായത് ഏകദേശം 59,940 ചതുരശ്ര കിലോമീറ്റർ- മാത്രം പരിസ്ഥിതി ലോല മേഖലയാക്കാൻ ആവശ്യപ്പെട്ട് 2013ൽ ആ സമിതി റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോട്ടിന്റെ അടിസ്ഥാനത്തിലാണ് 2014-ൽ കേന്ദ്ര സർക്കാർ ആദ്യ കരട് വിജ്ഞാപനം പുറത്തിറക്കിയത്. കേരളത്തിലെ 123 വില്ലേജുകൾ ഈ വിജ്ഞാപനത്തിന്റെ പരിധിയിൽ വന്നത് വീണ്ടും വൻ പ്രക്ഷോഭങ്ങൾക്ക് വഴിതെളിച്ചു. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി കേരള സർക്കാർ ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിയെ നിയോഗിക്കുകയും, ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും തോട്ടങ്ങളെയും ഇഎസ്എ പരിധിയിൽ നിന്ന് ഒഴിവാക്കി പുതിയ അതിരുകൾ നിശ്ചയിച്ച് കേന്ദ്രത്തിന് റിപ്പോർട്ട് നൽകുകയും ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഏഴ് പുതുക്കിയ കരട് വിജ്ഞാപനങ്ങൾ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കുകയുണ്ടായി.
ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിലേത് പിഴവോ?
നിലവിലെ കരട് വിജ്ഞാപനത്തിൽ കേരളത്തിന് പ്രതിസന്ധിയായി തുടരുന്നത് 2013-14ൽ സംസ്ഥാന സർക്കാർ നിയോഗിച്ച ഡോ. ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിയുടെ റിപ്പോർട്ടിലെ കണക്കുകളാണ്. അന്ന് പരിഗണിച്ച 123 ഇഎസ്എ ഗ്രാമങ്ങളിലെ വനവിസ്തൃതി 9,107 ചതുരശ്ര കിലോമീറ്ററായാണ് സമിതി രേഖപ്പെടുത്തിയത്. ഇതിനൊപ്പം 886.7 ചതുരശ്ര കിലോമീറ്റർ വനേതര ഭൂമിയും ചേർത്ത് മൊത്തം 9,993.7 ച.കി.മീ പ്രദേശം കേന്ദ്രം 2014 മുതൽ ഇന്നുവരെയുള്ള കരട് വിജ്ഞാപനങ്ങളിൽ അതേപടി നിലനിർത്തിയിരിക്കുകയാണ്. എന്നാൽ, ഈ വനവിസ്തൃതി യഥാർത്ഥത്തിലുള്ളതിനേക്കാൾ കൂടുതലായി കണക്കാക്കപ്പെട്ടതാണെന്ന ആക്ഷേപം നിലവിലുണ്ട്. വിവിധ കണക്കുകളും റിപ്പോർട്ടുകളും പ്രകാരം യഥാർത്ഥ വനവിസ്തൃതി ഇതിലും കുറവാണ്. ഈ കണക്കുകൾ ദീർഘകാലമായി തിരുത്തപ്പെടാത്തതിനാൽ, ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും വിജ്ഞാപനത്തിൽ ഉൾപ്പെടാനുള്ള സാധ്യത സംസ്ഥാനത്തിന്റെ തുടർച്ചയായ ഇടപെടലുകൾക്കും നിർദേശങ്ങൾക്കും ശേഷവും നിലനിൽക്കുന്നുണ്ട്..
തീരാത്ത പാരിസ്ഥിതിക ആശങ്കകൾ
പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന ഇഎസ്എ നടപടികൾക്കെതിരെ പരിസ്ഥിതി പ്രവർത്തകർ ശക്തമായ വിമർശനമുയർത്തുന്നുണ്ട്. ജനവാസ കേന്ദ്രങ്ങളെന്ന പേരിൽ പരിസ്ഥിതി ലോല മേഖലയുടെ പരിധിയിൽനിന്ന് പല പ്രദേശങ്ങളെയും ഒഴിവാക്കാനുള്ള സർക്കാരിന്റെ നീക്കം വൻകിട കയ്യേറ്റക്കാരെ സംരക്ഷിക്കാനാണെന്നാണ് പ്രധാന ആരോപണം. വയനാട് ഉൾപ്പെടെ മലയോര മേഖലകളിലുണ്ടായ വലിയ ഉരുൾപൊട്ടലുകളും പ്രകൃതിദുരന്തങ്ങളും ചൂണ്ടിക്കാണിച്ചുകൊണ്ട്, പരിസ്ഥിതി ലോല പ്രദേശങ്ങളിൽ നടത്തുന്ന അശാസ്ത്രീയമായ നിർമാണങ്ങളും ഇടപെടലുകളുമാണ് ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതെന്ന് പരിസ്ഥിതിവാദികൾ വാദിക്കുന്നു. 1980-ലെ കേന്ദ്ര വനസംരക്ഷണ നിയമം നിലവിൽവന്നതിനു ശേഷം പശ്ചിമഘട്ടത്തിൽ നടന്ന വൻകിട കയ്യേറ്റങ്ങൾക്ക് നിയമസാധുത നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കയ്യേറിയ വനഭൂമിക്ക് ഇഎസ്എ ഇതര പദവി നൽകുന്നത് തികച്ചും നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി ദേശീയ ഹരിത ട്രിബ്യൂണലിലും മറ്റ് കോടതികളിലും പരിസ്ഥിതി പ്രവർത്തകർ നിയമപോരാട്ടം തുടരുകയാണ്.
പരിസ്ഥിതി സംരക്ഷിക്കപ്പെടണം; മലയോരവും
പശ്ചിമഘട്ട ഇഎസ്എ വിഷയം 15 വർഷത്തിലേറെയായി തീരാത്ത ഒരു സങ്കീർണ പ്രശ്നമായി നിലനിൽക്കുന്നു എന്നത് യാഥാർഥ്യമാണ്. പശ്ചിമഘട്ട സംരക്ഷണം കേവലം ഒരു പാരിസ്ഥിതിക വിഷയം മാത്രമല്ല, മനുഷ്യന്റെ അതിജീവനത്തിന്റെ കൂടി പ്രശ്നമാണ്. മലയോര ജനതയുടെ ജീവനും ജീവിതമാർഗവും സംരക്ഷിക്കേണ്ടതും അത്ര തന്നെ അനിവാര്യവുമാണ്. പ്രകൃതിയുടെ സംരക്ഷണവും മലയോര ജനതയുടെ അതിജീവനവും തമ്മിലുള്ള കൃത്യമായ ഒരു സന്തുലിതാവസ്ഥ കണ്ടെത്തുക എന്നതാണ് ഈ വിഷയത്തിലുള്ള യഥാർത്ഥ പരിഹാരം. അതുണ്ടാകും എന്ന് പ്രതീക്ഷിക്കാം.